2026 മേയ് 5, ചൊവ്വ
1201 മേടം 22, തൃക്കേട്ട
1447 ദുൽഖഅ്ദ 17
◾ സംസ്ഥാനത്ത് യുഡിഎഫ് സുനാമി. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 102 സീറ്റും യുഡിഎഫ് തൂത്തുവാരി. എല്‍ഡിഎഫിനു 35 സീറ്റു മാത്രം. ബിജെപിക്കു മൂന്നിടത്തു ചരിത്രവിജയം. കോണ്‍ഗ്രസ് തനിച്ച് 63 സീറ്റില്‍ ജയിച്ചപ്പോള്‍ മുസ്ലിം ലീഗ് 22 സീറ്റുകളിലും കേരള കോണ്‍ഗ്രസ് ജോസഫ് ഏഴു സീറ്റുകളിലും ആര്‍എസ്പി മൂന്നു സിറ്റുകളിലും വിജയിച്ചു. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ സിപിഐക്ക് നേടാനായത് എട്ടു സീറ്റ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആരും ജയിച്ചില്ല. ഭരണ വിരുദ്ധ വികാരമെന്നും പിണറായി വിരുദ്ധ തരംഗമെന്നും രാഷ്ട്രീയ നിരീക്ഷകര്‍.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. തലസ്ഥാനത്തെത്താതെ, കണ്ണൂരിലെ വസതിയില്‍നിന്ന് പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് എത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കനത്ത പരാജയത്തിന് പിന്നാലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാത്ത വിജയന്‍ മാധ്യമങ്ങളെയും കാണാന്‍ തയാറായില്ല.
◾ തമിഴ്നാട്ടില്‍ വിജയ് തരംഗം. ബംഗാളില്‍ മമതയെ അട്ടിമറിച്ച് ബിജെപി ഭരണം പിടിച്ചു. ആസാമിലും പുതുച്ചേരിയിലും ബിജെപിക്കു ഭരണത്തുടര്‍ച്ച.
◾ തമിഴ്നാട്ടിലെ 234 സീറ്റുകളില്‍ വിജയിന്റെ തമിഴക വെട്രി കഴകം 107 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊളത്തൂരില്‍ തോറ്റു. വിജയ് മല്‍സരിച്ച രണ്ടിടത്തും ജയിച്ചു. ഡിഎംകെ നയിച്ച കോണ്‍ഗ്രസ് ഉള്‍പെട്ട സഖ്യത്തിന് 73 സീറ്റ്. എഐഎഡിഎംകെ ഉള്‍പെട്ട എന്‍ഡിഎയ്ക്ക് 47 സീറ്റ്. മന്ത്രിസഭയുണ്ടാക്കാന്‍ വിജയ് നീക്കങ്ങള്‍ ആരംഭിച്ചു.
◾ ബംഗാളിലെ 294 സീറ്റുകളില്‍ 207 സീറ്റുകള്‍ സ്വന്തമാക്കി ബിജെപി അട്ടിമറി വിജയം നേടി. ഭരണകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജി ഭവാനിപൂരില്‍ പതിനയ്യായിരം വോട്ടിനു തോറ്റു. കോണ്‍ഗ്രസിന് രണ്ടുപേരേയും സിപിഎമ്മിന് ഒരാളേയുമാണു ബംഗാളില്‍ ജയിപ്പിക്കാനായത്.
◾ ആസാമിലെ 126 മണ്ഡലങ്ങളില്‍ ബിജെപി 82 സീറ്റുകളുമായി ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസിനു നേടാനായത് 19 സീറ്റു മാത്രം. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ആസാം ഗണ പരിഷത്തും പത്തു വീതം സീറ്റുകള്‍ നേടി.
◾ പുതുച്ചേരിയിലെ 30 അംഗ നിയമസഭയില്‍ 16 സീറ്റുമായി എന്‍ഡിഎ ഭരണമുറപ്പിച്ചു. എന്‍ഡിഎയിലെ മുഖ്യകക്ഷിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് 12 സീറ്റും ബിജെപി നാലു സീറ്റും നേടി. ഡിഎംകെ- 5, ടിവികെ - 2, കോണ്‍ഗ്രസ് -1, എഐഎഡിഎംകെ -1, മറ്റുള്ളവര്‍ -5.
*കേരളത്തിലെ കക്ഷിനില:*
യുഡിഎഫ് - കോണ്‍ഗ്രസ് 63, മുസ്ലിം ലീഗ് 22, കേരള കോണ്‍ഗ്രസ് 7, സ്വതന്ത്രര്‍ 4, ആര്‍എസ്പി 3, ആര്‍എംപി 1, കേരള കോണ്‍ഗ്രസ് ജേക്കബ് 1, സിഎംപി 1. യുഡിഎഫിനു ലഭിച്ചത് 46 ശതമാനം വോട്ട്.
എല്‍ഡിഎഫ് - സിപിഎം 26, സിപിഐ 8, ആര്‍ജെഡി 1. എല്‍ഡിഎഫിനു ലഭിച്ചത് 37.7 ശതമാനം വോട്ട്.
എന്‍ഡിഎ - ബിജെപി 3. ലഭിച്ചതു 13.2 ശതമാനം വോട്ട്.
◾ മുഖ്യമന്ത്രിയാകാന്‍ അവകാശ വാദം ഉന്നയിക്കില്ലെന്നും മുഖ്യമന്ത്രി ആരെന്നു പാര്‍ട്ടിയും ഹൈക്കമാന്‍ഡും തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. ജനത്തിന്റ പ്രതീക്ഷ വളരെ വലുതാണ്. തമ്മില്‍ തല്ലിയാല്‍ ജനം പൊറുക്കില്ല. പാര്‍ട്ടിയുടെ നടപടിക്രമങ്ങളില്‍ തര്‍ക്കമുണ്ടാക്കില്ലെന്നും സതീശന്‍.
◾ തകര്‍ന്നടിഞ്ഞ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. കെ.എം. മാണി അര നൂറ്റാണ്ടോളം നിലനിര്‍ത്തിയ പാലാ നിയോജക മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ. മാണിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ 2991 വോട്ടുകളുടെ ഭൂരിപക്ഷത്തിനു തോല്‍പിച്ചു. കേരള കോണ്‍ഗ്രസ് മല്‍സരിച്ച 12 മണ്ഡലങ്ങളിലും തോറ്റു.
◾ മൂന്ന് താമരകള്‍ വിരിയിച്ച് കേരളത്തില്‍ ബിജെപി മുന്നേറ്റം. മൂന്നും എല്‍ഡിഎഫ് മണ്ഡലങ്ങളിലാണ്. നേമത്ത് അക്കൗണ്ട് വീണ്ടും തുറന്നതിന് പുറമെ കഴക്കൂട്ടത്തും ചാത്തന്നൂരും വിരിഞ്ഞത് അത്ഭുത താമര. ആറിടങ്ങളില്‍ ബിജെപി രണ്ടാമതെത്തി. നേമത്ത് മന്ത്രി ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍ എന്നിവരാണു ജയിച്ചത്.
◾ ഏറ്റവും മികച്ച വിജയവുമായി മുസ്ലിം ലീഗ്. 27 സീറ്റുകളില്‍ മത്സരിച്ച് 22 ഇടങ്ങളില്‍ ജയിച്ചു കയറിയ മുസ്ലിം ലീഗ് ഒരിക്കല്‍ കൂടി ശക്തി തെളിയിച്ചു. രണ്ടു സീറ്റുകളില്‍ ചുണ്ടിനും കപ്പിനുമിടയിലാണ് വിജയം നഷ്ടമായത്. രണ്ടു വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയതില്‍ ഒരാള്‍ ജയിച്ചു. മുസ്ലിംലീഗിന് അഭിമാനം.
◾ സിപിഎമ്മില്‍നിന്നു പുറത്തുവന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ മൂന്നു പേര്‍ ഗംഭീര വിജയം കാഴ്ചവച്ചു. ജി. സുധാകരന്‍, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് വിജയിച്ചത്. സിപിഎം വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.കെ. ശശി തോറ്റു.
◾ കേരളത്തില്‍ എന്‍ഡിഎ യുടെ മുഖ്യസഖ്യകക്ഷിയായ ട്വന്റി-20 യുടെ പൊടിപോലും കാണാനില്ല. ബിജെപിക്ക് ശക്തമായ വോട്ടുള്ള പല മണ്ഡലത്തിലും ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ക്ക് 2021 ല്‍ ലഭിച്ച വോട്ടു പോലും നേടാനായില്ല. ബിജെപി പ്രധാന മണ്ഡലങ്ങളടക്കം ഇക്കുറി ട്വന്റി-20ക്കു വിട്ടു നല്‍കിയെങ്കിലും ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.
◾ കേരള നിയമസഭയിലേക്കു 11 വനിതാ എംഎല്‍എമാര്‍. യുഡിഎഫിലെ ഒന്‍പത് പേരും എല്‍ഡിഎഫിലെ രണ്ടും പേരുമാണ് വിജയിച്ചത്. മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎല്‍എയായി ഫാത്തിമ തഹ്ലിയ വിജയിച്ചപ്പോള്‍, മന്ത്രി എ കെ ശശീന്ദ്രനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ വിദ്യ ബാലകൃഷ്ണന്‍ വിജയിച്ചത്. കെ.കെ. രമ, ഉമ തോമസ്, കെ.എ. തുളസി, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, രമ്യ ഹരിദാസ്, ഉഷ വിജയന്‍ എന്നിവര്‍ യുഡിഎഫില്‍നിന്നും ഒ.എസ്. അംബിക, ഗീത ഗോപി എന്നിവര്‍ എല്‍ഡിഎഫില്‍നിന്നും നിയമസഭയിലെത്തി. 2021 ല്‍ ഇടതു മുന്നണിയില്‍ നിന്ന് പത്തും യുഡിഎഫില്‍ നിന്ന് ഒരാളും അടക്കം 11 വനിതകളാണുണ്ടായിരുന്നത്.
◾ ചെങ്കോട്ടയായ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയന് 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം. പിണറായി വിജയന്‍ 84,504 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിന്റെ അഡ്വ വി പി അബ്ദുള്‍ റഷീദ് 66,067 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ കെ രജ്ഞിത് 18,383 വോട്ടുകളും സ്വന്തമാക്കി. ആദ്യ ആറു റൗണ്ടുകളില്‍ പിണറായി വിജയന്‍ പിറകിലായിരുന്നു.
◾ മണലൂര്‍ നിയോജക മണ്ഡലത്തിലെ 160 തപാല്‍ വോട്ടുകള്‍ അസാധുവാക്കിയതിനെതിരേയും റീ കൗണ്ടിങ് ആവശ്യപ്പെട്ടും യുഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. 126 വോട്ടിനു തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സി.സി. ശ്രീകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
◾ തോറ്റ എല്‍ഡിഎഫ് പ്രമുഖര്‍: മുഖ്യമന്ത്രി അടക്കം മത്സരിച്ച 20 മന്ത്രിമാരില്‍ 13 പേരും തോറ്റു. പത്തനാപുരത്ത് കാല്‍നൂറ്റാണ്ട് ജനപ്രതിനിധിയായിരുന്ന കെബി ഗണേഷ്‌കുമാറിനെ ജനം കൈവിട്ടു. മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, വീണ ജോര്‍ജ്, വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ഡോ. ആര്‍. ബിന്ദു, വി. ശിവന്‍കുട്ടി, വി. അബ്ദുറഹ്‌മാന്‍, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ കെ.കെ. ശൈലജ, കെ.ടി. ജലീല്‍, മാത്യു ടി. തോമസ്, ജോസ് കെ. മാണി, കടകംപള്ളി സുരേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമള.
◾ തോറ്റ യുഡിഎഫ് പ്രമുഖര്‍: ടി.എന്‍. പ്രതാപന്‍, വി.എസ്. ശിവകുമാര്‍.
◾ യുഡിഎഫിലെ വിജയിച്ചവരും ഭൂരിപക്ഷവും: പറവൂര്‍ വി.ഡി. സതീശന്‍ 20600. ഹരിപ്പാട് രമേശ് ചെന്നിത്തല 23377. മലപ്പുറം പി.കെ. കുഞ്ഞാലിക്കുട്ടി 85327. പേരാവൂര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 14453. വട്ടിയൂര്‍ക്കാവ് കെ. മുരളീധരന്‍ 2796. തൃശൂര്‍ രാജന്‍ ജെ. പല്ലന്‍ 26,803. കല്‍പ്പറ്റ ടി. സിദ്ദിക്ക്- 45,000. നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത്- 54,851. ഉടുമ്പന്‍ചോല സേനാപതി വേണു- 20,021. തിരുവമ്പാടി സി.കെ. കാസിം - 6,741. കൊല്ലം ബിന്ദു കൃഷ്ണ -16,830. കൊടുങ്ങല്ലൂര്‍ അഡ്വ. ഒ.ജെ.ജനീഷ്- 8,308. പീരുമേട് സിറിയക് തോമസ്- 27,634. പെരുമ്പാവൂര്‍ മനോജ് മൂത്തേടന്‍- 28434. നെയ്യാറ്റിന്‍കര എന്‍. ശക്തന്‍ 6966. പാലക്കാട് രമേഷ് പിഷാരടി 12,000. മുവാറ്റുപുഴ മാത്യു കുഴല്‍നാടന്‍. തൃക്കാക്കര ഉമ തോമസ് 50200, കാഞ്ഞിരപ്പിള്ളി റോണി കെ. ബേബി 5772. ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടാന്‍ 10212. എലത്തൂര്‍ അഡ്വ. വിദ്യ ബാലകൃഷ്ണന്‍ 12162. മഞ്ചേരി എം. റഹ്‌മത്തുള്ള 57887. മണ്ണാര്‍ക്കാട് എന്‍. ഷംസുദ്ദീന്‍ 25903. കോഴിക്കോട് നോര്‍ത്ത് അഡ്വ. കെ. ജയന്ത് 1483. ആലുവ അന്‍വര്‍ സാദത്ത് 29143. കോവളം എം വിന്‍സെന്റ് 32709. ഏറനാട് പി.കെ. ബഷീര്‍ 41289. കുന്നത്തുനാട് വി.പി. സജീന്ദ്രന്‍ 21283. കോഴിക്കോട് സൗത്ത് ഫൈസല്‍ ബാബു 52680. തൃപ്പുണിത്തുറ ദീപക് ജോയ് 18468. പൊന്നാനി കെ.പി. നൗഷാദലി 13267. ആറന്മുള അബിന്‍ വര്‍ക്കി 18985. ബാലുശേരി വി.ടി. സൂരജ് 16980. അങ്കമാലി റോജി എം ജോണ്‍ 37008. വേങ്ങര കെ.എം. ഷാജി 30325. തിരുവല്ല വര്‍ഗീസ് മാമ്മന്‍ 11000. കാട്ടാക്കട എം.ആര്‍. ബൈജു 7136. കൊച്ചി മുഹമ്മദ് ഷിയാസ് 8188. തവന്നൂര്‍ വി.എസ്. ജോയ് 14647. കുണ്ടറ പി.സി. വിഷ്ണുനാഥ് 32564. ആലപ്പുഴ എ.ഡി. തോമസ് 81065. വണ്ടൂര്‍ എ.പി. അനില്‍കുമാര്‍ 47939. പെരിന്തല്‍മണ്ണ നജീബ് കാന്തപുരം 32431. ചിറ്റൂര്‍ സുമേഷ് അച്യുതന്‍ 6510. വാമനപുരം സുധീര്‍ഷാ പാലോട് 12185. കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ 51781. കൊയിലാണ്ടി കെ. പ്രവീണ്‍കുമാര്‍ 12070. കളമശേരി വി.ഇ. അബ്ദുള്‍ ഗഫൂര്‍ 16312. കുട്ടനാട് റെജി ചെറിയാന്‍ 56594. കണ്ണൂര്‍ ടി.ഒ. മോഹനന്‍ 18551. ചിറയന്‍കീഴ് രമ്യ ഹരിദാസ് 1422. ചടയമംഗലം എം.എം. നസീര്‍ 7486. തിരൂര്‍ കുറുക്കോളി മൊയ്തീന്‍ 24137. വള്ളിക്കുന്ന് ടി.വി. ഇബ്രാഹിം 51289. അമ്പലപ്പുഴ ജി. സുധാകരന്‍ 27935. തളിപ്പറമ്പ് ടി.കെ. ഗോവിന്ദന്‍ 12551, പയ്യന്നൂര്‍ വി. കുഞ്ഞികൃഷ്ണന്‍ 7487, കൊണ്ടോട്ടി ടി.പി. അഷറഫലി 56017. താനൂര്‍ പി.കെ. നവാസ് 27131. അടൂര്‍ സിവി. ശാന്തകുമാര്‍ 10332. റാന്നി പഴകുളം മധു 54652. ദേവികുളം എഫ്. രാജ 5233. ചാലക്കുടി സനീഷ്‌കുമാര്‍ ജോസഫ് 23156. തിരുവനന്തപുരം സെന്‍ട്രല്‍ സി.പി. ജോണ്‍. മാനന്തവാടി ഉഷ വിജയന്‍, തൃക്കരിപ്പൂര്‍ സന്ദീപ് വാര്യര്‍ 4431. നാദാപുരം കെ.എം. അബിജിത്ത് 23600. മങ്കട മഞ്ഞളാംകുഴി അലി 45609. ഇരിക്കൂര്‍ സജീവ് ജോസഫ് 42426. പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല 8310. തൊടുപുഴ അപു ജോണ്‍ ജോസഫ് 44291. തിരൂരങ്ങാടി പിഎംഎ സമീര്‍. കായംകുളം എം. ലിജു. മഞ്ചേശ്വരം എകെഎം അഷറഫ് 29252, കാസര്‍കോട് കല്ലട മാഹിന്‍ 22698, ഉദുമ കെ. നീലകണ്ഠന്‍ 4847, വടകര കെ.കെ. രമ 14862. (പട്ടിക പൂര്‍ണമല്ല)
◾ എല്‍ഡിഎഫിലെ വിജയിച്ചവരും ഭൂരിപക്ഷവും: ധര്‍മടം പിണറായി വിജയന്‍ 19247, മന്ത്രിമാരായിരുന്ന ബേപ്പൂര്‍ മുഹമ്മദ് റിയാസ് 7487, ചെങ്ങന്നൂര്‍ സജി ചെറിയാന്‍ 10,292, കൊട്ടാരക്കര കെ.എന്‍. ബാലഗോപാല്‍ 1012, ചേര്‍ത്തല പി. പ്രസാദ് 14489. നെടുമങ്ങാട് ജി.ആര്‍. അനില്‍ 21583. ഒല്ലൂര്‍ കെ. രാജന്‍ 8,884 എന്നിവര്‍ ജയിച്ചു. കല്യാശേരി എം. വിജിന്‍- ഭൂരിപക്ഷം 18,433. ഒറ്റപ്പാലം കെ. പ്രേംകുമാര്‍ -26,910. ചേലക്കര യു.ആര്‍. പ്രദീപ് 29386. ഷൊര്‍ണൂര്‍ പി. മമ്മിക്കുട്ടി 16,517. മാവേലിക്കര എം.എസ്. അരുണ്‍കുമാര്‍ 62342. പുനലൂര്‍ സി. അജയപ്രസാദ് 21529. കൈപ്പമംഗലം കെ കെ വത്സരാജ് 9944. നാട്ടിക ഗീതാ ഗോപി 7093. വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പിള്ളി 5690. അരുവിക്കര അഡ്വ. ജി. സ്റ്റീഫന്‍ 2843. ഗുരുവായൂര്‍ എന്‍.കെ. അക്ബര്‍ 1998. കോന്നി കെ.യു. ജനീഷ്‌കുമാര്‍ 1838. അഴീക്കോട് കെ.വി. സുമേഷ് 349. മട്ടന്നൂര്‍ വി.കെ. സനോജ് 14168. മണലൂര്‍ പ്രഫ. സി. രവീന്ദ്രനാഥ് 126. പുതുക്കാട് കെ.കെ. രാമചന്ദ്രന്‍ 2853. കുന്നംകുളം എ.സി. മൊയ്തീന്‍ 4563. പാറശാല സി.കെ. ഹരീന്ദ്രന്‍ 15013. ആറ്റിങ്ങല്‍ ഒ.എസ്. അംബിക 13375. കാഞ്ഞങ്ങാട് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ 15316, തലശേരി കാരായി രാജന്‍ 20523 (പൂര്‍ണമല്ല)
◾ എന്‍ഡിഎ (ബിജെപി): നേമം രാജീവ് ചന്ദ്രശേഖര്‍ 4978. ചാത്തന്നൂര്‍ ബി.ബി. ഗോപകുമാര്‍ 3334. കഴക്കൂട്ടം വി. മുരളീധരന്‍ 428.
◾ അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാന്‍ കഴിയില്ലെന്നു തെളിയിച്ച യഥാര്‍ഥ കേരള സ്റ്റോറിയാണിത്. യു ഡി എഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും വിജയത്തിനു മുഖ്യപങ്കുവഹിച്ചു. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.
◾ തോല്‍വിക്കു ശേഷം മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിലെ വീട്ടില്‍നിന്ന് അദ്ദേഹം പുറത്തിറങ്ങിയില്ല. എംഎല്‍എ ഓഫീസില്‍ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ഫലം മോശമായതിനെ തുടര്‍ന്ന് ഓഫീസില്‍ വന്നില്ല.
◾ വിവാദങ്ങള്‍ ഉണ്ടാക്കി നടന്ന രാഷ്ട്രീയക്കാരെ ജനം പുറത്താക്കിയെന്ന് രാജീവ് ചന്ദ്രശേഖര്‍. നിയമസഭയ്ക്കുള്ളില്‍ ജനങ്ങള്‍ക്കായി നിലകൊള്ളും. ബിജെപിയ്ക്ക് ജനങ്ങള്‍ അവസരം തന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ ഇടതു മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ. പത്ത് വര്‍ഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടതിനു കാരണം പരിശോധിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
◾ ചിറ്റൂരില്‍ അപരന്റെ കളി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുരുഗദാസിനെ 6510 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ സുമേഷ് അച്യുതന്‍ തോല്‍പിച്ചത്. മുരുഗദാസിന്റെ അപരനായി മത്സരിച്ച പി എസ് മുരുഗദാസ് 6984 വോട്ടുകള്‍ പിടിച്ചു. സുമേഷ് അച്യുതന്റെ അപരനായ സി സുമേഷിന് 261 വോട്ടുകളേ നേടാനായുള്ളു.
◾ 'ഞാന്‍'' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആര്‍ക്കും ഭൂഷണമല്ലെന്നു ബിനീഷ് കോടിയേരി. പാര്‍ട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാര്‍ട്ടി സെക്രട്ടറിയെ കിട്ടില്ലെന്നും ചില നഷ്ടങ്ങള്‍ നികത്താനാവില്ലെന്നും സഖാക്കള്‍ പങ്കുവെച്ച വാചകമാണെന്നു പറഞ്ഞ് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
◾ കൈക്കൂലി കേസില്‍ കെഎസ്ഇബി കുറ്റിപ്പുറം സെക്ഷന്‍ ഓഫിസിലെ മുന്‍ ഓവര്‍സിയര്‍ നെയ്യാറ്റിന്‍കര സ്വദേശിയുമായ മൈക്കിള്‍ പിള്ളയെ (60) വിജിലന്‍സ് കോടതി മൂന്നു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. കുറ്റിപ്പുറം സ്വദേശിയുടെ വീട് പുതുക്കിപ്പണിയാന്‍ ഉപയോഗിച്ച വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ് ഈടാക്കാതിരിക്കാന്‍ 700 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
◾ അനുമതിയില്ലാതെ ലോട്ടറി വില്‍പനയെക്കുറിച്ച് ലേഖനമെഴുതിയതിന് എന്‍. പ്രശാന്ത് ഐഎഎസിിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാരിനെതിരേ വിമര്‍ശിക്കുകയും മാധ്യമങ്ങളില്‍ പ്രതികരിക്കുകയും ചെയ്തതിനു ലഭിച്ച ഒമ്പതാമത്തെ സസ്‌പെന്‍ഷനാണിത്.
◾ കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകേ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു ചരിത്ര ദിനമെന്നും വര്‍ഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ബംഗാള്‍, ആസാം, കേരളം, പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജനങ്ങളെ നമിക്കുന്നുവെന്നും മോദി പറഞ്ഞു.
◾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടു. നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാര്‍ത്ഥിയും സ്റ്റാലിന്റെ മുന്‍ വിശ്വസ്തനുമായ വി എസ് ബാബുവാണ് അട്ടിമറി വിജയം നേടിയത്.
◾ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധഭീതി. ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇയില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച്ച വരെ സ്‌കൂള്‍ പഠനം ഓണ്‍ലൈനായി.
◾ ഐപിഎലില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. 229 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ18.4 ഓവറില്‍ ജയിച്ചു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ലക്നോ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് അടിച്ചു. 83 റണ്‍സ് നേടിയ റ്യാന്‍ റിക്കിള്‍ട്ടണും 84 റണ്‍സ് നേടിയ രോഹിത് ശര്‍മയുമാണ് മുംബൈക്കു വിജയമൊരുക്കിയത്.
◾ വാട്സാപ്പിനും ടെലഗ്രാമിനും ബദലായി എക്സ് ചാറ്റ് എന്ന പുതിയ ആപ്പ് അവതരിപ്പിച്ച് എലോണ്‍ മസ്‌ക്. നിലവില്‍ ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. എന്‍ഡ്-ടു-എന്‍ഡ് -എന്‍ക്രിപ്ഷനിലൂടെ സന്ദേശങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു. പരസ്യങ്ങളുമില്ല. സ്വകാര്യത ട്രാക്ക് ചെയ്യാന്‍ കഴിയില്ല. നിലവിലുള്ള എക്സ്(പഴയ ട്വിറ്റര്‍) അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് ലോഗിന്‍ ചെയ്യാം. ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും ഇതിലുണ്ട്. വാട്‌സാപ്പിന്റെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഎസില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എക്‌സ് ചാറ്റിന്റെ വരവ്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും എല്ലാവര്‍ക്കുമായി ഡിലീറ്റ് ചെയ്യാനും എക്‌സ് ചാറ്റില്‍ കഴിയും. നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങള്‍ താനേ ഇല്ലാതാകുന്ന ഫീച്ചറുമുണ്ട്. വലിയ ഫയലുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ വേഗത്തില്‍ കൈമാറാം. സുരക്ഷിതമായ ഗ്രൂപ്പ് സംഭാഷണങ്ങള്‍ക്കും ഇതില്‍ സൗകര്യമുണ്ട്.
◾ സംഗീത സംവിധായകന്‍ അലക്സ് പോളിന്റെ മകള്‍ അശ്വതി അലക്സ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് 'ലൗ ആന്‍ഡ് യു'. അശ്വതി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. പുതുമുഖങ്ങളായ ജോണ്‍ ജോയ്, അനന്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആര്‍ച്ച, അയന ആന്റണി, ജിജോ ജോര്‍ജ്ജ്, ശിവാഞ്ജന, സുമേഷ് ഭാസ്‌കര്‍, അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്സ് പോള്‍ ക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിര്‍വ്വഹിക്കുന്നു. ഏഴ് മനോഹര ഗാനങ്ങളുള്ള ഈ ചിത്രത്തിലെ സംഗീത സംവിധാനം അലക്സ് പോള്‍ നിര്‍വ്വഹിക്കുന്നു. ഒരു യാത്രയും അതില്‍ ഒപ്പമുള്ളവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഒരു ഫീല്‍ ഗുഡ് മ്യൂസിക്കല്‍ ഫാമിലി ചിത്രമാണ് 'ലൗ ആന്‍ഡ് യു.
◾ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം 'മോഹിനിയാട്ടം' ഒടിടിയിലേക്ക്. 2024 ല്‍ തിയറ്ററുകളിലെത്തിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം ആയാണ് മോഹിനിയാട്ടം എത്തിയത്. ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ മെയ് 8 ന് സ്ട്രീമിംഗ് ആരംഭിക്കും. ഭരതനാട്യം കോമഡി ഡ്രാമ ചിത്രമായിരുന്നുവെങ്കില്‍ സീക്വല്‍ ആയ മോഹിനിയാട്ടം ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമാണ്. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും കൃഷ്ണദാസ് മുരളിയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍, ജിവിന്‍, സന്തോഷ് ഗുരുവായൂര്‍, നിസ്താര്‍ സേട്ട് എന്നിവരാണ് പ്രധാന താരങ്ങള്‍.
◾ 2026 സാമ്പത്തിക വര്‍ഷത്തില്‍ 144 പേറ്റന്റ് അപേക്ഷകള്‍ ഫയല്‍ ചെയ്ത് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പകര്‍പ്പവകാശ അപേക്ഷകളാണിത്. ഭാവി സാങ്കേതികവിദ്യകള്‍, വാഹന സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കുക, വാഹനത്തിനുള്ള ചിലവ് കുറക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള അപേക്ഷകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. വൈദ്യുത വാഹനങ്ങള്‍, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകള്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യയിലൂന്നിയ വാഹനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു പല പകര്‍പ്പവകാശ അപേക്ഷകളും. ഈ സാമ്പത്തികവര്‍ഷം തന്നെ 21 ഡിസൈന്‍ അപേക്ഷകളും 35 പകര്‍പ്പവകാശ അപേക്ഷകളും ടാറ്റ മോട്ടോഴ്‌സ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയ 15 പേറ്റന്റുകള്‍ കൂടി ലഭിച്ചതോടെ ആകെ പേറ്റന്റുകളുടെ എണ്ണം 650 കടന്നതായും കമ്പനി അറിയിച്ചു.
◾ രാത്രിയുടെ അനന്തമായ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് അവയെ തന്റേതായ ഇഷ്ടങ്ങള്‍ക്കും ആഗ്രഹസഫലീകരണത്തിനും ഉപയോഗിക്കാനാവുന്ന മനുഷ്യരെ താന്തോന്നികള്‍ എന്നാവാം സമൂഹം വിലയിരുത്തുക. അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധര്‍ എന്നുമാവാം. അങ്ങനെ സമൂഹത്തിന്റെ നന്മയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും പക്ഷേ, വളരെ വ്യത്യസ്തമായി ജീവിക്കുന്നവരുമായ കുറെ മനുഷ്യരെയാണ് 'ഒളിക്കളി' എന്ന പുതിയ സമാഹാരത്തിലൂടെ അനില്‍ ദേവസ്സി പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍ എന്നത് വളരെ സുന്ദരമായൊരുപദമായിരുന്നു എന്ന പൊതുപറച്ചിലൊക്കെ വെറും പൊള്ളയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നവരാണ് ഈ കഥാലോകത്ത് നാം കണ്ടുമുട്ടുന്നവരൊക്കെ. 'ഒളിക്കളി'. അനില്‍ ദേവസ്സി. ഡിസി ബുക്സ്. വില 180 രൂപ.
◾ ചുവന്ന മുളക് ഭക്ഷണത്തില്‍ അമിതമായി ചേര്‍ക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് കാന്‍സര്‍ ഹീലര്‍ സെന്റര്‍ എംഡിയായ ഡോ. തരംഗ് കൃഷ്ണ. വെറും 21 ദിവസം ഭക്ഷണത്തില്‍ നിന്ന് ചുവന്ന മുളക് ഒഴിവാക്കുന്നത് ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരും. മുളകിലെ 'കാപ്‌സൈസിന്‍' എന്ന ഘടകമാണ് അവയ്ക്ക് എരിവ് നല്‍കുന്നത്. ഇതിന് ചില ഗുണങ്ങളുണ്ടെങ്കിലും, സെന്‍സിറ്റീവായ ആളുകളില്‍ വയറിലെയും കുടലിലെയും ആവരണങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ഇത് കാരണമാകും. അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കാം. ദഹനവ്യവസ്ഥയ്ക്ക് സ്വയം സുഖപ്പെടാന്‍ ഒരു അവസരം നല്‍കുകയാണ് മുളക് ഒഴിവാക്കുന്നതിലൂടെ സംഭവിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ദഹനം മെച്ചപ്പെടുകയും അസ്വസ്ഥതകള്‍ കുറയുകയും ചെയ്യുന്നത് അനുഭവപ്പെടും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള ദഹനപ്രശ്നങ്ങളുള്ള ആളുകളില്‍ എരിവ് കുറയ്ക്കുന്നത് ഏറെ ഗുണകരമാണെന്ന് പല ഗവേഷങ്ങളും വ്യക്തമാക്കുന്നു. അമിതമായ മുളക് ഉപയോഗം വായുടെ ആരോഗ്യത്തെയും മോണകളെയും ദോഷകരമായി ബാധിച്ചേക്കാം. പച്ചമുളക് (മിതമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അസ്വസ്ഥതയേ ഉണ്ടാക്കൂ), കുരുമുളക്, ഗരം മസാല പോലുള്ള മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കാതെ തന്നെ ഭക്ഷണത്തിന് രുചി നല്‍കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
വഴിയില്‍ കിടക്കുന്ന വലിയ കല്ലിനോട് ശില്പി ചോദിച്ചു: നിന്നെ ഞാനൊരു ശില്പമാക്കി തരട്ടെ.. വേണ്ട , നിന്റെ ഉളിയും ചുറ്റികയും എന്നെ വേദനിപ്പിക്കും. തൊട്ടടുത്ത് ചെറിയ കല്ല് കിടക്കുന്നുണ്ടായിരുന്നു. ആദ്യത്തേതിന്റെ അത്ര ഭംഗിയില്ലെങ്കിലും ശില്പി അതിനോടും തന്റെ ചോദ്യമാവര്‍ത്തിച്ചു. ആ കല്ല് സമ്മതിച്ചു. ആഴ്ചകളുടെ പരിശ്രമത്തിനൊടുവില്‍ ആ കല്ലില്‍ നിന്നും മനോഹര ശിലപം രൂപം കൊണ്ടു. ഒട്ടേറെയാളുകള്‍ ആ ശില്പം കാണാനെത്തിത്തുടങ്ങി. ഇടയ്ക്ക് ശില്പമിരിക്കുന്ന സ്ഥലത്ത് മഴപെയ്തപ്പോള്‍ കാലില്‍ ചെളി പറ്റാതിരിക്കാന്‍ ആളുകള്‍ കുറെ കല്ലുകള്‍ അവിടെ നിരത്തി, അതില്‍ ചവുട്ടിനിന്ന് ശില്പഭംഗി ആസ്വദിച്ചു. അതില്‍ ആദ്യത്തെ വലിയ കല്ലുമുണ്ടായിരുന്നു. ഓരോ ശിലയിലും ഒരു ശില്പമുണ്ടായിരിക്കും. പക്ഷേ, ഏത് ശിലയില്‍ നിന്നും ശില്പമുണ്ടാകുന്നു എന്നതാണ് സാധ്യത തീരുമാനിക്കുന്നത്. എല്ലാ മനുഷ്യരുടെ ഉളളിലും അവരര്‍ഹിക്കുന്ന സത്വങ്ങളുണ്ട്. മറഞ്ഞിരിക്കുന്നവയെ പുറത്തേക്കെടുക്കുമ്പോഴും തകരാറുള്ളവയെ ചെത്തിമിനുക്കുമ്പോഴും തിളക്കമില്ലാത്തവയ്ക്കു നിറം പകരുമ്പോഴുമാണ് അവയ്ക്കു പൂര്‍ണ്ണത കൈവരിക. ഒരേ ശേഷിയുളളവര്‍ വിവിധ രൂപങ്ങളിലേക്കെത്തുന്നതിന്റെ കാരണം മനോഭാവത്തിലും പ്രതികരണത്തിലുമുളള വ്യത്യാസമാണ്. ആര്‍ക്കും ആരേയും അതിക്രമിച്ചു കയറി നന്നാക്കാനാകില്ല. എത്താവുന്നിടത്തേക്ക് വിരല്‍ ചൂണ്ടാനും വഴിയൊരുക്കാനും മാത്രമേ മാര്‍ഗദര്‍ശികള്‍ക്കു കഴിയൂ..സഞ്ചാരം സ്വന്തം ഉത്തരവാദിത്വമാണ്. - ശുഭദിനം.
Tags:
KERALA