ബംഗളൂരു: കർണാടകയിൽ ഇന്ന് വൈകീട്ടോടെ പെയ്‌ത കനത്ത മഴയിൽ ബംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് രണ്ടു മലയാളികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു. കുടുംബശ്രീ വിനോദയാത്ര സംഘത്തിലെ രണ്ടു സ്ത്രീകളാണ് മരിച്ച മലയാളികൾ. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.
വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിക്ക് സമീപം തെരുവ് കച്ചവടം നടത്തിയരുന്നവർ മഴയും കാറ്റും ശക്തമായതോടെ മതിലിനടുത്ത് അഭയം തേടി. പിന്നാലെ മഴയിൽ നനഞ്ഞ് കുതിർന്നു നിന്ന മതിൽ പൊടുന്നനെ ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. എട്ട് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.
അപകടത്തിന് പിന്നാലെ പൊലീസും രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Tags:
INDIA