2026 | ഏപ്രില്‍ 25, ശനി
1201 | മേടം12, ആയില്യം
◾ പഞ്ചാബില്‍ ആം ആദ്മിയെ വിഴുങ്ങാനൊരുങ്ങി ബിജെപി. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപിമാര്‍ക്കു പിറകേ, പഞ്ചാബിലെ 60 എംഎല്‍എമാരും പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അറുപതിലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നു കൂറുമാറിയ എംപിമാര്‍ അവകാശപ്പെട്ടു. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എഎപി കടുത്ത പ്രതിസന്ധിയിലാണ്.
◾ അമേരിക്കയുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍. സമാധാന നിര്‍ദേശങ്ങള്‍ പാകിസ്ഥാന്‍ വഴി യുഎസിനെ അറിയിക്കും. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. അമേരിക്കന്‍ സംഘത്തിന് നേതൃത്വം വഹിക്കുന്ന മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും സീനിയര്‍ അഡൈ്വസറായ ജാരെദ് കുഷ്നറും ഇന്ന് പാകിസ്ഥാനിലെത്തും.
◾ പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. അംഗനവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ടായി.
◾ രാത്രിയിലും അപ്രഖ്യാപിത പവര്‍കട്ടും ലോഡ് ഷെഡിംഗ് നടപ്പാക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പവര്‍കട്ട് ഇല്ലാത്ത പത്തു വര്‍ഷമെന്നു തെരഞ്ഞെടുപ്പു കാലത്തെ അവകാശവാദം നുണയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
◾ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി വിശദീകരിച്ചു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കറന്റ് ചാര്‍ജ് കൂട്ടാതിരിക്കാന്‍ ശ്രമിക്കുമെന്നും ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾ ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ ചൊവ്വാഴ്ചത്തേക്കു ലിസ്റ്റ് ചെയ്തു. കേസില്‍ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ ചേംബറില്‍ പരിഗണിക്കുന്നത്. തദേശീയ അധ്യാപക പരിഷത്ത്, സംസ്ഥാനസര്‍ക്കാര്‍ ഉള്‍പ്പെടെ 45 കക്ഷികളാണ് പുനപരിശോധന ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.
◾ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളുംമൂലമാണു കഴുത്തില്‍ പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിനു പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്റെ പരാതിയിലുള്ള കേസില്‍ കെഎസ്യുക്കാരായ അഞ്ചു പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്.
◾ ശബരിമല സന്നിധാനത്തിനും കൊടിമരത്തിനും തൊട്ടുമുകളിലൂടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്നതു ഗുരുതര സുരക്ഷാലംഘനമെന്ന് എഡിജിപി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോര്‍ട്ട്. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
*പ്രവാസി വാര്‍ത്തകള്‍*
ഡെയ്ലി ന്യൂസ് - പ്രവാസി വാര്‍ത്തകള്‍ എന്ന പുതിയ പംക്തി ആരംഭിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള പ്രവാസികളുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ഡെയ്ലി ന്യസ് ടെക്സ്റ്റ് വാര്‍ത്തയ്ക്കൊപ്പം ഈ പംക്തി തുടങ്ങുന്നത്. മലയാളി അസോസിയേഷനുകളുടെ വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനുള്ള ഒരു വേദിയായി ഈ പംക്തിയെ ഉപയോഗപ്പെടുത്താം. ഈ പംക്തിയിലേക്കു വളരെ ചുരുങ്ങിയ വാക്കുകളില്‍ മലയാളത്തില്‍ തയാറാക്കിയ വാര്‍ത്തകള്‍ സബ്ജക്ടില്‍ PRAVASI NEWS എന്നു കുറിച്ചുകൊണ്ട് ഇ മെയില്‍ ചെയ്യേണ്ടതാണ്: dailynewsmalayalam@gmail.com
ഫ്രാങ്കോ ലൂയിസ്, എഡിറ്റര്‍. ഫോ: 91 9745108206
◾ ബിജെപി വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖയെ പൊലീസ് അഞ്ചാം പ്രതിയാക്കി. നേരത്തെ ശ്രീലേഖയെ പ്രതിയാക്കിയിരുന്നില്ല. 'പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ' എന്ന മുദ്രാവാക്യം വിളി വിവാദമായതോടെ ശ്രീലേഖയെ പ്രതിയാക്കാത്തതിനു വി കെ പ്രശാന്ത് എംഎല്‍എ കമ്മീഷണര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
◾ തൃശൂരില്‍ പൂരാവേശം. നെയ്തലക്കാവിലമ്മ വടക്കുംനാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നട തുറന്നു. എറണാകുളം ശിവകുമാര്‍ തിടമ്പേറ്റി. ഇതോടെ പൂരത്തിനു തുടക്കമായി. നാളെ രാവിലെ മുതല്‍ ഘടകപൂരങ്ങള്‍ എത്തും. നഗരത്തില്‍ പൂരത്തിരക്കും ഗതാഗത നിയന്ത്രണവും.
◾ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. എന്നാല്‍ രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡിഷനല്‍ സെഷന്‍സ് കോടതി നാലിന്റെതാണ് വിധി.
◾ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനും ഐഎച്ച്ആര്‍ഡി ഡയറക്ടറുമായ വി.എ.അരുണ്‍ കുമാറിനെതിരെ സര്‍ക്കാരും സിപിഎം അനുകൂല സംഘടനയും. അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡിയില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനുകൂലസംഘടന എംപ്ളോയീസ് യൂണിയന്‍ സമരം ആരംഭിച്ചു.
◾ പിഎന്‍ജി കണക്ഷനുള്ളവര്‍ എല്‍പിജി കണക്ഷനുകള്‍ സറണ്ടര്‍ ചെയ്യണമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍. യുദ്ധസാഹചര്യത്തില്‍ രാജ്യവ്യാപകമായി എല്‍പിജി ക്ഷാമമുള്ളതിനാലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാര്‍ച്ച് 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് പുതിയ നിര്‍ദേശം.
◾ ആത്മീയാചര്യനും പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു. 87 വയസ്സായിരുന്നു. വര്‍ക്കല നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായിരുന്ന അദ്ദേഹം വിവിധ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
◾ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
◾ മുഖ്യമന്ത്രി കസേര വിഷയത്തിലുള്ള സൈബര്‍ പോരില്‍ തന്റെ പേരില്‍ വ്യാജസ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ വിമല ബിനു ഡിജിപിക്ക് പരാതി നല്‍കി. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
◾ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ തര്‍ക്കം മൂക്കുന്നതിനിടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി ഈഡന്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തില്‍ ഹൈബി വ്യക്തമാക്കി.
◾ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയെ തോല്‍പിക്കാന്‍ ആര്‍എസ്പി നേതാക്കള്‍ സിപിഎം ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് കോണ്‍ഗ്രസ്. കൊല്ലം ബീച്ച് റോഡിലെ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
◾ സംസ്ഥാനത്ത് വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കേ, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന് കെ എസ് ഇ ബി. ഏപ്രില്‍ 18ന് പീക്ക് സമയ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റായിരുന്നു.
◾ പി.വി. അന്‍വര്‍ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും ഉറച്ചു നില്‍ക്കില്ലെന്നും സിപിഎം നേതാവ് എ കെ ബാലന്‍. ഒരു വ്യക്തിയുടെ മേല്‍വിലാസവും വിശ്വാസ്യതയും എങ്ങനെ നഷ്ടപ്പെടുമെന്നതിന്റെ തെളിവാണ് അന്‍വറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഇന്റേണ്‍ഷിപ്പ് സ്വന്തം കോളേജില്‍ പൂര്‍ത്തിയാക്കാമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. ഇന്റേണ്‍ഷിപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നുവെന്നും വേനല്‍ക്കാലത്ത് ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര ക്ളേശകരമാണെന്നും ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നിരുന്നു.
◾ മുസ്ലീം സ്ത്രീകള്‍ക്കു പള്ളികളില്‍ നിസ്‌കരിക്കുന്നതിന് ഇസ്ലാമില്‍ വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. പ്രധാന കവാടത്തിലൂടെയുള്ള പ്രവേശനവും പുരുഷന്മാരില്‍ നിന്ന് വേര്‍തിരിക്കുന്ന സംവിധാനവും ഒഴിവാക്കാനാവില്ലെന്നും ബോര്‍ഡ് കോടതിയെ ധരിപ്പിച്ചു. ശബരിമല ക്ഷേത്രത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലാണ് ഇക്കാര്യം അറിയിച്ചത്.
◾ തൃശൂരിലെ മാളയില്‍ യുവാവും യുവതിയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മറ്റൊരാളുമായി മുല്‍നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. രണ്ടു തവണ വിവാഹിതനായ ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
◾ ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. കരുളായി ചെട്ടി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീനെയാണ് (50) നിലമ്പൂര്‍ പോലീസ് കാസര്‍കോട്ടുനിന്ന് പിടികൂടിയത്. 2017 ഏപ്രി ല്‍ 23 നാണ് കൊലപാതകം നടന്നത്.
◾ തൃശൂര്‍ വല്ലക്കുന്നിലെ ചെമ്മീന്‍ ചാലിനരികിലെ കുളത്തില്‍ കുളിക്കുന്നതിനിടെ വലയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. കല്ലേറ്റുംകര നിപ്മറിലെ വിദ്യാര്‍ഥിയായ എം.എസ്. അച്ചു (19) ആണ് മുങ്ങി മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമല കോടാണിവിള പരേതരായ റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്.
◾ കേരളത്തില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ ഡല്‍ഹിയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ 20 കാരന്‍ കോട്ടയത്ത നഴ്സിംഗിനാണു പഠിച്ചിരുന്നത്. കോട്ടയം പൊലീസ് കേസെടുത്തിരുന്നു.
◾ പേടിഎം പേയ്മെന്റ് ബാങ്ക് പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്ക് ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നു. പേടിഎം പേമെന്റ്സ് ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. 2025 ല്‍ ബാങ്കിലുള്ള നിക്ഷേപം 1395 കോടി രൂപയാണ്. നിലവില്‍ പേടിഎം ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മറ്റ് സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല. യുപിഐ ഇടപാടുകള്‍, സൗണ്ട് ബോക്സ്, റീചാര്‍ജ് തുടങ്ങിയ സേവനങ്ങള്‍ തടസപ്പെടില്ല.
◾ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ അശോക് ലാഹിരിയെ നീതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ വൈസ് ചെയര്‍മാന്‍ സുമന്‍ ബേരിക്ക് പകരമാണ് നിയമനം. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അശോക് ലാഹിരി.
◾ ഭാരത സെന്‍സസിന്റെ ഒന്നാം ഘട്ട നടപടികള്‍ക്കു ജൂലൈ ഒന്നിന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസ് എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത്. ഇതിനായി ജില്ലാ, അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാര്‍, സാങ്കേതിക സഹായികള്‍ എന്നിവര്‍ക്കുള്ള ആറു ദിവസത്തെ പരിശീലന പരിപാടി അവസാനിച്ചു.
◾ മുംബൈയിലെ വര്‍ളിയില്‍ ബിജെപി പ്രതിഷേധത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനോട് കയര്‍ത്ത സ്ത്രീക്കെതിരെ കേസ്. തിക്കിലും തിരക്കിലും പെടുത്തി അപകടം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന പരാതിയിലാണു കേസെടുത്തത്.
◾ തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത. തെലങ്കാന രാഷ്ട്ര സേന (ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്. ബിആര്‍എസില്‍നിന്ന് രാജിവച്ച് ഏഴ് മാസത്തിനു ശേഷമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.
◾ ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ 'ബി ടീം' ആണെന്ന തങ്ങളുടെ പഴയ നിലപാട് ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ്. ആം ആദ്മി പാര്‍ട്ടി എംപിമാരും എംഎല്‍എമാരും കൂട്ടത്തോടെ ബിജെപിയിലേക്കു കൂറുമാറുമെന്നു തങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
◾ കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്ക്കു തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുദിവസമായി പടക്ക നിര്‍മ്മാണശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നു രാവിലെ പടക്കശാല തുറന്നപ്പോഴാണ് പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
◾ ഗുരുഗ്രാമില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ അമിതമായി ഉപയോഗിച്ച യുവാവ് മരിച്ചു. 29 കാരനായ രോഹിത് ലാല്‍ ആണു മരിച്ചത്. പ്രതിശ്രുത വധുവിനെ ഫ്ളാറ്റിലേക്കു ക്ഷണിച്ച ശേഷം, അമിതമായി മരുന്ന് കഴിച്ചെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹിയില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു.
◾ കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ലഹരിമരുന്ന് കടത്തുകയായിരുന്നെന്ന് സംശയിക്കുന്ന ഒരു ബോട്ടിനുനേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾ ഇറാന്‍ യുദ്ധത്തെ പിന്തുണയ്ക്കാത്ത നാറ്റോ രാജ്യങ്ങള്‍ക്കെതിരെ പ്രതികാരവുമായി അമേരിക്ക. സ്പെയിനിനെ നാറ്റോയില്‍ നിന്ന് പുറത്താക്കാന്‍ ആലോചിക്കുന്നതായി 'റോയിറ്റേഴ്സ്' റിപ്പോര്‍ട്ട് ചെയ്തു. പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശങ്ങള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഫോക്ക്‌ലാന്‍ഡ് ദ്വീപുകളിലുള്ള ബ്രിട്ടന്റെ അവകാശവാദത്തെക്കുറിച്ചുള്ള യുഎസ് നിലപാട് പുനരാലോചിക്കണമെന്നും മെയിലില്‍ പറയുന്നു.
◾ യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കി വീണ്ടും സൗദി അറേബ്യ സന്ദര്‍ശിച്ചു, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ പങ്കുവക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ സഹകരണമാണ് പ്രധാന അജണ്ട.
◾ ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്നു രണ്ടു മത്സരം. ഡല്‍ഹി ക്യാപിറ്റല്‍സ് വൈകിട്ട് മൂന്നരയ്ക്ക് പഞ്ചാബ് കിംഗ്‌സിനെയും, രാജസ്ഥാന്‍ റോയല്‍സ് വൈകീട്ട് ഏഴരയ്ക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും.
◾ ഇന്‍സ്റ്റഗ്രാമില്‍ 500 ഫോളോവേഴ്‌സ് മാത്രമുള്ളവര്‍ക്കും വരുമാനം നേടാം. നിങ്ങള്‍ ഒരു കമ്പനിയുടെ ഉത്പന്നത്തിന്റെ ലിങ്ക് പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ നല്‍കുന്ന ലിങ്ക് വഴി ആരെങ്കിലും ആ ഉത്പന്നം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കമ്മീഷന്‍ ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിന് നിങ്ങള്‍ക്ക് വലിയ ഫോളോവേഴ്സ് ഉണ്ടായിരിക്കണമെന്നില്ല. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലോ പോസ്റ്റിലോ ബയോയിലോ നിങ്ങള്‍ക്ക് ഉത്പന്നത്തിന്റെ ലിങ്ക് പങ്കിടാവുന്നതാണ്. സ്വന്തം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഇന്‍സ്റ്റഗ്രാം വഴി വില്‍ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ കഴിവുണ്ടെങ്കില്‍, അതായത് പെയിന്റിങ്, ഡിസൈനിങ്, ഫിറ്റ്നസ് പരിശീലനം അല്ലെങ്കില്‍ പാചകം പോലുള്ള ഒരു സര്‍ഗാത്മക വൈദഗ്ദ്ധ്യം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി വില്‍ക്കാന്‍ കഴിയും. ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ, ആളുകളുടെ വിശ്വാസം നേടാനും തുടര്‍ന്ന് നിങ്ങളുടെ സേവനങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യാനും കഴിയും.
◾ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഓപ്പറേഷന്‍ ത്രാള്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ഒരു ബിഗ് ബജറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയ ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന 'ഓപ്പറേഷന്‍ ത്രാള്‍', മലയാള സിനിമയുടെ പാന്‍-ഇന്ത്യന്‍ വ്യാപ്തി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു വമ്പന്‍ പ്രോജക്ടായി വിലയിരുത്തപ്പെടുന്നു. നാഷണല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷന്‍ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേര്‍ന്നതാണ്.
◾ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം 'അതിരടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബേസില്‍, ടോവിനോ, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സരിന്‍ ഷിഹാബ് എന്നിവരും ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധാനം ചെയ്യുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആയി തന്നെയാണ് വിനീത് വേഷമിടുന്നത്.
◾ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വിമാന നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പായ സര്‍ള ഏവിയേഷനില്‍ ഇന്‍ഡിഗോ 10 കോടി രൂപ നിക്ഷേപം നടത്തി. ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളാണ് സര്‍ള ഏവിയേഷന്‍ വികസിപ്പിക്കുന്നത്. ഹെലികോപ്റ്ററുകളെപ്പോലെ റണ്‍വേ ഇല്ലാതെ തന്നെ കുത്തനെ ഉയരാനും താഴാനും കഴിയുന്ന ഈ വിമാനങ്ങള്‍ പൂര്‍ണ്ണമായും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പൈലറ്റിനെ കൂടാതെ ആറ് യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാവുന്ന 'ശൂന്യ' എന്ന വിമാനമാണ് കമ്പനിയുടെ പ്രധാന ആകര്‍ഷണം. നിലവില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒന്നര മണിക്കൂറോളം എടുക്കുന്ന ഗുരുഗ്രാം - നോയിഡ ദൂരം വെറും 15 മിനിറ്റ് കൊണ്ട് പറന്നെത്താന്‍ ഈ ടാക്സികളിലൂടെ സാധിക്കും. ആശുപത്രികള്‍, ഹോട്ടലുകള്‍, ഐടി പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ഹെലിപാഡുകള്‍ ഉപയോഗപ്പെടുത്തിയായിരിക്കും ഇവ സര്‍വീസ് നടത്തുക.
◾ പതിനാറാം നൂറ്റാണ്ടില്‍ മിഷനറിമാര്‍ ഇന്ത്യയിലെത്തുമ്പോള്‍ അവര്‍ കണ്ടത് അത്യന്തം വിചിത്രമായി തോന്നിയ ഒരു ലോകമായിരുന്നു. ഹിന്ദുയിസം അവര്‍ക്കു വിചിത്ര ആചാരങ്ങളും വിഗ്രഹാരാധനയും നിറഞ്ഞതായിപ്പോലെ തോന്നിയെങ്കിലും, പിന്നീട് അത് അവരുടെ ധാരണകളെക്കാള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും ഹിന്ദുക്കള്‍ക്ക് മതപരിവര്‍ത്തനത്തില്‍ വലിയ താത്പര്യമില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. മനു എസ് പിള്ളയുടെ ആധുനിക ഹിന്ദുസ്വത്വനിര്‍മ്മാണം നമ്മെ കൊണ്ടുപോകുന്നത് അനാദൃശമായ അതിന്റെ ബലതന്ത്രങ്ങളിലൂടെയാണ്. മതത്തിനുണ്ടായ പരിണാമങ്ങളെയും യൂറോപ്യന്‍ സാമ്രാജ്യത്വത്തെയും ചിത്രീകരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. 'ആധുനിക ഹിന്ദുസ്വത്വനിര്‍മ്മാണം'. മനു എസ് പിള്ള. ഡിസി ബുക്സ്. വില 629 രൂപ.
◾ വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക. നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് ക്ലിപ്പ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക. സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയെല്ലാം ഇതിനുള്ള പ്രതിരോധ മാര്‍ഗങ്ങളാണ്. വെള്ളത്തില്‍ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂടേറിയ തടാകങ്ങള്‍, കുളങ്ങള്‍, മലിനമായ നീന്തല്‍ കുളങ്ങള്‍ എന്നിവയില്‍ ഇത് കണ്ടുവരാന്‍ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആള്‍ക്കാര്‍ക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീ വ്യൂഹത്തേയും മസ്തിഷ്‌കത്തേയും ബാധിക്കുവാനുള്ള സാധ്യതയുണ്ട്. തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛര്‍ദി, കഴുത്തുവേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.25, പൗണ്ട് - 127.32, യൂറോ - 110.39, സ്വിസ് ഫ്രാങ്ക് - 119.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.28, ബഹറിന്‍ ദിനാര്‍ - 249.57, കുവൈത്ത് ദിനാര്‍ -306.19, ഒമാനി റിയാല്‍ - 245.10, സൗദി റിയാല്‍ - 25.10, യു.എ.ഇ ദിര്‍ഹം - 25.61, ഖത്തര്‍ റിയാല്‍ - 25.83, കനേഡിയന്‍ ഡോളര്‍ - 68.90.
Tags:
KERALA