2026 | ഏപ്രില്‍ 21, ചൊവ്വ
1201 | മേടം8, മകീര്യം
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനില്‍ ഇറാനുമായുള്ള സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ചര്‍ച്ച നാളത്തേക്കു മാറ്റാനും ചര്‍ച്ചയില്‍ നേരിട്ടോ വെര്‍ച്വലായോ പങ്കെടുക്കാനുമാണു ട്രംപിന്റെ പരിപാടി. എന്നാല്‍ ചര്‍ച്ചയ്ക്ക് ഇറാന്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല.
◾ വോട്ടെണ്ണല്‍ കഴിയുന്നതുവരെ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഏതു സാഹചര്യത്തിലാണ് മുറികള്‍ തുറക്കാന്‍ തീരുമാനിച്ചത് എന്നതില്‍ വിശദീകരണം തേടി. 140 മണ്ഡലങ്ങളുടെയും ചുമതലയുള്ള ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ വിവാദമായതോടെ പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയല്‍ സ്ട്രോങ് റൂം തുറക്കാനുള്ള ജില്ലാ കളക്ടറുടെ തീരുമാനം മാറ്റിവച്ചു. വോട്ടുയന്ത്രങ്ങളുള്ള സ്ട്രോങ് റൂം തുറക്കാനുദ്ദേശിച്ചില്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. നെന്മാറ നിയോജകമണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയല്‍ സ്ട്രോങ് റൂമില്‍ മറന്നുവച്ച പ്രിസൈഡിങ് ഓഫീസറുടെ ഡയറി വീണ്ടെടുക്കാനാണു തുറക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു.
◾ ശബരിമലയില്‍ നിന്ന് 2025 ല്‍ സ്വര്‍ണപാളി കൊണ്ടുപോയതിലും എസ്ഐടി അന്വേഷണം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു. ഹൈക്കോടതി അനുമതിയില്ലാതെയാണു പാളികള്‍ പോറ്റിക്ക് നല്‍കിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
◾ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ അവിശ്വാസികള്‍ക്ക് ആചാരങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന. യഥാര്‍ത്ഥ വിശ്വാസികള്‍ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയായിരുന്നു ഈ നിരീക്ഷണം.
◾ സംസ്ഥാനത്ത് മണ്ണു നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവില്‍ നാലര ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയ പതിനാല് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. 72 സര്‍ക്കാര്‍ ഓഫീസുകളിലും, മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയ 360 സ്ഥലങ്ങളിലും നടത്തിയ പരിശോധനയിലാണ് നടപടി. ഇവര്‍ യുപിഐ മുഖേനയാണു 4.69 ലക്ഷം രൂപ കൈപ്പറ്റിയത്.
◾ എല്ലാറ്റിനും പ്രതിഷേധിക്കുന്നത് ഭാരത സംസ്‌കാരമല്ലെന്നും സിന്ദാബാദ്, മുര്‍ദാബാദ് വിളികള്‍ അല്ല ചര്‍ച്ചകളാണു വേണ്ടതെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കാലടി സര്‍വകലാശാലയിലെ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചിരുന്നു.
◾ കാലടി സര്‍വകലാശാല ശങ്കര ജയന്തി ആഘോഷ പരിപാടിയില്‍ സഹകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വാചാപരീക്ഷയിലും ഇന്റേണല്‍ മൂല്യനിര്‍ണയത്തിലും ബുദ്ധിമുട്ടുണ്ടാകുമെന്ന് അധ്യാപകരുടെ ഭീഷണി. ഗവേഷകര്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളോടാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഒരു എച്ച്ഒഡി ശബ്ദസന്ദേശം അയച്ചത്. വകുപ്പില്‍ നടക്കുന്ന യാത്രയയപ്പ് പരിപാടിയിലും, ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുത്തില്ലെങ്കില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
◾ മരിച്ച നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭര്‍ത്താവുമാണ് കോളേജിലെത്തിയത്. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ച അവര്‍ കോളേജ് പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം.
◾ നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് 28 നു സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നു സമരസമിതി. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.
◾ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്രസര്‍ക്കാരിനിട്ട 25,000 രൂപ പിഴശിക്ഷ സുപ്രീം കോടതി പിന്‍വലിച്ചു. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ അപേക്ഷ പരിഗണിച്ചാണു പിന്‍വലിച്ചത്. ഇതേസമയം, നെതര്‍ലാന്‍ഡിസില്‍നിന്ന് റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
◾ ഗുരുവായൂര്‍ മണ്ഡലത്തിലെ സ്ട്രോംഗ് റൂമിനു മുന്നിലെ സിസിടിവി ഇന്നലെ വൈകുന്നേരം നാലര മുതല്‍ അഞ്ചരവരെ പ്രവര്‍ത്തിച്ചില്ലെന്ന് യുഡിഎഫ്. വോട്ടു യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളജിലെ സിസിടിവി കാമറകളാണു പണിമുടക്കിയത്. ദുരൂഹത ആരോപിച്ച് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി.
◾ അതിരപ്പിള്ളിയില്‍ കാട്ടാന ഹോട്ടല്‍ ആക്രമിച്ചു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. മുന്‍ വാതില്‍ തകര്‍ത്ത് കാട്ടാന അകത്തു കയറി. ഹോട്ടലിനോട് ചേര്‍ന്നാണ് ജോണ്‍സനും കുടുംബവും താമസിക്കുന്നത്. വലിയ ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിപ്പോള്‍ അകത്ത് കാട്ടാനയെയാണു കണ്ടത്. ഉടനെ ബഹളം വച്ച് കാട്ടാനയെ ഓടിക്കുകയായിരുന്നു.
◾ പ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ പറവണ്ണ സ്വദേശി പാലക്ക വളപ്പില്‍ ഷംസുദ്ദീന്റെ മകള്‍ ഷഫീഖയാണ് (20) മരിച്ചത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എന്‍ജിനിയറിങ് കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വീഴുകയായിരുന്നു. വളാഞ്ചേരി ആതവനാട് മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്‌നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ് മരിച്ച ഷഫീഖ.
◾ കോട്ടയം വൈക്കത്ത് കര്‍ഷകന്‍ ചെല്ലപ്പന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി സിപിഐ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയെ കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
◾ ആഡംബരവാഹനങ്ങള്‍ മാത്രമല്ല, ഭൂട്ടാനില്‍ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തിയെന്ന് കണ്ടെത്തല്‍. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങള്‍ ഇന്തോ -ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് യോഗത്തില്‍ പരസ്പരം കൈമാറി.
◾ പ്ലാവില്‍നിന്നു ചക്ക അടര്‍ത്തുന്നതിനിടെ തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ കുരുവിക്കോണത്ത് ചോയ്സ് അപ്പോള്‍സ്റ്ററി കട നടത്തിയിരുന്ന രാജു (57) ആണ് മരിച്ചത്.
◾ തിരൂരില്‍ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഴൂര്‍ സ്വദേശി ഇര്‍ഫാന(30), മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്.
◾ വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാരാജയപ്പെട്ടതിനു പ്രതിപക്ഷത്തെ പഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടു നടത്തിയ അഭിസംബോധന ചട്ടലംഘനമാണെന്ന പരാതിയില്‍ തീരുമാനമെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ തെരെഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേന്ദ്രം ബില്‍ ചര്‍ച്ചയാക്കിയത്. കോടതിയെ സമീപിക്കുമെന്ന് ഇടത് നേതാക്കള്‍.
◾ വനിതാ സംവരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോണ്‍ഗ്രസ്. വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ് റാം രമേശ് വിമര്‍ശിച്ചു. അതിന് വേണ്ടിയാണ് മണ്ഡല പുനര്‍നിര്‍ണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത്. കത്ത് എസ്‌കിലൂടെ പങ്കുവെച്ചാണ് വിമര്‍ശനം.
◾ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ബംഗാളിലെ 152 മണ്ഡലങ്ങളില്‍ 23 നു വോട്ടെടുപ്പ്. എസ്ഐആര്‍ നടപടികള്‍ക്ക് ശേഷം 3.22 ലക്ഷം വോട്ടര്‍മാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. 29 നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. ആസാമിലും പുതുച്ചേരിയിലും കേരളത്തിലും ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.
◾ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാട്ടില്‍ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ മൂന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തെങ്കാശിയില്‍ വോട്ടിന് പണം നല്‍കാനുള്ള നീക്കത്തില്‍ എഐഎഡിഎംകെ ആലങ്കുളം സ്ഥാനാര്‍ഥി കെആര്‍പി പ്രഭാകരനും അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.
◾ തമിഴ്നാട്ടിലെ പെരമ്പല്ലൂരില്‍ വന്‍ പണവേട്ട. തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 2.44 കോടി രൂപ പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയില്‍ അഞ്ച് കാര്‍ട്ടണ്‍ പെട്ടികളിലായി 500 രൂപയുടെ കെട്ടുകള്‍ കണ്ടെത്തിയത്. ഡിഎംകെ ജില്ലാ കര്‍ഷക വിഭാഗം ഡെപ്യൂട്ടി ഓര്‍ഗനൈസറായ കീലപുലിയൂര്‍ സ്വദേശി ജയരാമന്‍, രാജേഷ് കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.
◾ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്ക്കെതിരെ കടുത്ത രാഷ്ട്രീയ നീക്കവുമായി ഡിഎംകെ. കരൂരില്‍ വിജയ്യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന് ശേഷം ഇരകളെ സന്ദര്‍ശിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്യാതെ വിജയ് വിമാനത്താവളത്തിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഡിഎംകെ കടന്നാക്രമണം നടത്തുന്നത്.
◾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി പിന്മാറി. ഹര്‍ജിക്കാരനായ ബിജെപി നേതാവ് വിഘ്നേഷ് ശിശിര്‍ രാഷ്ട്രീയനേട്ടത്തിനായി കോടതിയെ ദുരുപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ജസ്റ്റിസ് പിന്മാറിയത്.
◾ മണിപ്പൂരില്‍ വീണ്ടും ശക്തമായ ഭൂചലനം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. കാംജോങ്ങിലാണ് രാവിലെ 5:59 ഓടെ ഭൂചലനം ഉണ്ടായത്. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി.
◾ ഗുജറാത്തിലെ ദാഹോദ് ജില്ലയിലും ഉത്തരാഖണ്ഡിലെ തെഹ്രിയിലും നടന്ന വിവാഹ ചടങ്ങുകള്‍ക്കിടയില്‍ കൂട്ട ഭക്ഷ്യവിഷബാധയേറ്റ് നാനൂറിലധികം പേര്‍ ആശുപത്രിയിലായി. ദാഹോദിലെ അഭ്‌ലോഡ് ഗ്രാമത്തില്‍ നടന്ന വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
◾ ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതല്‍ ചര്‍ച്ചകള്‍ വൈകാതെ പാക്കിസ്ഥാനില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
◾ ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ സേന പിടിച്ചെടുത്ത ഇറേനിയന്‍ കപ്പലില്‍ മിസൈല്‍ നിര്‍മാണത്തിനുള്ള രാസവസ്തുക്കളെന്നു റിപ്പോര്‍ട്ട്. ചൈനയില്‍നിന്ന് ഇറാനിലേക്കു പോകവേയാണു കപ്പല്‍ പിടിച്ചെടുത്തത്. മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയാണ് ആരോപണം ഉന്നയിച്ചത്.
◾ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കാതെ ബദല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ 'പ്ലാന്‍ ബി' ഒരുക്കുന്നു. മേഖലയിലെ സുരക്ഷാ ഭീഷണികളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത്, പൈപ്പ് ലൈനുകളും പുതിയ കരമാര്‍ഗ്ഗങ്ങളും വഴി എണ്ണ പുറത്തെത്തിക്കാനാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പദ്ധതി തയാറാക്കുന്നത്.
◾ ഒരാഴ്ചയ്ക്കുള്ളില്‍ വലിയൊരു ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ജപ്പാന്‍. വടക്കുകിഴക്കന്‍ തീരത്തുണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തിന് പിന്നാലെയാണ് തുടര്‍ ചലന മുന്നറിയിപ്പ് നല്‍കിയത്. 3 മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
◾ അമേരിക്കന്‍ ടെക് ഭീമനായ ആപ്പിളിനെ നീണ്ട 15 വര്‍ഷക്കാലം നയിച്ച ശേഷം ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു. സിഇഒ സ്ഥാനം മാറുമ്പോഴും ടിം കുക്ക് ആപ്പിളില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരും. ജോണ്‍ ടെര്‍ണസ് ആകും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആപ്പിളിന്റെ പുതിയ സിഇഒ.
◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
◾ ഷിവാസ് റീഗല്‍, അബ്‌സല്യൂട്ട് വോഡ്ക എന്നീ മദ്യ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ പെര്‍ണോള്‍ഡ് റിക്കാര്‍ഡ് സൗത്ത് ഏഷ്യ ഇന്ത്യയില്‍ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. റോയല്‍ സ്റ്റാഗ്, ബ്ലെന്‍ടേഴ്‌സ് പ്രൈഡ്, 100 പൈപ്പേഴ്‌സ്, റോയല്‍ സല്യൂട്ട് തുടങ്ങി പത്തോളം ബ്രാന്‍ഡുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്. 1,500ലേറെ ജീവനക്കാരും 24 നിര്‍മാണ യൂണിറ്റുകളും കമ്പനിക്ക് ഇന്ത്യയിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെ കൈവശമുണ്ടായിരുന്ന ഇംപീരിയല്‍ ബ്ലൂ ബ്രാന്‍ഡിനെ തിലക്‌നഗര്‍ ഇന്‍ഡസ്ട്രീസിന് വിറ്റത്. 4,150 കോടി രൂപയുടേതായിരുന്നു ഇടപാട്. 2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ വലിയ വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. പ്രീമിയം ബ്രാന്‍ഡുകള്‍ രണ്ടക്കത്തിനടുത്ത് വളര്‍ച്ച രേഖപ്പെടുത്തി.
◾ 15 വര്‍ഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് രാജിവയ്ക്കുന്നു. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാല്‍ ജോണ്‍ ടെര്‍നസ് ആപ്പിളിന്റെ പുതിയ സിഇഒ ആകും. ജോണ്‍ ടെര്‍ണസ് നിലവില്‍ ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് മേധാവിയാണ്. 25 വര്‍ഷത്തിലേറെയായി അദ്ദേഹം ആപ്പിളില്‍ സേവനമനുഷ്ഠിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞ 2011 മുതല്‍ ടിം കുക്ക് കമ്പനിയെ നയിച്ചു വരികയായിരുന്നു. 65 കാരനായ കുക്ക് സെപ്റ്റംബര്‍ 1 ന് ജോണ്‍ ടര്‍ണറിന് സിഇഒ റോള്‍ കൈമാറും. തുടര്‍ന്ന് ടിം കുക്ക് ആപ്പിളിനൊപ്പം എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. ടിം കുക്കിന്റെ ഭരണകാലം ചരിത്രപരമാണ്, കാരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആപ്പിളിന്റെ മൂല്യം 350 ബില്യണ്‍ ഡോളറില്‍ നിന്ന് 4 ട്രില്യണ്‍ ഡോളറായി വളര്‍ന്നത്. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 2.9 ബില്യണ്‍ ഡോളറാണ്.
◾ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ച് പ്രമുഖ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. പരശുറാം ജയന്തിയോടനുബന്ധിച്ചാണ് തങ്ങളുടെ പുതിയ പ്രൊജക്ടായ 'മഹാവതാര്‍ പരശുറാം' ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. രാജകുമാര, കെജിഎഫ്, കാന്താര, സലാര്‍, മഹാവതാര്‍ നരസിംഹ തുടങ്ങിയ വമ്പന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ക്കു ശേഷം ക്ലീം പ്രൊഡക്ഷന്‍സുമായി സഹകരിച്ച് കൊണ്ടാണ് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന മഹാവതാര്‍ പരശുറാം ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറില്‍ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാര കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, കാലാതീതമായ ഇതിഹാസങ്ങള്‍ പുതിയ തലമുറയുടെ മുന്നിലേക്ക് എത്തിക്കുകയാണ് മഹാവതാര്‍ സിനിമാറ്റിക് യൂണിവേഴ്സിലൂടെ.
◾ മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ യുവനിരയെ അണിനിരത്തി സുവിന്‍ എസ്. സോമശേഖരന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ച്ച അങ്കമാലി ജോസ്പുരത്ത് ആരംഭിച്ചു. ടൊവിനോ തോമസ് നായകനായ 'നടികര്‍' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സുവിനാണ്. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ഐഎസ്സി ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കും വികാരവിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ഈ ചിത്രം ശക്തമായ കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നുണ്ട്. അര്‍ജ്ജുന്‍ അശോകനും റോഷന്‍ മാതൃവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഗൗരി കിഷനാണ് നായിക. ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, സൂര്യാ ക്രിഷ്, ജിയോ ബേബി, വീണാ നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
◾ ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പ പുതിയ പതിപ്പുകള്‍ പുറത്തിറക്കി. തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറുകളായ വെസ്പ പ്രൈമവേര 180, വെസ്പ സ്പ്രിന്റ് 180 എന്നിവയുടെ പുതിയ 180 സിസി പതിപ്പുകളാണ് പിയാജിയോ പുറത്തിറക്കിയിരിക്കുന്നത്. ഇന്തോനേഷ്യയിലാണ് ഈ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്, തെരഞ്ഞെടുത്ത വിപണികളില്‍ നിലവിലുള്ള 150 സിസി വകഭേദങ്ങള്‍ക്ക് പകരമായി ഇവ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. മോട്ടോര്‍ ഇപ്പോള്‍ 8,250 ആര്‍പിഎമ്മില്‍ 14.7 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 13.5 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പരമ്പരാഗത ഡ്രം ബ്രേക്കിന് പകരമായി 220 എംഎം റിയര്‍ ഡിസ്‌ക് ബ്രേക്ക് അവതരിപ്പിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. മെച്ചപ്പെട്ട ബ്രേക്കിങ് പ്രകടനം വാഗ്ദാനം ചെയ്യുന്ന ഇരട്ട-പിസ്റ്റണ്‍ കാലിപ്പറുമായി ഈ പുതിയ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നു.
◾ ഒരു കവിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. മറവിയുടെ മരുക്കാറ്റില്‍ കീഴ്‌മേല്‍മറിയാതെ, അടുക്കിവെച്ച ഓര്‍മ്മകളിലൂടെ ജീവിതത്തെ ആലേഖനം ചെയ്യുന്ന എഴുത്ത്. കാലത്തിന്റെ ഇടവേളകളെ കാവ്യാത്മകമായി തൊടുന്ന കുറിപ്പുകള്‍. കവിതയിലൂടെ ജീവിതാനുഭവങ്ങളെ നോക്കിക്കാണുന്ന പുസ്തകം. 'കള്ളിമുള്ളില്‍ കാതലിപ്പൂവ്'. ഷീജ വക്കം. മാതൃഭൂമി. വില 323 രൂപ.
◾ വേനല്‍ക്കാലത്ത് ശരീരത്തിന് ചൂടു കൂട്ടുന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യകരം. ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ പാചകക്കൂട്ടിലെ സ്ഥിരം ചേരുവയാണ്. എന്നാല്‍ ഇവ ശരീരതാപനില ഉയരാന്‍ കാരണമാകുന്നതാണ്. ഇവ ഉത്പാദിപ്പിക്കുന്ന ജിഞ്ചറോളും അല്ലിസിനും മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ചൂട് കൂടുന്നതിന് കാരണമാവുന്നു. ഇഞ്ചിയും വെളുത്തുള്ളിയും ഒരുപാട് ഉപയോഗിക്കുന്നത് വയറെരിച്ചിലും നിര്‍ജ്ജലീകരണത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ചീര പോലുള്ള ഇലക്കറികള്‍ ശരീരത്തിന് ഏറെ ആരോഗ്യം നല്കുന്നവയാണ്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. എന്നാല്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഇവ ശരീരത്തിന്റെ ചൂട് ഉയര്‍ത്താനിടയാകും. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ വിഘടിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ചൂട് ശരീരത്തിന്റെ താപനിലയും ഉയര്‍ത്തും. നിങ്ങള്‍ക്ക് അമിതമായ ചൂട് അനുഭവപ്പെടുന്ന പ്രശ്നമുണ്ടെങ്കില്‍ ഇലക്കറികള്‍ ഒഴിവാക്കുക. ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞ് കഴിക്കുന്നവരുണ്ട്. സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ശരീരത്തെ ഗ്യാസ്, വയറു വീര്‍ക്കല്‍ ആസിഡ് റിഫ്ലക്സ് എന്നിവയിലേക്ക് നയിച്ചേക്കാം. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. എന്നാല്‍ ഇവ ദഹിക്കാന്‍ കൂടുതല്‍ വെള്ളം ആവശ്യമാണ്. ഇത് ശരീരത്തിലെ ജലത്തിന്റെ അംശത്തെ കുറക്കുന്നു. ചുവന്ന മുളക്, കാപ്സിക്കം എന്നീ മുളക് ഇനങ്ങള്‍ ശരീരത്തിന്റെ ചൂട് ഉയര്‍ത്തുന്നവയാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന മുളക് ശരീരത്തിന്റെ താപനിലയും വര്‍ധിപ്പിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.61, പൗണ്ട് - 126.31, യൂറോ - 110.07, സ്വിസ് ഫ്രാങ്ക് - 119.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.91, ബഹറിന്‍ ദിനാര്‍ - 248.20, കുവൈത്ത് ദിനാര്‍ -303.68, ഒമാനി റിയാല്‍ - 243.46, സൗദി റിയാല്‍ - 24.96, യു.എ.ഇ ദിര്‍ഹം - 25.36, ഖത്തര്‍ റിയാല്‍ - 25.71, കനേഡിയന്‍ ഡോളര്‍ - 68.52.
Tags:
KERALA