Trending

സായാഹ്ന വാര്‍ത്തകള്‍.

2026  ഏപ്രില്‍ 18, ശനി
1201  മേടം 5, അശ്വതി

◾  വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച അധ്യാപകരടക്കം ഒന്‍പതു പേര്‍ക്കും വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉറ്റവരുമെല്ലാം കണ്ണീരോടെ വിടയേകി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങളുമായുള്ള ആംബുലന്‍സുകള്‍ രാവിലെ ഒമ്പതേകാലിനു പെരിന്തല്‍മണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി. വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും നാട്ടുകാരും ഒഴുകിയെത്തിയ സ്‌കൂളങ്കണം സങ്കടക്കടലായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

◾  ബുധനാഴ്ചയ്ക്കകം കരാറായില്ലെങ്കില്‍ ഇറാനില്‍ ബോംബിടുമെന്നും യുദ്ധം ആരംഭിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  ഇറേനിയന്‍ തുറമുഖങ്ങള്‍ക്കെതിരേ നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്.

◾  വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ തീരാനോവായി രക്ഷപ്പെട്ട പതിനൊന്നുകാരി മസ്‌നീന്‍. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്നീനെ അറിയിച്ചില്ല. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. തകര്‍ന്ന വാഹനത്തില്‍നിന്ന് മസ്‌നീനെ പിറകേ വന്ന ടാക്സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടനേ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

◾  വനിത സംവരണത്തെ അട്ടിമറിച്ചത് ബിജെപിയെന്ന് കെ സി വേണുഗോപാല്‍. 543 അംഗ സഭയില്‍ മൂന്നിലൊന്നു സംവരണം നല്‍കണം. വനിതകളുടെ പേരില്‍ ബില്‍ കൊണ്ടുവന്ന് തോന്നുംപടി മണ്ഡല പുനര്‍നിര്‍ണയ നിയമം പാസാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചത്. വനിതാ സംവരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രചരണം നടത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

◾  വനിത സംവരണ ബില്‍ പാസാക്കാനാകാത്തതിനു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രാജ്യവ്യാപക പ്രതിഷേധ സമരത്തിന് ഒരുങ്ങി ബിജെപി. പാര്‍ട്ടിയുടേയും വനിതാ മാര്‍ച്ചയുടേയും നേതൃത്വത്തില്‍ സ്ത്രീകള്‍ തെരുവിലിറങ്ങുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വനിത സംവരണ ബില്‍ പാസാക്കാന്‍ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി.

◾  ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് 'ഇന്‍സ്റ്റന്റ് ഫണ്ട്സ്' എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരെ റിമാന്‍ഡു ചെയ്തു.

◾  അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആത്മഹത്യയ്ക്കു മുമ്പു പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതേസമയം അന്വേഷണം തൃപ്തികരമല്ലെന്ന് നിതിന്‍ രാജിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

◾  അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജിക്കത്തു നല്‍കി. അധ്യാപകര്‍ ഉള്‍പ്പടെ ഏഴു പേരാണ് രാജി നല്‍കിയത്. ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചതോടെ ഡിപ്പാര്‍ട്മെന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.

◾  ലോണ്‍ ആപില്‍നിന്നു വായ്പെയെടുത്ത കോഴിക്കോട് വടകരയിലെ യുവാവിനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു 13 നു വീട്ടില്‍ നിന്നിറങ്ങിയത്. വായ്പാ തുകയായ പതിനായിരം രൂപ തിരിച്ചടവ് മുടങ്ങിയതിനാല്‍ ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം.

◾  ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനിടെ ശ്വാസതടസമുണ്ടായവരില്‍ ഒരാള്‍ മരിച്ചു. ആയിഷ ബോട്ടിലെ 12 ജീവനക്കാര്‍ക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ നാലു പേരില്‍ മൂന്നു പേരുടെകൂടി നില ഗുരുതരമാണ്. എന്‍ജിന്‍ റൂമില്‍ വെള്ളം കയറിയതു പരിശോധിക്കാന്‍ പോയപ്പോഴാണ് ശ്വാസതടസമുണ്ടായത്.

◾  ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലോ ചോര്‍ച്ചയോ ഉണ്ടായാല്‍ നിര്‍മാണ കരാറുകാരായ ഊരാളുങ്കല്‍ സഹകരണ സംഘം പരിഹരിക്കേണ്ടിവരുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഒരു വീട്ടിലുണ്ടായ വിള്ളല്‍ മന്ത്രി പരിശോധിച്ചു. കോണ്‍ക്രീറ്റില്‍ വിള്ളല്‍ രേഖപ്പെടുത്തിയ ഭാഗത്ത് ഉരക്കടലാസുകൊണ്ട് ഉരച്ചു പരിശോധിച്ചു.

◾  മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കും. 29 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുക്കും. ലിറ്ററിന് ആറു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് ആസ്ഥാനത്തിനു മുന്നിലാണ് സമരം.

◾  കണ്ണൂര്‍ ആലക്കോട് തിമിരിയില്‍ ആര്‍എസ്എസ് - ബി ജപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പത്തു സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവുശിക്ഷ. തളിപ്പറമ്പ് അഡി. സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പഞ്ചായത്ത് അംഗം അടക്കമുള്ളവരെയാണ് ശിക്ഷിച്ചത്. 2011 നവംബര്‍ 27 നായിരുന്നു തിമിരി ബോംബേറ്.

◾  വിഴിഞ്ഞം തുറമുഖത്തിനു ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കുമായി 3,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു സംരംഭകര്‍ക്കു നല്‍കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഭൂമി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

◾  കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയെ അറസ്റ്റു ചെയ്യരുതെന്നു കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിക്കു പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

◾  കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസില്‍ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎല്‍എ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 14 നാണ് കൊച്ചിയില്‍ നിന്ന് അനീഷ് ബാബുവിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്.  24.5 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

◾  നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിനു പണം നല്‍കിയെന്ന പരാതിയില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ മൊഴി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍ റസാക്ക്, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ മുഹമ്മദ് ഷാ, ശോഭയ്ക്കൊപ്പം ഉണ്ടായിരുന്ന നഗരസഭാ മുന്‍ അധ്യക്ഷ പ്രമീള ശശിധരന്‍ തുടങ്ങിയവരുടേയും മൊഴിയെടുത്തു. അടുത്തയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

◾  സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയിരുന്നു. ഈ നില തുടര്‍ന്നാല്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും വേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.

◾  ക്ഷേത്രത്തെയും ആചാരങ്ങളെയും വെല്ലുവിളിക്കാന്‍ ആരും ക്ഷേത്രത്തില്‍ പോകരുതെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയില്‍ വാദിച്ചു. ശബരിമല യുവതീ പ്രവേശന വിഷയമടക്കം പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് ഈ വാദം.

◾  കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറല്‍ സി.ജെ. ജയചന്ദ്രന്‍ സ്ഥാനമേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ സി.ജെ. ജയചന്ദ്രന്‍ മാര്‍ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷമാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നത്.

◾  ചാലക്കുടി പാലത്തിന്റെ ഒരു ഭാഗം ഇന്നു രാത്രി ഒമ്പതു മുതല്‍ ആറു ദിവസത്തേക്ക് അടച്ചിടും. പടിഞ്ഞാറുഭാഗത്തുള്ള പഴയ പാലമാണ് അടയ്ക്കുക. മുരിങ്ങൂര്‍- കൊരട്ടി- ചിറങ്ങര അടിപ്പാത നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും  ഭാരപരിശോധനയ്ക്കുമായാണ് അടച്ചിടുന്നത്.  

◾  കൊലപാതകശ്രമ കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍. പത്തനംതിട്ട കോഴഞ്ചേരി ചേരാവള്ളിയില്‍ മത്തായി സാമുവേലിന്റെ മകന്‍ അനീഷ് സാമുവല്‍ എന്ന 41 കാരനാണ് മരിച്ചത്. ബാറില്‍ ഒരാളെ കുത്തിയ കേസില്‍ കൊട്ടാരക്കര സബ് ജയിലില്‍ കഴിയുകയായിരുന്നു.

◾  കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം നാളെ മുതല്‍ 23 വരെ തൃശ്ശൂരിലെ റീജണല്‍ തിയേറ്ററില്‍ നടക്കും. പത്തു നാടകങ്ങളാണ് അരങ്ങേറുന്നത്. എല്ലാ ദിവസവും രാവിലെ പത്തരയ്ക്കും വൈകുന്നേരം ആറിനുമാണ് നാടകം.

◾  പ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു തിങ്കളാഴ്ച കൊടിയേറും. പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലും കൊടികയറ്റും. ഈ മാസം 26 നാണു തൃശൂര്‍ പൂരം. 24 നു സാമ്പിള്‍ വെടിക്കെട്ട്. സ്വരാജ് റൗണ്ടില്‍ പൂരപ്പന്തലുകള്‍ ഉയര്‍ന്നു തുടങ്ങി.  

◾  പുളിമൂട്ടില്‍ സില്‍ക്സിന്റെ കോട്ടയത്തെ നവീകരിച്ച ഷോറൂം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രേസി ചാക്കോ പുളിമൂട്ടില്‍ ഭദ്രദീപം തെളിച്ചു. ഒരു നൂറ്റാണ്ടിലേറെയായി വസ്ത്ര വ്യാപാര രംഗത്തുള്ള പുളിമൂട്ടില്‍ സില്‍ക്സ് കോട്ടയം ഷോറൂം നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നവീകരിച്ചത്.  

◾  പണം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കായംകുളത്ത് മുട്ടക്കടയ്ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. ഐക്യ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബൈജുവിന്റെ ഉടമസ്ഥതയിലുള്ള പി കെ മുട്ടക്കടയ്ക്കു നേരെയായിരുന്നു ആക്രമണം.

◾  കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. വീരപ്പന്‍ ജീവിച്ചിരുന്നാല്‍ രാഷ്ട്രീയ ഭാവിക്കു ഭീഷണിയാകുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ടായിരുന്നു. അതാണ് വീരപ്പനെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിറക്കാന്‍ കാരണം. വീരപ്പന്‍ ജീവിച്ചിരുന്നെങ്കില്‍ തമിഴ്നാട് മുഖ്യമന്ത്രിയായേനെ എന്നും ഭാര്യ മുത്തുലക്ഷ്മി അവകാശപ്പെട്ടു.

◾  വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചു.

◾  അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവയ്ക്കുമെന്ന് തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വി.നാഗരാജ്. ഷോട്സ് ധരിക്കുന്നവര്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുകയാണെന്നുമുള്ള വി.നാഗരാജിന്റെ പരാമര്‍ശത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

◾  യുഎസ്-ഇറാന്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. മുന്‍പ് നടന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുന്നത്.

◾  കഞ്ചാവുമായി പിടിയിലായ എയര്‍ ഇന്ത്യ പൈലറ്റിനെ യുഎസ് അധികൃതര്‍ നാടുകടത്തി. ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് യാത്ര ചെയ്ത എയര്‍ ഇന്ത്യ പൈലറ്റിനെയാണ് കഞ്ചാവു സഹിതം പിടികൂടി  ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

◾  അക്ഷയതൃതീയ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാം വില 75 രൂപയും പവന്‍ വില 600 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 14,280 രൂപയും പവന് 1,14,240 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,735 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,135 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,890 രൂപയുമായി. വെള്ളി വിലയും കുതിപ്പിലാണ്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 275 രൂപയിലെത്തി. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത് വിപണിയിലെ നിക്ഷേപക താല്‍പ്പര്യങ്ങളെ സ്വാധീനിച്ചതാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണവിലയില്‍ 11 ശതമാനത്തിലധികം ഇടിവുണ്ടായതോടെ സ്വര്‍ണം ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധമാറ്റുകയാണ്.

◾  എഐ ഉപയോഗം വ്യാപകമായതോടെ കനത്ത തൊഴില്‍ നഷ്ടമാണ് ടെക് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആഗോള തലത്തില്‍ 95 കമ്പനികളില്‍ നിന്നുമാത്രം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 73,000 ത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. 10 ലക്ഷത്തിലധികം ടെക് തസ്തികകളാണ് 2021 മുതല്‍ ആവശ്യമില്ലാതായത്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഫ്‌റ്റ്വെയര്‍, സാസ്, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും എ.ഐ മൂലമുളള തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. എ.ഐ കൂടുതല്‍ വികസിച്ചിരിക്കുന്ന യു.എസിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ മെറ്റ മെയ് 20 മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യ അടക്കമുളള ഏഷ്യന്‍ രാജ്യങ്ങളില്‍ സെമികണ്ടക്ടര്‍, ടെലികോം, ഐടി സേവന മേഖലകളിലും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ മനസിലാക്കുകയും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ശേഷി ആര്‍ജിക്കുകയും ചെയ്യണമെന്നാണ് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്.

◾  പിറന്നാള്‍ ദിനത്തില്‍ വിക്രമിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് 'വിക്രം 63' അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആനന്ദ് ശങ്കര്‍ ആണ് വിക്രം 63 സംവിധാനം ചെയ്തിരിക്കുന്നത്. ഇരുമുഗന്‍ എന്ന ചിത്രത്തിന് ശേഷം വിക്രമും ആനന്ദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് രണ്ട് മൂന്ന് ചിത്രങ്ങള്‍ വിക്രമിന്റേതായി പ്രഖ്യാപിച്ചിരുന്നു. മഡോണ്‍ അശ്വിന്‍, സി പ്രേം കുമാര്‍ തുടങ്ങിയ സംവിധായകരുടെ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മുടങ്ങി. വീര ധീര സൂരന്‍ രണ്ടാം ഭാഗത്തിനായാണ് വിക്രം ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'ധ്രുവനച്ചത്തിരം' മെയ് 24-ന് തിയറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

◾  തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടന്‍ വിജയ് ദേവരകൊണ്ടയും സംവിധായകന്‍ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പന്‍ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്. പ്രഖ്യാപന പോസ്റ്ററില്‍ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റല്‍ ചെയിനുകളില്‍ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. ഈ പോസ്റ്റര്‍ തന്നെ ഈ ചിത്രത്തിന്റെ ഭാവവും വ്യാപ്തിയും വ്യക്തമാക്കുന്നു, മുന്നില്‍ വിജയ് ദേവരകൊണ്ടയും ശൗര്യുവും, പിന്നില്‍ അവരുടെ കലയുടെ യോദ്ധാക്കളെ പോലെ നില്‍ക്കുന്ന ഒരു ശക്തമായ ടീം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ഒന്നിച്ചുകൂടുന്ന ഈ ചിത്രം, ആഗോള തലത്തില്‍ ശ്രദ്ധേയമായൊരു സിനിമ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വേള്‍ഡ് ക്ലാസ് സാങ്കേതിക സംഘമാണ്.  ഈ ചിത്രം ഒരു സമാന്തരമായ മിത്തോളജിക്കല്‍ ലോകത്തിലാണ് ഒരുക്കുന്നത്.

◾  ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏറ്റവും റേഞ്ച് കൂടിയ മോഡല്‍ സിംപിള്‍ അള്‍ട്ര വിപണിയിലെത്തി. 400 കിമീ ആണ് ഐഡിസി റേഞ്ച്. വില 2.35 ലക്ഷം. സിംപിള്‍ എനര്‍ജി ബ്രാന്‍ഡിന്റെ ഏറ്റവും ടോപ് മോഡലാണ് അള്‍ട്രാ. 6.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക്. ടോപ് സ്പീഡ് മണിക്കൂറില്‍ 115 കിമീ. മണിക്കൂറില്‍ 0-40 കിമീ വേഗമാര്‍ജിക്കാന്‍ 2.77 സെക്കന്‍ഡ് മതി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇസ്‌കൂട്ടര്‍ കൂടിയാണിത്. ഒന്നാം സ്ഥാനം സിംപിള്‍ വണ്‍ 5 കിലോവാട്ട്അവര്‍ വേരിയന്റിനാണ്. 0-40 വേഗമാര്‍ജിക്കാന്‍ 2.55 സെക്കന്‍ഡ്. നാലു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഇതിലുണ്ട്. 7 ഇഞ്ച് ഡിജിറ്റല്‍ ടച്ച് സ്‌ക്രീന്‍, 4ലെവല്‍ റീജനറേറ്റീവ് ബ്രേക്കിങ്, ക്രൂസ് കണ്‍ട്രോള്‍, സൂപ്പര്‍ ഹോള്‍ഡ് അസിസ്റ്റ്, നാവിഗേഷന്‍, ജിയോഫെന്‍സിങ്, റൂട്ട് മാപ്പ് ഷെയറിങ് എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകള്‍ പതിയ മോഡലിലുണ്ട്. അള്‍ട്രായില്‍ ഫ്ലോര്‍ ബോര്‍ഡിലെ 5 കിലോവാട്ട്അവര്‍ ബാറ്ററി കൂടാതെ 1.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് സീറ്റിനടിയിലും സെറ്റ് ചെയ്തിട്ടുണ്ട്.

◾  ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ജീവചരിത്രം. സ്‌നേഹം, സഹിഷ്ണുത, പ്രത്യാശ, മാനവികത എന്നീ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നിരുന്ന ഒരു മഹദ് ജീവിതത്തിന്റെ ചിത്രമാണ് ഈ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലളിതജീവിതവും പാരിസ്ഥിതികവീക്ഷണവുംകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ വലിയ ഇടയന്റെ പ്രചോദനാത്മകമായ ജീവിതകഥ. 'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാനവികദര്‍ശനം'. ഏ.ഡി ഷാജു. മാതൃഭൂമി. വില 93 രൂപ.

◾  മാനസികാരോഗ്യത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഏകാന്ത ജീവിതം വില്ലനാകുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്. ഏകാന്തത ഹൃദയ വാല്‍വില്‍ തകരാറുകള്‍ ഉണ്ടാക്കും. ഹൃദയത്തിന്റെ നാല് വാല്‍വുകളില്‍ ഒന്ന് തകരാറിലാവുന്ന വാല്‍വുലാര്‍ ഹാര്‍ട്ട് ഡിസീസ് ഇന്ന് വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ 2026-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 1999 മുതല്‍ 2020 വരെയുള്ള കാലത്ത് 440,000 പേരാണ് വാല്‍വിന് തകരാര്‍ വന്നു മരിച്ചത്. ഏകാന്തത കൂടുതലായി അനുഭവിക്കുന്നവരില്‍ വാല്‍വുലാര്‍ ഹാര്‍ട്ട് ഡിസീസിനുള്ള സാധ്യത 19 ശതമാനം കൂടുതലാണ്. ഏകാന്തത കടുത്ത സമ്മര്‍ദത്തിലേക്ക് നയിക്കുകയും ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാകാനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാവും. ഇത് ക്രമേണ ഹൃദയവാല്‍വുകളുടെ തകരാറിലേക്കും നയിക്കുന്നു. ഏകാന്തത ഒരു നിശബ്ദ കൊലയാളിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏകാന്തത മൂലമുള്ള മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് പ്രതിവര്‍ഷം 8,71,000 ജീവനുകളാണ് നഷ്ടമാകുന്നതെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏകാന്തത ഹൃദ്രോഗം, പ്രമേഹം, അകാലമരണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഒറ്റയ്ക്കിരിക്കാതെ സാമൂഹികബന്ധങ്ങളുണ്ടാക്കണം എന്നുമാണ് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 92.60, പൗണ്ട് - 125.24, യൂറോ - 109.36, സ്വിസ് ഫ്രാങ്ക് - 117.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.49, ബഹറിന്‍ ദിനാര്‍ - 245.34, കുവൈത്ത് ദിനാര്‍ -299.94, ഒമാനി റിയാല്‍ - 240.54, സൗദി റിയാല്‍ - 24.66, യു.എ.ഇ ദിര്‍ഹം - 25.22, ഖത്തര്‍ റിയാല്‍ - 25.37, കനേഡിയന്‍ ഡോളര്‍ - 67.89.
Previous Post Next Post
3/TECH/col-right