2026 ഏപ്രില്‍ 17, വെള്ളി
1201 മേടം 4, രേവതി
◾ 2023 ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കേയാണ് വിചിത്രമായ നടപടി. വനിതാ സംവരണ ഭേദഗതി ബില്ലിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയ നിയമം പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കുമെന്ന് പ്രതിപക്ഷം. ഇതേസമയം, 2023 ലെ ബില്‍ പ്രാബല്യത്തിലാക്കിയതോടെ സെന്‍സസ് അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള നീക്കത്തിലാണു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, സീറ്റു വര്‍ധന വേണ്ട, മണ്ഡലം പുനര്‍നിര്‍ണയമാകാമെന്നു ലോക്സഭയില്‍ പ്രതിപക്ഷം.
◾ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും സംഘടിപ്പിക്കുന്ന 40 രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന അടിയന്തര ഉച്ചകോടി ഇന്ന്. വെര്‍ച്വല്‍ യോഗമാണ് ഒരുക്കുന്നത്. ഇറാനിലെ വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാനും ചര്‍ച്ച നടക്കും.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദിവാസ്വപ്നം കാണുകയാണെന്നും അണ്വായുധ വിഷയത്തില്‍ ഇറാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ലെന്നും ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍.
◾ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ നിരീക്ഷിച്ച് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു.
◾ മുഖ്യമന്ത്രി ആരാകുമെന്ന വാദപ്രതിവാദങ്ങള്‍ ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്ത ത്യാഗത്തെ വിസ്മരിച്ചുകൊണ്ടാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നൈരാശ്യം ഉണ്ടാകുന്ന ചര്‍ച്ചകളിലേക്കു പോകരുതെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
◾ മുഖ്യമന്ത്രി പദവി ചര്‍ച്ചയ്ക്കെതിരെ എംകെ രാഘവന്‍ എംപി. അതേസമയം എംപിമാര്‍ നിയമസഭയിലേക്കു മത്സരിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസിലെ ചിലരുടെ ദുര്‍വാശിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
◾ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിനു പ്രേരകമായെന്ന് ആരോപിച്ച് ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇന്‍സ്റ്റാ പേ എന്ന ലോണ്‍ ആപ്പിനെതിരെയാണ് കേസ്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ് ഐ ആര്‍.
◾ നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികളായ ഡോ. റാമും ഡോ. സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി. മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി കോടതിയില്‍ നേരത്തെ നല്‍കിയിരുന്നു. മരണത്തില്‍ പങ്കില്ലെന്നാണ് ഹര്‍ജിയിലെ വാദം. അതേസമയം ഇരുവര്‍ക്കുമെക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ചുമത്തി കേസെടുത്തിട്ടുണ്ട്.
◾ മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭര്‍ത്താവ് ഫര്‍മാനും ഒളിവില്‍. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് മധ്യപ്രദേശ് പൊലീസ്. എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനും രഹസ്യമൊഴി നല്‍കാനുമാണ് പെണ്‍കുട്ടിയുടേയും ഭര്‍ത്താവിന്റേയും നീക്കം.
◾ കുംഭമേള വൈറല്‍ താരത്തിന്റെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് സഹോദരന്റെ ജനന തിയതിയാണെന്ന് രാഹുല്‍ ഈശ്വര്‍. പെണ്‍കുട്ടിയുടെ പഴയ ആധാര്‍ കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും വിവരങ്ങളും രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടു. മൊണാലിസയുടെ അച്ഛനാണ് പൊലീസ് സ്റ്റേഷനില്‍ ആധാര്‍ അടക്കമുള്ള രേഖകള്‍ നല്‍കിയിരുന്നത്.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായി ഒരു മാസമായിട്ടും താല്‍ക്കാലിക ഐസിയു തുണികെട്ടി മറച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം. ഗുരുതതര പ്രസിസന്ധിയെന്ന് ജനറല്‍ സര്‍ജറി വിഭാഗം മേധാവി. മാര്‍ച്ച് 17 നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ തീപിടിത്തമുണ്ടായത്.
◾ പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പര്‍ തീര്‍ന്നതോടെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെബിപിഎസ്) അച്ചടി മന്ദഗതിയിലായി. പുറംചട്ട പേപ്പര്‍ തീര്‍ന്നിട്ട് ഒരാഴ്ചയായി. ആവശ്യമായ പേപ്പര്‍ ഉടന്‍ ലഭിക്കാത്ത പക്ഷം രണ്ടു ദിവസത്തിനകം അച്ചടി നിര്‍ത്തിവയ്ക്കേണ്ടിവരും.
◾ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാക്കിയില്ലെന്നു മാത്രമല്ല, പ്രചാരണത്തിന് ചുമതലകള്‍ നല്‍കുകയും ചെയ്തില്ല.
◾ വയനാട്ടിലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വിള്ളല്‍ വീണ ആദ്യഘട്ട വീടുകള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ സന്ദര്‍ശിച്ചു. രണ്ടു വീടുകളിലാണ് വിള്ളലുണ്ടായത്. വീട് വാസയോഗ്യമാക്കാന്‍ നടത്തുന്ന ടെസ്റ്റുകള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പിന്നീട് പരിഹരിക്കുമെന്നും ഊരാളുങ്കല്‍ അറിയിച്ചു.
◾ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഒരുമാസമായി റേഷനരി ലഭിച്ചില്ലെന്ന പരാതിയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ലാത്ത സാഹചര്യത്തിലാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
◾ ദളിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മണ്ണാര്‍ക്കാട് കോടതിയാണ് പ്രശോഭ് സി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
◾ ആലപ്പുഴ കളപ്പുര ഘണ്ടാകര്‍ണ്ണ ക്ഷേത്രവളപ്പില്‍ പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൊള്ളേത്തൈ കണിയാപറമ്പ് വീട്ടില്‍ രവീന്ദ്രന്‍ (62) ആണ് മരിച്ചത്. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു.
◾ ജെഡിയു നേതാവ് ഹരിവന്‍ശ് നാരായണ്‍സിങ് രാജ്യസഭാ ഉപാധ്യക്ഷനായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഹരിവന്‍ശിന്റെ രണ്ടാം കാലാവധി ഏപ്രില്‍ ഒമ്പതിന് അവസാനിച്ചിരുന്നു. ഹരിവന്‍ഷിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
◾ 2023 ലെ വനിത സംവരണ ബില്ല് ഇന്നലെ വിജ്ഞാപനം ചെയ്തതില്‍ ലോക്സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. കോണ്‍ഗ്രസിന്റെ കെ.സി വേണുഗോപാലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പിറകേ, പാര്‍ലമെന്റില്‍ തമിഴ് ശബ്ദം ഇല്ലാതാക്കാനുള്ള നീക്കമെന്ന് ആരോപിച്ച് കനിമൊഴിയും രംഗത്തെത്തി. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ബില്ലെന്നും കനിമൊഴി പറഞ്ഞു. പ്രതിഷേധവുമായി സഭയില്‍ കറുപ്പണിഞ്ഞാണ് ഡിഎംകെ അംഗങ്ങള്‍ എത്തിയത്.
◾ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണു മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ നിയമമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാര്‍ലമെന്റിലെ രാഷ്ട്രീയ സന്തുലിതാവസ്ഥ അട്ടിമറിക്കുകയും ഫെഡറലിസം തകര്‍ക്കുകയും ചെയ്തുകൊണ്ട് ഭരണം എക്കാലവും കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രമാണെന്നും ശശി തരൂര്‍.
◾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിഴല്‍ മുഖ്യമന്ത്രിയാണെന്നും സ്റ്റാലിനെ ഇരുട്ടത്തു നിര്‍ത്തി ഭരിക്കുന്നത് നാലു മന്ത്രിമാരാണെന്നും പട്ടാളി മക്കള്‍ കക്ഷി അധ്യക്ഷന്‍ അധ്യക്ഷന്‍ അന്‍പുമണി രാംദാസ്. മുഖ്യമന്ത്രി സ്റ്റാലിന്റെ നിഷ്‌ക്രിയത്വം മുതലാക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
◾ രാജ്യം മാവോയിസ്റ്റ് സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡല്‍ഹിയില്‍ നടന്ന ഉന്നത തല അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. രാജ്യത്തെ ഇടത് തീവ്രവാദം അവസാനിപ്പിക്കാന്‍ 2015 ല്‍ അവതരിപ്പിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമായാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിച്ചത്.
◾ ചെങ്കോട്ട സ്ഫോടനത്തില്‍ പ്രതികളായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം തയ്യാറാക്കി അന്വേഷണ ഏജന്‍സി. നൗഗാം പൊലീസ് എടുത്ത കേസില്‍ പത്തു പേരാണ് പ്രതികള്‍. ഡോക്ടര്‍ എന്ന തൊഴിലിനെ മറയാക്കി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ടെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
◾ താന്‍ ഗര്‍ഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ് കേന്ദ്രത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന കേസില്‍ പ്രതിയായ യുവതി. കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലാണ് ഈ ആവശ്യം.
◾ ഹരിയാന കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് മൂന്ന് മരണങ്ങളാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
◾ തമിഴകം വെട്രി കഴകം അധ്യക്ഷന്‍ വിജയ്ക്കെതിരെ നടന്‍ പ്രകാശ് രാജ്. നടനുവേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ജനങ്ങളുടെ സ്നേഹം ദുരുപയോഗം ചെയ്യരുത്. സിനിമയില്‍ മുഖ്യമന്ത്രി ആയി അഭിനയിക്കാം. രാഷ്ട്രീയം അതല്ല എന്നും അദ്ദേഹം പറഞ്ഞു.
◾ ബംഗാളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള സ്‌പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തന്റെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെയും കേന്ദ്ര ഏജന്‍സികളുടെയും നീക്കങ്ങള്‍ക്കെതിരെ താന്‍ ഒറ്റയ്ക്കാണ് പോരാടിയതെന്നും മമത പറഞ്ഞു.
◾ ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്. വീടിനടുത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ഉള്‍വനത്തിലായി ചിതറിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ പതിനൊന്നിനു പകല്‍ കുടുംബകലഹത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്‍വ്വതി. ബന്ധുവീട്ടിലുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു വീട്ടുകാര്‍.
◾ കുവൈറ്റിലെ ഇന്ത്യന്‍ എംബസി വഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കി വന്നിരുന്ന സൗദി ട്രാന്‍സിറ്റ് വിസാ സേവനങ്ങള്‍ നിര്‍ത്തിവച്ചു.
◾ കുവൈറ്റിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പ്രവാസി അധ്യാപകരെ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനുള്ള അഞ്ചു വര്‍ഷത്തെ പദ്ധതിക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ രൂപം നല്‍കി. എട്ട് പ്രത്യേക വിഷയങ്ങളിലാണ് പ്രവാസി അധ്യാപകരെ ഒഴിവാക്കുക.
◾ ഭാര്യയെ വെടിവച്ചു കൊന്നശേഷം വിര്‍ജീനിയ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജസ്റ്റിന്‍ ഫെയര്‍ഫാക്‌സ് സ്വയം ജീവനൊടുക്കി. വിവാഹ മോചന കേസില്‍ വിധി വരാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോഴാണ് കൊലപാതകം. വാഷിംഗ്ടണ്‍ ഡിസിയിലെ അന്നന്‍ഡേലിലെ പ്രാന്തപ്രദേശത്തുള്ള വീട്ടിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്ന 47 കാരന്‍ ജസ്റ്റിന്‍ ഫെയര്‍ഫാക്‌സിനെയും ഭാര്യ ഡോ. സെറീന ഫെയര്‍ഫാക്‌സിനെയും (49) മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ ലോകത്തെ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നാലാമത്തെ വലിയ സമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ ബ്രിട്ടനും ജപ്പാനും പിന്നിലാക്കി. അന്താരാഷ്ട്ര നാണ്യ നിധി പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇന്ത്യയുടെ നോമിനല്‍ ജിഡിപി 4.15 ലക്ഷം കോടി ഡോളറാണ്. ബ്രിട്ടന്റേത് 4.26 ലക്ഷം കോടി ഡോളറും ജപ്പാന്റേത് 4.38 ലക്ഷം കോടി ഡോളറും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് പദവിത്തകര്‍ച്ചയ്ക്കു കാരണം. ജിഡിപി കണക്കാക്കുന്ന രീതിയിലെ മാറ്റവും തിരിച്ചടിയായി.
◾ ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുര്‍ജ് അല്‍ അറബ് നവീകരണത്തിനായി ഒന്നര വര്‍ഷത്തേക്ക് അടച്ചിടുന്നു. 1999-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഹോട്ടലില്‍ ഇത്രയും വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
◾ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 6.17 കോടി യൂറോ ആയി വര്‍ധിപ്പിച്ചു. ഏകദേശം 677 കോടി രൂപ. ഒമ്പതര ശതമാനമാണു വര്‍ധന. 53 ലക്ഷം യൂറോ അതായത് 57 കോടി രൂപയിലധികം വര്‍ധിപ്പിച്ചു. ഇതോടെ പാരിസിലെ റൊളാങ് ഗാരോസില്‍ 24 ന് ആരംഭിക്കുന്ന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലെ പുരുഷ-വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ജേതാവാകുന്നവര്‍ക്ക് 28 ലക്ഷം യൂറോ (30 കോടി രൂപ) വീതം ലഭിക്കും.
◾ ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പട്ടം വീണ്ടും ഗൗതം അദാനിക്ക് സ്വന്തം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഈ നേട്ടം കൈവരിച്ചത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 9,260 കോടി ഡോളറാണ് അദാനിയുടെ ആസ്തി. ആസ്തിയില്‍ ഈ വര്‍ഷം മാത്രം 810 കോടി ഡോളറിന്റെ വര്‍ധനവുണ്ടായി. അതേസമയം, റിലയന്‍സ് ഓഹരികളിലെ ഇടിവ് മൂലം മുകേഷ് അംബാനിയുടെ ആസ്തിയില്‍ 1,690 കോടി ഡോളറിന്റെ കുറവുണ്ടായി. 9,080 കോടി ഡോളറാണ് നിലവില്‍ അംബാനിയുടെ സമ്പാദ്യം. ലോകസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി 19-ാം സ്ഥാനത്താണ്. മുകേഷ് അംബാനി തൊട്ടുപിന്നാലെ 20-ാം സ്ഥാനത്തുമുണ്ട്. ആഗോളതലത്തില്‍ ഇലോണ്‍ മസ്‌ക് തന്നെയാണ് ഏറ്റവും വലിയ ധനികന്‍. 65,600 കോടി ഡോളറാണ് ആസ്തി. രണ്ടാമതുള്ള ലാറി പേജിന് 28,600 കോടി ഡോളര്‍ ആസ്തിയുണ്ട്.
◾ പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് എല്‍ഐസി. പുതിയ പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നവരും നിലവില്‍ പോളിസി ഉള്ളവരും ബ്രാഞ്ചില്‍ ഇനി പോകേണ്ടതില്ല. മൈഎല്‍ഐസി എന്ന പേരിലാണ് പുതിയ ആപ്പ്. പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസികള്‍ നിയന്ത്രിക്കാനും പ്രീമിയം അടയ്ക്കാനും ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സാധിക്കുന്ന ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് ഈ ആപ്പ്. ഇതിനായി ഇനി ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ഏജന്റുമാരെ മാത്രം ആശ്രയിക്കുകയോ വേണ്ടതില്ല. കൂടാതെ, ഓണ്‍ലൈനായി പോളിസികള്‍ വാങ്ങാനും, ഇ-കെവൈസിപൂര്‍ത്തിയാക്കാനും പേപ്പര്‍ ജോലികളില്ലാതെ ലോണിന് അപേക്ഷിക്കാനും ഈ ആപ്പ് അനുവദിക്കുന്നു. പോളിസികള്‍ പുതുക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്. ഇതോടൊപ്പം എല്‍ഐസി ഏജന്റുമാര്‍ക്കായി സൂപ്പര്‍ സെയില്‍സ് സാഥി എന്ന പേരില്‍ മറ്റൊരു ആപ്പും അവതരിപ്പിച്ചു. പ്ലേ സ്റ്റോറില്‍ പ്രവേശിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
◾ തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'സ്വയംഭൂ' വിലെ ആദ്യ ഗാനം പുറത്ത്. 'വാ വാ വീരവ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രവി ബസ്‌റൂര്‍ ആണ്. അര്‍ജുന്‍ വിജയ് ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മലയാളത്തില്‍ വരികള്‍ രചിച്ചത് രാജീവ് ഗോവിന്ദനാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തു വന്നിട്ടുണ്ട്. യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു 'വാരിയര്‍ ആന്തം' ആയാണ് അവതരിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായകനായ നിഖിലിന്റെ ഗംഭീര നൃത്തച്ചുവടുകള്‍ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികമാര്‍. സുബ്ബരാജു, സുനില്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങളില്‍ എത്തുന്നുണ്ട്.
ചലച്ചിത്ര നിര്‍മ്മാതാവായും, സംഗീത സംവിധായകനായും ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നും' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇരുപതിലധികം സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'എന്നും' എന്ന ചിത്രത്തില്‍ മുന്ന സൈമണ്‍, സുധീഷ്, ലാലി പി എം, സോഹന്‍ സീനുലാല്‍, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അന്‍സില്‍ റഹ്‌മാന്‍, ഷനൂപ്, പ്രണവ് മോഹന്‍, ശ്രുതി വൈശാഖ്, നൈറ നിഹാര്‍, അനശ്വര, നിധിഷാ കരുണന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, പി കെ ഗോപി, മിത്രന്‍ വിശ്വനാഥ്, സുധി, അലി എന്നിവര്‍ ഗാനങ്ങള്‍ രചിക്കുന്നു.
◾ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബനും അനുശ്രീയും. ഥാര്‍ റോക്സാണ് കുഞ്ചാക്കോ ബോബന്‍ തിരഞ്ഞെടുത്തതെങ്കില്‍ അനുശ്രീ ഥാറിന്റെ മൂന്ന് ഡോര്‍ മോഡലാണ് സ്വന്തമാക്കിയത്. ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമായാണ് കുഞ്ചാക്കോ ബോബന്‍ ഥാര്‍ റോക്സ് നല്‍കിയത്. ഇന്ത്യയിലെ ആദ്യത്തെ സിട്രിന്‍ യെല്ലോ മഹീന്ദ്ര ഥാര്‍ റോക്‌സാണ് ഇത്. ഥാര്‍ റോക്സിന്റെ സ്പെഷ്യല്‍ എഡിഷനായി എത്തിയ സ്റ്റാര്‍ എഡിഷന്‍ മോഡലാണ് പ്രിയയ്ക്ക് സമ്മാനമായി നല്‍കിയത്. 16.85 ലക്ഷം രൂപ മുതല്‍ 18.45 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്. അനുശ്രീ ഥാറിന്റെ നാലു വീല്‍ ഡ്രൈവ് മോഡലാണ് സ്വന്തമാക്കിയത്. ഓഫ് റോഡ് ഡ്രൈവുകള്‍ ഇഷ്ടപ്പെടുന്ന അനുശ്രീ കറുപ്പ് നിറത്തിലുള്ള എല്‍എക്സ്ടി ഡി ഓട്ടമാറ്റിക്ക് 4ഃ4 മോഡലാണ് ഗാരിജിലെത്തിച്ചത്. ഏകദേശം 17.60 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്-ഷോറൂം വില.
◾ പ്രണയത്തിന് ഒരിക്കലും മരണമില്ലെന്ന് വിശ്വസിച്ച, പ്രണയത്തെ ഒരു നിതാന്തസത്യമായിക്കണ്ട, മലയാള സാഹിത്യത്തിലെ നിത്യനിര്‍മ്മല പ്രണയത്തിന്റെയും സ്വര്‍ഗ്ഗീയാനുരാഗത്തിന്റെയും ആത്മീയപ്രേമത്തിന്റെയും രാജകുമാരിയായ മാധവിക്കുട്ടിയുടെ കഥകളുടെയും കവിതകളുടെയും മാത്രമല്ല വ്യക്തിജീവിതത്തിന്റെ കൂടി ആഴത്തിലുള്ള പഠനമാണ് ഈ കൃതി. പ്രണയം, പ്രാണനായ് കരുതുന്ന ഏവര്‍ക്കും മാധവിക്കുട്ടിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഈ കൃതിയെ പുസ്തകശേഖരത്തിലെ ഒരു മുതല്‍ക്കൂട്ടായി കരുതിവെക്കാം. 'മാധവിക്കുട്ടി ആത്മാവില്‍ തൊട്ട നീലാംബരി'. ഡോ സി.പി ലീല. ഗ്രീന്‍ ബുക്സ്. വില 256 രൂപ.
◾ ഇന്ന് ലോക ഹീമോഫീലിയ ദിനം. ഹീമോഫീലിയയെ കുറിച്ചുള്ള ആഗോള അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഏപ്രില്‍ 17നാണ് ഈ ദിനം ആചരിക്കുന്നത്. രക്തം കട്ടിപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ. പാരമ്പര്യമായി ലഭിക്കുന്ന അപൂര്‍വ രക്തസ്രാവ രോഗമാണിത്. ഇത് നീണ്ടു നില്‍ക്കുന്നതോ സ്വയമേവയുള്ളതോ ആയ രക്തസ്രാവത്തിലേക്ക് നയിക്കുന്നു. താരതമ്യേന അസാധാരണമാണെങ്കിലും, ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന ഒരു ആജീവനാന്ത അവസ്ഥയായി ഫീമോഫീലിയ തുടരും. ഹീമോഫീലിയ ഉള്ള ആളുകളില്‍ ഫാക്ടര്‍ 8 എന്ന ആന്റിഹെമോഫിലിക് എന്ന പ്രോട്ടീന്റേയോ ഫാക്ടര്‍ 9 എന്ന പ്രോട്ടീന്റേയോ അഭാവം ഉണ്ടാകും. രോഗത്തിന്റെ തീവ്രത നിര്‍ണിക്കപ്പെടുന്നത് ഈ ഫാക്ടറുകളുടെ അഭാവത്തിന്റെ തോത് കണക്കാക്കിയാണ്. രക്തം കട്ടപ്പിടിപ്പിക്കുന്ന പ്രോട്ടീനുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ജീനുകളുടെ മ്യൂട്ടേഷന്‍ മൂലമോ, മാറ്റം മൂലമോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ജീനുകളിലെ ഈ അവസ്ഥ രക്തം കട്ടപിടിക്കല്‍ പ്രക്രിയയെ തന്നെ പൂര്‍ണമായും പ്രതികൂലമായി ബാധിക്കും. ഇടയ്ക്കിടെയുള്ള മൂക്കില്‍ നിന്ന് രക്തസ്രാവം, സന്ധികളിലെ രക്തസ്രാവം, ഇത് സന്ധികളിലെ നീര്‍ക്കെട്ട്, വേദന എന്നിവയിലേക്ക് നയിക്കുന്നു. മുറിവുകളില്‍ നിന്നോ പരിക്കുകളില്‍ നിന്നോ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം. കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, കണങ്കാലുകള്‍ തുടങ്ങിയ സന്ധികളില്‍ വീക്കവും വേദനയും. മൂത്രത്തിലോ മലത്തിലോ രക്തം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 92.82, പൗണ്ട് - 125.46, യൂറോ - 109.35, സ്വിസ് ഫ്രാങ്ക് - 118.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.52, ബഹറിന്‍ ദിനാര്‍ - 246.00, കുവൈത്ത് ദിനാര്‍ -300.81, ഒമാനി റിയാല്‍ - 241.40, സൗദി റിയാല്‍ - 24.88, യു.എ.ഇ ദിര്‍ഹം - 24.74, ഖത്തര്‍ റിയാല്‍ - 25.45, കനേഡിയന്‍ ഡോളര്‍ - 67.83.
Tags:
KERALA