Trending

പ്രഭാത വാർത്തകൾ

2025  നവംബർ 16  ഞായർ 
1201  തുലാം 30   അത്തം 
1447  ജ : അവ്വൽ 25

◾ ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങരുതെന്ന് കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. അതുകൊണ്ടാണ് പിഎംശ്രീ പദ്ധതിയെ എതിര്‍ത്തതെന്നും മരണം വരെ താന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് ഇനിയും പറയുമെന്നും ഭരണത്തില്‍ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് പറയുകതന്നെ ചെയ്യുമെന്നും താന്‍ പറയുന്നത് പലതും പാര്‍ട്ടിക്ക് വിരുദ്ധമാകാമെന്നും ഇതുപോലെ ഭ്രാന്തനായ ഒരാളെ പ്രസിഡന്റാക്കരുതായിരുന്നുവെന്നും ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യ അക്കാദമി പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

⬛എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരുകൂട്ടം വോട്ടര്‍മാരെ ബോധപൂര്‍വം നീക്കം ചെയ്യാനുള്ള ശ്രമമാണിതെന്നും കേരളത്തില്‍ ഫലപ്രദമായി ഫോറം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും 80 ശതമാനം പൂര്‍ത്തിയായെന്നാണ് കമ്മീഷന്‍ പറയുന്നതെന്നും എത്രത്തോളം നിയമ യുദ്ധം നടത്താന്‍ കഴിയുമോ അത്രയും മുന്നോട്ടു പോകുമെന്നും എംവി ?ഗോവിന്ദന്‍ പറഞ്ഞു.

◾  ശബരിമല മണ്ഡല കാലവുമായി ബന്ധപ്പെട്ടുള്ള സര്‍വീസുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസി. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സര്‍വീസുകളുണ്ട്. നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

◾  പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അയ്യായിരത്തിലേറെ വരുന്ന അധ്യാപകര്‍ കടുത്ത ആശങ്കയില്‍. നിവേദനം മന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടുപോലും, സെറ്റ് പാസായി ഏറെക്കാലമായി ജോലി ചെയ്യുന്ന അധ്യാപകരുടെ കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ അകറ്റാന്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിന്നില്ലെന്നതാണ് ഇവരുടെ പരാതി.
◾  കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 76 വാര്‍ഡിലെ സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്. മുന്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിത കുമാരി മാത്തോട്ടം ഡിവിഷനില്‍ നിന്ന് ജനവിധി തേടും. നിലവിലെ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് ആണ് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി.

◾  കോഴിക്കോട് നരിക്കാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. സിപിഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് പേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.

◾  തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ്ആണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനെതിരേ സന്ദേശം അയച്ച ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്.  

◾  തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക് അയച്ച് വാട്സ് ആപ്പ് സന്ദേശമാണ് പുറത്തുവന്നത്. ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് ആത്മഹത്യാ സന്ദേശം.

◾  തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
◾  പാലത്തായി പോക്സോ കേസില്‍ പ്രതിയും ബിജെപി നേതാവുമായ കെ പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരി. ഏറെ സന്തോഷകരമായ വിധിയാണെന്നും പ്രതിയായ കെ പത്മരാജന്‍ ആദ്യം പോക്സോ കുറ്റത്തിലെ തടവ് അനുഭവിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മരണം വരെ ജീവപര്യന്തം തടവുശിക്ഷയും 1ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

◾  പാലത്തായിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചുള്ള കോടതിയുടെ ശിക്ഷാവിധി സിപിഎമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവമുണ്ടായപ്പോള്‍ അതിനെ, കോണ്‍ഗ്രസും ബിജെപിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും സിപിഎമ്മിനെതിരെ തിരിക്കാനാണ് ശ്രമിച്ചതെന്ന് കെകെ രാഗേഷ് ആരോപിച്ചു.

◾  പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

◾  ട്രെയിനില്‍ വെച്ച് 50 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണ്ണ, ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ഹരിയാന സ്വദേശികളായ നാലുപേരാണ് പിടിയിലായത്. രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
◾  തിരുവനന്തപുരം വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസിലെ പ്രതി സുരേഷിനെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവമുണ്ടായ ദിവസം സുരേഷ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കേരള എക്സ്പ്രസില്‍ കയറിയത്. തെളിവെടുപ്പിനിടെ നടന്ന സംഭവങ്ങള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി പൊലീസിനോട് വിവരിച്ചു. പ്രതി അന്ന് പോയ അതിരമ്പുഴയിലും ട്രെയിനില്‍ കയറുന്നതിന് മുമ്പ് മദ്യപിക്കാനെത്തിയ ബാറിലും ഇന്നലെ തെളിവെടുപ്പ് നടത്തി.

◾  തൃശൂര്‍ മതിലകം ചെന്തെങ്ങ് ബസാറില്‍ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയില്‍. വില്ലനശേരി വീട്ടില്‍ മോഹനന്റെ ഭാര്യ വനജ (61), മകന്‍ വിജേഷ് (37) എന്നിവരാണ് മരിച്ചത്. വിജേഷിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനജ അടുക്കളയില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

◾  കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കള്ള നോട്ട് വേട്ടയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5പേര്‍ പിടിയില്‍. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പര്‍ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിന്‍, കൊണ്ടോട്ടി സ്വദേശി അതുല്‍ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാന്‍, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോഖ് പൊലീസ് പിടികൂടിയത്.

◾  ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എസ്എച്ച്ഒയായ ബിനു തോമസിനെയാണ് ക്വാര്‍ട്ടേഴ്‌സില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.

◾  അയക്കൂറയും ചിക്കനും  കിട്ടാത്തതില്‍ പ്രകോപിതരായി പാര്‍ട്ടിയ്ക്ക് എത്തിയവര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. നന്മണ്ട പതിനാലിലെ ഫോര്‍ട്ടിന്‍സ് ഹോട്ടലിലാണ്  സംഭവം. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കില്‍ മീന്‍കറിയടക്കമുള്ള ഊണ് എന്നിവയായിരുന്നു പാര്‍ട്ടിക്കുള്ള വിഭവങ്ങള്‍.അയക്കൂറയും ചിക്കനും തരാന്‍ പാര്‍ട്ടി സംഘടിപ്പിച്ചവര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ജീവനക്കാരെയും മര്‍ദിച്ചു. പരുക്കേറ്റ 10 ജീവനക്കാരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾  നാഗര്‍കോവിലില്‍ വാഹനാപകടത്തില്‍ ബന്ധുക്കളായ 2 യുവാക്കള്‍ മരിച്ചു. അപ്ടാ മാര്‍ക്കറ്റിന് സമീപമുണ്ടായ അപകടത്തില്‍  മരിച്ചു. തേരേകാല്‍പുതൂര്‍ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പന്‍ (25) എന്നിവരാണ് മരിച്ചത്. ഒരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ യാത്ര ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ഇരുവരും റോഡില്‍ വീണു. പിന്നാലെ വന്ന ട്രക്ക് ഇരുവരുടെയും ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

◾  വീട്ടില്‍ പ്രിന്ററും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കള്ളനോട്ടുകള്‍ അച്ചടിച്ച 21 വയസുകാരനെ ഭോപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ലക്ഷം രൂപയിലധികം വരുന്ന വ്യാജ നോട്ടുകളും അച്ചടി സാമഗ്രികളും ഒരു പ്രിന്ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായയാള്‍ മുമ്പ് ഒരു പ്രിന്റിംഗ് പ്രസ്സില്‍ ജോലി ചെയ്തിരുന്നയാളാണ്.

◾  ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നു. അതിന് ശേഷം 3 ലക്ഷം പേര്‍ കൂടി പേരു ചേര്‍ത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടര്‍മാര്‍ എന്ന് കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ രേഖപ്പെടുത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

◾  ബിഹാറിലെ ആര്‍ജെഡിയുടെ കനത്ത പരാജയത്തിന് പിന്നാലെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തില്‍ പൊട്ടിത്തെറിയെന്ന് സൂചന. തോല്‍വിക്ക് പിന്നാലെ ലാലുവിന്റെ രണ്ടാമത്തെ മകളായ രോഹിണി ആചാര്യ രാഷ്ട്രീയവും കുടുംബവും വിടുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. അതേസമയം ബിഹാറിലെ തോല്‍വിയില്‍ വോട്ടുകൊള്ള ആരോപണത്തില്‍ ഉറച്ചു് നില്‍ക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എസ്ഐആറിന് ശേഷം വോട്ടര്‍ പട്ടികയിലെ ക്രമക്കേടിലൂടെ ബിജെപിയെ വിജയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ ചെയ്തു എന്നാണ് ആരോപണം.

◾  ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അല്‍ഫലാ സര്‍വകാലാശാലയ്ക്കെതിരെ കൂടുതല്‍ കേസുകള്‍. ദില്ലി പൊലീസ് ഇതു വരെ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര്‍. ദില്ലി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ അല്‍ഫലാ സര്‍വകലാശാല ദില്ലി ആസ്ഥാനത്ത് പരിശോധന നടത്തി. ദില്ലി പൊലീസ് രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍വകലാശാലയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്നലെ പിടിയിലായ ഡോക്ടര്‍ക്ക് സ്ഫോടനത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.

◾  രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്നലെ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാര്‍ഗ് വീണ്ടും ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

◾  സ്ഫോടനത്തെ തുടര്‍ന്ന് അടച്ച ചെങ്കോട്ട സന്ദര്‍ശകര്‍ക്കായി ഇന്ന് തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്‍ ഭാഗീകമായി തുറന്നിട്ടുണ്ട്.

◾  അഞ്ച് ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ണായക നീക്കം.

◾  യാത്രാ രേഖകളില്ലാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയത് 150ലേറെ ഗാസയില്‍ നിന്നുള്ള പലസ്തീന്‍ സ്വദേശികള്‍. നിഗൂഡ വിമാനത്തിന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച് ദക്ഷിണാഫ്രിക്ക. വ്യാഴാഴ്ച രാവിലെയാണ് ജൊഹനാസ്ബര്‍ഗിലെ ഒ ആര്‍ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഫ്രാന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്തത്.

◾  കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ എബോളക്ക് സമാനമായ മാര്‍ബഗ് വൈറസ് സ്ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന ഓമോ മേഖലയില്‍ 9 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 88 ശതമാനം മരണനിരക്കുള്ള മാര്‍ബഗ് വൈറസ് ബാധയ്ക്ക് നിലവില്‍ പ്രത്യേക ചികിത്സയോ വാക്സിനുകളോ ഇല്ല. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയില്‍ നിയോഗിച്ചിട്ടുണ്ട്.

◾  സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതി മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഐപിഎല്‍ താരം. ഉത്തര്‍ പ്രദേശിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം വിപ്രജ് നിഗമാണ് യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ യുപിയിലെ ബരാബങ്കി ജില്ലയിലെ കോട്വാലി നഗര്‍ പോലീസ് യുവതിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

◾  യുവതാരം ഋതുരാജ് ഗെയ്ക്വാദ് അടുത്ത സീസണില്‍ ടീമിനെ നയിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ ക്യാപ്റ്റനായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിഷയത്തില്‍ ചെന്നൈ വ്യക്തതവരുത്തിയത്.

◾  ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന സന്ദര്‍ശകര്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 189 റണ്‍സിന് അവസാനിച്ചിരുന്നു.

◾  സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ മാതൃസ്ഥാപനം തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ വന്‍ തിരക്ക്. പ്രമുഖ സംരംഭകന്‍ റോണി സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്ഥാപനമായ അപ്ഗ്രേഡ് അടക്കമുള്ള പതിനഞ്ചോളം കമ്പനികളാണ് ആസ്തികള്‍ ഏറ്റെടുക്കാന്‍ തയ്യാറായി എത്തിയത്. പാപ്പരത്ത നടപടികള്‍ നേരിടുന്ന ബൈജൂസിന്റെ ആസ്തികള്‍ വാങ്ങുന്നതിനായി താല്‍പര്യ പത്രം സമര്‍പ്പിച്ചതായി അപ്‌ഗ്രേഡ് സ്ഥിരീകരിച്ചു. നേരത്തെ രഞ്ജന്‍ പൈയുടെ നേതൃത്വത്തിലുള്ള മണിപ്പാല്‍ ഗ്രൂപ്പും സമാനമായ താത്പര്യം അറിയിച്ചിരുന്നു. തിങ്ക് ആന്‍ഡ് ലേണില്‍ 58 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് മണിപ്പാല്‍ ഗ്രൂപ്പ്. ബൈജൂസിന്റെ എല്ലാ യൂണിറ്റുകളും ഏറ്റെടുക്കാന്‍ അപ്ഗ്രേഡിന് താല്‍പര്യമുണ്ടെന്നാണ് വിവരം. 2021ല്‍ ഏകദേശം 7,900 കോടി രൂപ മുടക്കി ബൈജൂസ് ഏറ്റെടുത്ത ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിനെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ12 ബിസിനസുമാണ് അപ്ഗ്രേഡ് ഉന്നം വെക്കുന്നത്. കൂടാതെ, ജിയോജിബ്ര, വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ തുടങ്ങിയ മറ്റ് യൂണിറ്റുകളും, ബൈജൂസ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെയുള്ള ആസ്തികളും ഏറ്റെടുക്കാനും കമ്പനിക്ക് ആലോചനയുണ്ട്. മറ്റൊരു എഡ്‌ടെക് പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമിയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളും അപ്‌ഗ്രേഡ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

◾  ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് സിനിമയില്‍ നിര്‍ണായക വേഷത്തില്‍ ബോളിവുഡ് നടി രവീണ ടണ്ടനും. 'മാ വന്ദേ'യില്‍ മോദിയുടെ അമ്മയായ ഹീരാബെന്‍ മോദിയുടെ വേഷത്തില്‍ രവീണ ടണ്ടന്‍ എത്തിയേക്കുമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ക്രാന്തി കുമാര്‍ സി.എച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദന്‍ ആണ് നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്നത്. അമ്മയായ ഹീരാബെന്‍ മോദിയുമായുള്ള മോദിയുടെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ടതടക്കമുള്ള പ്രാരംഭകാലത്തെ പോരാട്ടങ്ങളെ ഹീരാബെന്‍ എങ്ങനെ ശാന്തതയോടും ധൈര്യത്തോടും കൂടി മറികടന്ന് കുടുംബത്തെ ചേര്‍ത്തു നിര്‍ത്തി എന്നതും സിനിമ പറയും. ചിത്രീകരണത്തിന് മുന്നോടിയായി രവീണ ടണ്ഡന്‍ രൂപമാറ്റത്തിന് വിധേയയാകും. കൂടാതെ, മോദിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങള്‍ പുനഃസൃഷ്ടിക്കുന്നതിനായി വിപുലമായ സിനിമാറ്റിക് നിലവാരവും അഡ്വാന്‍സ്ഡ് വിഎഫ്എക്സ് സാങ്കേതികവിദ്യയും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്.

◾  രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു ട്രെയിലര്‍. പാലായില്‍ നിന്നെത്തിയ വേട്ടക്കാരന്‍ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിടുന്നതാണ് ട്രെയ്‌ലര്‍. ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനെ കൂടാതെ ബാബുരാജ്, ചന്തു സലിംകുമാര്‍, റോഷന്‍ ബഷീര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോണ്‍ , ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

◾  ഐതിഹാസിക മോഡലായ സിയാറയ്ക്ക് കാലികമായ മാറ്റങ്ങളുമായി ടാറ്റ. പുത്തന്‍ സിയാറയുടെ പെട്രോള്‍ - ഡീസല്‍ മോഡലുകള്‍ മുംബൈ നടന്ന ചടങ്ങില്‍ ടാറ്റ അവതരിപ്പിച്ചു. വില ഈ മാസം 25 നു പ്രഖ്യാപിക്കും. 1990 കളില്‍ നിരത്തിലെ താരമായിരുന്ന എസ് യു വി യുടെ തിരിച്ചു വരവ് വാഹനപ്രേമികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പഴയ സിയാറയുടെ അതേ ലുക്ക് നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ സിയാറയെയും കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ രൂപത്തിലും ഡിസൈനിലും നല്‍കിയിട്ടുമുണ്ട്. പഴയ സിയാറയുടെ സിഗ്നേച്ചര്‍ എന്ന് പറയാവുന്ന പിന്നിലെ കര്‍വ്ഡ് സൈഡ് വിന്‍ഡോസും തലയുയര്‍ത്തിയുള്ള ബോണറ്റിന്റെ നില്‍പും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും പുതു സിയാറയിലുമുണ്ട്. പഴയ സിയാറക്ക് ആര്‍15 ടയറുകളായിരുന്നെങ്കില്‍ പുതിയ സിയാറയില്‍ കൂടുതല്‍ വലിയ 19 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്. ഐസിഇ മോഡലില്‍ മൂന്ന് പവര്‍ട്രെയിനാണ് സാധ്യത. 1.5 ലീറ്റര്‍ എന്‍ജിനില്‍ നാച്ചുറലി അസ്പയേഡ്, ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കാവുന്നത്. പിന്നീട് ടര്‍ബോ പെട്രോള്‍ എന്‍ജിനും അവതരിപ്പിക്കാനിടയുണ്ട്. ടാറ്റ സിയാറയുടെ ഇവി പതിപ്പും കമ്പനി ഉടനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

◾  അറേബ്യന്‍ സ്വപ്നങ്ങള്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ ശോഭനമായ ഒരു ജീവിതത്തിനു വേണ്ടി രക്തം വിയര്‍പ്പാക്കി കഠിനാധ്വാനം ചെയ്ത പ്രവാസജീവിതങ്ങളുടെ ഒരു നേര്‍രേഖാചിത്രം ഈ വരികളിലൂടെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഒരു കാലഘട്ടത്തിന്റെ വളര്‍ച്ചയുടെയും പ്രതീക്ഷകളുടെയും വേറിട്ട കാഴ്ചകള്‍ നമുക്ക് അനുഭവവേദ്യമാകുന്നു. നഷ്ടപ്പെടലുകള്‍ ഒരു യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍ ആ നഷ്ടങ്ങള്‍ നേട്ടങ്ങളിലേക്കുള്ള ഒരു ചവിട്ടുപലകയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സമയത്തെ വേഗതകൊണ്ട് തോല്‍പ്പിച്ച് രാഷ്ട്രപുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രവാസലോകത്തിന്റെ കാഴ്ചപ്പാടുകളുടെ ഒരു നേര്‍ക്കാഴ്ച. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാനുള്ള ജീവിതയാത്രയില്‍ പരസ്പരാശ്രയങ്ങളാണ് ആ പാതകളില്‍ വെളിച്ചമേകിയത്. ആ പ്രവാസജീവിതത്തിലെ കഴിഞ്ഞുപോയ കഷ്ടനഷ്ട-സമൃദ്ധിയുടെ സ്മരണകളിലേക്ക് -ഈ ഗ്രന്ഥം വിരല്‍ചൂണ്ടുന്നു. 'അറേബ്യന്‍ സ്വപ്നങ്ങള്‍'. ഡോ ഫ്രാന്‍സിസ് ക്ലീറ്റസ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 475 രൂപ.

◾  ശരീരഭാരം, പ്രായം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ശരീരത്തില്‍ വേണ്ട ജലാംശത്തിന്റെ അളവു കണക്കാക്കുന്നത്. എന്നിരുന്നാലും ആരോഗ്യമുള്ള ഒരു പുരുഷന് 3.5 ലീറ്റര്‍ വരെയും സ്ത്രീകള്‍ക്ക് 2.5 ലീറ്റര്‍ വരെയും വെള്ളം കുടിക്കാം. എന്നാല്‍ പ്രായമായവരും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും 8 - 10 ഗ്ലാസ് ( 1.5 - 2 ലീറ്റര്‍ ) വരെ അളവില്‍ വെള്ളം കുടിക്കുന്നതാണ് നല്ലത്. കാരണം ഇവര്‍ക്ക് കൂടുതല്‍ ജലം പുറത്തേക്ക് കളയാന്‍ പരിമിതികളുണ്ട്. അമിതമായ ജലാംശം ശരീരത്തില്‍ കെട്ടിക്കിടന്നാല്‍ വാട്ടര്‍ ഇന്റോക്‌സിക്കേഷന്‍ എന്ന അവസ്ഥയുണ്ടാകാന്‍ കാരണമാകും. ഇത്തരക്കാര്‍ക്ക് രക്തത്തിലെ സോഡിയത്തിന്റെ അംശവും കുറഞ്ഞു പോകാം. ഓര്‍മക്കുറവ്, തളര്‍ച്ച, ഛര്‍ദി, അപസ്മാരം, അബോധാവസ്ഥ എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ അവസ്ഥ തക്കസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗുരുതരമാകാം. ആവശ്യത്തിന് ശരീരത്തില്‍ വെള്ളം എത്താതിരുന്നാല്‍ അത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് മൂലം ഓര്‍മക്കുറവ്, പെട്ടെന്നുണ്ടാകുന്ന സ്ഥലകാലവിഭ്രമം എന്നിവ സംഭവിക്കാം. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും താഴാന്‍ സാധ്യതയുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനവും കുറയും. പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കു വരെ നിര്‍ജലീകരണം കാരണമാകാം. രണ്ട് മണിക്കൂര്‍ ഇടവേളയില്‍ വെള്ളം കുടിക്കാന്‍ ഓര്‍ക്കുക. ഒരു കുപ്പി വെള്ളം കൂടെ കരുതുന്നത് ഇത് എളുപ്പമാക്കും. കൂടാതെ ജ്യൂസ്, കരിക്കിന്‍ വെള്ളം, സൂപ്പ്, തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ള പഴങ്ങള്‍ എന്നിവ ഇടയ്ക്ക് കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. പ്രായമായവര്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അസ്വസ്ഥതയോ ശ്വാസംമുട്ടലോ ശ്രദ്ധക്കുറവോ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക, നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാട്ടിലെ ചക്രവര്‍ത്തി ഉയരം കുറഞ്ഞ ആളായിരുന്നു.  സൈന്യാധിപന്‍ ഉയരമുളളയാളും.  ഒരിക്കല്‍ സൈന്യാധിപന്‍ ചക്രവര്‍ത്തിയോട് ചോദിച്ചു:  ഈ ഉയരക്കുറവ് അങ്ങയെ അലട്ടാറുണ്ടോ?  ചക്രവര്‍ത്തി പറഞ്ഞു:  ഉയരം കുറഞ്ഞാലും കൂടിയാലും താങ്കളുടേയും എന്റെയും കാല് നിലത്തല്ലേ ചവിട്ടാനാകൂ. എനിക്കെന്റെ സ്ഥലം, താങ്കള്‍ക്ക് താങ്കളുടെസ്ഥലം. എല്ലാവര്‍ക്കും അവരവരുടെതായ ഗുണങ്ങളുണ്ട്, ഇടങ്ങളുണ്ട്, സ്വത്വമുണ്ട്.  അതൊന്നും മറ്റാര്‍ക്കും അപഹരിക്കാനോ മാറ്റം വരുത്താനോ സാധിക്കില്ല.  തങ്ങളുടെ സ്വത്വത്തിലാണ് ഓരോരുത്തര്‍ക്കും ജീവിക്കേണ്ടതും ജീവിക്കുന്നതും.  സ്വയം അംഗീകരിക്കാത്ത ഒരാളും സ്വന്തമായി വളരില്ല.  ഒന്നുകില്‍ മറ്റൊരാള്‍ വളമിടുന്നതും വെള്ളമൊഴിക്കുന്നതും കാത്ത് അവരിരിക്കും.  അല്ലെങ്കില്‍, തളര്‍ച്ച ബാധിച്ചതിലുളള ന്യായീകരിണങ്ങള്‍ കണ്ടെത്തും.  തന്റെ കഴിവിന്റെ മേഖലയെന്തെന്ന് കണ്ടെത്തി സ്വയം തെളിച്ചെടുക്കുന്നവര്‍ക്ക് മാത്രമേ മികവാര്‍ന്ന പ്രകടനം ജീവിതത്തില്‍ കാഴ്ചവെക്കാനാകൂ - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right