2025 ഒക്ടോബർ 6 തിങ്കൾ
1201 കന്നി 18 ഉത്രട്ടാതി
1447 റ : ആഖിർ 13
◾ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളടക്കം അന്വേഷിക്കാന്‍ സിബിഐ വരട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നും വന്‍ ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ക്ഷേത്രങ്ങളില്‍ ഗൂഢ സംഘങ്ങള്‍ വിളയാടുന്നുവെന്നും സമ്പന്നരായ ഭക്തരില്‍ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്നുവെന്നും ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെട്ടതാണ് ഗൂഢസംഘങ്ങളെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എന്‍ഡിപി യോഗം മുഖ മാസികയായ യോഗനാദം എഡിറ്റോറിയലില്‍ ആണ് വെളളാപ്പള്ളി നടേശന്റെ വിമര്‍ശനം.
◾ ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം ഇന്ന് മുതല്‍ നിയമസഭയിലും സര്‍ക്കാറിനെതിരെ ശക്തമായ ആയുധമാക്കാന്‍ പ്രതിപക്ഷം. വിശ്വാസ പ്രശ്നത്തില്‍ സര്‍ക്കാറിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തില്‍ സര്‍ക്കാറിനുണ്ടായ മേല്‍ക്കൈ ആണ് പുതിയ വിവാദത്തില്‍ നഷ്ടമാകുന്നത്.
◾ ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും എല്ലാവരെയും ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യട്ടെയെന്നും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താന്‍ ദേവസ്വം പ്രസിഡന്റായിരിക്കെ ശബരിമലയിലെ ഒരു തരി പൊന്നുപോലും പോയിട്ടില്ലെന്നും പോകാന്‍ അനുവദിച്ചിട്ടില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.
◾ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ദാരുശില്‍പ്പി നന്ദകുമാര്‍ എളവള്ളിയുടെ വെളിപ്പെടുത്തല്‍. ശബരിമല തന്ത്രി ഇടപെട്ടതോടെയാണ് പ്രദര്‍ശനം നടക്കാതെ പോയതെന്നും പ്രദര്‍ശിപ്പിക്കുന്നത് ആചാരലംഘനമാണെന്ന് തന്ത്രി അറിയിക്കുകയായിരുന്നുവെന്നും ഈ സമയം താന്‍ ജാലഹള്ളിയിലുണ്ടായിരുന്നു എന്നും നന്ദകുമാര്‍ പറഞ്ഞു.
◾ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങള്‍ വിജയ് മല്യയുടെ ഗ്രൂപ്പ് പൊതിഞ്ഞത് സ്വര്‍ണ തകിട് ഉപയോഗിച്ചാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ വേണു മാധവന്‍. 1999ല്‍ ശില്പങ്ങളില്‍ സ്വര്‍ണം പൊതിയുമ്പോള്‍ വേണു മാധവന്‍ സന്നിധാനത്തുണ്ടായിരുന്നു. ശില്പത്തില്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൂശിയതെന്ന വാദം തെറ്റാണെന്നും വേണു മാധവന്‍ പറഞ്ഞു.
◾ ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍ നിര്‍മിച്ചത് ബെംഗളൂരുവിലാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് നേതൃത്വം നല്‍കിയതെന്നും ദാരുശില്‍പ്പി നന്ദകുമാര്‍ എളവള്ളി. ബെംഗളൂരു സ്വദേശി അജികുമാര്‍ ആണ് വാതില്‍ പണിയുന്നതിനുള്ള ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കിയതെന്നും ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയാണ് വാതില്‍ നിര്‍മ്മാണം ആദ്യമായി ആവശ്യപ്പെടുന്നതെന്നും അതിനുശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു
◾ കോണ്‍ഗ്രസും സി പി എമ്മും കേരളത്തില്‍ നടത്തിവരുന്ന ക്ഷേത്രക്കൊള്ളകള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ പതിറ്റാണ്ടുകളായി ഭരണം കയ്യാളിപ്പോരുന്ന കോണ്‍ഗ്രസും സി പി എമ്മും കാലാകാലമായി ഇന്നാട്ടിലെ ദരിദ്രരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും കര്‍ഷകരില്‍ നിന്നും, വ്യാപാരികളില്‍ ബിസിനസുകാരില്‍ നിന്നുമെല്ലാം നിരന്തരം കൊള്ള നടത്തി വരികയാണ്. ക്ഷേത്രങ്ങളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി നിലനിര്‍ത്തുന്നത് എന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
◾ ശബരിമലയില്‍ വിശ്വാസികളുടെ കാണിക്ക വരെ അടിച്ചുമാറ്റുന്ന ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിശ്വാസികളുടെ പണം ദുര്‍വിനിയോഗം ചെയ്താണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അയ്യപ്പ സംഗമം എന്ന പേരില്‍ സംഘടിപ്പിച്ച ധൂര്‍ത്തിന് മൂന്ന് കോടി രൂപയാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് ഒരു പൈസ പോലും ചെലവാക്കില്ല എന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തും എന്നുമായിരുന്നു സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും വീരവാദം. 8.2 കോടി രൂപയാണ് മൊത്തം നല്‍കാന്‍ ഉള്ളത് എന്നാണ് വിവരമെന്നും അയ്യപ്പ സംഗമം പൊളിഞ്ഞുപോയ സ്ഥിതിക്ക് മുഴുവന്‍ പണവും ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിന്ന് തന്നെ പോകും എന്നത് ഉറപ്പാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
◾ ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.
◾ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബര്‍ 30 ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടര്‍മാരാണ് സംഭവം അന്വേഷിച്ചത്.
◾ രണ്ട് ദശാബ്ദം മുന്‍പ് ദാഹസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം തനിക്ക് ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലുകളോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഇന്നലെ മോഹന്‍ലാല്‍ ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലായിരുന്നും അടൂരിന്റെ പരാമര്‍ശം. ആദ്യമായി ദാഹസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മലയാളിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.
◾ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം കിട്ടിയതില്‍ സന്തോഷിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണെന്നും എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിലാണ് ആ പരിപാടി സംഘടിപ്പിച്ചതെന്നും കെസി വേണുഗോപാല്‍ എം പി. മോഹന്‍ലാലിന്റെ ചടങ്ങ് ആയതിനാല്‍ ഞങ്ങള്‍ അത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരാണ് തീരുമാനിക്കേണ്ടത് മോഹന്‍ലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളതെന്നും അത് സംഘാടകരുടെ കുഴപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേര്‍ത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് നല്‍കുന്നതിന് തുല്യമാണെന്നും ഡോ പി സരിന്‍. മുസ്ലിം ലീഗ് സമം മുസ്ലിം എന്നാണ് പ്രചരിപ്പിക്കുന്നതെന്നും അതേപോലെ ബിജെപി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുന്നുവെന്നും ബിജെപിക്കാര്‍ക്ക് വളരാന്‍ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിന്‍ കുറ്റപ്പെടുത്തി.
◾ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അപ്രതീക്ഷിതമായി വന്ന ഒഴിവാണെന്നും ചര്‍ച്ചകള്‍ നടക്കുന്നുവെന്നും ഷാഫി പറമ്പില്‍ എംപി. അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വൈകുന്നത് യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ ബാധിച്ചിട്ടില്ല. പ്രഖ്യാപനം ഏറെ വൈകാതെ ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഇതുവരേയും തീരുമാനമായിട്ടില്ല.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച വരെ കാത്തിരിക്കുമെന്നും അതിനുള്ളില്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ കുടിശ്ശിക ഭാഗികമായി എങ്കിലും തീര്‍ക്കണമെന്നും ഉപകരണ വിതരണക്കാര്‍ പറയുന്നു. 10 കോടി രൂപ എങ്കിലും കുടിശ്ശിക തീര്‍ക്കണം. അല്ലെങ്കില്‍ ബുധനാഴ്ചയ്ക്ക് ശേഷം സ്റ്റോക്ക് തിരിച്ചെടുക്കുമെന്നും വിതരണക്കാര്‍ പറയുന്നു.
◾ തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യശാലി എറണാകുളം നെട്ടൂര്‍ സ്വദേശിയായ സ്ത്രീ എന്ന് ഏജന്റ്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ തിരുവോണം ബമ്പര്‍ ഭാഗ്യശാലി 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഏജന്റ് ലതീഷ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് അതിന് താല്പര്യമില്ലെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്.
◾ 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരാണ്. ഇരുവരും അന്തിമവിധി നിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
◾ സി എം ആര്‍ എല്‍ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹൈക്കോടതി സമീപിച്ചത്.
◾ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി പേവിഷബാധയെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം. പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിലും മുറിവുകളില്‍ ക്യത്യമായി ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവെയ്ക്കുന്നതിലും വീഴ്ച വന്നുവെന്നാണ് പരാതി. ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണ് മരിച്ച മണ്ണാറമല സ്വദേശി കൃഷ്ണമ്മ മോഹന്റെ കുടുംബം
◾ 49ാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാര്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.
◾ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം. ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട ഗതാഗതമന്ത്രി ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ ശാസിച്ചിരുന്നു. വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്.
◾ കെ.എസ്.ആര്‍.ടി.സി ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാല്‍ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട ആവശ്യമില്ലെന്നും ഞാന്‍ മന്ത്രിയായിരിക്കുമെങ്കില്‍ നടപടി എടുത്തിരിക്കുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
◾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് എസ് സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.
◾ കാസര്‍കോട് കുമ്പളയില്‍ ഡിവൈഎഫ്ഐ നേതാവായ അഡ്വ.രഞ്ജിത തൂങ്ങി മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവല്ല സ്വദേശിയും കാസര്‍കോട് അഭിഭാഷകനുമായ യുവാവാണ് പിടിയിലായത്. രഞ്ജിതയും കസ്റ്റഡിയില്‍ ഉള്ള അഭിഭാഷകനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. സെപ്റ്റംബര്‍ 30 ന് വൈകുന്നേരമാണ് അഡ്വ രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു.
◾ ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശില്‍ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീണ്‍ സോണി, മരണകാരിയായ കോള്‍ഡ്രിഫ് സിറപ്പ് കുട്ടികള്‍ക്ക് എഴുതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കോള്‍ഡ്രിഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ചത്.
◾ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത അന്വേഷിക്കുന്നതിന്റെ ഭാഗമായി മരിച്ച രണ്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. മധ്യപ്രദേശില്‍ ചിന്ത്വാരയിലാണ് മരുന്ന് കഴിച്ച് മരിച്ച കുട്ടിയുടെ മൃതദേഹമാണ് പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തത്. ചുമ സിറപ്പ് കഴിച്ച് ദിവസങ്ങള്‍ക്കകം വൃക്കകള്‍ക്ക് തകരാറ് സംഭവിച്ച് മരിച്ച കുട്ടികളിലൊരാളാണ് രണ്ട് വയസ്സുകാരി.
◾ രാജസ്ഥാനിലെ ജയ്പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന ആറ് വയസുകാരന്‍ മരിച്ചു. ചുരു സ്വദേശിയായ അനസ് ആണ് മരിച്ചത്. ജയ്പൂരിലെ ജെകെ ലോണ്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുഞ്ഞിന് വീട്ടില്‍ വച്ച് ചുമയ്ക്കുള്ള മരുന്ന് നല്‍കിയിരുന്നതായും ഇതാണോ മരണകാരണമെന്ന് സംശയിക്കുന്നുവെന്നും കുടുംബം പ്രതികരിച്ചു.
◾ നീളം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുവെന്നാരോപിച്ച് മോഡലുകളെ ഭീഷണിപ്പെടുത്തി ഉത്തരാഖണ്ഡിലെ രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതന്‍' എന്ന സംഘടന. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ സൗന്ദര്യമത്സരത്തിനായുള്ള റിഹേഴ്സലിനിടെയാണ് മോഡലുകളെ സംഘം ചേര്‍ന്ന് തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിന്റെ നേതൃത്വത്തിലെത്തിയവരാണ് മോഡലുകളെ ഭീഷണിപ്പെടുത്തിയത്.
◾ ദുര്‍ഗാ പൂജ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒഡീഷയിലെ കട്ടക്കില്‍ ഇന്നലേയും സംഘര്‍ഷാവസ്ഥ തുടരുന്നു. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കാനും അധികൃതര്‍ തീരുമാനിച്ചു. ക്രമസമാധാന പാലനത്തില്‍ ഭരണകൂടം പൂര്‍ണ പരാജയമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ഇന്ന് 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു.
◾ ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്രയോടനുബന്ധിച്ച് ഹൈദരാബാദിലെ പള്ളികള്‍ വെള്ളത്തുണി ഉപയോഗിച്ച് മറച്ച് പള്ളി അധികൃതര്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. സെപ്റ്റംബറില്‍ ഹൈദരാബാദിലെ ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായും പള്ളികള്‍ മൂടിയിരുന്നു.
◾ ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഒക്ടോബര്‍ പത്തിന് ലഭിക്കുമെന്ന് അസം മുഖ്യമന്ത്രി. ഫലം വന്നതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോസാമിയുടെ മൊഴി മാത്രമാണ് വിഷം നല്‍കിയേക്കാം എന്നത്. എന്നാല്‍ പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ മതത്തിന്റെ പേരില്‍ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പ്രസവം നടത്താന്‍ വിസമ്മതിച്ചുവെന്ന് യുവതിയും ഭര്‍ത്താവും ആരോപിച്ചു. ഷമ പര്‍വീന്‍ എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഒക്ടോബര്‍ രണ്ടിനാണ് സംഭവമെന്ന് പറയുന്നു. മുസ്ലീം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ഇവര്‍ പറഞ്ഞു.
◾ പാകിസ്ഥാനുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പൊതുമേഖലാ സ്ഥാപനത്തില്‍നിന്ന് ആറ് ട്രക്ക് ഘടിപ്പിച്ച AK-630 സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സൈന്യം പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
◾ ലഡാക്ക് വെടിവെപ്പില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താന്‍ ജയിലില്‍ തുടരുമെന്ന് സോനം വ്യക്തമാക്കി. ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്.
◾ ദീപാവലിക്ക് മുന്നോടിയായി, നിരോധിത പടക്കങ്ങള്‍ക്കെതിരെ കാമ്പയിന്‍ ആരംഭിച്ച് ഡല്‍ഹി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായുള്ള ഓപ്പറേഷനില്‍ ദില്ലിയില്‍ 1,645 കിലോഗ്രാം അനധികൃത പടക്കങ്ങള്‍ പിടിച്ചെടുത്തു. ദില്ലിയിലെ വിവിധ പ്രദേശങ്ങളില്‍ ക്രൈംബ്രാഞ്ച് തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് തെരച്ചില്‍ നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
◾ ഇന്ത്യയെന്ന വീടിന്റെ ഒരു മുറിയാണ് പാക് അധിനിവേശ കശ്മീര്‍ എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആ മുറിയില്‍ അന്യരാണ് താമസിക്കുന്നതെന്നും ആ മുറി തിരിച്ചുപിടിക്കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ.സത്‌നയില്‍ നടന്ന ഒരു പരിപാടിയിലാണ് ഭാഗവതിന്റെ പരാമര്‍ശം.
◾ ഇനിയും സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചിടപ്പെടുമെന്ന പ്രകോപനപരമായ പ്രസ്താവനയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇനിയൊരു ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായാല്‍ പാകിസ്താന്റെ ഭൂപടം തന്നെ മാറ്റേണ്ടിവരുമെന്ന ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് പ്രതികരണം. ലോക ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ നിര്‍ത്തണമെന്നും ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.
◾ തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു.
◾ വ്യോമാതിര്‍ത്തിയില്‍ ബലൂണുകള്‍ പറക്കാന്‍ സാധ്യതയുണ്ടെന്നതിനെ തുടര്‍ന്ന് ലിത്വാനിയയിലെ വില്‍നിയസ് വിമാനത്താവളത്തില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് വിമാനങ്ങള്‍ സമീപ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ ശനിയാഴ്ച രാത്രി വൈകി അറിയിച്ചു. അടുത്തിടെയായി യൂറോപ്പിലെ വ്യോമഗതാഗതം ഡ്രോണുകള്‍, മറ്റ് വ്യോമ അതിക്രമങ്ങള്‍ എന്നിവ കാരണം ആവര്‍ത്തിച്ച് തടസപ്പെട്ടിരുന്നു.
◾ ഗാസയില്‍ ഹമാസിന്റെ തടവിലുള്ള എല്ലാ ബന്ദികളെയും വൈകാതെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് പ്രസ്താവന. എന്നാല്‍, ഹമാസിനെ സൈനികമായി നിരായുധീകരിക്കുമെന്നും ഗാസയെ ഭീഷണി ഇല്ലാത്ത മേഖലയാക്കുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു.
◾ സമാധാന ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്നേ ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഹമാസ് അധികാരം ഒഴിയാന്‍ വിസമ്മതിച്ചാല്‍ അവരെ ഉന്മൂലനം ചെയ്യുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. 'ഗാസയില്‍ നിന്നും ഹമാസ് സമ്പൂര്‍ണമായി അധികാരം ഒഴിയണം, അല്ലാത്ത പക്ഷം ഹമാസിനെ തുടച്ചുനീക്കും' എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
◾ വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ 247 ന് പുറത്തായി. മറുപടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 43 ഓവറില്‍ 159ന് റണ്‍സിന് എല്ലാവരും പുറത്തായി.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 74,573 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്ബി ബാങ്ക് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. ബിഎസ്ഇ സെന്‍സെക്‌സ് 780 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 239 പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 30,106 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 14,81,889 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 20,587 കോടി, എസ്ബിഐ 9,276 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,859 കോടി, ഐസിഐസിഐ ബാങ്ക് 3,108 കോടി, ബജാജ് ഫിനാന്‍സ് 2,893 കോടി, ടിസിഎസ് 741 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വിപണി മൂല്യത്തില്‍ 19,351 കോടിയുടെയും ഭാരതി എയര്‍ടെലിന് 12,031 കോടിയുടെയും ഇന്‍ഫോസിസിന് 850 കോടിയുടെയും ഇടിവ് ഉണ്ടായി. റിലയന്‍സ് തന്നെയാണ് ഇത്തവണയും വിപണി മൂല്യത്തില്‍ ഒന്നാമത്.
◾ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടം ഇനി കല്യാണി പ്രിയദര്‍ശന്റെ 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര'യ്ക്ക് സ്വന്തം. ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമ തകര്‍ത്തത് മോഹന്‍ലാല്‍ ചിത്രം 'തുടരും' സൃഷ്ടിച്ച റെക്കോഡാണ്. തുടരും നേടിയ 118.9 കോടിയുടെ റെക്കോഡാണ് ഇന്നത്തോടെ ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങള്‍ക്കുള്ളിലാണ് ലോക തുടരുമിനെ പിന്നിലാക്കിയത്. നേരത്തെ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ലോക മാറിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോഡ് തുടരുമിന്റെ പേരിലായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ സിനിമ, ഏറ്റവും കൂടുതല്‍ ആളുകളെ തിയേറ്ററിലെത്തിച്ച മലയാളം സിനിമ തുടങ്ങിയ നേട്ടങ്ങളാണ് ലോക സ്വന്തമാക്കിയത്. ഇനി ലോകയ്ക്ക് മുന്നിലുള്ളത് മലയാളത്തിലെ ആദ്യ 300 കോടി, കേരളത്തില്‍ നിന്ന് മാത്രമായി 120 കോടി എന്നി നേട്ടങ്ങളാണ്.
◾ റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന 'കാന്താര ചാപ്റ്റര്‍ 1' 2022 ല്‍ പുറത്തെത്തി കന്നഡ സിനിമയുടെ അഭിമാന വിജയങ്ങളിലൊന്നായി മാറിയ കാന്താരയുടെ പ്രീക്വല്‍ ആണ്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം 6.05 കോടി നേടിയതായാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഒരു കന്നഡ ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് ഇത്. കെജിഎഫ് 2 ന് ആണ് റെക്കോര്‍ഡ്. 7.30 കോടി ആയിരുന്നു യഷ് ചിത്രത്തിന്റെ കേരള ഓപണിംഗ്. രണ്ട് ചിത്രങ്ങളും വന്‍ തരംഗം തീര്‍ത്ത ചിത്രങ്ങളുടെ തുടര്‍ച്ചകളാണ് എന്ന പ്രത്യേകതയുണ്ട്. ഒപ്പം മറ്റൊരു സാമ്യം കൂടിയുണ്ട്. രണ്ട് ചിത്രങ്ങളുടെയും കേരളത്തിലെ വിതരണം നിര്‍വ്വഹിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. അതേസമയം പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ചിത്രം ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 60 കോടിയാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം എത്തിയത്. മൂന്ന് വര്‍ഷത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് ഋഷഭ് ഷെട്ടിയും സംഘവും ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്.
◾ ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എംടി-03, ആര്‍3 എന്നിവയുടെ വില കുറച്ചു. പുതിയ വിലകള്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കി. രണ്ടിനും ഏകദേശം 20,000 രൂപ വില കുറഞ്ഞിട്ടുണ്ട്. യമഹ ആര്‍3, എംടി-03 എന്നിവയ്ക്ക് ഇപ്പോള്‍ 20,000 രൂപയോളം വില കുറഞ്ഞു. യമഹ ആര്‍3 ഇപ്പോള്‍ 3.39 ലക്ഷത്തിന് വില്‍ക്കുന്നു. മുന്‍ വില 3.60 ലക്ഷം ആയിരുന്നു. അതേസമയം യമഹ എംടി-03ന് ഇപ്പോള്‍ 3.50 ലക്ഷത്തില്‍ നിന്ന് 3.30 ലക്ഷം രൂപയോളം കുറഞ്ഞു. എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള ആര്‍3 ഉം എംടി-03 ഉം പഴയ മോഡലുകളാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ യമഹ രണ്ടിന്റെയും ഏറ്റവും പുതിയ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു, എന്നാല്‍ പുതിയ മോഡലുകള്‍ എപ്പോള്‍ ഇന്ത്യയില്‍ എത്തുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
◾ മനസ്സിന്റെ മരണം നിങ്ങളുടെ ജീവിതമാണ്. മനസ്സിന്റെ ജീവിതമാകട്ടെ, നിങ്ങളുടെ മരണവും. അതുകൊണ്ട് മനസ്സ് സ്വയം സംരക്ഷിക്കുന്നു. അതിനതിന്റേതായ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്; അതിന് നിരവധി നിക്ഷേപങ്ങളുണ്ട്. തീര്‍ച്ചയായും ഇപ്പോള്‍വരെ അത് ലോകത്ത് ജീവിക്കുകയായിരുന്നു, അത് നിരവധി വ്യാപാരങ്ങള്‍ ചെയ്തിട്ടുണ്ട്, അതുകൊണ്ട് അത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു കാര്യമാണ്. ഇപ്പോള്‍ നിങ്ങള്‍ അതിനെതിരെ വിപ്ലവം നടത്താന്‍ ശ്രമിക്കുകയാണ്. എല്ലാ ധ്യാനങ്ങളും മനസ്സിനെതിരെയുള്ള വിപ്ലവമാണ്. 'ഓഷോ - ദിവ്യാത്ഭുതത്തിനായി തയ്യാറെടുക്കുക'. സൈലന്‍സ് ബുക്സ്. വില 361 രൂപ.
◾ ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡ്‌ലിക്കും തവയില്‍ ചുട്ടെടുക്കുന്ന ദോശയ്ക്കും സ്വഭാവസവിശേഷതകള്‍ രണ്ടും രണ്ടാണ്. പച്ചരിയും ഉഴുന്നും കുതിര്‍ത്തത്, അരച്ച്, പുളിപ്പിച്ചാണ് ഇഡ്‌ലിക്കും ദോശയ്ക്കും വേണ്ട മാവ് ഉണ്ടാക്കുന്നത്. പുളിപ്പിച്ച മാവ് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇനി, വ്യത്യാസം വരുന്നത് പാചക രീതിയിലാണ്. അതായത് ഇഡ്‌സി ആവിയിലാണ് വേവിക്കുന്നത്. എന്നാല്‍ ദോശ തവയില്‍ എണ്ണയോട നെയ്യോ പുരട്ടി ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. പാചകം ചെയ്യുന്ന രീതിയിലെ വ്യത്യാസം അവയുടെ പോഷകഗുണത്തേയും ബാധിക്കും. ഒരു പ്ലെയിന്‍ ഇഡ്‌ലിയില്‍ (35-50 ഗ്രാം) ഏകദേശം 39-50 കലോറി അടങ്ങിയിട്ടുണ്ട്. ആവിയില്‍ വേവിച്ചതിനാല്‍ കൊഴുപ്പ് കുറവായിരിക്കും, എണ്ണ ചേര്‍ക്കാതെ തന്നെ പോഷകങ്ങള്‍ നിലനിര്‍ത്തും. കലോറി നിയന്ത്രിത ഭക്ഷണക്രമത്തിലുള്ളവര്‍ക്ക്, ഇഡലി സുരക്ഷിതമാണ്. ഒരു പ്ലെയിന്‍ ദോശയില്‍ (80-100 ഗ്രാം) ഏകദേശം 100-120 കലോറി അടങ്ങിയിട്ടുണ്ട്. പാചകം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന എണ്ണയോ നെയ്യോ ചേര്‍ക്കുന്നതാണ് കലോറിയില്‍ വ്യത്യാസം ഉണ്ടാക്കുന്നത്. ഇഡ്‌ലി വളരെ മൃദുവായതിനാല്‍ പെട്ടെന്ന് ദഹനം നടക്കുകയും വേഗത്തില്‍ വിശക്കാനും കാരണമാകും. എന്നാല്‍ ദോശയില്‍ ഫില്ലറുകള്‍ ചേര്‍ക്കുമെങ്കില്‍ അത് കൂടുതല്‍ നേരം വയറു നിറന്ന തോന്നല്‍ ഉണ്ടാക്കും. ഇഡ്‌ലി ദഹിക്കാന്‍ ഏറ്റവും എളുപ്പമുള്ള ഭക്ഷണമാണ്. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികല്‍ക്കും ഇഡ്‌ലി കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ ദോശയില്‍ എണ്ണമയം ചേരുന്നതിനാല്‍ പെട്ടെന്ന് ദഹിക്കണമെന്നില്ല. പ്രമേഗ രോഗികള്‍ക്കും ദോശയെക്കാള്‍ ഭേദം ഇഡ്‌ലിയാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
പണം കൊടുത്താല്‍ ആ കുളത്തില്‍ നിന്ന് ഒരു ദിവസം മുഴുവനും മീന്‍ പിടിക്കാം. ഇനി വൈകുന്നേരമായിട്ടും മീന്‍ കിട്ടിയില്ലെങ്കില്‍ ഒരു കോഴി ഫ്രീ. അവിടെയെത്തുന്നവരെല്ലാം ഓരോ കോഴിയുമായി മടങ്ങുക പതിവായി. ആര്‍ക്കും മീന്‍ കിട്ടിയുമില്ല. ഇതിന്റെ രഹസ്യമറിയാന്‍ സന്ദര്‍ശകരിലൊരാള്‍, അവിടുത്തെ കാവല്‍ക്കാരനെ സമീപിച്ചു. അയാള്‍ പറഞ്ഞു: ഈ കുളത്തില്‍ ഒരു മീന്‍പോലുമില്ല. മുതലാളിക്ക് ഒരു കോഴിഫാമുണ്ട്. അവിടെ ദിവസവും കോഴികള്‍ മിച്ചം വരാറുമുണ്ട്. അവയെ വിറ്റുതീര്‍ക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗമാണിത്.. പ്രശ്‌നങ്ങള്‍ രണ്ടുവിധമുണ്ട്. തനിയെ പരിഹരിക്കപ്പെടുന്നവയും പരിഹാരമുണ്ടാക്കേണ്ടവയും. ചില പ്രശ്‌നങ്ങള്‍ക്ക് സമയം പ്രതിവിധി നല്‍കും. കലങ്ങിയ വെള്ളം തനിയെ തെളിയണം, മുറിപ്പാടുകള്‍ തനിയെ നീങ്ങണം. പക്ഷേ, ചില പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തണം. അസുഖം വന്നാല്‍ ചികിത്സിക്കണം. മഴ പെയ്താല്‍ നനയാതിരിക്കാന്‍ കുട ചൂടുന്നത് പോലെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. പരിഹാരം കണ്ടെത്തേണ്ട പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്നവരുണ്ട്. പതറാതെ മുന്നോട്ട് പോകുക എന്നത് തന്നെയാണ് പരിഹാരം. പ്രതിസന്ധിയുടെ മറുവശമാണ് പ്രതിവിധി. ഏതുകാര്യത്തേയും ഒരേ വശത്തുനിന്നുമാത്രം വീക്ഷിക്കാതെ, അവയെ ഒന്ന് തിരിച്ചിടുകയോ മറിച്ചിടുകയോ ചെയ്താല്‍ പരിഹാരം കണ്ടെത്താനാകും. പരിധി വിട്ട് ചിന്തിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാണ് ബദല്‍ മാര്‍ഗ്ഗങ്ങളുടെ പോംവഴി തെളിയുക - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA