Trending

കൊടുവള്ളി എം.എല്‍.എ ഓഫീസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റണം-യൂത്ത് ലീഗ്

കൊടുവള്ളി: എം.എല്‍.എ. ഓഫീസില്‍ നിന്ന് വിളിച്ചു പറയുന്ന കാര്യങ്ങള്‍ അപ്പടി നടപ്പാക്കുകയും എം.എല്‍.എയും ഇടതുപക്ഷവും പറയുന്ന കാര്യങ്ങള്‍ മാത്രം മുറതെറ്റിക്കാതെ നടപ്പാക്കുകയും ചെയ്യുന്ന കൊടുവള്ളി പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ എം.എല്‍.എ. ഓഫീസും സി.പി.എം. ഓഫീസും പോലീസ് സ്റ്റേഷനിലേക്ക് മാറ്റണമെന്ന് കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. 





കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ നീതിയല്ല നടപ്പാക്കുന്നത്. എം.എല്‍.എയുടെ പ്രീതി പിടിച്ചു പറ്റാനുള്ള ശ്രമമാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഇത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലായെന്ന് പോലീസ് മനസ്സിലാക്കണം. ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന കാരണത്താലാണ്  യൂത്ത് ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി എം. നസീഫ്,സെക്രട്ടറി ജാബിർ കരീറ്റിപറമ്പ്‌,കൊടുവള്ളി മുൻസിപ്പൽ കൗണ്സിലർ കോഴിശ്ശേരി മജീദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തത് എങ്കില്‍ പരാതിയില്ല. 


പക്ഷെ ഇതേ കുറ്റം ചെയ്ത എം.എല്‍.എയും ഇടത് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. അവര്‍ക്കെതിരെയും കേസെടുക്കാന്‍ കൊടുവള്ളി പോലീസ് തയ്യാറാവണം. അല്ലാത്ത പക്ഷം കൊടുവള്ളി പോലീസിന്റെ ഇടതുപക്ഷത്തിനായുള്ള മാമാപ്പണി അവസാനിപ്പിക്കാന്‍ യൂത്ത് ലീഗിന് തയ്യാറാവേണ്ടി വരും. ഇന്നാട്ടില്‍ ഇരട്ടനീതി നടപ്പാക്കാന്‍ അനുവദിക്കില്ല. കേസ് എന്ന ഓലപ്പാമ്പ് കാട്ടി യൂത്ത് ലീഗിനെ നിശബ്ദമാക്കാമെന്ന് ആരും കരുതേണ്ടായെന്നും യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗം മുന്നറിയിപ്പ് നല്‍കി. 

കേരളത്തില്‍ ഒരിടത്തുമില്ലാത്ത ഇടത് പ്രേമം കൊടുവള്ളിയിലെ പോലീസ് കാണിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പോലീസിന് സര്‍ക്കാര്‍ ശമ്പളമല്ലാതെ കൊടുവള്ളിയില്‍ നിന്നും മറ്റു വല്ലതും കിട്ടുന്നുണ്ടോ എന്ന് നാട്ടിലെ ജനങ്ങള്‍ സ്വാഭാവികമായും സംശയിക്കുന്ന തരത്തിലുള്ള നടപടികളാണ് കൊടുവള്ളി പോലീസിന്റെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭരണവും സര്‍ക്കാറും എം.എല്‍.എയും എക്കാലവും ഒന്നു തന്നെയായിരിക്കുമെന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ പ്രസിഡണ്ട് സി.കെ. റസ്സാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു ഒ കെ ഇസ്മായീൽ,  ജാഫർ നരിക്കുനി,ഷാഫി സകരിയ,മുജീബ് ചളിക്കോട്,കെ സി.ഷാജഹാൻ,സൈനുദ്ധീൻ കൊളത്തക്കര,ഫാസിൽ ആണ്ടോണ,നൗഫൽ പുല്ലാളൂർ, അർഷദ് കിഴക്കോത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right