Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഒക്ടോബര്‍ 2, വെള്ളി 
1202 | കന്നി 16 | മകീര്യം

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രക്ഷോഭം. എഎപി, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ സമര രംഗത്ത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, എ.എ റഹീം എംപി, ജെയ്ക്ക് സി തോമസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റു ചെയ്തു. സമരം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരും സമര രംഗത്തുണ്ട്.

◾  കോണ്‍ഗ്രസില്‍ തമ്മിലടി മൂക്കുന്നു. യുഡിഎഫിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരേ പരാതിയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷം. അടൂര്‍ പ്രകാശിന്റെ നടപടിക്കെതിരേ ചില നേതാക്കള്‍ എഐസിസി നേതൃത്വത്തോടു പരാതിപ്പെടുകയും ചെയ്തു. ലീഗ് നേതാവ് എം.കെ. മുനീറിനു കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്ന കാര്യം യുഡിഎഫില്‍ നേരത്തെ ധാരണയായതാണ്. എന്നിട്ടും വിമര്‍ശനമുണ്ടായത് ലീഗിനേയും ചൊടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും.

◾  മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉന്നയിച്ച വിമര്‍ശനം സംബന്ധിച്ചു തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും താന്‍ ആശയവിനിമയം നടത്താറുണ്ട്. എഐസിസിക്ക് പരാതി നല്‍കുമെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. എഐസിസിയാണ് അദ്ദേഹത്തെ നിയോഗിച്ചത്. സണ്ണി ജോസഫ് പറഞ്ഞു.

◾  അടൂര്‍ പ്രകാശിനെ പരോക്ഷമായി പിന്തുണച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും രംഗത്തെത്തി. എന്നാല്‍ അടൂര്‍ പ്രകാശിനെ തള്ളിയാണ് ഇന്നും മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



◾  അടൂര്‍ പ്രകാശിന്റെ പരസ്യ പ്രതികരണത്തെ തള്ളി മന്ത്രി എ.പി. അനില്‍കുമാര്‍. ചര്‍ച്ചകള്‍ ഏതു തലത്തിലാണോ വേണ്ടത് അവിടെയാണ് ചര്‍ച്ചകള്‍ നടത്തേണ്ടത്. ചര്‍ച്ചകളില്‍ അഭാവമുണ്ടെങ്കില്‍ അത് പൊതുവായിട്ടല്ല പറയേണ്ടത്.  അനില്‍കുമാര്‍ പറഞ്ഞു.

◾  ക്യാബിനറ്റ് റാങ്ക് പ്രതീക്ഷയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫും. വയോജന കമ്മീഷന്‍ അധ്യക്ഷ പദവിയിലേക്കാണു പി ജെ ജോസഫിനെ പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുത്തിട്ടില്ല. തീരുമാനം വൈകുന്നതില്‍ പി ജെ ജോസഫ് ഇന്നലെ അടൂര്‍ പ്രകാശിനെ വിളിച്ച് അതൃപ്തി അറിയിച്ചു. തോമസ് ഉണ്ണിയാടന്‍ കലാപക്കൊടി ഉയര്‍ത്തുമ്പോള്‍ പി ജെ ജോസഫിനു ക്യാബിനറ്റ് പദവി നല്‍കിയാല്‍ പ്രതിസന്ധിയാകുമെന്നും കേരള കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

◾  ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിച്ചതാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട് പദവിയിലേക്ക് വരുന്നതില്‍ തനിക്ക് പ്രയാസമുണ്ടെന്ന് മുനീര്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരിക്കാതിരുന്ന സമയത്ത് മുനീറിന് ക്യാബിനറ്റ് പദവിയുള്ള സ്ഥാനം നല്‍കാമെന്ന് യു.ഡി.എഫ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു.

◾  യുഡിഎഫില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എല്ലാ തീരുമാനങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് എടുക്കുന്നതെന്നും മന്ത്രി കെ പികുഞ്ഞാലിക്കുട്ടിയും ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. എംകെ മുനീറിന്റെ നിയമനം അടക്കം ചര്‍ച്ചകളിലൂടെ സ്വീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.



◾  ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ വിഭജന ചര്‍ച്ചകളില്‍ മഹിളാ കോണ്‍ഗ്രസിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി നേതൃത്വത്തിന് മഹിളാ കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കി. ഉടന്‍ തന്നെ കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.ഐ.സി.സിയെ സമീപിച്ചത്.

◾  യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പരോക്ഷമായി വിമര്‍ശിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ബിആര്‍എം ഷരീഫ്. അതിവേഗതയില്‍ ശരിയായ ദിശയില്‍ പറക്കുന്ന വിമാനത്തിലെ മെയിന്‍ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതുപോലെ ഒരു പത്രസമ്മേളനം എന്നാണ് ബിആര്‍എം ഷരീഫിന്റെ കുറിപ്പ്.

◾  ഗവണ്‍മെന്റ് ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ മരുന്നുകളുടെ റി ടെന്‍ഡര്‍ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ സ്റ്റോക്കിനുള്ള പര്‍ച്ചേസ് ഓഡര്‍ വൈകിയതാണു മരുന്നു ക്ഷാമത്തിനു കാരണം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ നടപടി വിവാദമായിരുന്നു.

◾  കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട വിറ്റാമിന്‍ എ മരുന്ന് വിതരണം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിനും ലഭ്യമല്ലെന്നാണ് വിവരം.

◾  പത്തു ലക്ഷം രൂപ കൈകക്കൂലി തന്നില്ലെങ്കില്‍ ഡിവൈഎഫ്ഐക്കാരെ കൊണ്ട് ചെങ്കൊടി നാട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയ സിപിഎം കൗണ്‍സിലര്‍ ഒളിക്യാമറയില്‍ കുടുങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡിലെ സിപിഎം കൗണ്‍സിലറായ അജിനാണ് കൈക്കൂലി ചോദിച്ച് ഭീഷണി മുഴക്കിയത്. പേയാട് സ്വദേശി സഞ്ജുവിന്റെ 19 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.  

 ◾ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ പിറന്ന കുഞ്ഞിന്റെ ജനന രജിസ്റ്ററില്‍ പിതാവിന്റെ സ്ഥാനത്ത് അമ്മയുടെ മുന്‍ ഭര്‍ത്താവിന്റെ പേരു തെറ്റായി രേഖപ്പെടുത്തിയത് തിരുത്താന്‍ ഹൈക്കോടതി ഉത്തരവ്.  ജനന രജിസ്റ്ററില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കൊച്ചി കോര്‍പ്പറേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ദമ്പതിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.  

◾  സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസുകാരനെതിരെ വധഭീഷണി മുഴക്കിയ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.എസ് ജോയി എംഎല്‍എ ഇന്നു തിരുത്തിപ്പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജു ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനിടെയാണ് ജോയി 'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കു'മെന്നു ഭീഷണിപ്പെടുത്തിയത്. വിവാദമായതോടെ പോലീസിനെതിരേ താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ജോയിയുടെ ഇപ്പോഴത്തെ വിശദീകരണം.

◾  ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യത്തുടനീളം ഗാന്ധിജി അനുസ്മരണ പരിപാടികള്‍. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയും ഓര്‍മദിനം പുതുക്കി.

◾  റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറായിരുന്ന എ ജയതിലകിന്റെ വിവാദ ഉത്തരവിന്റെ പേരില്‍, സംസ്ഥാനത്ത് നടന്ന മരംമുറിയിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. അന്വേഷണം ഉന്നതരിലേക്കെത്താതെയാണ് അട്ടിമറി നടന്നതെന്നാണ് ആക്ഷേപം.
 
◾  തുരുത്തിശേരിയില്‍ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ സ്വര്‍ണമാല കവര്‍ന്നശേഷം അവരെ ശുചിമുറിയില്‍ പൂട്ടിയിട്ട് കടന്ന് കളഞ്ഞതായി പരാതി. കൊല്ലേരിത്തറയില്‍ സുകന്യയുടെ (78) രണ്ടര പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നത്.



◾  തിരൂരങ്ങാടിയില്‍ പുതുതായി തുടങ്ങിയ രണ്ട് ഹോട്ടലുകള്‍ക്ക് മുന്‍സിപ്പാലിറ്റി ലൈസന്‍സ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി. എസ്. ശ്രീജിയാണ് പിടിയിലായത്.

◾  വിമാന ഇന്ധന വില കുത്തനെ കൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക്  ഉയരും. ലിറ്ററിന് 16 രൂപയുടെ വര്‍ധനവ് ഉണ്ടായതോടെ വിമാന ഇന്ധനവില ലിറ്ററിന് 121 രൂപയില്‍ നിന്ന് 137 രൂപയായി ഉയര്‍ന്നു.

◾  ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി. ഭാവിയില്‍ സുപ്രിംകോടതിയില്‍ ഹര്‍ജി വരാനുള്ള സാധ്യതയുള്ളതിനാല്‍ കൂടിക്കാഴ്ച ഉചിതമല്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തിരുന്നു. തീരുമാനം സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ജെപിസിയെ രേഖാമൂലം അറിയിച്ചു.

◾  സൗദി അറേബ്യയിലെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ പുതിയ ഉപസ്ഥാനപതിയായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ബഷീര്‍ അഹമ്മദ് ചുമതലയേറ്റു. 2009 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങളിലും വിദേശകാര്യ മന്ത്രാലയത്തിലും സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നു.

◾  സൗദി അറേബ്യയിലെ മദീനയിലുള്ള തൈബ സിവിലിയന്‍ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി ഭീകരരുടെ ഡ്രോണ്‍ ആക്രമണം നടന്നതായി സഖ്യസേന അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ആക്രമണമുണ്ടായത്.

◾  ക്രിക്കറ്റ് കളി നിയമങ്ങളില്‍ മാറ്റങ്ങളുമായി ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി). ഇന്നലെ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളില്‍ 73 പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 2022-ന് ശേഷം ആദ്യമായാണ് എംസിസി നിയമങ്ങള്‍ ഇത്രയും സമഗ്രമായി പരിഷ്‌കരിക്കുന്നത്. ടെസ്റ്റ് ഉള്‍പ്പെടെയുള്ള മള്‍ട്ടി-ഡേ മത്സരങ്ങളില്‍ ദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍ ഉടന്‍ കളി അവസാനിപ്പിക്കുന്ന രീതി ഇനി ഉണ്ടാകില്ലെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.

◾  കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. ഇരു ടീമുകളും നാളെ ഇതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തും. സുരക്ഷ ഉറപ്പാക്കുന്നതിനായി 2,500 പോലീസ് ഉദ്യോഗസ്ഥരെയും 20 ഐപിഎസ് ഉദ്യോഗസ്ഥരെയും വിവിധ റാങ്കുകളിലുള്ള 200-ഓളം ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

◾  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിന് യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ മിന്നും ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്തത്. പുതിയ പരിശീലകന്‍ ജോര്‍ജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടര്‍ന്ന് റൊണാള്‍ഡോ ദേശീയ ടീം ക്യാമ്പ് വിട്ടതിനു ശേഷമുള്ള പോര്‍ച്ചുഗലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

◾  നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചുമാസത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി 7.1 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 2026- 27 സാമ്പത്തിക വര്‍ഷത്തെ ആകെ ലക്ഷ്യത്തിന്റെ 41.9 ശതമാനമാണിതെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട ഡേറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ധനക്കമ്മി ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 38.1 ശതമാനമായിരുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കൃത്യം 7,10,249 കോടി രൂപയാണ് ധനക്കമ്മി രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 8.38 ലക്ഷം കോടി രൂപയാണ്. ഇത് ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 29.2 ശതമാനമാണ്. മുന്‍വര്‍ഷം ഇതേസമയത്ത് നികുതി വരുമാനം 28.6 ശതമാനമായിരുന്നു. നടപ്പുസാമ്പത്തികവര്‍ഷത്തെ ആദ്യ അഞ്ചുമാസത്തെ ആകെ ചെലവ് 20.78 ലക്ഷം കോടി രൂപയാണ്. ഇത് ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 38.9 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇത് 37.1 ശതമാനമായിരുന്നു.

◾  സാംസങ് തങ്ങളുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിരയായ ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം മൂലം യു.എസ്., ദക്ഷിണ കൊറിയന്‍ വിപണികളിലാണ് കമ്പനി ഔദ്യോഗികമായി ഈ വിലവര്‍ധന കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ ഗാലക്സി എസ്26-ന്റെ ഭൂരിഭാഗം വേരിയന്റുകള്‍ക്കും 100 ഡോളര്‍ വര്‍ധനവുണ്ടായപ്പോള്‍, ഏറ്റവും ഉയര്‍ന്ന സ്റ്റോറേജുള്ള 1ടിബി മോഡലിന് 200 ഡോളര്‍വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ വിലവര്‍ധനവ് നിലവിലില്ല. സാംസങ് വെബ്സൈറ്റിലെ ഓഫറുകള്‍ ഉള്‍പ്പടെ വിലക്കുറവിലാണ് എസ് 26 മോഡലുകള്‍ നിലവില്‍ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്നത്.

◾  നിവിന്‍ പോളി, മമിത ബ്ലോക് ബസ്റ്റര്‍ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'വര്‍ണ്ണജാലമേ...' എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം പകര്‍ന്നിരിക്കുന്നു. കെ എസ് ഹരിശങ്കറും പൂര്‍ണ്ണിമ കണ്ണനും ചേര്‍ന്നാലപിച്ച ഗാനം ഇതിനകം യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. ഓഗസ്റ്റ് 21ന് റിലീസ് ചെയ്ത ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം 330.13 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍  ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.

◾  അഞ്ചകള്ളകോക്കാന്‍ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡിസ്‌കോ'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലുക്മാന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദേവ്, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിക്കുന്നത് ചെംബോസ്‌കി മോഷന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് തന്നെയാണ്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍, ദേവ്, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നത്.

◾  ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്, തങ്ങളുടെ പുതിയതും ആകര്‍ഷകവുമായ 'ന്യൂ ഹോണ്ട എലിവേറ്റി'ന്റെ പ്രീ-ലോഞ്ച് ബുക്കിങ് ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴിയും 21,000 രൂപ നല്‍കി വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 2026 ഒക്ടോബര്‍ 6-ന് അവതരിപ്പിക്കുന്ന ന്യൂ എലിവേറ്റ് ആദ്യമായി പുറത്തിറങ്ങുന്ന വിപണിയാണ് ഇന്ത്യ. കൂടുതല്‍ ആകര്‍ഷകമായ ഡിസൈന്‍, പ്രീമിയം ക്യാബിന്‍ അനുഭവം, ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ എലിവേറ്റ് എത്തുന്നത്. എലിവേറ്റിന്റെ പ്രധാന വിപണി ഇന്ത്യയാണ്.

◾  ഫ്രഞ്ചുകാര്‍ മാഹി ഉപേക്ഷിച്ചുപോയശേഷവും ദുരൂഹതയോടെ നില്‍ക്കുന്ന കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയോടടുത്ത പ്രദേശമാണ് കടമ്പ്ര അംശം എന്ന കാട്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിക്കുന്ന, പകല്‍പോലും ഭയത്തോടെയല്ലാതെ മനുഷ്യര്‍ക്ക് കടന്നുപോകാനാകാത്ത 23 കിലോമീറ്റര്‍ റോഡിന് ഇരുവശവുമുള്ള കാട്... ഈ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കാര്‍. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കാടിനുള്ളിലെ രണ്ട് മൃതദേഹങ്ങളിലേക്കെത്തിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക് ഇമ്മന്റെയും മുന്‍ പോലീസുദ്യോഗസ്ഥന്‍ ബെഞ്ചമിന്റെയും സമാന്തര അന്വേഷണം വഴിതെളിക്കുന്നത് ആഭിചാരവും നിഗൂഢതകളും ചരിത്രവും ഇഴചേര്‍ത്തൊരുക്കിയ കുറ്റകൃത്യങ്ങളിലേക്കാണ്. 'കടമ്പ്ര അംശം'. രണ്ടാം പതിപ്പ്. നിഖില്‍ മണാശ്ശേരി. ഡിസി ബുക്സ്. വില 237 രൂപ.

◾  ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും സ്വാഭാവിക തിളക്കം നല്‍കാനും സഹയാക്കുന്ന ഒന്നാണ് കൊളാജന്‍. ചര്‍മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിര്‍ത്തുന്നതില്‍ കൊളാജന്‍ അത്യാവശ്യമാണ്. എന്നാല്‍ പ്രായമാകുമ്പോഴും അമിതമായി സൂര്യപ്രകാശമേല്‍ക്കുമ്പോഴും ചര്‍മത്തിലെ കൊളാജന്‍ നഷ്ടപ്പെടാം. ഇത് ചുളിവുകള്‍ക്കും ചര്‍മം തൂങ്ങുന്നതിനും കാരണമാകുന്നു. ചര്‍മത്തില്‍ മാത്രമല്ല, എല്ലുകള്‍ക്കു മജ്ജയ്ക്കും പേശികള്‍ക്കും ഒക്കെ ഉറപ്പും ഘടനയും നല്‍കാന്‍ സഹായിക്കുന്ന ഘടകമാണ് കൊളാജന്‍. കൊളാജന്‍ ഉല്‍പാദനം കൂട്ടുന്നതിന് പലരും സപ്ലിമെന്റുകള്‍ക്ക് പിന്നാലെ പോകാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായി തന്നെ കൊളാജന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ച് പഴങ്ങളുണ്ട്. ഇത് ഇടയ്ക്കിടെ ഡയറ്റില്‍ ചേര്‍ക്കുന്നത് ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം മെച്ചപെടുത്താനും ചര്‍മം യുവത്വമുള്ളതാക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയായ ഓറഞ്ച് ശരീരത്തില്‍ കൊളാജന്‍ ഉത്പാദിപ്പിക്കാനും കൊളജന്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനും സഹായിക്കും. പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ്. സ്ട്രോബറിയിലുള്ള വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കും. വിറ്റാമിന്‍ സിയുടെ മറ്റൊരു മികച്ച ഉറവിടമാണ് കിവി. കിവിയില്‍ അടങ്ങിയ വിറ്റാമിന്‍ ഇയും ആന്റിഓക്സിഡന്റുകളും കൊളാജന്‍ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കും. വാര്‍ദ്ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാനും സൂര്യപ്രകാശവും മലിനീകരണവും കാരണം നശിച്ചു തുടങ്ങിയ കൊളാജനെ വീണ്ടെടുക്കാനും മാതളനാരങ്ങ സഹായിക്കും. മാതളനാരങ്ങ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ചര്‍മത്തിന് ഉണര്‍വും തുടിപ്പും നല്‍കാനും സഹായിക്കും.
Previous Post Next Post
3/TECH/col-right