Trending

പ്രഭാത വാർത്തകൾ

2026  സെപ്റ്റംബര്‍ 30 | ബുധന്‍ 
1202  കന്നി 14 | ഭരണി, കാര്‍ത്തിക
1448  റ: ആഖിർ 18

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു പ്രതിഷേധം വേണമെന്നാണു നിര്‍ദേശം. ഇന്നത്തെ ഇന്ത്യ സഖ്യ യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. ഇംപീച്ച്മെന്റ് നടപടികളിലടക്കം ചര്‍ച്ചയുണ്ടാകും. എസ്ഐആറിലൂടെ പുറത്താക്കപ്പെട്ട 13 കോടി പേരെ വോട്ടര്‍പട്ടികയില്‍ തിരികെ കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും എസ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

◾  മാസപ്പടി അഴിമതി ആരോപണങ്ങളില്‍ പിണറായി വിജയന്‍, വീണ വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇഡി കൈമാറിയ ഡയറിക്കുറിപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ അഴിമതിക്കേസ് എടുക്കാനാകില്ല. പ്രഥമിക പരിശോധനയക്കുശേഷം കേസെടുക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

◾  സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.

◾  പൊലീസ് അസോസിയേഷനുകളെ പുന:സംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേരളാ പൊലീസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവു റദ്ദാക്കിയത്. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പൊലീസുകാര്‍ക്ക് അവകാശമുണ്ടെന്ന്  കോടതി വ്യക്തമാക്കി. മൂന്ന് പൊലീസ് സംഘടനകളില്‍ ഒന്നിനെ ഇല്ലാതാക്കി രണ്ട് സംഘടനകളായാണ് പൊലീസ് അസോസിയേഷനുകളെ പുന:സംഘടിപ്പിച്ചത്.

◾  തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ചെങ്കൊടിക്കുതിപ്പാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമര്‍ഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ നയ വൈകല്യങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.



◾  തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശ്രദ്ധേയമായ തിരിച്ച് വരവാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പാഠം ഉള്‍ക്കൊണ്ട് തിരിച്ചു വരാന്‍ എല്‍ഡിഎഫ് നടത്തുന്ന ശ്രമം ജനം അംഗീകരിച്ചു. എല്‍ഡിഎിന് 15 ല്‍ നിന്ന് 18 സീറ്റായി ഉയര്‍ന്നു. ഭൂരിപക്ഷം കൂടി, യുഡിഎഫിനു സീറ്റ് കുറഞ്ഞു. ഗോവിന്ദന്‍ പറഞ്ഞു.

◾  എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മികച്ച വിജയം. ആലുവ യുസി കോളേജില്‍ 6 വര്‍ഷത്തിനുശേഷം എസ്എഫ്ഐ യൂണിയന്‍ പിടിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ 14 സീറ്റുകളും എസ്എഫ്ഐ നിലനിര്‍ത്തി. എറണാകുളം ലോ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ്, കൊച്ചി എംഇഎസ് തുടങ്ങി മുപ്പതിന് മുകളില്‍ കോളേജുകളില്‍ എസ്എഫ്ഐ വിജയിച്ചു. കോതമംഗലം എംഎ കോളേജ്, കാലടി ശ്രീശങ്കര കോളേജ് എന്നിവിടങ്ങളില്‍ ഏഴ് വര്‍ഷത്തിനുശേഷം കെ എസ് യു വിജയിച്ചു. തേവര സേക്രട്ട് ഹാര്‍ട്ട്, ആലുവ അല്‍ അമീന്‍, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളില്‍ കെ എസ് യു മുഴുവന്‍ സീറ്റുകളും നിലനിര്‍ത്തി.

◾  ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റൈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റങ്ങള്‍ പൊതു സ്ഥലം മാറ്റങ്ങളോടൊപ്പം മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നതായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിന്റെ ഉത്തരവ്.

◾  സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് ഡിസ്ട്രിക്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്നു മാറ്റുന്നു. ജില്ലാ പൊലിസ് മേധാവിക്ക് കീഴില്‍ വരുന്ന പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റാണ് ജില്ലാ ക്രൈം ബ്രാഞ്ച്. ജില്ലാ ക്രൈംബ്രാഞ്ചുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എഡിജിപിതലയോഗത്തിലാണു തീരുമാനം.

◾  കൊച്ചി മെട്രോ രണ്ടാംഘട്ടമായ 'പിങ്ക് ലൈനിന്റെ' നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് വഴി സ്മാര്‍ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണമാണ് മുന്നേറുന്നത്.


◾  ഭീകരവാദ ബന്ധം ആരോപിച്ച് ആസാം സ്വദേശി പട്ടാമ്പിയില്‍ പിടിയിലായി. എന്‍ഐഎ നടത്തിയ പരിശോധനയില്‍ പട്ടാമ്പിയിലെ വിളയൂര്‍ എടപ്പലത്തെ വാടകവീട്ടില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

◾  മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമായിരുന്നുവെന്ന അഭിപ്രായം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുധാകരന്‍.

◾  ഫോര്‍ട്ട് കൊച്ചിയിലെ പ്രധാന ലാന്‍ഡ് മാര്‍ക്കായ കോഡര്‍ ഹൗസ് ഹോട്ടലില്‍ തീപിടുത്തം. ജൂത വ്യവസായിയായിരുന്ന സാമുവല്‍ എസ്. കോഡര്‍ 1808-ല്‍ നിര്‍മിച്ചതാണ് ഫോര്‍ട്ട് കൊച്ചിയിലെ ടവര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ കോഡര്‍ ഹൗസ്.  

◾  കോടതി അലക്ഷ്യ നടപടിക്കെതിരെ നജീബ് കാന്തപുരം എംഎല്‍എക്ക് കോടതി നോട്ടീസ്. കോടതി ഉത്തരവനുസരിച്ചു വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്. മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെണ്‍മക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎല്‍എ എത്തി തടഞ്ഞത്.

◾  എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍. അസം നാഗോണ്‍ സ്വദേശി നൂര്‍ അമീന്‍ (26), വെസ്റ്റ് ബംഗാള്‍ ഗോപാല്‍ നഗര്‍ സ്വദേശി ബിജയ് സര്‍ക്കാര്‍ (22) എന്നിവരെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 23-ന് പുലര്‍ച്ചെയാണ് സംഭവം.

◾  മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് ലിഫ്റ്റ് തകര്‍ന്നുവീണ് 19 കാരന്‍ മരിച്ചു. പെരിങ്ങഴ സ്വദേശിയായ അക്ഷയ് കൃഷ്ണനാണ് മരിച്ചത്. സ്റ്റേഷനറി കടയുടെ പുതിയ കെട്ടിടത്തിലെ ഗോഡൗണിലേക്ക് സാധനങ്ങള്‍ എടുക്കാന്‍ പോയതായിരുന്നു. ലിഫ്റ്റും പുതിയതാണ്. മൂന്നാം നിലയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് താഴേയ്ക്ക് വരുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്ന് അക്ഷയ് താഴേയ്ക്ക് പതിച്ചത്.


◾  പത്തനംതിട്ട ഇടമാലിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയ വീടിന്റെ താഴ് തകര്‍ത്ത് അസുഖബാധിതയായ വീട്ടമ്മയ്ക്കുള്ള മരുന്നുകളും ചികിത്സാ രേഖകളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുനല്‍കി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ബാങ്ക് സ്ഥാപിച്ച പൂട്ട് പൊളിച്ച് വീട്ടില്‍ കടന്നത്.

◾  കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിന്‍ഷ എന്ന 20 കാരിയാണു കൊല്ലപ്പെട്ടത്. കീഴൂകര സ്വദേശിയും സുഹൃത്തുമായ ജിത്തു പിടിയിലായി. പ്രണയനൈരാശ്യമാണു കാരണമെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

◾  പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ബിആര്‍സി അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ അഞ്ചാം പ്രതിക്കും ജാമ്യം. ഇരിട്ടി സ്വദേശിയും ഡെലിവറി ബോയിയുമായിരുന്ന ജിജിന്‍ കുര്യാക്കോസിനാണ് ജാമ്യം ലഭിച്ചത്.

◾  കോഴിക്കോട് വെള്ളിയൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ ഏറ്റുമുട്ടി. കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിലെ വെള്ളിയൂര്‍ ജംഗ്ഷനിലാണ് യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ ഏറ്റുമുട്ടിയത്. റീല്‍സ് ചിത്രീകരിക്കുന്നതിലെ തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.

◾  കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയില്‍. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ പി ജയിംസ് (38)നെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

◾  വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ് അജണ്ട ചെറുക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് എഐസിസി നിര്‍ദേശം. മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നേതൃത്വം നിര്‍ദേശം നല്‍കിയത്. ആര്‍എസ്എസ് പിഎം ശ്രീ എന്ന പേരില്‍ സ്‌കൂളുകളിലും വൈസ് ചാന്‍സലര്‍മാര്‍ മുഖേന യൂണിവേഴ്സിറ്റികളിലും  വിഷലിപ്തമായ അജണ്ടയാണു നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കരുതെന്ന് എഐസിസി.

◾  ജമ്മു കാശ്മീരിലെ കത്വയില്‍ സിഐഎസ്എഫ് ജവാന്‍ നടത്തിയ വെടിവയ്പില്‍ നാല് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. കത്വയിലെ സേവ 2 ജലവൈദ്യുത പദ്ധതി ക്യാമ്പില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന സിഐഎസ്എഫ് ജവാന്മാര്‍ക്കിടയിലെ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്.

◾  ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു. ബുദ്ഗാം ജില്ലയിലെ യൂസ്മാര്‍ഗിലുള്ള കൊറാഗ് മേഖലയില്‍ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

◾  'ഡ്രഗ് ക്വീന്‍പിന്‍' എന്നറിയപ്പെടുന്ന പാര്‍വതി 1.204 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെ ഒന്നരക്കോടി രൂപയുടെ മയക്കുമരുന്നുമായി ഡല്‍ഹിയില്‍ അറസ്റ്റില്‍. ഇവരുടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 56 ലക്ഷം രൂപയും സ്വര്‍ണവും ഉള്‍പ്പെടെ കണ്ടെത്തി. 42 വയസ്സുകാരിയായ പാര്‍വതിക്കൊപ്പം 30 കാരനായ വികാസ് കുമാര്‍ എന്ന ഷാനുവിനെയും പിടികൂടി.

◾  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എംപി ശശി തരൂരിനെ ട്രോളി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കെതിരേ ഗാന്ധിജയന്തി ദിനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് തരൂര്‍ പറഞ്ഞതോടെയാണ് ഖാര്‍ഗെ 'പ്രതിഷേധം നടത്താം, പക്ഷേ സമര സ്ഥലത്ത് കാണണമെന്നും വിദേശത്തേക്കു പോകരുതെന്നും പ്രതികരിച്ചത്.

◾  ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ 11 ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിജയ് ആദ്യമായി മോദിയുമൊത്തു വേദി പങ്കിടും. പുതിയ മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ പൂനമല്ലിയില്‍ നിന്ന് വടപളനിയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പവും വേഗത്തിലുമാകും.

◾  മഹാരാഷ്ട്രയില്‍ ഗുണ്ടാപിരിവിനെത്തിയ ശിവസേന യുവനേതാവിനെ തൊരുവോര വ്യാപാരികളായ സ്ത്രീകള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് കൈകാര്യം ചെയ്തു. താനെയിലെ കോപ്രി പോലീസ് സ്റ്റേഷനിലാണ് സംഭവം. ശിവസേന ഷിന്‍ഡേ വിഭാഗം നേതാവും യൂട്യൂബറുമായ സിദ്ധു അഭംഗെ വഴിയോരത്ത് തുണികച്ചവടം നടത്തുന്ന സ്ത്രീകളോട് 500 രൂപ പിരിവ് ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തര്‍ക്കമായി. തീര്‍പ്പുണ്ടാക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയതിനു പിറകേയാണ് സ്ത്രീകള്‍ സിദ്ധുവിനെ കൈയേറ്റം ചെയ്തത്.

◾  നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന് കൊല്‍ക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ ആറിന് നന്ദിഗ്രാമില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജാമ്യം നല്‍കിയത്. 2007 ല്‍ രജിസ്റ്റര്‍ ചെയ്ത ആറ് ക്രിമിനല്‍ കേസുകളിലാണ് ഒക്ടോബര്‍ 20 വരെ ജാമ്യം ലഭിച്ചത്.  

◾  ബെംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട. 11 കോടിയോളം രൂപയുടെ എംഡിഎംഎയുമായി രണ്ട് മലയാളികള്‍ ഉള്‍പ്പടെ ആറുപേരെ കര്‍ണാടക പൊലീസ് പിടികൂടി. മൂന്നിടങ്ങളില്‍ നിന്നായി അഞ്ചര കിലോയോളം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.

◾  ജന്തര്‍മന്തറിലേക്ക് വിവിധ മുസ്ലിം സംഘടകളുടെയും മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം. വഖഫ് ബോര്‍ഡ് സംരക്ഷിക്കണമെന്നും പള്ളികള്‍ പൊളിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

◾  ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ബേക്കറി ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന ബോര്‍മ തകര്‍ന്ന് വീണ് മലയാളി മരിച്ചു. പാലക്കാട് നെന്‍മാറ സ്വദേശി സതീഷ് ആണ് മരിച്ചത്. ബേക്കറി ഉത്പന്ന നിര്‍മാണ കേന്ദ്രത്തിന്റെ മുകള്‍ഭാഗമാണ് തകര്‍ന്നത്. പരിക്കേറ്റ 4 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

◾  ബംഗ്ലാദേശിലെ ആണവ നിലയത്തിലേക്ക് ആണവ ഇന്ധനവും വഹിച്ച് എത്തിയ റഷ്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍. പാകിസ്ഥാനുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ബംഗ്ലാദേശ് ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ അപ്രതീക്ഷിത നടപടി. സെപ്റ്റംബര്‍ 24നായിരുന്നു ഇന്ധനം ബംഗ്ലാദേശില്‍ എത്തിക്കേണ്ടിയിരുന്നത്.

◾  പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയ്ക്ക് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ ചൈനയുമായി ചര്‍ച്ച നടത്തി. ഭൂട്ടാന് മുകളിലൂടെയുള്ള വ്യോമപാതയുടെ സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്.

◾  പാക് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാന്‍ വനിതാ കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് പുതുതായി രൂപീകരിച്ച കരീമ ആംഡ് അസാള്‍ട്ട് ഡിവിഷന്‍ എന്ന ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പോരാളി യൂണിറ്റാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾  ദുബായിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. അബുദാബിയിലേക്കും തിരികേയും ഒരു മണിക്കൂര്‍ കൊണ്ട് എത്താം. പ്രതിദിനം ആറ് സര്‍വ്വീസുകള്‍. എത്തിഹാദ് റെയിലിന്റെ ആദ്യ സ്റ്റേഷന്‍ ദുബായ് മെട്രോയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

◾  ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിലെ വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം. കിരണ്‍, പൂവമ്മ, പ്രാച്യ, വിത്യാ രാംരാജ് എന്നിവരാണ് മൂന്ന് മിനുട്ട് 29.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണക്കുതിപ്പ് നടത്തിയത്. . ബഹ്‌റൈന്‍ വെള്ളിയും ചൈന വെങ്കലവും നേടി. പുരുഷ വിഭാഗം 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ മലയാളി താരം മനു, ധരംവീര്‍ ചൗധരി, വിശാല്‍, രാജേഷ് രമേഷ് എന്നിവരുടെ ടീം വെങ്കല മെഡല്‍ നേടി.

◾  ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഗുല്‍വീര്‍ സിങ്. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടിയാണ് ഗുല്‍വീര്‍ മൂന്നാം മെഡല്‍ കഴുത്തിലണിഞ്ഞത്. 13 മിനിറ്റ് 32.75 സെക്കന്റില്‍ ഇന്ത്യന്‍ താരം ഓടിയെത്തി.

◾  ഗാസയില്‍ മനുഷ്യക്കുരുതി നടത്തിയ ഇസ്രയേലിനോടു യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ വേദിയില്‍ പ്രതിഷേധം. ഇസ്രയേല്‍ താരങ്ങള്‍ക്ക് ഹസ്തദാനം നിരസിച്ചും, കറുത്ത ആംബാന്‍ഡ് ധരിച്ചും ഇസ്രയേല്‍ ദേശീയ ഗാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചും മത്സരത്തിലുടനീളം അയര്‍ലന്‍ഡ് കളിക്കാര്‍ പ്രതിഷേധിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇസ്രയേലിനെ തകര്‍ത്തുവിടുകയും ചെയ്തു. ഹംഗറിയിലെ ഡെബ്രെസെനില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് താരങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ കായിക ലോകത്ത് വലിയ ചര്‍ച്ചയായി

◾  ബ്രിസ്‌ബേനില്‍ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 4-2 ന് പരാജയപ്പെടുത്തി ബ്രസീല്‍. 52,000-ത്തിലധികം കാണികള്‍ സ്റ്റേഡിയത്തില്‍ സാക്ഷ്യം വഹിച്ച മത്സരത്തില്‍, അവസാന നിമിഷങ്ങളില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍ വിജയം പിടിച്ചെടുത്തത്.

◾  ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാക്ക് ഒന്നിന് അഞ്ചു രൂപ മുതല്‍ 20 രൂപ വരെ വില വര്‍ധന ഉണ്ടായേക്കും. സെപ്റ്റംബറില്‍ അഖിലേന്ത്യാ തലത്തില്‍ ശരാശരി ചാക്ക് ഒന്നിന് ഏഴ് രൂപ വര്‍ധിച്ച് 356 രൂപയിലെത്തിയിരുന്നു. എണ്ണവില ക്രമാതീതമായി ഉയര്‍ന്നതും പാക്കേജിംഗ് ചാര്‍ജ് വര്‍ധിച്ചതുമാണ് വില വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികളെ നിര്‍ബന്ധിതരാകുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്ന സിമന്റ് വിലയാണ് സെപ്റ്റംബറില്‍ കൂടിയത്. ട്രേഡ്, നോണ്‍-ട്രേഡ് വിഭാഗങ്ങളിലാണ് സിമന്റ് വില വര്‍ധിച്ചത്. മിക്ക വിപണികളിലും നോണ്‍-ട്രേഡ് വിലകളിലാണ് കൂടുതല്‍ വര്‍ധന ഉണ്ടായത്. സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വില വര്‍ധന ദക്ഷിണേന്ത്യയിലാണ്. ചാക്ക് ഒന്നിന് 11 രൂപയാണ് വര്‍ധിച്ചത്. പശ്ചിമ ഇന്ത്യ ഒന്‍പത് രൂപ വര്‍ധന രേഖപ്പെടുത്തി. മധ്യ, കിഴക്കന്‍, ഉത്തരേന്ത്യ മേഖലകളില്‍ ചാക്ക് ഒന്നിന് അഞ്ചു രൂപ വീതമാണ് വില കൂടിയത്.

◾  എഐ സംവിധാനം വഴി സ്പാം കോളര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കി. സ്പാമര്‍മാരെ കണ്ടെത്തിയാല്‍ അവരുടെ കെവൈസി പുനഃപരിശോധിക്കാനും കണക്ഷനുകള്‍ വിച്ഛേദിക്കാനും ആവശ്യമെങ്കില്‍ നിയമപാലകര്‍ക്ക് പരാതി നല്‍കാനും സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആദ്യ ലംഘനത്തിന് തന്നെ ഉടമയുടെ പേരിലുള്ള മുഴുവന്‍ കണക്ഷനുകളില്‍ നിന്നും ഔട്ട്ഗോയിംഗ് സേവനങ്ങള്‍ 15 ദിവസത്തേക്ക് റദ്ദാക്കും. തുടര്‍ച്ചയായി ലംഘനമുണ്ടായാല്‍ ഒരു വര്‍ഷത്തേക്ക് പൂര്‍ണമായി ബ്ലാക്ക്ലിസ്റ്റ് ചെയ്യും. ഈ കാലയളവില്‍ ഒരു കമ്പനിയില്‍ നിന്നും പുതിയ കണക്ഷന്‍ ലഭിക്കില്ല. എന്നാല്‍ അടിയന്തര സേവനങ്ങള്‍ വിളിച്ച് ലഭിക്കുന്നതിനായി ഒരു നമ്പര്‍ മാത്രം നിബന്ധനകളോടെ അനുവദിക്കും. ബിസിനസ്, പ്രൊമോഷനല്‍ കോളുകള്‍ പൂര്‍ണമായി തടയാന്‍ ആഗ്രഹിക്കുന്നവര്‍ 'BLOCK PROMO' എന്ന് 1909 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതിയാകും.

◾  കന്നഡയിലെ പ്രമുഖതാരം കോമള്‍ കുമാര്‍, മേഘ്ന രാജ് സര്‍ജ, അനുഷ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘന രാജ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കന്നടത്തിന് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായും ചിത്രം എത്തും. ആക്ഷന്‍ കോറിയോഗ്രാഫര്‍ അഷറഫ് ഗുരുക്കള്‍ ആണ്. കോമള്‍ കുമാര്‍ ഒരു വേഷത്തില്‍ കൊട്ടാര ചിത്രകാരനായും മറുവശത്ത് ഒരു സിനിമാ സംവിധായകനായും അഭിനയിക്കുന്നു. കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് മലയാളവും കന്നഡയും സംസാരിക്കുന്ന മേഘ്ന അഭിനയിക്കുന്നത്. സംവിധായകന്‍ സന്ദേശ് ഷെട്ടിയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

◾  പുതുമുഖങ്ങളെ അണിനിരത്തി യുവസംവിധായകന്‍ ശ്രീജിത്ത് എം.നായര്‍ കഥയും സംവിധാനവും നിര്‍വഹിച്ച 'ആരംഭം ഒരു അല്‍ബാനിയോ കഥ' ഒക്ടോബര്‍ 9 ന് റിലീസ് ചെയ്യും. ഹൃദയ സ്പര്‍ശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കന്‍ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ് ഒരുക്കിയിരിക്കുന്നത്. നിധിന്‍ രാജ്, ഫാരിസ് സല്‍മാന്‍, അഗസ്റ്റിജോസ്, വിജേഷ് വെണ്മണല്‍, ഷാജു ശങ്കര്‍, ഗംഗ അയ്യര്‍, ഇഷാനി കൃഷ്ണന്‍, ബോസ്സ് നീലീശ്വരം, അമിത ദിനേശന്‍, സമുദ്ര സാജന്‍, പാര്‍വതി ബിനു, സൂര്യ നാരായണന്‍, ഗ്രീഷ്മ, അസ്ലം, അഞ്ജിത തുടങ്ങി നിരവധി പുതുമുഖങ്ങള്‍ സിനിമയിലുണ്ട്. തിരക്കഥ, സംഭാഷണം - ശ്രീജിത്ത് എം നായര്‍, രാഗേഷ് ദിപു. നിര്‍മാണം-കെ.എന്‍ ബേത്തൂര്‍, എല്‍ദോ ഔസേപ്പ്. ഗാനരചന- സിന്ധു എസ് കുറുപ്പ്, അജിത് കെ. ജോസഫ്, സുനില്‍ രാമചന്ദ്രന്‍. സംഗീതം, പശ്ചാത്തല സംഗീതം- ജയകാര്‍ത്തി.

◾  ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് എസ്യുവിയാണ് മഹീന്ദ്ര എക്സ്യുവി 400. ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറും നിരവധി ആധുനിക ഫീച്ചറുകളും വാഹനത്തിലുണ്ട്. എന്നാല്‍ വിപണിയില്‍ വില്‍പ്പന കുത്തനെ ഇടിയുകയാണ്. 2026 ഓഗസ്റ്റില്‍ മഹീന്ദ്ര എക്സ്യുവി 400ന്റെ 10 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. ഒരു വര്‍ഷം മുമ്പ്, 2025 ഓഗസ്റ്റില്‍ 66 യൂണിറ്റുകളായിരുന്നു വാഹനത്തിന്റെ വില്‍പ്പന. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 56 യൂണിറ്റിന്റെ കുറവാണുണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 84%ത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. എക്സ്യുവി 400 ഇ സി പ്രോ, ഇ എല്‍ പ്രോ എന്നീ വകഭേദങ്ങളില്‍ ലഭ്യമാണ്. 34.5 കിലോവാട്ട് ബാറ്ററി പാക്കുള്ള പതിപ്പ് ഒറ്റ ചാര്‍ജില്‍ 375 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു. 39.4 കിലോവാട്ട് ബാറ്ററി പാക്കുള്ള പതിപ്പിന് 456 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

◾  പെയ്തു തോരാത്ത ബാല്യകാല പ്രണയ സാക്ഷാത്കാരത്തിനും കുടുംബ പ്രാരബ്ധങ്ങളുടെ അറുതിക്കുമായി മരുഭൂമിയുടെ വന്യതയില്‍ ചെന്നുപെട്ടുപോയ മലയാളി യുവതിയുടെ തിക്തമായ അനുഭവാഖ്യാനം. അപരിചിതമായ ഒരു പ്രവാസാഖ്യാനത്തിന്റെ വേദനയാര്‍ന്ന ഏടുകള്‍. 'ഖദ്ദാമ ഉറങ്ങാറില്ല'. എം.എസ് കുളത്തൂപ്പുഴ. ഗ്രീന്‍ ബുക്സ്. വില 313 രൂപ.

◾  2024ല്‍ ലോകത്തുണ്ടായ ആകെ കാന്‍സര്‍ കേസുകളില്‍ 12 ശതമാനത്തിനും പിന്നില്‍ അണുബാധയാവാണെന്ന് ലോകാരോഗ്യ സംഘടന. 'ദി ലാന്‍സെറ്റ് ഓങ്കോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. വിവിധതരം അണുബാധകളും കാന്‍സറും തമ്മിലുള്ള ബന്ധം വിലയിരുത്തിയാണ് പഠനം നടത്തിയത്. 23 ലക്ഷം പുതിയ കാന്‍സര്‍ കേസുകളും അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂരിഭാഗവും വെറും അഞ്ച് രോഗാണുക്കള്‍ കാരണം ഉണ്ടായവയാണ്. ഹെലിക്കോബാക്ടര്‍ പൈലോറി (4%), ഹ്യൂമന്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്.പി.വി (4%), ഹെപ്പറ്റൈറ്റിസ് ബി (2%), എപ്സ്റ്റീന്‍-ബാര്‍ വൈറസ് (1%), ഹെപ്പറ്റൈറ്റിസ് സി (1%ല്‍ താഴെ) എന്നിവയാണവ. ഈ അണുബാധകള്‍ ആമാശയം, കരള്‍, രക്തം, ഗര്‍ഭാശയമുഖം തുടങ്ങിയ ഇരുപതിലധികം കാന്‍സറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്ടീരിയകള്‍ അല്ലെങ്കില്‍ പാരസൈറ്റുകള്‍ മൂലമുണ്ടാകുന്ന അണുബാധകളും കാന്‍സറിലേക്ക് നയിക്കാം. എന്നാല്‍ ഇവ വൈറസിനെപ്പോലെ നേരിട്ട് കാന്‍സറിനു കാരണമാവുകയല്ല മറിച്ച് വിട്ടുമാറാത്ത അണുബാധയിലേക്കും അതുവഴി വീക്കത്തിനും ടിഷ്യൂകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവാനും കാരണമാവുകയാണ് ചെയ്യുന്നത്. രണ്ടു സാഹചര്യങ്ങളിലും കോശങ്ങള്‍ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ക്രമേണ കാന്‍സര്‍ സാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്. അണുബാധ മൂലമുണ്ടാകുന്ന പല കാന്‍സറുകളും പ്രതിരോധിക്കാവുന്നവ ആണെന്നും ഗവേഷകര്‍ എടുത്തുപറയുന്നുണ്ട്. അതില്‍ പ്രധാനിയാണ് എച്ച്.പി.വി. വാക്സിന്‍. വാക്സിന്‍ സ്വീകരിച്ചവരില്‍ എച്ച്.പി.വി അണുബാധ 90% കുറഞ്ഞെന്നും ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒന്നാം ക്ലാസ്സില്‍ കണക്കു പഠിപ്പിക്കുകയായിരുന്നു ടീച്ചര്‍. ഒരു കുട്ടിയോട് ടീച്ചര്‍ ചോദിച്ചു: ''ഞാന്‍ നിനക്ക് ആദ്യം ഒരു ആപ്പിള്‍ തന്നു... പിന്നെ ഒരു ആപ്പിള്‍... വീണ്ടും ഒരു ആപ്പിള്‍. ഇപ്പോള്‍ നിന്റെ കയ്യില്‍ എത്ര ആപ്പിളുണ്ട്?''  കുട്ടി പറഞ്ഞു:  ''നാല്.''  ടീച്ചര്‍ ഒന്ന് അമ്പരന്നു. ചോദ്യം മാറ്റി.  ''ശരി... നിനക്ക് ഏറ്റവും ഇഷ്ടമുള്ള മാങ്ങയാകട്ടെ. ഒരു മാങ്ങ... പിന്നെ ഒരു മാങ്ങ... വീണ്ടും ഒരു മാങ്ങ. ഇപ്പോള്‍ എത്ര മാങ്ങയുണ്ട്?''  കുട്ടി പറഞ്ഞു: ''മൂന്ന്.''  തന്റെ തന്ത്രം വിജയിച്ചെന്ന് കരുതി ടീച്ചര്‍ സന്തോഷിച്ചു.  വീണ്ടും ചോദിച്ചു:''ഒരു ആപ്പിള്‍... പിന്നെ ഒരു ആപ്പിള്‍... വീണ്ടും ഒരു ആപ്പിള്‍. ഇപ്പോള്‍ എത്ര ആപ്പിളുണ്ട്?''കുട്ടി ഉറച്ച സ്വരത്തില്‍ പറഞ്ഞു:''നാല്!''ടീച്ചര്‍ക്ക് ദേഷ്യം വന്നു.''അതെങ്ങനെയാണ് നാല്?''കുട്ടി വളരെ നിഷ്‌കളങ്കമായി പറഞ്ഞു:''എന്റെ ബാഗില്‍ നേരത്തേ ഒരു ആപ്പിളുണ്ടല്ലോ!''ജീവിതത്തിലും പലപ്പോഴും ഇങ്ങനെയാണ്. നമ്മള്‍ വിചാരിക്കുന്ന ഉത്തരമാണ് ശരിയെന്ന് വാശിപിടിക്കേണ്ടതില്ല. ഓരോരുത്തരുടെയും അറിവും അനുഭവവും സാഹചര്യവും വ്യത്യസ്തമാണ്. അതുകൊണ്ട് ഒരേ ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങളും ഉണ്ടാകാം. പരീക്ഷാ പേപ്പറില്‍ മാത്രമാണ് നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരേയൊരു ഉത്തരം എഴുതേണ്ടത്. ജീവിതത്തില്‍ സമവാക്യങ്ങള്‍ മാറാം... ഉത്തരങ്ങളും മാറാം. ഒരേ ചോദ്യത്തിന് പല ഉത്തരങ്ങള്‍ കിട്ടുമ്പോള്‍, ആ ഉത്തരങ്ങള്‍ക്ക് പിന്നിലെ അറിവും അനുഭവവും മനസ്സിലാക്കാന്‍ ശ്രമിക്കുക. കാരണം, മറ്റൊരാളുടെ ഉത്തരത്തെ തിരുത്തുന്നതിന് മുമ്പ് അയാള്‍ ആ ഉത്തരത്തിലെത്തിയത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതാണ് പ്രധാനം. അത്തരം മനസ്സിലാക്കലുകളാണ് പലപ്പോഴും നമ്മുടെ ബന്ധങ്ങളെയും...നമ്മുടെ ജീവിതത്തെയും മാറ്റിമറിക്കുന്നത്. - ശുഭദിനം.
Previous Post Next Post
3/TECH/col-right