2026 | സെപ്റ്റംബര്‍ 30 | ബുധന്‍
1202 | കന്നി 14 | ഭരണി, കാര്‍ത്തിക
◾ എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം 6 ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതാപിതാക്കളുടെ വോട്ടര്‍ ഐഡി വിവരങ്ങള്‍ ചേര്‍ക്കണമെന്ന നിബന്ധനയാണു പിന്‍വലിച്ചത്. ഇതേസമയം, രാജ്യത്തിന് വഴി തെറ്റുന്നുവെന്നും എസ്.ഐ.ആറിന് കുറിച്ചുള്ള സംശയങ്ങള്‍ നീക്കണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു.
◾ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷത്തെ ഇന്ത്യ സഖ്യകക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു. സമര പ്രഖ്യാപനം വൈകുന്നേരത്തോടെ. തുടര്‍സമരങ്ങളും ഇംപീച്ച്മെന്റ് നോട്ടീസും പരിഗണനയിലുണ്ട്. 19 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
◾ പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയെന്നും 250 പേര്‍ റെഡ് കാറ്റഗറിയിലുള്ളവരെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. റവന്യൂ, എല്‍എസ്ജിഡി, മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങിയിലുള്ള ഉദ്യോഗസ്ഥരാണ് പട്ടികയില്‍ കൂടുതലുള്ളത്. വിദേശത്തു പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് പോലും ഇടനിലക്കാരില്‍നിന്നു പണം വാങ്ങുന്നുണ്ട്. അഴിമതിക്കാര്‍ നടത്തുന്നത് ബിനാമി ഇടപാടുകളാണ്.
◾ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ഉണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. നെയ്യാറ്റിന്‍കരയ്ക്ക് സമീപം പാലിയോട് കോണ്‍ഗ്രസ് ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു.
◾ ഉപയോഗിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യമെന്ന് മന്ത്രി അനുപ് ജേക്കബ്. റേഷന്‍ കാര്‍ഡ് അടിസ്ഥാനരേഖയാണ്. കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് ഉടന്‍ കേരളം കത്ത് നല്‍കും. ആറു മാസമായി ഉപയോഗിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ നാളെ മുതല്‍ മരവിപ്പിക്കുമെന്നാണ് കേന്ദ്ര നിലപാട്. ഒരു കോടി 58 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിക്കാനാണ് തീരുമാനം.
◾ കാന്‍സര്‍ മരുന്നുവിലയിലെ കൊള്ളയ്‌ക്കെതിരെ സുപ്രീംകോടതി. കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ എങ്ങനെയാണ് മരുന്നിന് പത്തിരട്ടിവില നിശ്ചയിക്കപ്പെടുന്നത് എന്ന് വിമര്‍ശിച്ച കോടതി, ലാഭം എങ്ങോട്ടേക്കാണ് പോകുന്നതെന്നും ചോദിച്ചു.
◾ മരുന്ന് കണക്കുകളില്‍ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍. അടിയന്തരമായി മരുന്ന് എത്തിക്കാന്‍ കെഎംഎസ്സിഎല്‍-ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നു സംഭരണശാലകള്‍ കാലിയാണെന്നും സ്റ്റോക്ക് എത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ഡിഎംഒമാരും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
◾ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. രാവിലെ കവടിയാറില്‍ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നില്‍ ഒരു പൊലീസ് ജീപ്പ് കൂടി അധികമായി ഉണ്ടായിരുന്നു. കാറില്‍നിന്ന് ഇറങ്ങിയ ഉടന്‍ ഡിസിപിയോട് തനിക്ക് അധിക സുരക്ഷ വേണ്ടന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
◾ മുണ്ടംവേലി ഫ്ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി കെ എം ഷാജി ആണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് നിര്‍മാണത്തിലെ അപാകതകള്‍ നിയമസഭയില്‍ ഉന്നയിച്ചത് മുഹമ്മദ് ഷിയാസ് ആയിരുന്നു. എല്ലാ കുളിമുറികളിലും ചോര്‍ച്ചയുള്ള ഫ്ലാറ്റ് പൊളിച്ചു കളയണമെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞിരുന്നത്.
◾ മലയാളി അത്ലെറ്റ് ആന്‍സി സോജനെതിരായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷന്‍. ഏഷ്യന്‍ ഗെയിംസില്‍ ലോംഗ് ജംപില്‍ വെള്ളി മെഡല്‍ നേടിയ ആന്‍സി ധരിച്ചിരുന്ന ആഭരണങ്ങള്‍, ഹെയര്‍സ്റ്റൈല്‍, മേക്കപ്പ് എന്നിവയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. ആഭരണങ്ങള്‍ അഴിച്ചുവച്ച് ചാടിയിരുന്നെങ്കില്‍ സ്വര്‍ണം കിട്ടുമായിരുന്നെന്നായിരുന്നു ഒരു വിമര്‍ശനം.
◾ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ വനംവകുപ്പ് നല്‍കിയ കുറ്റപത്രം കോടതി മടക്കിയ സംഭവത്തില്‍ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് വനംവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കുറ്റപത്രത്തിലെ പിഴവുകള്‍ ബോധപൂര്‍വം പ്രതികളെ സഹായിക്കാനാണോ അല്ലയോ എന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പിസിസിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പു മന്ത്രി ഷിബു ബേബിജോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
◾ 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപ്രവര്‍ത്തക നിന സബ്നാനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിക്കും.
◾ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മുന്‍മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി എസ്ഐടി ഉടന്‍ രേഖപ്പെടുത്തും. വീണാ ജോര്‍ജിന്റെ ഗണ്‍മാന്റെ മൊഴിയും എസ്ഐടി എടുക്കും.
◾ ഇടുക്കി മെഡിക്കല്‍ കോളജില്‍ കാലാവധി കഴിഞ്ഞ മരുന്ന് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് നല്‍കിയെന്ന് ആരോപണം. പരാതി ലഭിച്ച സൂപ്രണ്ട് ഫാര്‍മസി അധികൃതരോട് റിപ്പോര്‍ട്ട് തേടി. ഭൂമിയാംകുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്.
◾ പനി കേസുകളില്‍ വര്‍ധന. ഈ മാസം ഇതുവരെ 20 ഇന്‍ഫ്ലുവന്‍സ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇന്‍ഫ്ലുവന്‍സ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു.
◾ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകള്‍ക്ക് വിലക്കയറ്റമുണ്ടായിട്ടും അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ശൈലജ കുറ്റപ്പെടുത്തി.
◾ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ആന്റോ അഗസ്റ്റിന് കളമശ്ശേരി പൊലീസ് നോട്ടീസ് നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നല്‍കിയത്.
◾ സ്വന്തം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനില്ലെന്ന് ചിന്ത ജെറോം. കേന്ദ്ര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ച പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രി ജെനീഷിനെ പരിഹസിച്ചാണ് ചിന്തയുടെ പരിഹാസം.
◾ 1988-ല്‍ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ വയോധികന് തടവും പിഴയും. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടില്‍ അബ്ദുല്‍ സമദ്(76)നെയാണ് 13 വര്‍ഷം തടവിനും 16000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.
◾ ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയില്‍ ഭര്‍ത്താവ് നിധിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
◾ നാളെ മുതല്‍ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളില്‍ നിരവധി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. എടിഎം സര്‍വ്വീസ് ചാര്‍ജ്, എല്‍പിജി ഇന്ധന സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കല്‍, മ്യൂച്വല്‍ ഫണ്ട്/എഫ്ഡി നിയമങ്ങള്‍, ബാങ്കിങ് അപ്‌ഡേറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കൊടുംഭീകരന്‍ മൂസയെയാണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
◾ ബിഹാറില്‍ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വസതികളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഒരു കോടിയിലേറെ രൂപയും ആഭരണങ്ങളും ആഡംബര വാച്ചുകളും മറ്റും കണ്ടെടുത്തു. പട്നയിലെ എ.ഡി.എം രവീന്ദ്ര കുമാര്‍ ദിവാകര്‍, അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പൂരിലെ ഡിസ്ട്രിക്റ്റ് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുടെ വീടുകളിലാണ് മിന്നല്‍ റെയ്ഡ് നടത്തിയത്.
◾ ബേബി ഫോര്‍മുല ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവുമായി മഹാരാഷ്ട്ര എഫ് ഡി എ കമ്മീഷണര്‍ തുക്കാറാം മുണ്ടെ. ഉത്പന്നങ്ങളില്‍ അമ്മയുടെയും കുട്ടിയുടെയും ചിത്രം ഉപയോഗിക്കരുതെന്നും മുലപ്പാല്‍ ആണ് ഉത്തമം എന്ന് എന്നെഴുതണമെന്നും എഫ് ഡി എ നിര്‍ദേശം നല്‍കി. നവജാത ശിശുക്കള്‍ക്കായുളള ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ വില്‍ക്കുകയോ സൗജന്യമായി വിതരണം ചെയ്യാനോ പാടില്ലെന്നും എഫ് ഡി എ വ്യക്തമാക്കി.
◾ കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിക്കായി ശാസ്ത്രി ഭവന്‍ പൊളിച്ചുമാറ്റാന്‍ നീക്കം. ഇതോടെ,ശാസ്ത്രി ഭവനില്‍ പ്രവര്‍ത്തിക്കുന്ന ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറിയുടെ (സിഎസ്എല്‍) ഭാവി അനിശ്ചിതത്വത്തിലായി.
◾ ഭോപ്പാലില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാകേഷ് അഗര്‍വാളിനെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടില്‍ ജോലിക്ക് ചേര്‍ന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
◾ ഹൈദരാബാദിലെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടും അഡീഷണല്‍ പ്രൊഫസറുമായ ഡോ. നോരി ലക്ഷ്മി ഭാസ്‌കറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം ഊര്‍ജ്ജിതമാക്കി.
◾ എഫ്സിആര്‍എ നിയമ ഭേദഗതിയില്‍ വ്യക്തത തേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സര്‍ക്കാര്‍ വിലക്കുന്ന അക്കൗണ്ടുകളിലെ പണം എന്ത് ചെയ്യണമെന്നതില്‍ വ്യക്തത വേണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ചല്ല ശ്രീനിവാസലു സെട്ടി ആവശ്യപ്പെട്ടു.
◾ പുനര്‍ജന്മം കിട്ടുമെന്ന അന്ധവിശ്വാസത്തോടെ അച്ഛന്റെ മൃതദേഹം നാല് വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച മക്കളെ പോലീസ് ചോദ്യം ചെയ്തു. മുംബൈ മലാഡിലാണ് സംഭവം. 78 കാരന്റെ മൃതദേഹം പൂട്ടിയിട്ട കെട്ടിടത്തില്‍ മാസം ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് ഫ്രീസറില്‍ സൂക്ഷിച്ചത്. മകനും യുഎസിലുള്ള മകളും ചേര്‍ന്നാണ് സംവിധാനമൊരുക്കിയത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പരാതിപ്പെട്ടപ്പോഴാണ് അന്വേഷണവുമായി പോലീസ് എത്തിയത്.
◾ ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായതോടെ രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില 15 ശതമാനംവരെ കുറഞ്ഞു. ഇറക്കുമതിത്തീരുവ 150 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറച്ചതോടെ ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ വില 4,250 രൂപയില്‍നിന്ന് 3,800 രൂപയായി കുറഞ്ഞു. അടുത്ത പത്തുവര്‍ഷത്തിനകം ഇറക്കുമതി തീരുവ 40 ശതമാനമാക്കും.
◾ ഇറാഖിലെ സൈനിക താവളങ്ങളില്‍നിന്ന് യുഎസ് സേന പൂര്‍ണമായി പിന്മാറുന്നു. രണ്ടു പതിറ്റാണ്ടിലധികം നീണ്ട ഇറാഖിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനാണ് അവസാനമാകുന്നത്. സദ്ദാം ഹുസൈനെ പുറത്താക്കാന്‍ 2003-ലാണ് അമേരിക്കന്‍ സേന ഇറാഖിനെ ആക്രമിച്ച് സൈനിക താവളം ആരംഭിച്ചത്.
◾ ഒമാനിലെ പ്രശസ്തമായ കടലാമ സംരക്ഷണ കേന്ദ്രത്തില്‍ ആമയുടെ പുറത്ത് കയറിയിരുന്ന് റീല്‍ ചിത്രീകരിച്ച ഉക്രെയ്ന്‍ ദമ്പതികള്‍ക്കെതിരെ ഒമാന്‍ എന്‍വയോണ്‍മെന്റ് അതോറിറ്റിയുടെ നിയമനടപടി. സൗത്ത് അല്‍ ഷര്‍ഖിയയിലെ റാസ് അല്‍ ഹദ്ദിലാണ് സംഭവം.
◾ സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ബി-1 ചത്വരത്തിലുള്ള ഇന്ത്യന്‍ എംബസി പരിസരത്താണ് ഓപ്പണ്‍ ഹൗസ് നടക്കുക.
◾ വൈറ്റ് ഹൗസില്‍ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി മേധാവികളുമായി നടത്തിയ പ്രധാന കൂടിക്കാഴ്ചയില്‍ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയെ പ്രശംസ കൊണ്ട് മൂടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പിച്ചൈയെ 'മോണ്‍സ്റ്റര്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, സാങ്കേതികവിദ്യാ രംഗത്ത് അദ്ദേഹത്തിനുള്ള വലിയ സ്വാധീനത്തെയും വിജയത്തെയുമാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.
◾ നിര്‍മ്മിത ബുദ്ധി മേഖലയില്‍ ചൈനയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എഐ രംഗത്തെ സഹകരണം അമേരിക്കന്‍ കമ്പനികള്‍ക്കൊപ്പം എത്താന്‍ ബെയ്ജിങ്ങിനെ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം.
◾ പരിശീലനപ്പറക്കലിനിടെ റഷ്യന്‍ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തന്ത്രപ്രധാനമായ ബോംബര്‍ വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 6 സൈനികര്‍ കൊല്ലപ്പെട്ടു.
◾ പൈലറ്റുമാര്‍ തമ്മിലുള്ള തര്‍ക്കംമൂലം വിമാനം അടിയന്തരമായി ലാന്‍ഡു ചെയ്തു. ദുബായില്‍നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനം അടിയന്തരമായി വടക്കന്‍ സൗദി അറേബ്യയില്‍ അടിയന്തരമായി ലാന്‍ഡു ചെയ്തപ്പോള്‍ വിമാനം റാഞ്ചിയതാകുമെന്നാണ് എല്ലാവരും കരുതിയത്.
◾ ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തു മല്‍സരത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ചൈനയെ തോല്‍പിച്ചാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപര്‍ത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘം സ്വര്‍ണം നേടിയത്.
◾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം മാറിയതിന് പിറകേ ക്ലബ്ബിനെതിരെയുള്ള ബഹിഷ്‌കരണം പിന്‍വലിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. യുഎഇ ആസ്ഥാനമായുള്ള അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കുകയും ആരാധകരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതോടെയാണ് മഞ്ഞപ്പടയുടെ ഈ തീരുമാനം.
◾ അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ പദവിയില്‍ നിന്ന് സ്ഥാനമൊഴിയുന്നതോടെ, മുന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ അടുത്ത ചീഫ് സെലക്ടറാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 39-കാരനായ പ്രഗ്യാന്‍ ഓജ നിലവില്‍ നാലംഗ സെലക്ഷന്‍ കമ്മിറ്റിയുടെ ഇടക്കാല ചീഫ് സെലക്ടറായി പ്രവര്‍ത്തിച്ചു വരികയാണ്.
◾ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലെ സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും നേരിട്ട് സംയോജിപ്പിച്ച ബിസിനസ്സുകളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളില്‍ 2026 സെപ്റ്റംബര്‍ 30-നകം ഒരു പേയ്മെന്റ് രീതി ചേര്‍ക്കണമെന്ന് മെറ്റ അറിയിച്ചു. അല്ലാത്ത പക്ഷം 2026 ഒക്ടോബര്‍ 1ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മെറ്റ ഈ സേവന സന്ദേശങ്ങള്‍ നിര്‍ത്തിവയ്ക്കും. പരിമിതമായ എണ്ണം സന്ദേശങ്ങള്‍ സൗജന്യമാവുമെങ്കിലും ഓര്‍ഡര്‍ സ്ഥിരീകരിക്കുക, ഡെലിവറി അപ്‌ഡേറ്റുകള്‍ അയയ്ക്കുക എന്നീ യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് 24 മണിക്കൂര്‍ പരിധിക്കുള്ളില്‍ അയച്ചാല്‍ പോലും മെറ്റ നിശ്ചിത തുക ഈടാക്കും. സാധാരണ വാട്‌സാപ്പ് ഉപയോക്താക്കളേയോ, വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോക്താക്കളേയോ ബാധിക്കുന്ന മാറ്റമല്ല. മറിച്ച് വാട്സ്ആപ്പിന്റെ ബിസിനസ് പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താക്കളായ വാണിജ്യസ്ഥാപനങ്ങള്‍ക്കാണ് ബാധകമാവുക.
◾ തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'യേഴു കടല്‍ യേഴു മലൈ'. ഒക്ടോബര്‍ 1ന് റിലീസാകുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യ മൂന്നുമിനിറ്റ് ടൈറ്റില്‍ കാര്‍ഡ് പുറത്തുവിട്ടു. നിവിന്‍ പോളി, സൂരി, അഞ്ജലി എന്നിവരുടെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനുകളാണ് പുറത്തുവന്നത്. ഒരു കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കുന്ന ശൈലിയിലാണ് ടൈറ്റില്‍ കാര്‍ഡിന്റെ അവതരണം. 8000-ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. രവി മരിയ, എന്‍. അഴക പെരുമാള്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
◾ നടന്‍ മമ്മൂട്ടിയുടെ വോയ്‌സ് ഓവറില്‍ എത്തുന്ന മലയാളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് ഡോക്യുമെന്ററി സീരീസ് 'പന്തടിക്കാം' ഒക്ടോബര്‍ 1 മുതല്‍ സീ5ല്‍. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള അഞ്ച് എപ്പിസോഡുകളിലൂടെ ആദ്യകാല ക്ലബ് ഫുട്ബോളില്‍ നിന്ന് സന്തോഷ് ട്രോഫിയുടെ സുവര്‍ണ്ണകാലഘട്ടങ്ങളിലേക്കും പിന്നീട് ഇന്നത്തെ പ്രൊഫഷണല്‍ ഫുട്ബോളിലേക്കുമുള്ള കേരളത്തിന്റെ വളര്‍ച്ച പറയുന്നു. ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബോള്‍ താരങ്ങള്‍ കേരളത്തില്‍ ചെലുത്തിയ സ്വാധീനവും ഫുട്ബോളിനോടുള്ള മലയാളികളുടെ ആവേശവും ആരാധകരുടെ ആഘോഷങ്ങളും ഉള്‍പ്പെടെ കേരളത്തിന്റെ ഫുട്ബോള്‍ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളാണ് 'പന്തടിക്കാം' അവതരിപ്പിക്കുന്നത്. സംവിധാനം, പശ്ചാത്തല സംഗീതം - നിക്സ് ലോപ്പസ്, രചന - ഗീതാര്‍ത്ഥ എ.ആര്‍, നിര്‍മാണം - ഡോ.സംഗീത ജനചന്ദ്രന്‍, ഛായാഗ്രഹണം - ജോ ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിംഗ് - സജീഷ് സ്വാമിനാഥന്‍.
◾ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഫ്ലാഗ്ഷിപ്പ് സ്പോര്‍ട്സ് ടൂറിങ് ബൈക്കായ ഹയാബൂസയുടെ പുതിയ പ്രത്യേക പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 19.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പേള്‍ വിഗോര്‍ ബ്ലൂ നിറത്തില്‍ മാത്രമാണ് ഹയാബൂസ പ്രത്യേക പതിപ്പ് ലഭിക്കുക. പുതിയ ഹയാബൂസയില്‍ എലിയി പവര്‍ ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹയാബൂസയുടെ 1340 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍-4 എഞ്ചിനില്‍ മാറ്റമില്ല. സുസുക്കിയുടെ എക്സ്ഹോസ്റ്റ് സൗണ്ട് ക്വാളിറ്റി ഇവാലുവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി എക്സ്ഹോസ്റ്റ് ശബ്ദവും വികസിപ്പിച്ചിട്ടുണ്ട്. മോഷന്‍ ട്രാക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ദ്വിദിശ ക്വിക്ക് ഷിഫ്റ്റ് സംവിധാനം, സുസുക്കി ഈസി സ്റ്റാര്‍ട്ട് സംവിധാനം, ലോ ആര്‍പിഎം അസിസ്റ്റ്, സ്ലോപ്പ് ഡിപ്പന്‍ഡന്റ് കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയ നിരവധി റൈഡിങ് സഹായ സംവിധാനങ്ങളും ഹയാബൂസയില്‍ ലഭിക്കും. പൂര്‍ണ എല്‍ഇഡി ലൈറ്റിങ് സംവിധാനവും ബൈക്കിലുണ്ട്.
◾ ഗൗതമന്‍ സാക്ഷാല്‍ 'ഗൗതമന്‍' തന്നെയാണ്. രോഗം, വാര്‍ദ്ധക്യം, വേര്‍പാട്, മരണം എന്നീ ലൗകിക ദുഃഖങ്ങള്‍ക്കിടയില്‍ അഭയത്തിന്റെ താഴ്വാരം തേടുന്ന മനുഷ്യാത്മാവിന്റെ ചിത്രമാണിത്. ഒരു തിരമാലത്തുമ്പില്‍ ഒരായുസ്സു മുഴുവന്‍ നനയാതെ പിടിച്ചു നില്‍ക്കാമെന്ന് ഗൗതമന്‍ മോഹിച്ചതു ഭോഷ്‌ക്ക്. അതിനിടയില്‍ അകര്‍മ്മണ്യതയുടെ നിശ്ചലതയുമായി കഴിയാമെന്ന് മോഹിച്ചതും ഭോഷ്‌ക്ക്. ചലനവും ഒഴുക്കുമാണ് സത്യം. ഗഹനമായ ഭാവാത്മകചിത്രങ്ങളെ ആവാഹിക്കുന്ന വത്സലയുടെ കരുത്തുറ്റ നോവല്‍. 'ഗൗതമന്‍'. പി വത്സല. ഗ്രീന്‍ ബുക്സ്. വില 218 രൂപ.
◾ മിക്കവാറും ആളുകള്‍ അവരുടെ സൗകര്യത്തിനാണ് കുളിയുടെ സമയം ക്രമീകരിക്കുന്നത്. എന്നാല്‍ സാധാരണമെന്ന് തോന്നുന്ന ഈയൊരു കാര്യം നിങ്ങളെ ദീര്‍ഘകാല രോഗിയാക്കുന്നതിലേക്ക് നയിക്കാം. ശരീരം മുഴുവന്‍ നീര്, കഴുത്ത് വേദന, തോളു വേദന, സന്ധികളില്‍ വേദന തുടങ്ങിയ പല രോഗാവസ്ഥകളുമായി ആളുകള്‍ ചികിത്സയ്ക്കെത്താറുണ്ട്. അവരില്‍ ഭൂരിഭാഗം ആളുകളും തെറ്റായ സമയത്താണ് കുളിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് കുളിച്ചാല്‍ അടുത്ത ദിവസം രാത്രിയോടെയാകും കുളിക്കുക. ഇങ്ങനെ ദിവസവും സമയം മാറ്റി കുളിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം. ദിവസവും രാവിലെ പത്ത് മണിക്ക് മുന്‍പായി കുളിക്കുക എന്നത് പ്രധാനമാണ്. ഇത് നിങ്ങളെ ഉന്മേഷത്തോടെ ദിവസം ആസ്വദിക്കാന്‍ സഹായിക്കും. വൈകുന്നേരങ്ങളിലെ കുളി ഏറ്റവും അപകടം. വൈകുന്നേരം കുളിക്കുന്നത് ചിലരില്‍ തലനീരിറങ്ങാന്‍ കാരണമാകും. ഇത് കഴുത്തിനും തോളിനുമൊക്കെ വേദന ഉണ്ടാകാം. പ്രത്യേകിച്ച് പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ കൂടി ഉണ്ടെങ്കില്‍ നീര് വീണാല്‍ പിന്നെ പോകാന്‍ ബുദ്ധിമുട്ടാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം, രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരവും മനസ്സും ശാന്തമാകാന്‍ സഹായിക്കുകയും മെച്ചപ്പെട്ട ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ അവിടെ ശ്രദ്ധിക്കേണ്ടതും ഇതേ കാര്യമാണ്. രാത്രി തലകുളി ഒഴിവാക്കുക എന്നത് പ്രധാനമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.88, പൗണ്ട് - 127.19, യൂറോ - 108.77, സ്വിസ് ഫ്രാങ്ക് - 115.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.86, ബഹറിന്‍ ദിനാര്‍ - 254.34, കുവൈത്ത് ദിനാര്‍ -310.45, ഒമാനി റിയാല്‍ - 249.33, സൗദി റിയാല്‍ - 25.53, യു.എ.ഇ ദിര്‍ഹം - 26.13, ഖത്തര്‍ റിയാല്‍ - 26.31, കനേഡിയന്‍ ഡോളര്‍ - 67.58.
➖➖➖
Tags:
KERALA