Trending

പ്രഭാത വാർത്തകൾ

2026  സെപ്റ്റംബര്‍ 29 | ചൊവ്വ 
1202  കന്നി 13 | അശ്വതി
1448  റ: ആഖിർ 17

◾  രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോടും റിസര്‍വ് ബാങ്കിനോടും വിശദീകരണം തേടി. നിയമപരമായ അടിസ്ഥാനം എന്താണ്?  ആര്‍ക്കാണ് വരുമാനം ലഭിക്കുക? എങ്ങനെയാണ് വിതരണം ചെയ്യുക?- സുപ്രീംകോടതി ആരാഞ്ഞു. അതേസമയം തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

◾  സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടില്‍ പണമുണ്ടെങ്കില്‍ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാര്‍ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമാകുമെന്നും ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ഡിഎംഒമാര്‍ ഉള്‍പ്പെടുന്ന ഔദ്യോഗിക വാട്സാപ് ഗ്രൂപ്പില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശമാണു ചോര്‍ന്നത്. യുഡിഎഫ് സര്‍ക്കാര്‍ ആരോഗ്യ മേഖലയെ തകര്‍ത്തെന്നു സമ്മതിക്കുന്ന സന്ദേശമാണു പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

◾  മരുന്നു ക്ഷാമം ഒക്ടോബര്‍ 15 നകം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ചില മരുന്നുകളുടെ കുറവുണ്ട്. അടിയന്തരമായി വാങ്ങേണ്ട മരുന്നുകള്‍ റെഡി പര്‍ച്ചേഴ്‌സില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ അഭാവം  പരിഹരിക്കുമെന്നും ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

◾  ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ക്ക് അമിത വില ഈടക്കുന്നുവെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പേറ്റന്റ് മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നതിലും ഇടപെടാവുന്നതാണെു കോടതി നിര്‍ദേശം നല്‍കി.

◾  ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാന്‍ തദ്ദേശ'ത്തിന് തുടക്കം. മലപ്പുറം വേങ്ങരയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാര്‍ഡിലേക്കും വ്യാപിപ്പിക്കും. എല്ലാ വാര്‍ഡിലും തൂഫാന്‍ സമിതികള്‍ രൂപീകരിക്കും. ക്യാമ്പസുകളിലേക്കും തൂഫാന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം 30 ശതമാനം വരെ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.


◾  സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 56.18 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്.  

◾  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച ദൃശ്യം പിന്‍വലിച്ചത് ആശയക്കുഴപ്പം ഒഴിവാക്കാനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ.ജെ. ജനീഷ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണു തന്റെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റു ചെയ്തതെന്നും എന്നാല്‍ മന്ത്രിയെന്ന നിലയിലാണ് അതു പിന്‍വലിച്ചതെന്നും ജനീഷ് പറഞ്ഞു.

◾  പോലീസ് കുറ്റപത്രവും അന്തിമ റിപ്പോര്‍ട്ടും ഡിജിറ്റല്‍ ആക്കുന്നു. എഡിജിപിമാരുടെ യോഗത്തിലാണു തീരുമാനം.

◾  വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനമിച്ചില്ലെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍. കോടതിയില്‍ കേസ് തീര്‍ന്നിട്ടില്ല. വാദങ്ങള്‍ തുടരുകയാണെന്നും ഷംസുദീന്‍.

◾  ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍. ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

◾  വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ അറസ്റ്റിലായ ആംസ്റ്റര്‍ ഓവര്‍ സീസ് സിഇഒ പാര്‍വതി മായയ്ക്ക് ജാമ്യം. മൂന്നാമത്തെ കേസിലും പാര്‍വതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.



◾  നടി അന്‍സിബ നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ ഹൈക്കോടതിയില്‍. 'അമ്മ' സംഘടനയ്ക്കു വേണ്ടി സ്പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്നം തീര്‍ക്കാനേ സമയമുള്ളൂവെന്നും കോടതിയുടെ വിമര്‍ശനം.

◾  പഞ്ചാബ് ജലന്തറിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തിനിടെ ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥിനികളെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇടപെട്ട് രാത്രി വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു.  ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിനികളെ കേരള ഹൗസിന്റെ വാഹനത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചാണ് യാത്ര ഒരുക്കിയത്.  

◾  വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ സിപിഎം മങ്കട ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ കെ.ടി. നൗഫലിനു സസ്പെന്‍ഷന്‍. പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖ ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്.

◾  മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ യൂട്യൂബര്‍ അശ്വന്ത് കോക്കിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അശ്വന്തിന്റെ വാഹനം കോഴിക്കോട് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.

◾  വീടിനുപിന്നില്‍ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി. താഹാമുക്കില്‍ പൂജാ സ്റ്റോര്‍ നടത്തുകയായിരുന്ന കിളികൊല്ലൂര്‍ ചാത്തിനാംകുളം പാരിപ്പള്ളില്‍ വീട്ടില്‍ ഹരീന്ദ്രന്‍ പിള്ള (55) ആണ് ജീവനൊടുക്കിയത്. കുടുംബവുമായി അകല്‍ച്ചയിലായിരുന്നു ഇദ്ദേഹം.

◾  തൃശൂര്‍ വെങ്കിടങ്ങില്‍ പശു തൊഴുത്തിന് തീയിട്ടു. ക്ഷീരകര്‍ഷകനായ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്താണ് കത്തി നശിച്ചത്. കഞ്ചാവ് വില്‍പനക്കാരാണു തീയിട്ടതെന്ന് നാട്ടുകാര്‍.


◾  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സിപിഎമ്മും. ഡല്‍ഹി, ജയ്പൂര്‍, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ജയ്പൂരില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹിയില്‍ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികള്‍ ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചു നടത്തിയത്. നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള റോഡുകള്‍ അടച്ചു. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

◾  മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സി പി എം ആസ്ഥാനമായ എ കെ ജി ഭവന് മുന്നില്‍നിന്ന് ഭഗത് സിങ് സ്മാരകത്തിലേക്ക് ഇടത് നേതാക്കളുടെ പ്രതിഷേധ മാര്‍ച്ച്. സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

◾  മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ മുംബൈയിലെ ശിവജി പാര്‍ക്കില്‍ 'ജയില്‍ ഭരോ ആന്ദോളന്‍'നടത്തുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദിപ്കെ. ജനാധിപത്യം സംരക്ഷിക്കാനാണു ജയില്‍നിറയ്ക്കല്‍ സമരമെന്നും അദ്ദേഹം പറഞ്ഞു.

◾  ഡല്‍ഹിയില്‍ യമുനാതീരത്തെ ബേല എസ്റ്റേറ്റിലെ 728 പേരില്‍ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. 2024 ലും 2025 ലും വോട്ട് ചെയ്ത തൊഴിലാളികളുടെ വോട്ടാണ് എസ്ഐആറിന്റെ പേരില്‍ വെട്ടിയത്. സ്ഥലം സന്ദര്‍ശിച്ച് രാഹുല്‍ എസ്ഡിഎമ്മിനോട് ഫോണില്‍ സംസാരിക്കുന്ന വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു. ഇത് എസ്ഐആറല്ല വോട്ടു മോഷണമാണ്. എസ്ഐആറിന് രൂപം നല്‍കിയവര്‍ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

◾  ഡല്‍ഹിയിലെ തുടര്‍ച്ചയായ ലൈംഗികാതിക്രമ കേസുകളില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പാര്‍ക്കില്‍ നടന്ന കൂട്ടബലാത്സംഗവും, ഗ്രേറ്റര്‍ നോയിഡയില്‍ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവവും കോടതി പരാമര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ നിയമപാലന സംവിധാനത്തിന്റെയും പൊതുഭരണ സംവിധാനത്തിന്റെയും വീഴ്ചയാണെന്നു കോടതി.

◾  കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങള്‍ കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു.

◾  ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട പിഴത്തുക ഈടാക്കാന്‍ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

◾  തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്ന തര്‍ക്കത്തില്‍ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം. മമത ബാനര്‍ജി, ഋതബ്രത ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാല് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.

◾  മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേശ് കുമാര്‍ സിംഗ് എന്നിവരെ നിയമിക്കാനാണു ശുപാര്‍ശ.

◾  ഉത്തര്‍പ്രദേശിലെ വൃന്ദാവനത്തിലെ ആശ്രമത്തില്‍ യുവസന്യാസി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. മരിച്ച ദീപക് ലോധി (25)യുടെ ജനേന്ദ്രിയം അടക്കം ശരീരത്തില്‍ അസാധാരണ മുറിവുകളുണ്ട്. മുറിയില്‍നിന്ന് ടൈല്‍സ് മുറിക്കുന്ന ഗ്രൈന്‍ഡര്‍ കണ്ടെത്തി.

◾  ഹൈദരാബാദില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തില്‍ ഭാര്യ രമാദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. 52 കാരനായ ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്.

◾  സിനിമയ്ക്ക് മുന്‍പ് 22 മിനിറ്റോളം നേരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി. ഹൈദരാബാദിലെ ഒരു മള്‍ട്ടിപ്ലക്സ് തിയേറ്ററിനെതിരെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പിഴ ചുമത്തിയത്.

◾  നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 68 ആയി. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി. വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

◾  ആണവപദ്ധതികളില്‍ ഇറാന്‍ നിയന്ത്രണത്തിനു തയാറായാല്‍ സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കാമെന്നും മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകള്‍ വിട്ടുകൊടുക്കാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍, നാവിക ഉപരോധം നീക്കല്‍, മേഖലയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കല്‍ തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശം ട്രംപ് നേരത്തെ തള്ളിയിരുന്നു.

◾  അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ ശക്തമായി നേരിടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനെയിയും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി. രാജ്യത്തെ മൂന്നു കോടിയോളം ജനങ്ങള്‍ ജീവന്‍ തൃജിക്കാന്‍  തയ്യാറാണെന്നും സായുധരായി അവര്‍ യുദ്ധത്തെ നേരിടുമെന്നും മുജ്തബ ഖമനെയി പ്രഖ്യാപിച്ചു.

◾  റഷ്യയും യുക്രെയ്‌നും തമ്മില്‍ നാല് വര്‍ഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും അടിയന്തരമായി ചര്‍ച്ച നടത്താന്‍ തയ്യാറാവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

◾  കനത്ത മഴയെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉപേക്ഷിച്ചതോടെ, ഇന്ത്യ ഏഷ്യന്‍ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റിന്റെ സെമി ഫൈനലിലെത്തി. നിഷിനിലെ കൊറോഗി സ്പോര്‍ട്സ് പാര്‍ക്ക് ഗ്രൗണ്ടില്‍ ടോസിന് 16 മിനിറ്റ് മാത്രം ശേഷിക്കെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

◾  ഏഷ്യന്‍ ഗെയിംസ് ലോങ് ജമ്പില്‍ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റര്‍ ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ രണ്ടാമതെത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വര്‍ണം. ഉസ്‌ബെകിസ്താന്റെ അന്‍വറോവ് വെങ്കലവും സ്വന്തമാക്കി.

◾  ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചരിത്രം കുറിച്ച് വിത്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. മലയാളിതാരം പി.ടി. ഉഷയുടെ 42 വര്‍ഷം മുന്‍പുള്ള റെക്കോഡാണ് വിത്യ മറികടന്നത്. 1984 ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സില്‍ 55.42 സെക്കന്‍ഡാണ് പി.ടി ഉഷ കുറിച്ച സമയം. വിത്യ 54.75 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.

◾  ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇരട്ട മെഡലുമായി ഇന്ത്യ. പരിക്കുമൂലം നീരജ് ചോപ്ര വിട്ടുനിന്ന മത്സരത്തില്‍ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. യഷ്വീര്‍ സിങ് വെള്ളിയും രോഹിത് യാദവ് വെങ്കലവും നേടി. ശ്രീലങ്കയുടെ ലോകചാമ്പ്യന്‍ രുമേഷ് പതിരങ്കയ്ക്കാണ് സ്വര്‍ണം. 88.55 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് രുമേഷ് ഒന്നാമതെത്തിയത്. യഷ്വീര്‍ 85.72 മീറ്ററും രോഹിത് 84.35 മീറ്ററും പിന്നിട്ടു.

◾  വനിതാ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം സീസണിന് മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടു. ഗ്രേസ് ഹാരിസിനെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജി. കമാലിനിയെ മുംബൈ ഇന്ത്യന്‍സും ഒഴിവാക്കി. ഒക്ടോബര്‍ 28-ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ചാണ് താരലേലം നടക്കുന്നത്. 2027 ജനുവരി 14 മുതല്‍ ഫെബ്രുവരി 7 വരെയാണ് ടൂര്‍ണമെന്റ്. അഞ്ച് ഫ്രാഞ്ചൈസികളിലായി ആകെ 63 താരങ്ങളെ നിലനിര്‍ത്തി. നിലവിലെ ചാമ്പ്യന്മാരായ ആര്‍.സി.ബി 13 താരങ്ങളെയും, ഗുജറാത്ത് ജയന്റ്സ് 15 താരങ്ങളെയും നിലനിര്‍ത്തി.

◾  ഡേവിഡ് മില്ലറുടെയും ക്യാപ്റ്റന്‍ ടെംബ ബാവുമയുടെയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ മികവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 32 റണ്‍സിന്റെ ഉജ്ജ്വല വിജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ അവസാന ഓവറില്‍ 333 റണ്‍സിന് പുറത്തായി.

◾  വി-ഗാര്‍ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്പേഴ്സണും മാനേജിങ് ഡയറക്ടറുമായി മിഥുന്‍ കെ ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 2012 മുതല്‍ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവിലെ ചെയര്പേഴ്സണ്‍ രാധ ഉണ്ണിയുടെ കാലാവധി പൂര്ത്തിയായതോടെയാണ് മിഥുനെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി തെരഞ്ഞെടുത്തത്.

◾  ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. സെന്‍സെക്‌സ് 1124 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിലവില്‍ സെന്‍സെക്‌സ് ആറുമാസത്തെ താഴ്ന്ന നിലയിലാണ്. നിഫ്റ്റി 22,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. വിപണി ഇടിഞ്ഞതോടെ നിക്ഷേപകര്‍ക്ക് 7.41 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഒന്നടങ്കം വിപണി മൂല്യം 474.47 ലക്ഷം കോടിയായാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിന് മുകളിലാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ എണ്ണവില വര്‍ധന കാര്യമായി ബാധിക്കും. ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ ഇടയാക്കിയേക്കും. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

◾  കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സുരക്ഷാ സേവനമായ 'ജിയോഷീല്‍ഡ്' അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. ലൊക്കേഷന്‍ ട്രാക്കിംഗ്, എസ്.ഒ.എസ് അലര്‍ട്ടുകള്‍, പാരന്റല്‍ കണ്‍ട്രോളുകള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 1,000 രൂപ എന്റോള്‍മെന്റ് ഫീസിലാണ് ജിയോഷീല്‍ഡ് ലഭ്യമാകുന്നത്. പ്രതിമാസം ശരാശരി 83 രൂപയാകും. ജിയോയുടെ പത്താം വാര്‍ഷിക ഓഫറിന്റെ ഭാഗമായി സെപ്റ്റംബര്‍ 26 മുതല്‍ പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ ഫോണില്‍ 'ജിയോതിങ്സ്' ആപ്പും കുട്ടികളുടെ ഫോണില്‍ 'ജിയോഷീല്‍ഡ്' ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യണം. കൂടാതെ ഇരുവര്‍ക്കും സജീവമായ ജിയോ മൊബൈല്‍ കണക്ഷന്‍ ഉണ്ടായിരിക്കണം.

◾  വിക്രം പ്രഭുവിനെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സിറ്റി ഓഫ് ഗോള്‍ഡ്' ചിത്രത്തിന്റെ തെലുങ്ക് ഗ്ലിംപ്സ് പുറത്തുവിട്ടു. ശിവാത്മിക രാജശേഖര്‍ ആണ് നായിക. നിര്‍മ്മാതാക്കളായ റോമിയോ പിക്ചേഴ്സ് ഉടമ രാഹുലും അമല ഷാജിയും ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമാണ് ഗ്ലിംപ്സും പുറത്ത് വിട്ടിരിക്കുന്നത്. അളഗം പെരുമാള്‍, ജാഫര്‍ ഇടുക്കി, ജി എം സുന്ദര്‍, വസുന്ധര, സുനില്‍ സുഗത, ജയകുമാര്‍, മൗറിഷ് ദാസ്, ബാല ഹാസന്‍, ലിസി ആന്റണി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - കാര്‍ത്തിക് ഷരാജ്. സംഗീതം - യുവന്‍ ശങ്കര്‍ രാജ.

◾  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ടോണി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം 'പ്യൂപ്പ' യിലെ മൂന്നാമത്തെ ഗാനവും പുറത്തെത്തി. ജീവേഷ് വര്‍ഗീസും ദീപയുമാണ് അഭിനേതാക്കള്‍. ജോ പോള്‍ രചിച്ച് രഘുപതി പൈ ഈണമിട്ട ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിന്ദിയിലാണ്. മന്‍ മേം, ബാഗിച, മത് ഹോഷ് എന്നിവയാണ് ഗാനങ്ങള്‍. മൂന്നു ഗാനങ്ങളില്‍ ഒന്ന് വാരാണസിയുടെ രാത്രിക്കാഴ്ചകളിലൂടെയുള്ളത്. മറ്റൊന്ന് പ്രണയഗാനം. ഇന്‍സെസ്റ്റ് സ്വഭാവത്തിലുള്ള മൂന്നാമത്തെ ഗാനമാണ് 'മന്‍ മേം'. ആലാപനം - ശിവാനി ഭഗത്. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പോലീസുദ്യോഗസ്ഥന്‍ വാരാണാസിയിലെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

◾  ബൈബിളിലെ ആദ്യപ്രണയകഥയാണ് യാക്കോബിന്റേതും റാഹേലിന്റേയും. തന്റെ മാതൃദേശത്തേക്കുള്ള യാക്കോബിന്റെ യാത്ര, ആ പ്രണയകാലം, ആ തൊഴില്‍കാലം, ലാബാന്റെ ചതി, ആ ആത്മസംഘര്‍ഷങ്ങള്‍ എന്നിവ ആവിഷ്‌കരിക്കുന്ന മനോഹരമായ നോവലാണ് 'പ്രണയത്തിന്റെ ഉല്പത്തി പുസ്തകം'. ഈ നോവല്‍ വെറുമൊരു ബൈബിള്‍ കഥയുടെ പുനരാഖ്യാനമല്ല, പകരം ആ പ്രണയകഥയ്ക്ക് ഇന്നോളം കല്പിച്ചിട്ടില്ലാത്ത പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും സമ്മാനിക്കുകയാണ് ചെയ്യുന്നത്. 'പ്രണയത്തിന്റെ ഉല്‍പത്തി പുസ്തകം'. മുരളി ജെ നായര്‍. ഗ്രീന്‍ ബുക്സ്. വില 304 രൂപ.

◾  പൂര്‍ണമായും എഥനോളില്‍ ഓടുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിന്റെ ആവശ്യമില്ലാതെ 100 ശതമാനവും എഥനോളില്‍ ഓടുന്ന വാഹനമായിരിക്കും ഇത്. നിലവില്‍ 19 രാജ്യങ്ങളില്‍ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ എഥനോളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. മധ്യപ്രദേശിലെ 10 റൂട്ടുകളില്‍ ഹൈഡ്രജന്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ഇ- ബസ് സേവാ സ്‌കീം അനുസരിച്ച് ഹൈഡ്രജന്‍ ബസുകള്‍ക്കായി 57000 കോടി രൂപയാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. 10,000 ബസുകള്‍ നിരത്തിലിറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

◾  അല്ലിയം എന്ന ഗണത്തില്‍ പെട്ടതാണെങ്കിലും സവാളയുടെയും ചെറിയുള്ളിയുടെയും ഗുണത്തിലും രുചിയിലും വ്യത്യാസങ്ങളുണ്ട്. ഉരുണ്ടതും വലുപ്പം കൂടിയതുമായ സവാള പല നിറത്തില്‍ ലഭ്യമാണ്. യെല്ലോ ഒനിയന്‍, റെഡ് ഒനിയന്‍, വൈറ്റ് ഒനിയന്‍ എന്നിങ്ങനെ പലതരത്തിലാണ് സവാളയുള്ളത്. ഷാലറ്റ് എന്നാണ് ചെറിയുള്ളിയെ വിളിക്കുന്നത്. സവാളയെ അപേക്ഷിച്ച് ചെറിയുള്ളി വലിപ്പത്തില്‍ ചെറുതും കട്ടി കുറവുമായിരിക്കും. കൂടാതെ ഇവയ്ക്ക് നേരിയ തോതില്‍ മധുരവുമുണ്ട്. കൂടാതെ ഒരു വിത്തില്‍ നിന്ന് മൂന്നും നാലും അല്ലി ചെറിയുള്ളി കിട്ടും. ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവാണ്. 100 ഗ്രാം സവാളയില്‍ ഏകദേശം 40 കലോറിയാണ് ഉള്ളത്. ചെറിയുള്ളില്‍ 72 കലോറിയുണ്ട്. എന്നാല്‍ സവാളയെക്കാള്‍ നാരുകള്‍ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്. ഇത് ദഹനത്തിന് സഹായിക്കും. ഇവ രണ്ടിലും ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും കണക്കില്‍ ചെറിയുള്ളിയാണ് മുന്നില്‍. ചെറിയുള്ളിയില്‍ 8.4 മില്ലി ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കില്‍ സവാളയില്‍ അതിന്റെ അളവു 7.4 മില്ലി ഗ്രാം ആണ്. ഇവ രണ്ടിലും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയുള്ളിയില്‍ വിറ്റാമിന്‍ ബി6, മാഗനീസ്, കോപ്പര്‍, ഫോലേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ സോക്രട്ടീസ് തന്റെ മുന്നിലിരിക്കുന്ന സദസ്സിനോട് ചോദിച്ചു: നിങ്ങള്‍ ഒറ്റക്ക് ഒരു കൊടുംകാട്ടിലൂടെ നടന്നുപോവുകയാണെന്ന് സങ്കല്‍പിക്കുക.  പെട്ടെന്ന് നിങ്ങളുടെ മുന്നില്‍ ഒരു സിംഹം വരുന്നു. ഭയന്ന് പിന്നിലേക്ക് തിരിഞ്ഞോടാന്‍ ശ്രമിക്കുമ്പോള്‍ ആവഴി ഒരു ഒറ്റയാന്‍ പാഞ്ഞുവരുന്നു. ഇടത്തോട്ടേക്ക് നോക്കിയപ്പോള്‍ വിശന്നുവലഞ്ഞ മുതലകള്‍ വായതുറന്ന് പിടിച്ചുനില്‍ക്കുന്ന പുഴ. വലത്തോട്ട് നോക്കിയപ്പോള്‍ നിങ്ങളെ ആക്രമിക്കാന്‍ കാത്തുനില്‍ക്കുന്ന നായ്കൂട്ടം.  രക്ഷപ്പെടാന്‍ നിങ്ങള്‍ എന്തുചെയ്യും? ചോദ്യം കേട്ട് സദസ്സില്‍ നിന്നും പലവിധ ഉത്തരങ്ങള്‍ ഉയര്‍ന്നുവന്നു.  ഞാന്‍ മരിച്ചതുപോലെ നിലത്തുകിടക്കും, അടുത്ത മരത്തില്‍ കയറിപറ്റും, അനങ്ങാതെ അവിടെ തന്നെ നില്‍ക്കും.. ഇങ്ങനെ വിവിധങ്ങളായ ഉത്തരങ്ങള്‍ വന്നുകൊണ്ടേയിരുന്നു.  പക്ഷേ, അതൊക്കെ തെറ്റായ ഉത്തരങ്ങളാണെന്ന് സോക്രട്ടീസ് പറഞ്ഞു. ചോദ്യം ശ്രദ്ധയോടെ കേള്‍ക്കണമെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചെങ്കിലും പിന്നെയും തെറ്റായ ഉത്തരങ്ങളാണ് വന്നത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ചെറിയ കുട്ടി  പറഞ്ഞു:  ഞാന്‍ ആ സങ്കല്‍പം അങ്ങ് നിര്‍ത്തും. ഉത്തരം കേട്ട സോക്രട്ടീസ് കുട്ടിയെ മുന്നിലേക്ക് നിര്‍ത്തി പറഞ്ഞു. ഇതാണ് ശരിയായ ഉത്തരം.  കാരണം നിങ്ങളുടെ മുന്നിലുണ്ടായ ആനയും മുതലയും സിഹവും എല്ലാം നിങ്ങളുടെ സങ്കല്‍പം മാത്രമാണ്.  ആ സങ്കല്‍പം നിര്‍ത്തുമ്പോള്‍ ആ അപകടങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ പൂര്‍ണ്ണമായും മുക്തനാകുന്നു.  നമ്മുടെ ദൈനംദിന ജീവിത്തിലും കാര്യങ്ങള്‍ ഇതുപോലെ തന്നെയാണ്.  യഥാര്‍ത്ഥ പ്രശ്നങ്ങളേക്കാള്‍ നമ്മെ തളര്‍ത്തുന്നതും ഭയപ്പെടുത്തുന്നതും നമ്മുടെ മനസ്സ് സൃഷ്ടിച്ചെടുക്കുന്ന ഭയാനകമായ കഥകളും ഊഹങ്ങളുമാണ്.  ഭയവും അനാവശ്യ വ്യാകുലതകളും മനസ്സിനെ വേട്ടയാടുമ്പോള്‍ അല്പസമയം ശാന്തമായി സ്വയം ചോദിക്കുക.  ഇത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന ഒന്നാണോ, അതോ മനസ്സിന്റെ സങ്കല്‍പം മാത്രമാണോ?   എന്ന്.  നമ്മുടെ ചിന്തകളെ ഭരിക്കാന്‍ പഠിച്ചാല്‍ ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്ന് സമാധാനവും സന്തോഷവും കണ്ടെത്താന്‍ നമുക്ക് സാധിക്കും - ശുഭദിനം.
Previous Post Next Post
3/TECH/col-right