2026 | ഓഗസ്റ്റ് 3, തിങ്കള്‍
1201 | കര്‍ക്കടകം 18, ഉത്രട്ടാതി
◾ കാലവര്‍ഷക്കെടുതിയില്‍ അടിയന്തര യോഗം ചേര്‍ന്ന് മന്ത്രിസഭ. പ്രളയക്കെടുതി നേരിടാന്‍ പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹമൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡാമുകളില്‍ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് കുറവാണെന്നും അതിനാല്‍ വ്യാജ പ്രചരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഴക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി അറിയിച്ചു.
◾ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങിന് 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വീടുകളില്‍ വെള്ളം കയറിയവര്‍ക്കും 10,000 രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നല്‍കും.
◾ സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോള്‍ താന്‍ ഭക്ഷണം കഴിച്ചു എന്ന പേരില്‍ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ അതീവഹീനവും മര്യാദകേടുമാണ.ന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 2018-ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.
◾ ഹെലിക്കോപ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ലെന്നും കൊച്ചിയിലെത്തിയ ഒരു ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിനെ കാണാനാണെന്നും അദ്ദേഹം വിശദീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടശേഷം കൊച്ചിയിലെത്തിയ ഈ സംഘത്തിന് ഞായറാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നുവെന്നും വന്ദേ ഭാരതിന് പോകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സമയക്കുറവ് മൂലമാണ് പ്ലാന്‍ മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കി 25 മണിക്കൂര്‍ സൗജന്യമായി പറക്കാന്‍ കരാറുള്ള ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിലൂടെ സര്‍ക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ മഴ ശക്തമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആര്‍ക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
◾ പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൂര്‍ണമായി തയ്യാറെന്നും ക്ലീനിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തന്നെ തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ ആറന്മുളയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള പാര്‍ത്ഥസാരതി ക്ഷേത്രത്തിന് സമീപം നിരവധി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഇപ്പോഴും വെള്ളത്തിനടിയിലാണ്. റാന്നിയില്‍ കയറിയ വെള്ളം മുഴുവന്‍ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്.
◾ പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് വരുന്നത്.
◾ തൃശ്ശൂരിലെ കരുവന്നൂര്‍ പുഴയില്‍ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റര്‍ കടന്ന് 3.588 മീറ്ററായി ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന്, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നു. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
◾ ഇടുക്കിയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഒന്നര മീറ്റര്‍ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തുക. കൂടുതല്‍ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തില്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി.
◾ കുട്ടനാടും അപ്പര്‍കുട്ടനാടും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ആലപ്പുഴയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂരില്‍ 12 ഉം കുട്ടനാട്ടില്‍ അഞ്ചും അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍ രണ്ട് വീതവും ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
◾ സംസ്ഥാനം പ്രളയക്കെടുതി നേരിടുന്നതിനിടെ കേരള മുഖ്യമന്ത്രി പൊന്നാനിയില്‍ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തതിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ''ഊണ് കഴിക്കുന്നത് തെറ്റാണോ'' എന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ പ്രതികരണം. ഇത്തരം വിവാദങ്ങള്‍ വിഷയ ദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും മുരളീധരന്‍ പ്രതികരിച്ചു.
◾ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതിയായ കെ എ രതീഷ് രാജിവച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി, റൂട്രോണിക്‌സ് എം ഡി സ്ഥാനങ്ങളാണ് രാജിവച്ചത്. രാജിവെക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
◾ മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
◾ തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നിര്‍ദേശിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സര്‍ക്കുലര്‍. ഷെല്‍ട്ടര്‍ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാന്‍ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നിര്‍ദേശം.
◾ നെന്‍മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയില്‍ നിന്ന് നെന്‍മാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.
◾ കര്‍ണാടകത്തില്‍ വീണ്ടും ലിഫ്റ്റ് അപകടം.ക്ഷേത്ര ദര്‍ശനത്തിനെത്തിയ റിട്ടയേര്‍ഡ് എന്‍ജിനീയര്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങി മരിച്ചു. ഷിമോഗയിലെ ശ്രീ ദത്താത്രേയ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. 80കാരനായ റിട്ടയേര്‍ഡ് എന്‍ജിനീയര്‍ ലിഫ്റ്റ് ഉണ്ടെന്ന് കരുതി തുറന്ന വാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു.
◾ ചൈന, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം. 18 മുതല്‍ 24 മാസത്തിനുള്ളില്‍ 45,000 കോടി രൂപ ഇന്ത്യ നിക്ഷേപിക്കും.
◾ ലൈംഗികാരോപണ കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡെല്‍ഹി റൗസ് അവന്യൂ കോടതി. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയിരുന്നത്. ദീര്‍ഘനാളത്തെ വിചാരണാ നടപടികള്‍ക്ക് ശേഷം തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു.
◾ തന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യപ്പെട്ടവര്‍ ഇനി ആത്മപരിശോധന നടത്തണമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. അനുയോജ്യമായ സമയം വരുമ്പോള്‍ ഇതിനെല്ലാം മറുപടി നല്‍കുമെന്നും വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
◾ കര്‍ണാടകയില്‍ പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറായി. 20 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജിഎസ് പാട്ടീല്‍ സ്പീക്കറാകും. പൊന്നണ്ണയായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍. അതേസമയം, സലീം അഹമ്മദ് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്പീക്കറും ഉമാശ്രീ ഡെപ്യൂട്ടി സ്പീക്കറുമായിരിക്കും.
◾ മഹാരാഷ്ട്ര കോണ്‍ഗ്രസിനെ വെട്ടിലാക്കി പാദപൂജ വിവാദം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലയുടെ കാല്‍ കഴുകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഗുരുപൂര്‍ണിമയോട് ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലെ ദൃശ്യങ്ങളാണ് നിലവില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ആയുധമാക്കിയിട്ടുള്ളത്.
◾ ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ പെണ്‍കുട്ടിക്കെതിരായ നിയമനടപടികള്‍ ഡല്‍ഹി പോലീസ് അവസാനിപ്പിച്ചു. പെണ്‍കുട്ടി പ്രധാനമന്ത്രിയോട് മാപ്പ് പറയുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
◾ ഇറാനെതിരെയുള്ള യുദ്ധത്തില്‍ അടിയന്തരമായി പുതിയ തന്ത്രങ്ങളും ആശയങ്ങളും തേടി അമേരിക്കന്‍ സൈനിക വിഭാഗമായ 'സെന്‍ട്രല്‍ കമാന്‍ഡ്' രംഗത്ത്. ആഴ്ചകളായി തുടരുന്ന കനത്ത വ്യോമാക്രമണങ്ങള്‍ കൊണ്ട് ലക്ഷ്യം കാണാന്‍ കഴിയാതെ വന്നതോടെയാണ്, സൈന്യത്തിനുള്ളില്‍ തന്നെ പരമ്പരാഗതമല്ലാത്ത പുതിയ വഴികള്‍ക്കായുള്ള തിരച്ചില്‍ സജീവമാക്കിയിരിക്കുന്നത്.
◾ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിച്ച് ഹെലികോപ്ടറുകള്‍ ഗ്രീസില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഡെന്‍മാര്‍ക്ക് സ്വദേശിയായ പൈലറ്റും ഗ്രീസിലെ അഗ്‌നിശമന സേനാംഗവുമാണ് കൊല്ലപ്പെട്ടത്. ബ്രിട്ടനില്‍ നിന്നുള്ള പൈലറ്റും ഗ്രീസില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗത്തിനും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.
◾ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങാനൊരുങ്ങവെ, സംഘാടകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയ. വലിയ തുക മുടക്കി പ്രമുഖ ടീമുകളെ പ്രദര്‍ശന മത്സരങ്ങള്‍ക്ക് എത്തിക്കുന്നതിനേക്കാള്‍, തകര്‍ന്നുനില്‍ക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ അടിസ്ഥാന സൗകര്യങ്ങളും ഭരണസംവിധാനവും മെച്ചപ്പെടുത്താനാണ് അധികൃതര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ബൂട്ടിയ തുറന്നടിച്ചു.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറാനും സീനിയര്‍ ടീമിനെ പൂര്‍ണമായി പിരിച്ചുവിടാനുമുള്ള തീരുമാനത്തില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്തിരിയണമെന്നും അഭ്യര്‍ത്ഥിച്ച് ജംഷെഡ്പൂര്‍ എഫ്.സി താരങ്ങള്‍. രണ്ട് ഇന്ത്യന്‍ ദേശീയ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കളിക്കാരാണ് ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത്.
◾ രാജ്യത്തെ പ്രമുഖ സ്വര്‍ണവായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച നേട്ടം. ജൂണ്‍ പാദത്തിലെ ലാഭം 2,825 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 1,974 കോടി രൂപയായിരുന്നു. ഏകീകൃത വായ്പാ 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളര്‍ച്ചയാണ് ഈ പാദത്തില്‍ മാത്രമായി ഉണ്ടായത്. സ്വര്‍ണ പണയ വായ്പാ ആസ്തി 1,75,527 കോടി രൂപയായി. ഈ പാദത്തിലെ വളര്‍ച്ച 56,767 കോടി രൂപയാണ്. വായ്പാ ആസ്തി 1,72,053 കോടി രൂപയായി. അറ്റാദായം 2,550 കോടി രൂപയായി. സ്വര്‍ണ പണയ വായ്പാ ആസ്തി 1,63,298 കോടി രൂപയായി. മുത്തൂറ്റ് ഹോംഫിന്‍ ലിമിറ്റഡിന്റെ വരുമാനം 110 കോടി രൂപയായി. ലാഭം നാലു കോടി രൂപ. ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡ് വരുമാനം 452 കോടി രൂപയായി. 66 കോടി രൂപയാണ് ലാഭം. മുത്തൂറ്റ് മണി ലിമിറ്റഡ് വരുമാനം 511 കോടി രൂപയിലെത്തി. ലാഭം 172 കോടി രൂപ. ശ്രീലങ്കന്‍ സബ്സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍എസി വരുമാനത്തില്‍ 137 ശതമാനമാണ് വര്‍ധന. മുത്തൂറ്റ് ഫിനാന്‍സിന്റെ മൊത്തം വായ്പ ആസ്തി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,91,532 കോടി രൂപയിലും എത്തി.
◾ ഇന്ത്യയിലെ ഉപയോക്താക്കളോട് വാട്സ്ആപ്പ് അവരുടെ ജനനത്തീയതി നല്‍കാന്‍ ആവശ്യപ്പെടുന്നത് കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനോ? എന്നാല്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ സര്‍ക്കാര്‍ നിയമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വാട്‌സ്ആപ് നല്‍കുന്ന വിശദീകരണം. രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശനമായ പ്രായപരിധി നിയമങ്ങള്‍ വരാന്‍ പോകുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. പല വിദേശ രാജ്യങ്ങളും കൗമാരക്കാരെ സമൂഹമാധ്യമങ്ങളില്‍ നിന്നും വിലക്കിയിരുന്നു. വാട്സ്ആപ്പില്‍ പ്രായം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളൊന്നും വാട്സ്ആപ്പോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതിനും പ്രായത്തിനനുസൃതമായ ഫീച്ചറുകള്‍ നല്‍കുന്നതിനുമാണ് കമ്പനി സാധാരണയായി ഇത്തരം വിവരങ്ങള്‍ തേടുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരുന്നതുവരെ ഇത്തരം വാര്‍ത്തകളെ കരുതലോടെ കാണണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
◾ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ തങ്ങളുടെ ഇഎല്‍- പ്ലാറ്റ്ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 29ന് വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ അവതരിപ്പിച്ച ഇഎല്‍01 കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും പുതിയ സ്‌കൂട്ടര്‍.സ്മൂത്ത് ബോഡിവര്‍ക്കുകളോട് കൂടിയ ലളിതമായ ഡിസൈന്‍, പരന്ന ഫ്ലോര്‍ ബോര്‍ഡ്, ഉയര്‍ന്ന പിന്‍സീറ്റോട് കൂടിയ നീളമുള്ള ഒറ്റപ്പീസ് സീറ്റ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍. സ്‌കൂട്ടറിന്റെ മറ്റു സാങ്കേതിക വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്നില്‍ 14 ഇഞ്ചും പിന്നില്‍ 12 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകളാണ് വാഹനത്തില്‍ പ്രതീക്ഷിക്കുന്നത്. ബ്രേക്കിങ് വിഭാഗത്തില്‍ മുന്നില്‍ ഫ്രണ്ട് ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കും പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ കണ്‍ക്ടിവിറ്റിയോട് കൂടിയ ടിഎഫ്ടി ഡിസ്പ്ലേയായിരിക്കും മറ്റൊരു ആകര്‍ഷണം. ഒരു ലക്ഷം രൂപ മുതല്‍ 1.24 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.
◾ ഓണത്തിന് ഒരു വര്‍ണ്ണക്കൂടാരം ഒരുക്കാം! ഓരോ നിറങ്ങള്‍ക്കും ഓരോ കഥ പറയാനുണ്ട്. ഈ പുസ്തകത്തിലെ ഓരോ താളുകളും നിങ്ങളുടെ കുരുന്നുകളെ ഓണത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൂടുതല്‍ അടുപ്പിക്കും. 16 ഉത്സവകാല കളറിംഗ് പേജുകളും, ഒരു പ്രത്യേക ഓണം സ്റ്റിക്കര്‍ ഷീറ്റും ഇതിലുണ്ട്. നമുക്കൊരുമിച്ച് സന്തോഷം നിറഞ്ഞ മനോഹരമായ ഓര്‍മ്മകള്‍ക്ക് നിറം പകരാം. 'കളര്‍ ഓണം'. ഒരു സംഘം ലേഖകര്‍. കിന്‍ഡര്‍ കളരി. വില 142 രൂപ.
◾ പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ പാല്‍ നമ്മുടെ നിത്യജീവിതത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ എല്ലാവര്‍ക്കും പാല്‍ ഒരുപോലെ ദഹിക്കണമെന്നില്ല. പാല്‍ കുടിക്കുന്നത് നല്ലതാണോ എന്നത്, നിങ്ങളുടെ ശരീരം പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാരയെ എങ്ങനെ ദഹിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മൃഗങ്ങളുടെ പാല്‍ ദഹിപ്പിക്കാനുള്ള ശേഷി ഓരോരുത്തരിലും വ്യത്യസ്തമാണ്. പാലിലെ ലാക്ടോസിനെ ചെറുഘടകങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നത് ശരീരത്തിലെ ലാക്ടേസ് എന്ന എന്‍സൈം ആണ്. ഈ എന്‍സൈം ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്തവരിലാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടാകുന്നത്. പാല്‍ കുടിക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നത് പാല്‍ മോശമായതുകൊണ്ടല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിന് അത് ദഹിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാകാം. വയറു വീര്‍ത്തു കെട്ടുക, ഗ്യാസ് നിറയുക, വയറുവേദനയും അസ്വസ്ഥതയും, വയറിളക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. പാല്‍ കുടിച്ചിട്ട് യാതൊരു അസ്വസ്ഥതയും ഉണ്ടാകുന്നില്ലെങ്കില്‍ പാല്‍ ഒഴിവാക്കേണ്ടതില്ല. എന്നാല്‍ പാല്‍ സ്ഥിരമായി ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍ അത് ഒഴിവാക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകില്ല. തൈര്, യോഗര്‍ട്ട്, പനീര്‍, ചീസ് എന്നിവയില്‍ ലാക്ടോസിന്റെ അളവ് വളരെ കുറവായതിനാല്‍ ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്കും ഇവ എളുപ്പത്തില്‍ ദഹിക്കും. ബദാം പോലുള്ള നട്‌സ്, മുട്ട എന്നിവ പാലിന് പകരം കഴിക്കാവുന്നതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.32, പൗണ്ട് - 128.21, യൂറോ - 109.84, സ്വിസ് ഫ്രാങ്ക് - 117.84, ഓസ്ട്രേലിയന്‍ ഡോളര്‍ - 66.83, ബഹറിന്‍ ദിനാര്‍ - 253.74, കുവൈത്ത് ദിനാര്‍ -307.69, ഒമാനി റിയാല്‍ - 247.77, സൗദി റിയാല്‍ - 25.58, യു.എ.ഇ ദിര്‍ഹം - 25.45, ഖത്തര്‍ റിയാല്‍ - 26.15, കനേഡിയന്‍ ഡോളര്‍ - 67.88.
Tags:
KERALA