2026 | ഏപ്രില്‍ 29, ബുധന്‍
1201 | മേടം 16, അത്തം
◾ സംസ്ഥാനത്ത് വൈകീട്ട് ആറു മുതല്‍ രാത്രി 12 വരെ അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് നടപ്പാക്കിക്കൊണ്ടിരിക്കേ, അതു ലോഡ് ഷെഡിംഗല്ലെന്നും ഉപയോഗം കൂടുമ്പോള്‍ ഡ്രിപ്പാകുന്നതാണെന്നുമുള്ള വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇങ്ങനെ പ്രതികരിച്ചത്. ഇതേസമയം, പുറത്തു നിന്ന് വൈദ്യുതി ലഭിച്ചതോടെ ലോഡ് ഷെഡിംഗ് അധികനാള്‍ തുടരില്ലെന്നു കെഎസ്ഇബി.
◾ മില്‍മ പാലിന് ലിറ്ററിനു നാലു രൂപ കൂട്ടാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി കിട്ടിയാല്‍ മെയ് ഒന്നിന് വിലവര്‍ധന പ്രാബല്യത്തിലാകും. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
◾ കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തര്‍ക്കത്തിനിടെ കമ്മീഷന്‍ അംഗങ്ങളുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കൂടിക്കാഴ്ച നടത്തി. 250 മെഗാ വാട്ട് വൈദ്യുതി പുറത്തുനിന്നു വാങ്ങാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ എട്ടിനാണ് കെഎസ്ഇബി നല്‍കിയത്. 24 നു ഹിയറിംഗ് നടത്തിയെങ്കിലും അനുമതി നല്‍കിയില്ല. പിറ്റേന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോഴാണ് 26 ന് അനുമതി നല്‍കിയത്. പവര്‍ എക്സ്ചേഞ്ചില്‍ 18 ാം തീയതിവരെ ലഭ്യമായിരുന്ന വൈദ്യുതി പിന്നെ കിട്ടാനില്ലാതായി. യഥാസമയം തീരുമാനിച്ചിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
◾ വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കെഎസ്ഇബി ഓഫീസുകളിലേക്കു നാട്ടുകാര്‍ മാര്‍ച്ചുമായി എത്തി. രാത്രി മണിക്കൂറുകളോളം വൈദ്യുതി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് നൂറിലേറെ പേര്‍ തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പായ വിരിച്ചു കിടക്കുകയും ചെയ്തു. കോഴിക്കോട് പന്നിയങ്കര, നാദാപുരം തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധമുണ്ടായി.
◾ ലോഡ് ഷെഡിങ്ങിനെതിരായ പ്രതിഷേധ സമരങ്ങള്‍ വര്‍ധിച്ചിരിക്കേ സംരക്ഷണം ആവശ്യപ്പെട്ടു കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കി. ആലുവ വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ് പരാതി നല്‍കിയത്.
◾ മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം എങ്ങനെ ഉണ്ടായെന്നു കണ്ടെത്തുക ശ്രമകരമാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍. ചികിത്സയിലുള്ളവരില്‍നിന്ന് വിശദമായി മൊഴിയെടുക്കും. സ്ഥലം സന്ദര്‍ശിച്ചും പഠിക്കും. വെടിക്കെട്ടുകളുടെ ഭാവി നിര്‍ണയിക്കാന്‍ കഴിയുന്ന റിപ്പോര്‍ട്ട് ആകും തയ്യാറാക്കുകയെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ അറിയിച്ചു.
◾ മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആര്‍.എസ്.എസ് വേഷത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയില്‍ ആണ് നടപടി.
◾ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രി ആകണമെന്ന പ്രാര്‍ത്ഥനയുമായി കളഭം കൊണ്ടുള്ള തുലാഭാരം. പാലക്കാട് ജില്ലയിലെ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏമൂര്‍ ഹേമാംബിക ക്ഷേത്രത്തില്‍ കളഭതുലാഭാരം നടത്തിയത് തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഡ്വ: സിഎം അനില്‍കുമാറാണ്.
◾ നെട്ടയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും മൊഴി നല്‍കാന്‍ നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് നോട്ടീസ്. ഡെപ്യൂട്ടി മേയര്‍ ആശ നാഥ്, കൗണ്‍സിലര്‍മാരായ സുമി ബാലു, യമുന എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാല്‍ നോട്ടീസ് നല്‍കാനായില്ല.
◾ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി തന്റെ വാഹനത്തില്‍ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 250 രൂപ പിഴയിട്ടു. കേസെടുത്ത് അന്വേഷിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും കേസെടുക്കാന്‍ മടിച്ച് പോലീസ്.
◾ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കണ്ടെത്തിയ മാനസിക വൈകല്യമുള്ള കാഷ്മീരി യുവാവിനെ കാഷ്മീര്‍ പോലീസും ബന്ധുവും എത്തി തിരികെ നാട്ടിലേക്കു കൊണ്ടുപോയി. മുഷ്താഖ് അഹമ്മദ് പണ്ഡിറ്റ് എന്ന 45 വയസുള്ള ബിലാല്‍ പണ്ഡിറ്റ് കഴിഞ്ഞ 21 നാണ് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കണ്ടത്. ഇയാളെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
◾ പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അടക്കം മൂന്ന് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. ചാടിപ്പോയ പ്രതികളില്‍ റസലിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
◾ കണ്ണൂരില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു. തലശ്ശേരി പൊന്ന്യം കുണ്ടുചിറ സ്വദേശി രാജന്‍ (58) ആണ് മരിച്ചത്.
◾ ബിജു പ്രഭാകറിന്റെ പുസ്തകത്തിലുള്ളത് പല വകുപ്പുകളിലെയും തോന്നിവാസങ്ങള്‍ ആണെന്നും സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തകയല്ലെന്നും എന്‍ പ്രശാന്ത് ഐഎഎസ്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്‍ പ്രശാന്ത് പറഞ്ഞു.
◾ ലോഡ് ഷെഡ്ഡിംഗില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍. പ്രൊഫഷണല്‍ എഞ്ചിനീയര്‍മാരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
◾ ഇടുക്കി നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തിയ പ്രതി സജിയെ 14 ദിവസത്തേക്കു നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
◾ നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാലു കോടി രൂപയുടെ നാശനഷ്ടം. പുറമേരി സിറ്റി ടവര്‍ ബില്‍ഡിങ്ങിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു നില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങളും നശിച്ചു.
◾ കരുനാഗപ്പള്ളിയയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച. കന്നേറ്റി പാലത്തിനു സമീപം കരോട്ട് ജംഗ്ഷനിലാണ് പാചകവാതക ടാങ്കര്‍ മറിഞ്ഞത്.
◾ പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി വിദ്യാര്‍ഥി മരിച്ചു. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹനീന്‍ അബ്ദുസമദ് (15) ആണ് മരിച്ചത്. മലപ്പുറം ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്‌മാന്റെയും റിയാദിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ഷയീന്റെയും മകനാണ്.
◾ പശ്ചിമബംഗാളില്‍ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പലയിടത്തും അക്രമം. 40,000 ബൂത്തുകളില്‍ 12,000 ബൂത്തുകള്‍ പ്രശ്‌ന ബാധിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടര ലക്ഷം കേന്ദ്രസേന ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
◾ എഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഡല്‍ഹി പൊലീസ് അയ്യായിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഒരു ഡസനിലധികം തവണ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നു, വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി, 100 ലധികം ടീഷര്‍ട്ടുകള്‍ പ്രിന്റ് ചെയ്തെന്നും പൊലീസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അടക്കം 16 പേരാണു പ്രതികള്‍. ഫെബ്രുവരി 20 ന് ഭാരത് മണ്ഡപത്തില്‍ ഉച്ചകോടി നടക്കുന്നതിനിടെ വേദിയില്‍ ഷര്‍ട്ട് ഊരി 'സറണ്ടര്‍ മോദി' എന്ന മുദ്രാവാക്യം മുഴക്കിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
◾ തമിഴ്നാട്ടിലെ മുന്‍മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ ട്രാന്‍സ്ഫോര്‍മര്‍ അഴിമതിക്കേസ് മദ്രാസ് ഹൈക്കോടതി സിബിഐക്കു വിട്ടു. ടെണ്ടര്‍ ക്രമക്കേടില്‍ 397 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് പരാതി. അഴിമതി വിരുദ്ധ സംഘടന അറപ്പോര്‍ ഇയക്കം ആണ് ഹര്‍ജി നല്‍കിയത്. 2021 നും 2023 നും ഇടയില്‍ ബാലാജി വൈദ്യുതിമന്ത്രി ആയിരിക്കെ നടന്ന ഇടപാടിലാണ് പരാതി.
◾ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ കോലം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ബിജെപി എംഎല്‍എ അനുപമ ജയ്‌സ്വാളിനെ അഖിലേഷ് യാദവ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ബഹ്‌റൈച്ചില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് അപ്രതീക്ഷിതമായി തീ ആളിപ്പടര്‍ന്നത്. ലഖ്‌നൗവിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനുപമയെയും കുടുംബാംഗങ്ങളെയും കണ്ട അഖിലേഷ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
◾ അവധി കിട്ടാന്‍ ആംഗന്‍വാടി ജീവനക്കാരി ആശുപത്രി കിടക്കയില്‍നിന്നും തന്റെ കൈയില്‍ കുത്തിയ ഐവി ഫ്ലൂയിഡ് ഡ്രിപ്പുമായി ഭര്‍ത്താവിന്റെ സഹായത്തോടെ അധികൃതര്‍ക്കു മുന്നില്‍ ഹാജരാകുന്ന വീഡിയോ വൈറലായി. ബിഹാറിലെ കതിഹാറില്‍ സര്‍ക്കാരിനു കീഴിലുള്ള ആംഗന്‍വാടിയിലെ ജീവനക്കാരി അസുഖംമൂലം അവധി ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ തെളിവു ഹാജരാക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.
◾ ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന് ആരോപിച്ച് മൂന്ന് അമേരിക്കന്‍ പൗരന്മാരോട് ഇന്ത്യ വിട്ടുപോകാന്‍ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു. മെയ് പത്തിനകം രാജ്യം വിടണമെന്നാണ് 'ലീവ് ഇന്ത്യ നോട്ടീസിലൂടെ' പൊലീസ് നിര്‍ദ്ദേശിച്ചത്.
◾ വടക്കുകിഴക്കന്‍ നൈജീരിയയിലെ ഗോംബി പ്രദേശത്തെ ഗയാകു ഗ്രാമത്തില്‍ ഭീകര സംഘടനയായ ഐഎസിന്റെ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഫുട്ബോള്‍ മൈതാനത്ത് തീവ്രവാദികള്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു.
◾ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയില്‍ സ്വതന്ത്ര നാവിക ഗതാഗതം പുനഃസ്ഥാപിക്കണമെന്നുംഇന്ത്യ ആവശ്യപ്പെട്ടു.
◾ ബ്രിട്ടനിലെ ചാള്‍സ് രാജാവും കമില രാജ്ഞിയും അമേരിക്കയില്‍ സന്ദര്‍ശനവുമായി എത്തി. യുഎസ് കോണ്‍ഗ്രസിനെ ചാള്‍സ് അഭിസംബോധന ചെയ്തു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരണമെന്ന് ചാള്‍സ് പറഞ്ഞു.
◾ യുക്രൈന്‍ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാന്‍ സ്വയം പൊട്ടിത്തെറിച്ച ഉത്തര കൊറിയന്‍ സൈനികരെ പ്രകീര്‍ത്തിച്ച് പരമോന്നത നേതാവ് കിം ജോങ് ഉന്‍. സൈനികരെ 'വീരന്മാര്‍' എന്ന് വിശേഷിപ്പിച്ച കിം ജോങ് ഉന്‍, അവരുടെ ത്യാഗത്തിന് നഷ്ടപരിഹാരമോ പാരിതോഷികമോ നല്‍കി വിലയിടാനിവില്ലെന്നും പറഞ്ഞു.
◾ ഇറാന്‍ യുദ്ധത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ എത്രത്തോളം കൃത്യമാണെന്ന കാര്യത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് കടുത്ത സംശയം പ്രകടിപ്പിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍.
◾ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒമ്പതുകാരനായ കുട്ടിയും കൊല്ലപ്പെട്ടു.
◾ ഫിഫ ലോകകപ്പ് കിക്കോഫിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഫുട്ബോള്‍ ഗ്രൗണ്ടിലെ അധിക്ഷേപങ്ങള്‍ തടയാന്‍ നിയമമാറ്റങ്ങളുമായി ഫിഫ. വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാര്‍ക്ക് ഇനി നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടും. ലിപ് റീഡിംഗിലൂടെയോ വാര്‍ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും തടയാനാണ് ഈ നടപടി.
◾ ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ യുദ്ധവും ഹോര്‍മുസ് പ്രതിസന്ധിയും മൂലം എണ്ണവില കത്തിക്കയറിയിട്ടും തളരാതെ ലാഭം കൊയ്ത് ചൈനയുടെ വ്യവസായ മേഖല. മാര്‍ച്ചില്‍ വ്യാവസായിക ലാഭവളര്‍ച്ച 15.8 ശതമാനമായി. കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. 2026ന്റെ ആദ്യ 3 മാസക്കാലത്ത് വളര്‍ച്ചനിരക്ക് 15.5 ശതമാനമാണ്. കോവിഡ്കാലം ഒഴിച്ചുനിര്‍ത്തിയാല്‍ 2017ന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയുമാണിത്. എഐ, ചിപ്പ് നിര്‍മാണ മേഖലകളാണ് ചൈനയുടെ വ്യാവസായിക ലാഭക്കുതിപ്പിനെ നയിക്കുന്നത്. മാര്‍ച്ചില്‍ ഈ ഹൈ-ടെക് മേഖലയുടെ ലാഭം 21% ഉയര്‍ന്നു. ജനുവരി-മാര്‍ച്ചില്‍ ചൈനയുടെ കയറ്റുമതി മേഖല 14.7% വളര്‍ന്നിരുന്നു. 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. അതേസമയം, എണ്ണവില വര്‍ധന ചൈനയെ ബാധിക്കുന്നുണ്ട്. ഈ വര്‍ഷം പണപ്പെരുപ്പം 1.2 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാം. കഴിഞ്ഞവര്‍ഷം പണപ്പെരുപ്പം നെഗറ്റീവ് 2.6% വരെ താഴ്ന്നിരുന്നു.
◾ മോട്ടറോളയുടെ പുതിയ മോഡലായ മോട്ടറോള എഡ്ജ് 70 പ്രോ ഇന്ത്യയിലെത്തി. 36,999 രൂപ മുതലാണ് വില. 50 മെഗാപിക്സലിന്റെ സോണി ലിറ്റിയ 710 സെന്‍സര്‍ അടങ്ങിയ ട്രിപ്പിള്‍ പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന മോട്ടോ എഐ സാങ്കേതികവിദ്യയും എല്ലാ ക്യാമറകളിലും ഫോര്‍കെ 60 എഫ്പിഎസ് വിഡിയോ റെക്കോര്‍ഡിങ് സൗകര്യവുമുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്സ്ട്രീം പ്രോസസര്‍, 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 5200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.8 ഇഞ്ച് 1.5കെ ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ, പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും പൂര്‍ണ സംരക്ഷണത്തിനുള്ള ഐപി റേറ്റിംഗ്, 6500 എംഎഎച്ച് ബാറ്ററി, 90 വാട്ട് ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം എന്നിവയുമുണ്ട്. ഒന്‍പത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാം. മോട്ടോ എഐ 2.0 ഫീച്ചറുകളും കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾ 'ഗെയിം ഓഫ് ത്രോണ്‍സ്' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഹൗസ് ഓഫ് ദ് ഡ്രാഗണ്‍' മൂന്നാം സീസണ്‍ ട്രെയിലര്‍ എത്തി. കഴിഞ്ഞ സീസണിലെ സംഭവ ബഹുലമായ സാഹചര്യങ്ങള്‍ക്കുശേഷമുള്ള കാര്യങ്ങളാണ് ട്രെയിലറില്‍ അവതരിപ്പിക്കുന്നത്. ട്രെയിലര്‍ പുരോഗമിക്കുമ്പോള്‍, വരാനിരിക്കുന്ന വലുതും കൂടുതല്‍ ഭീകരവുമായ യുദ്ധങ്ങളുടെ സൂചനകളും ലഭിക്കുന്നു. സീസണ്‍ 3-ല്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന വലിയ യുദ്ധരംഗം ഉണ്ടാകും. സീരീസിന്റെ മൂന്നാം സീസണ്‍ 2026 ജൂണില്‍ പുറത്തിറങ്ങും. ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിനും റയാന്‍ കോണ്ടലും ചേര്‍ന്ന് നിര്‍മിച്ച ഹൗസ് ഓഫ് ദി ഡ്രാഗണ്‍, 'ഗെയിം ഓഫ് ത്രോണ്‍സി'ന്റെ ഒരു പ്രീക്വല്‍ ആണ്. മാറ്റ് സ്മിത്ത്, എമ്മ ഡി ആര്‍സി, ഒലീവിയ കുക്ക്, സ്റ്റീവ് ടൂസെന്റ്, റൈസ് ഇഫാന്‍സ്, ഫാബിയന്‍ ഫ്രാങ്കല്‍, ഇവാന്‍ മിച്ചല്‍, ടോം ഗ്ലിന്‍-കാര്‍ണി എന്നിവരാണ് അഭിനേതാക്കള്‍.
◾ സൂപ്പര്‍ ഹിറ്റ് ചിത്രം '3 ഇഡിയറ്റ്‌സിന്' രണ്ടാം ഭാഗം ഒരുങ്ങുന്നു. സൂപ്പര്‍ താരം ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ആമിര്‍ ഖാന്‍ അറിയിച്ചു. 3 ഇഡിയറ്റ്‌സ് അവസാനിച്ചിടത്തു നിന്നും പത്ത് വര്‍ഷത്തിനപ്പുറമുള്ള കഥയാകും സിനിമ പറയുക. പത്ത് വര്‍ഷത്തിന് ശേഷം രാഞ്ചോയ്ക്കും ഫര്‍ഹാനും രാജുവിനും എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നാകും ചിത്രം പറയുക. ആദ്യ ചിത്രം പോലെ തന്നെ ഏറെ തമാശകളുള്ളതായിരിക്കും രണ്ടാം ഭാഗമെന്നും ആമിര്‍ പറയുന്നുണ്ട്. ആമിറിനൊപ്പം ആര്‍ മാധവന്‍, ഷര്‍മന്‍ ജോഷി എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 3 ഇഡിയറ്റസ്. കരീന കപൂറായിരുന്നു നായിക. ഇന്ത്യയുടെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ചിത്രം. 2009 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ സൗഹൃദവും തമാശയുമൊക്കെ ഇന്നും ആരാധകര്‍ ആഘോഷിക്കുന്നതാണ്.
◾ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ പ്രീമിയം സെഡാനായ സിറ്റിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മെയ് 22ന് ഈ പുത്തന്‍ സെഡാന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അഞ്ചാം തലമുറ സിറ്റി പുറത്തിറങ്ങിയതിനുശേഷം മോഡലിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. യാന്ത്രികമായി നോക്കുകയാണെങ്കില്‍, നിലവിലുള്ള 1.5 ലിറ്റര്‍ ഐ- വിടെക് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിനും തന്നെ ഫെയ്സ്ലിഫ്റ്റിലും തുടരാനാണ് സാധ്യത. ഇവ യഥാക്രമം 121 എച്പി, 126 എച്പി കരുത്ത് പുറപ്പെടുവിക്കും. വേരിയന്റുകള്‍ക്കനുസരിച്ച് മാനുവല്‍, സിവിടി ഓപ്ഷനുകളില്‍ ഇവ ലഭ്യമാകും. വിപണിയിലെ മത്സരം കണക്കിലെടുത്ത് ആകര്‍ഷകമായ വിലയിലായിരിക്കും ഹോണ്ട ഈ പുത്തന്‍ സിറ്റിയെ അവതരിപ്പിക്കുക.
◾ കലയും മനുഷ്യസമുദായവും തമ്മിലുള്ള അനന്യബന്ധത്തിന്റെ ചരിത്രമന്വേഷിക്കുന്ന പുസ്തകമാണ് കലയുടെ സഞ്ചാരപഥങ്ങള്‍.ചിത്രകലയുടെയും ശില്‍പ്പകലയുടെയും നാളിതുവരെയുള്ള ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന, വിവിധ കലാപ്രസ്ഥാനങ്ങളെ ഗഹനമായി സമീപിക്കുന്ന ഈ പുസ്തകം കലാപഠിതാക്കള്‍ക്ക് നിഘണ്ടുസമാനമായി ഉപയോഗപ്പെടുന്ന അമൂല്യകൃതിയാണ്. ചിത്ര-ശില്‍പ്പ കലകളുടെ ചരിത്രജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പഠനഗ്രന്ഥം. 'കലയുടെ സഞ്ചാരപഥങ്ങള്‍'. ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി. മാതൃഭൂമി. വില 663 രൂപ.
◾ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ദിവസവും മുഴവന്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു കൊണ്ട് ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഈന്തപ്പഴത്തിലുള്ള ആന്റിഓക്സിഡന്റുകള്‍ക്ക് തലച്ചോറില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വീക്കം കുറയ്ക്കാന്‍ സാധിക്കും. ഇത് അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോ ഡീജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനുകളും കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴത്തിലെ സെലിനിയം, മാംഗനീസ്, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകള്‍ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി എന്നിവ ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവില്‍ ഇരുമ്പ് ഉള്ളതിനാല്‍ വിളര്‍ച്ചയും മുടികൊഴിച്ചിലും തടയും. ആമാശയ കാന്‍സര്‍ തടയുന്നതിനും ഈന്തപ്പഴം ഉത്തമമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല പുരുഷ ഹോര്‍മോണുകളായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തിനും ഇതിന് കഴിവുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.79, പൗണ്ട് - 128.06, യൂറോ - 110.99, സ്വിസ് ഫ്രാങ്ക് - 120.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.90, ബഹറിന്‍ ദിനാര്‍ - 251.14, കുവൈത്ത് ദിനാര്‍ -308.00, ഒമാനി റിയാല്‍ - 246.39, സൗദി റിയാല്‍ - 25.26, യു.എ.ഇ ദിര്‍ഹം - 25.74, ഖത്തര്‍ റിയാല്‍ - 26.00, കനേഡിയന്‍ ഡോളര്‍ - 69.25.
Tags:
KERALA