Trending

പ്രഭാത വാർത്തകൾ

2026  ഏപ്രില്‍ 28, ചൊവ്വ
1201  മേടം 15, ഉത്രം
1447  ദുൽഖഅ്ദ 10

◾  സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി നടപ്പാക്കാനായില്ല. കെഎസ്ഇബി, പവര്‍ എക്സ്ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി കിട്ടാനില്ല. രാത്രി അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. അതേസമയം സംസ്ഥാനത്ത് അപ്രാഖ്യാപിത ലോഡ്‌ഷെഡിംഗ് തുടരുകയാണ്.

◾  മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ മരിച്ച നാലു പേരെക്കൂടി തിരിച്ചറിഞ്ഞു. ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍ ഡി എന്‍ എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂര്‍ക്കര സ്വദേശി അഭിജിത്ത് (27), മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തെക്കുംകര സ്വദേശി സുരേഷ് (50) എന്നിവരാണ് മരിച്ചത്. ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

◾  അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നു ദളിത് സംഘടനകളുടെ ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. കടകള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് വ്യക്തമാക്കി.



◾  നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

◾  ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലീംലീഗ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച 51 വീടുകളില്‍ ഗൃഹപ്രവേശം നടന്നു. മൂന്നു കിടപ്പ് മുറികളോടുകൂടിയ വീടും എട്ടു സെന്റ് ഭൂമിയുമാണ് കൈമാറിയത്. ഇനിയുള്ള 54 വീടുകള്‍ സെപ്റ്റംബറോടെ കൈമാറുമെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

◾  ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരേ ലൈംഗിക ചൂഷണ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് പ്രവാസി വ്യവസായിയായ യുവതിയുടെ പരാതിയിലാണു കേസ്.

◾  മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം കല്ലമ്പലം ദേശീയപാതയിലെ വെയിലൂരില്‍ സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചു. ഇടിച്ച കാറിനേയും മദ്യലഹരിയില്‍ വാഹനം ഓടിച്ച ഡ്രൈവറേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കുറവായതിനാല്‍ വാഹനങ്ങള്‍ക്കും വലിയ കേടുപാടുകളില്ല.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയ്ക്കു സ്‌കാനിംഗ് നടത്തിയ ചെറുപ്പക്കാരന്റെ പരിശോധന ഫലത്തില്‍ ഗര്‍ഭപാത്രം. കഴക്കൂട്ടം സ്വദേശിയായ ഷിഹാസിന്റെ സ്‌കാനിംഗ് റിപ്പോട്ടിലാണ് ഗുരുതര പിഴവ് കടന്നു കൂടിയത്. പിഴവ് ചൂണ്ടികാട്ടിയപ്പോള്‍ റിപ്പോര്‍ട്ട് ജീവനക്കാര്‍ കീറികളഞ്ഞുവെന്ന് ഷിഹാസ് ആരോപിച്ചു.

◾  മണ്ണാര്‍ക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പോയ കാര്‍ ഓടിച്ചയാള്‍ പിടിയില്‍. ആനമൂളി സ്വദേശി റഹീമാണ് അറസ്റ്റിലായത്. അഗളിയില്‍ വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ആദ്യം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു. അവിടെ നിന്ന് വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ആനമൂളി ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

◾  സംസ്ഥാനത്തു രണ്ടിടത്തു തെരുവുനായ ആക്രമണം. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് കുട്ടികളെ തെരുവുനായ ആക്രമിച്ചത്. തൃശ്ശൂര്‍ ദേശമംഗലത്ത് ഈസ്റ്റ് പല്ലൂര്‍ നമ്പ്രം പ്രദേശത്തെ പൂവാരത്തുടി വീട്ടില്‍ മുസ്തഫയുടെ  നാലു വയസുകാരനായ മകന്‍ മുഹമ്മദ് ലാസിലിനെയാണ് തെരുവുനായ കടിച്ചത്. കണ്ണൂര്‍ വിളക്കോട്ടൂരിലെ തെരുവ് നായ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ക്കു കടിയേറ്റു. വിദ്യാര്‍ത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവര്‍ക്കാണ് കടിയേറ്റത്.

◾  കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തിനടുത്ത് എളേരിത്തട്ടില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ നാലര വയസുകാരിയുടെ നില ഗുരുതരം. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്.

◾  ഗവര്‍ണറുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യാനിരുന്ന ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര കാവ്യത്തിന്റെ അച്ചടി, സംസ്‌കൃത സര്‍വകലാശാലയുടെ അനുമതിയില്ലാതെ സ്വകാര്യ പ്രസിനെ ഏല്‍പിച്ചതായി കണ്ടെത്തി. സാധാരണ  അച്ചടി ജോലി സര്‍വകലാശാല പ്രസ്സിനോ സര്‍ക്കാരിന്റെ സി-ആപ്റ്റിനോ ആണ് നല്‍കാറുള്ളത്. ആലുവായിലെ സ്വകാര്യ സ്ഥാപനത്തെ അച്ചടിക്ക് നിയോഗിക്കുകയും പബ്ലിക്കേഷന്‍ ഓഫീസര്‍ ലിസി മാത്യു അഡ്വാന്‍സ് തുക കൈപ്പറ്റുകയും ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്.

◾  കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തിനു പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി തിരുവനന്തപുരം പോക്സോ കോടതി സ്റ്റേ ചെയ്തു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കേസില്‍ മധ്യപ്രദേശ് പൊലിസിനോട് കോടതി വിശദീകരണം തേടി. അതേസമയം വിവാഹത്തിനു പെണ്‍കുട്ടിക്ക് 18 വയസായെന്നും  പെണ്‍കുട്ടിയുടെ സഹോദരന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വീട്ടുകാര്‍ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

◾  ആറ്റിങ്ങല്‍ മണമ്പൂര്‍ ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അഗ്നിക്കാവടിയ്ക്കിടെ തീകുണ്ഠത്തില്‍ വീണ്  മണമ്പൂര്‍ സ്വദേശി റിജുവിനു പൊള്ളലേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  നാഗര്‍കോവില്‍ യാര്‍ഡിലെ റെയില്‍ പാലം അറ്റകുറ്റപ്പണികള്‍ കാരണം ഏപ്രില്‍ 29, 30 തീയതികളില്‍ കന്യാകുമാരിക്കും നാഗര്‍കോവിലിനും ഇടയിലുള്ള ചില ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ, ഉത്തരേന്ത്യയിലെ പുതിയ പാത നിര്‍മ്മാണം കാരണം കേരളത്തില്‍ നിന്നുള്ള രപ്തിസാഗര്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വഴിതിരിച്ചുവിടും.

◾  ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തില്‍ വിശദീകരണവുമായി സിപിഐ നേതാവും തിരൂരങ്ങാടി സ്ഥാനാര്‍ത്ഥിയമായ അജിത് കൊളാടി. കൃത്യമായ ബോധ്യത്തിലാണ് സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവര്‍ത്തി എന്ന് വിശേഷിപ്പിച്ചതെന്ന് അജിത് കൊളാടി പറഞ്ഞു. അജിത് കൊളാടിയുടേത് പാര്‍ട്ടി നിലപാട് ആണെന്നും സ്റ്റാലിന്റെ ചിത്രം ഓഫീസുകളില്‍ വെക്കാറില്ലെന്നും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസും പറഞ്ഞു.

◾  പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന 15 കാരന് പാമ്പുകടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടില്‍ ജഗതീഷിന്റെ മകന്‍ അഭിനവ്(15)നാണ് കടിയേറ്റത്.

◾  മംഗളൂരു പ്രഷര്‍ കുക്കര്‍ സ്ഫോടന കേസില്‍ പ്രതി മുഹമ്മദ് ഷരീഖിനെ പത്തു വര്‍ഷം തടവിനു ശിക്ഷിച്ച് ബെംഗളൂരു പ്രത്യേക കോടതി. 2022 നവംബര്‍ 19ന് കദ്രി മഞ്ജുനാഥ ക്ഷേത്രത്തില്‍ ബോംബ് വയ്ക്കാന്‍ കുക്കറിലൊളിപ്പിച്ച സ്ഫോടക വസ്തു ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതി കേരളത്തില്‍ ആലുവയില്‍ ഉള്‍പ്പെടെ താമസിച്ചെന്ന് കണ്ടെത്തിയിരുന്നു.

◾  ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പുനരധിവാസത്തിന് താലൂക്കു തലത്തില്‍ പദ്ധതികള്‍ വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തമിഴ്നാട് സര്‍ക്കാരിനോട് ഉത്തരവിട്ടു. പൊതുവിടങ്ങളില്‍ തിരസ്‌കരിക്കപ്പെടുന്ന ഇക്കൂട്ടര്‍ക്കു സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ജസ്റ്റീസ് കെ.കെ. രാമകൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി.

◾  മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ അടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പ്രണയ് വര്‍മ്മയ്ക്ക് പകരക്കാരനായാണ് ദിനേഷ് ത്രിവേദി ചുമതലയേല്‍ക്കുന്നത്.

◾  തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരായ രണ്ടാമത്തെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്യുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നല്‍കിയതായി സത്യവാങ്മൂലത്തില്‍ കാണിച്ചതിനെതിരെയായിരുന്നു ഹര്‍ജി.

◾  ആംആദ്മി പാര്‍ട്ടി വിട്ട് ഏഴ് രാജ്യസഭാംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. അയോഗ്യതരാക്കണമെന്ന് ആവശ്യപ്പെട്ട് ആപ് നേതൃത്വം നല്‍കിയ അപേക്ഷ രാജ്യസഭാ സെക്രട്ടേറിയറ്റ് തള്ളിയിരുന്നു. 245 അംഗ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 145 അംഗങ്ങളുടെ പിന്തുണയുണ്ട്.

◾  ഒഡീഷയില്‍ സൂര്യതപമേറ്റ് രണ്ടു മരണം. സെന്‍സസ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ബൈദ്യനാഥ് ഹൈസ്‌കൂളിലെ അധ്യാപകനായ രാജ്കപൂര്‍ ഹെംബ്രാം, ജരദ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്.

◾  സമാധാന ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ പാകിസ്ഥാനു പ്രാപ്തിയില്ലെന്നും അമേരിക്കയ്ക്കു കീഴ്‌വഴങ്ങി നില്‍ക്കാനേ കഴിയൂവെന്നും ഇറാന്‍ പാര്‍ലമെന്റ് അംഗം. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഇറാന്‍ എംപിയും ദേശീയ സുരക്ഷാ-വിദേശ നയ കമ്മീഷന്‍ വക്താവുമായ ഇബ്രാഹിം റെസായി എക്‌സിലൂടെ പ്രതികരിച്ചു.

◾  ഇറാന്‍ കരുത്തോടെ അതിജീവിക്കുമെന്നും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും പിന്തുണ നല്‍കുമെന്നും പുടിന്‍ അറിയിച്ചു. പുടിനും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്.

◾  ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ മുന്‍ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യാര്‍ ലാപിഡും തങ്ങളുടെ പാര്‍ട്ടികളെ ലയിപ്പിക്കുന്നു. നഫ്താലി ബെന്നറ്റിന്റെ 'ബെന്നറ്റ് 2026' , യാര്‍ ലാപിഡിന്റെ 'ദേര്‍ ഈസ് എ ഫ്യൂച്ചര്‍' എന്നീ പാര്‍ട്ടികള്‍ ലയിച്ച് 'ടുഗെദര്‍' എന്ന പുതിയ പാര്‍ട്ടിയായി മാറും. നഫ്താലി ബെന്നറ്റായിരിക്കും ഈ സഖ്യത്തെ നയിക്കുക.

◾  വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ വെടിവച്ച കേസിലെ പ്രതി കോള്‍ തോമസ് അലന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചോദ്യങ്ങളാക്കിയ സി.ബി.എസ് റിപ്പോര്‍ട്ടറോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുപിതനായി. താന്‍ ബലാല്‍സംഗ വീരനോ ബാലപീഢകനോ അല്ലെന്ന് ട്രംപ് പറഞ്ഞു. '60 മിനിറ്റ്‌സ്' എന്ന ടെലിവിഷന്‍ പരിപാടിയില്‍ നോറ ഒ ഡോണലുമായി സംസാരിക്കവെയാണ് ട്രംപ് പ്രകോപിതനായത്.

◾  കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പായ സാറാ മുല്ലല്ലിയും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. സമ്മാനങ്ങള്‍ കൈമാറുകയും ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുവരും ആഹ്വാനം ചെയ്തു. 1534 ല്‍ കത്തോലിക്ക സഭയില്‍നിന്ന് വിഘടിച്ചുണ്ടായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എന്ന ആംഗ്ലിക്കന്‍ സഭയ്ക്കു എട്ടര കോടി അംഗങ്ങളുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു വനിത സഭാധ്യക്ഷയായത്. ലെയോ മാര്‍പാപ്പയുടെ ക്ഷണം സ്വീകരിച്ചാണ് ആര്‍ച്ച്ബിഷപ്പ് സാറാ മുല്ലല്ലി വത്തിക്കാനിലെത്തിയത്.

◾  ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തില്‍ 110 കിലോ കഞ്ചാവുമായി 22 യുവ ബുദ്ധ സന്യാസിമാര്‍ പിടിയില്‍. ഒരോ ലഗേജിനുള്ളിലും രഹസ്യ അറകള്‍ നിര്‍മ്മിച്ച് ഒളിപ്പിച്ചു വെച്ച അഞ്ച് കിലോ വീതമുള്ള 'കുഷ്' എന്നറിയപ്പെടുന്ന വീര്യം കൂടിയ കഞ്ചാവാണ് കണ്ടെടുത്തത്. യുവ സന്യാസിമാര്‍ക്കു തായ്ലാന്‍ഡിലേക്കു സൗജന്യയാത്ര നല്‍കി കഞ്ചാവു കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികുടുമെന്നു ശ്രീലങ്കന്‍ പോലീസ്.

◾  അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലുള്ള സെയ്ദ് ജമാലുദ്ദീന്‍ സര്‍വകലാശാലയ്ക്കു നേരെ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എഴുപതിലേറെ പേര്‍ക്കു പരിക്കേറ്റു.

◾  കൊളംബിയയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യം ഭരണത്തില്‍ തുടരാന്‍ സാധ്യതയെന്ന് പുതിയ സര്‍വേ. ഗുസ്താവോ പെട്രോയുടെ അനുയായിയായ ഇവാന്‍ സെപെഡ 44.3 ശതമാനം പിന്തുണയോടെ മുന്നിലാണ്.

◾  ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒമ്പതു വിക്കറ്റിനു തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു. ഡല്‍ഹി ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 81 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ബംഗളുരുവിന്റെ വിജയം. ആറാം വിജയത്തോടെ ആര്‍സിബി രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹി ഏഴാം സ്ഥാനത്താണ്.

◾  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 9000 റണ്‍സ് തികച്ച ആദ്യ ബാറ്ററായി വിരാട് കോലി. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒന്‍പത് വിക്കറ്റിനു തകര്‍ത്ത ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ മത്സരത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. ഒമ്പതിനായിരം റണ്‍സിലെത്താന്‍ 11 റണ്‍സ് കൂടി മതിയായിരുന്നു. 275 മത്സരങ്ങളില്‍ എട്ടു സെഞ്ചുറികളും 74 അര്‍ധ സെഞ്ചുറികളും അടക്കം 9012 റണ്‍സാണ് കോലി നേടിയത്.  രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മ കോലിയേക്കാള്‍ 1900 റണ്‍സ് പിറകിലാണ്.

◾  നിക്ഷേപകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്‍പന വൈകില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഏതാണ്ട് 18,000 കോടി ഡോളര്‍ മൂല്യം കണക്കാക്കി 400 കോടി ഡോളറാണ് (ഏകദേശം 37,000 കോടി രൂപ) ജിയോ പ്ലാറ്റ്ഫോംസ് വിപണിയില്‍ നിന്ന് സമാഹരിക്കുന്നത്. സാധ്യമായാല്‍ ഇന്ത്യന്‍ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്. നിലവില്‍ ജിയോയില്‍ 67.03 ശതമാനം ഓഹരിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. 2020ല്‍ കമ്പനിയുടെ 32.97 ശതമാനം ഓഹരികള്‍ മെറ്റ, ഗൂഗിള്‍, കെകെആര്‍ തുടങ്ങിയ കമ്പനികള്‍ക്ക് വിറ്റിരുന്നു. ഐപിഒയ്ക്ക് വേണ്ടി 2.5 ശതമാനം ഇക്വിറ്റി ജിയോ മാറ്റിവച്ചേക്കും. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം നേട്ടത്തോടെ 44,928 കോടി രൂപയാണ് ജിയോ പ്രവര്‍ത്തന വരുമാനം നേടിയത്. അറ്റലാഭം 13 ശതമാനം വര്‍ധിച്ച് 7,935 കോടി രൂപയുമായി. വരിക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതാണ് നേട്ടമായത്.

◾  വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി (വോഡഫോണ്‍ ഐഡിയ) വര്‍ധനവ് കൈവരിച്ചതായി ട്രായ് കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയ 1,02,899 പുതിയ വരിക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്. ഫെബ്രുവരിയില്‍ 21,927 വരിക്കാരുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം ഗ്രാമീണ മേഖലയില്‍ നിന്ന് 1,92,211 വരിക്കാരെയാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. കേരളത്തില്‍ നിന്ന് മാത്രം മാര്‍ച്ചില്‍ 27,082 വരിക്കാരെ കമ്പനി സ്വന്തമാക്കി. പരിധിയില്ലാതെ 4ജി ഡാറ്റ ലഭ്യമാക്കുന്ന നോണ്‍സ്റ്റോപ് ഹീറോ, പകുതി ദിവസം പരിധിയില്ലാതെ ഡാറ്റ ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ തുടങ്ങിയ പ്ലാനുകള്‍ക്കും, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 5ജി വിന്യാസത്തിനും ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മെയ് മാസത്തോടെ കമ്പനിയുടെ 5ജി സേവനങ്ങള്‍ 133 നഗരങ്ങളിലേക്ക് എത്തും.

◾  കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മലയാള സിനിമയിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് 'വാഴ 2'. കേരളത്തില്‍ നിന്ന് മാത്രം 124 കോടി നേടിയാണ് വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുന്നത്. റിലീസ് ചെയ്ത് നാലാം വാരമാണ് വാഴ 2വിന്റെ നേട്ടം. കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോക'യെ വെട്ടിയാണ് വാഴ 2വിന്റെ കുതിപ്പ്. കേരള ബോക്‌സ് ഓഫീസില്‍ ലോകയെ വാഴ 2 പിന്നിലാക്കിയിട്ടുണ്ടെങ്കിലും ആഗോള കളക്ഷനില്‍ ലോക തന്നെയാണ് മുന്നിലുള്ളത്. എന്നാല്‍ ഈ പോക്ക് തുടരുകയാണെങ്കില്‍ ആഗോള കളക്ഷനിലും ലോകയെ നാല്‍വര്‍ സംഘം മറി കടക്കുമെന്നാണ് കരുതപ്പെടുന്നത്. വാഴ 2വിന്റെ ആഗോള കളക്ഷന്‍ നിലവില്‍ 235 കോടിയാണ്. എമ്പുരാന്‍, തുടരും, ലോക എന്നി ചിത്രങ്ങള്‍ നേരത്തെ ഇരുന്നിരുന്ന സിംഹാസനത്തിലേക്കാണ് ഇപ്പോള്‍ വാഴ 2 എന്‍ട്രി ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്കുള്ളിലാണ് ലോകയുടെ റെക്കോര്‍ഡ് വാഴ 2 തകര്‍ത്തത്.

◾  പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മാണ സംരംഭത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ഉന്മാദം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രവുമാണ് ഇത്. ചിത്രം ഓഗസ്റ്റ് 7-ന് തിയറ്ററുകളില്‍ എത്തും. ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

◾  ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ബിവൈഡി സീഗള്‍ കാറിനായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണ്. ഈ വര്‍ഷം ഇത് ലോഞ്ച് ചെയ്യും. ബിവൈഡിയുടെ ഇ-പ്ലാറ്റ്‌ഫോം 3.0 സ്‌കേറ്റ്‌ബോര്‍ഡിലാണ് സീഗള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ 30 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് 305 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 38 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് 405 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെയാണ്. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ശ്രേണിയും പ്രീമിയം അനുഭവവും സീഗള്‍ വാഗ്ദാനം ചെയ്യുന്നു. ചൈനീസ് വിപണിയില്‍ ഇതിന്റെ വില യുവാന്‍ 78,800 (ഏകദേശം 9.4 ലക്ഷം രൂപ) മുതല്‍ യുവാന്‍ 95,800 (ഏകദേശം 11.43 ലക്ഷം രൂപ) വരെയാണ്. ഇത്രയും കുറഞ്ഞ വിലയില്‍ ഈ ഇലക്ട്രിക് കാര്‍ ഫുള്‍ ചാര്‍ജ്ജില്‍ 405 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില 10 ലക്ഷം രൂപയില്‍ താഴെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

◾  നൂറ്റിയിരുപത്താറ് അദ്ധ്യായങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഐതിഹ്യമാലയോടൊപ്പം 'ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍'കൂടി ചേരുമ്പോഴാണ് കേരളത്തിന്റെ കഥനപാരമ്പര്യത്തിന്റെ ബൃഹദ്രചന സമ്പൂര്‍ണ്ണമാവുകയുള്ളൂ. കേരളീയജീവിതത്തിന്റെ ഭൂതകാലത്തിലെ ദുരൂഹവും ഇരുളടഞ്ഞതുമായ ഊടുവഴികളിലൂടെ സഞ്ചരിക്കുവാനും ചരിത്രം അദൃശ്യമാക്കിയ മനുഷ്യരെ കണ്ടെടുക്കുവാനും നമ്മുടെ സംസ്‌കാര രൂപീകരണത്തിന്റെ നിയാമകസ്ഥലികള്‍ കണ്ടെത്താനും ഐതിഹ്യമാലയിലെ കഥകള്‍ സഹായിക്കും. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ചേര്‍ക്കപ്പെടാതെപോയ കഥകളുടെ സമാഹാരം. 'ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍'. സത്യന്‍ കല്ലുരുട്ടി. മാതൃഭൂമി. വില 170 രൂപ.

◾  വെറും രണ്ട് ദിവസത്തേക്ക് മാത്രം ഓട്സ് കഴിച്ചവരില്‍ പോലും കൊളസ്ട്രോള്‍ ഗണ്യമായ അളവില്‍ കുറഞ്ഞതായി ബോണ്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ കാലയളവിലേക്ക് പോലും ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഗുണപരമായ നേട്ടങ്ങള്‍ ആരോഗ്യത്തിലുണ്ടാക്കുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മെറ്റബോളിക് സിന്‍ഡ്രോം ബാധിച്ച ആളുകളെയാണ് പഠനവിധേയമാക്കിയത്. ഇവര്‍ക്ക് രണ്ട് ദിവസത്തേക്ക് മൂന്ന് നേരം 300 ഗ്രാം ഓട്സ് നല്‍കി. ഇതിനൊപ്പം പഴങ്ങളും പച്ചക്കറികളും ചെറിയ അളവില്‍ നല്‍കി. രണ്ട് ദിവസം നീണ്ട പഠനശേഷം നടത്തിയ ഇവരുടെ ആരോഗ്യ പരിശോധനകളില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമായത്. ഇവരുടെ കൊളസ്ട്രോള്‍ 10 ശതമാനം കുറഞ്ഞതായും ശരീരഭാരം ശരാശരി രണ്ട് കിലോ വീതം കുറഞ്ഞതായും ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദവും ഇവരില്‍ നേരിയ തോതില്‍ മെച്ചപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി. ആറ് ആഴ്ചകള്‍ക്ക് ശേഷവും ഈ ആരോഗ്യ ഗുണങ്ങള്‍ ഇവരില്‍ പ്രകടമായതായും ഗവേഷണ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ശരീരത്തിന് ഗുണകരമായ നിലയില്‍ വയറില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയയില്‍ മാറ്റം വരുത്തി കൊണ്ടാണ് ഓട്‌സ് കൊളസ്‌ട്രോള്‍ തോത് മെച്ചപ്പെടുത്തുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ചിട്ടയായ രീതിയില്‍ ഹ്രസ്വകാലത്തേക്ക് നടപ്പാക്കുന്ന ഓട്‌സ് ഭക്ഷണക്രമമാകും കൂടുതല്‍ പ്രയോജനകരമെന്ന് പഠനറിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
റോളര്‍സ്‌കേറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്  ആ യുവാവിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചു.  ആ പരിപാടിക്ക് ശേഷം ഒരാള്‍ അവനോട് പറഞ്ഞു ഈ മൈതാനത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്താല്‍ നിങ്ങള്‍ക്ക് ദിവസവും 1000 രൂപ വീതം നല്‍കാം.  അവന്‍ സമ്മതിച്ചു.  അങ്ങനെ ഒരാഴ്ച അവന്‍ തന്റെ ജോലി തുടര്‍ന്നു.  5 ദിവസത്തിന് ശേഷം അയാള്‍ യുവാവിനോട് പറഞ്ഞു.  താങ്കള്‍ വിശ്വസ്തനും സത്യസന്ധനുമാണ്.  അതിനാല്‍ ഇവിടെ താങ്കള്‍ക്ക് മുഴുവന്‍ സമയ നിയമനം നല്‍കുന്നു.  ഓരോ വര്‍ഷവും അയാള്‍ക്ക് ശമ്പളവര്‍ദ്ധനവ് ഉണ്ടായി.  അറുപതാം വയസ്സില്‍ എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി അയാള്‍ വിരമിക്കുകയും ചെയ്തു.  സംതൃപ്തിയോടെ മടങ്ങുമ്പോള്‍ ഒരു കുട്ടി റോളര്‍സ്‌കേറ്റിങ്ങ് ചെയ്യുന്നത് കണ്ടു.  ആ ബോര്‍ഡ് വാങ്ങി അയാളും അതില്‍ കയറി.  അന്നാദ്യമായി , അയാള്‍ നിലത്തുവീണു.. അകപ്പെടുന്ന കുരുക്കുകള്‍ തിരിച്ചറിയാതെ പോകുന്നതാണ് അര്‍ഹിക്കുന്ന ജീവിതം നഷ്ടപ്പെടാനുളള കാരണം.  ആദ്യ അനുഭൂതിയിലും താല്‍കാലിക സുഖങ്ങളിലും അഭിരമിക്കുന്ന ഒരാളും അയാളുടെ ആയിത്തീരേണ്ട അവസ്ഥയിലേക്കെത്തില്ല.  ഇഷ്ടമില്ലാത്തവയോട് നോ പറയാന്‍ ശീലിക്കണം. മുന്നില്‍ വിളമ്പുന്നവയെയെല്ലാം സ്വീകരിക്കാതെ തനിക്ക് സ്വീകാര്യമല്ലാത്തവയെ ഉപേക്ഷിക്കാന്‍ ധൈര്യം കാണിക്കണം.  വരുമാനമുണ്ട് എന്നതിനേക്കാള്‍ പ്രധാനമാണ് വളര്‍ച്ചയ്ക്ക് ഉപകരിക്കുന്നുണ്ട് എന്നത്. അനാരോഗ്യകരമാണെന്നറിഞ്ഞാല്‍ ആ നിമിഷം അത് ഉപേക്ഷിക്കണം.  അത് ഭക്ഷണമായാലും, ശീലമായാലും, തൊഴിലായാലും.  എത്രയും പെട്ടന്ന് അതില്‍ നിന്നും രക്ഷപ്പെടുന്നവര്‍ക്ക് മാത്രമാണ് പുനര്‍ജന്മമുണ്ടാകുക.  അല്ലാത്തവര്‍ക്ക്, ആഗ്രഹിക്കുന്നതെല്ലാം നഷ്ടപ്പെടും, - ശുഭദിനം.
Previous Post Next Post
3/TECH/col-right