2026 ഏപ്രില്‍ 22, ബുധന്‍
1201 മേടം 9, തിരുവാതിര
1447 ദുൽഖഅ്ദ 04
◾ തൃശൂരില്‍ കണ്ണീര്‍പ്പൂരം. മുണ്ടത്തിക്കോട് പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. എട്ടു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള 13 പേരില്‍ 70 ശതമാനം പൊള്ളലേറ്റ ആറു പേരുടെ നില ഗുരുതരമാണ്. നാല്‍പതോളം തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരിക്കേ വൈകിട്ട് മൂന്നരയോടെയാണു സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിനു തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിനുള്ള കുഴിമിന്നികളും അമിട്ടുകളും അടക്കമുള്ളവയാണു പൊട്ടിത്തെറിച്ചത്. വെടിക്കെട്ട് നിര്‍മാണം നടന്നിരുന്ന അഞ്ചു ഷെഡുകളിലും തീ പടര്‍ന്നു. പന്തലങ്ങാട്ട് സതീഷാണ് വെടിക്കെട്ടു കരാറുകാരന്‍.
◾ മരിച്ചവരില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ചിതറിത്തെറിച്ചുപോയ മൃതദേഹ അവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റു നടത്തും. 23 ശരീര ഭാഗങ്ങള്‍ കിട്ടിയിട്ടുണ്ട്. മരിച്ചവര്‍: പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശി സുദര്‍ശന്‍ (54), പാലക്കാട് കുമരനല്ലൂര്‍ സ്വദേശി വാസുദേവന്‍ (54), തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (40), വിഷ്ണു, വിജീഷ്.
◾ വെടിക്കെട്ടു ശാലയിലെ തുടര്‍ സ്ഫോടനങ്ങളും തീയും പുകയും മണിക്കൂറുകളോളം നിയന്ത്രിക്കാനാകാതെ അഗ്‌നിശമന സേന. തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. തീയണക്കാനുള്ള നിരീക്ഷണങ്ങള്‍ക്ക് ഡ്രോണ്‍ എത്തിച്ചു. സ്ഫോടനത്തിന്റെ ശബ്ദവും പ്രകമ്പനവും എട്ടു കിലോമീറ്റര്‍ അകലേയ്ക്കുവരെ ഉണ്ടായി. പലരും ഭൂകമ്പമാണെന്നു ഭയന്നു. സ്ഫോടന ശക്തിയില്‍ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
◾ വെടിക്കെട്ടു പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണ ചുമതല.
◾ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിനു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ ധനസഹായം അനുവദിച്ച് കേരള സര്‍ക്കാര്‍. തൃശൂര്‍ ജില്ലാ കളക്ടര്‍ക്കു തുക കൈമാറും. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും മോദി അറിയിച്ചു.
◾ സ്‌ഫോടന ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി. ചികില്‍സയ്ക്കു വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ സ്ഥലത്തെത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വിവിധ മെഡിക്കല്‍ കോളേജുകളില്‍നിന്നു ഡോക്ടര്‍മാരുടെ കൂടുതല്‍ സംഘങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി.
◾ അതിദാരുണമായ ദുരന്തമെന്നും മരിച്ചവര്‍ക്കും പരിക്കേറ്റു ചികില്‍സയിലുള്ളവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
◾ പുതുക്കാട് കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ആറ് മാസത്തിനകം ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി. പാലത്തിന്റെ മറ്റത്തൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ വലിയ കുഴി രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടിരുന്നു. 20 വര്‍ഷം മുന്‍പ് 4.75 കോടി രൂപയുടെ എസ്റ്റിമേറ്റുമായി പണി ആരംഭിച്ച പദ്ധതിക്ക് ഇതുവരെ 17.24 കോടി രൂപ ചെലവഴിച്ചു. പണി പൂര്‍ത്തിയാക്കാന്‍ ഇനിയും 13.90 കോടി രൂപ വേണമെന്നാണ് ജലവിഭവ വകുപ്പിന്റെ എസ്റ്റിമേറ്റില്‍ പറയുന്നത്. കോടതി ചൂണ്ടിക്കാട്ടി.
◾ പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറന്നത് പ്രധാന സ്ഥാനാര്‍ത്ഥികളെ അറിയിച്ച ശേഷമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു റിപ്പോര്‍ട്ടു നല്‍കി. സാധാരണയായി മെറ്റീരിയല്‍ റൂം സ്‌ട്രോങ് റൂമിന് സമീപം വയ്ക്കാറില്ല. സ്ട്രോംഗ് റൂം തുറന്നെന്നു തെറ്റിദ്ധാരണ മാത്രമാണെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
◾ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതിനും ക്ഷേത്ര സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനും കെട്ടിച്ചമച്ച വ്യാജ പീഡനക്കേസിന്റെ സൂത്രധാരനായ ഒന്നാംപ്രതി കാനാടി പ്രവീണ്‍ വേണുഗോപാലിനെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. ഹരിപ്പാട് നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
◾ മോട്ടോര്‍വാഹന വകുപ്പിന്റെ പേരിലും ഓണ്‍ലൈന്‍ പണം തട്ടിപ്പ്. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് ആയിരം രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മണപ്പള്ളി സ്വദേശികളായ ശിവന്‍, അഭിലാഷ് എന്നിവര്‍ക്കു വാട്സ്ആപ്പ് സന്ദേശം ലഭിച്ചു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും സന്ദേശത്തിലുണ്ട്. എന്നാല്‍, പരിവാഹന സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് ചെല്ലാന്‍ ഇല്ലെന്നും തട്ടിപ്പാണെന്നും ബോധ്യമായത്.
◾ ഗള്‍ഫ്-കേരള സെക്ടറില്‍ വിമാനയാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡുവിന് കത്തയച്ചു. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കിലുണ്ടായ വര്‍ധന, മുന്നറിയിപ്പില്ലാതെ ഫ്ളൈറ്റുകള്‍ റദ്ദാക്കല്‍ എന്നിവ പ്രവാസികള്‍ക്കു വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും കാന്തപുരം കത്തില്‍ സൂചിപ്പിച്ചു.
◾ രാത്രി പെട്രോള്‍ തീര്‍ന്ന് റോഡില്‍ നിന്നുപോയ ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവ് മരിച്ചു. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തില്‍ രാധാകൃഷ്ണന്‍ - സുജാത ദമ്പതികളുടെ മകന്‍ ഹരിനാരായണന്‍ (20) ആണ് മരിച്ചത്. ഹരിനാരായണന്റെ സുഹൃത്ത് ആദിത്യനെ (20) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
◾ കോട്ടയം വേമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ചിക്കന്‍ മസാല നല്ലതാണെങ്കിലും പായസത്തിലിടരുത് എന്ന ഉപമയോടെയായിരുന്നു ശശികലയുടെ പ്രതികരണം.
◾ ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിച്ചതില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്. ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള നന്ദിസൂചകമായി സംഘാടകരുടെ അനുമതിയോടെയാണ് ഗാനം ആലപിച്ചതെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
◾ അമ്മയോടൊപ്പം വീടിനു പുറത്തിറങ്ങിയ നാലു വയസ്സുകാരനെ തെരുവ് നായ കടിച്ചു കീറി. കോഴിക്കോട് കോടഞ്ചേരിയിലെ നിരന്നപാറ ഉന്നതിയില്‍ താമസിക്കുന്ന അരുണ്‍രാജിന്റെയും മണിമേഖലയുടെയും മകന്‍ അയാനാണ് തെരുവ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. പിന്നീടു ചത്ത നായയെ പോസ്റ്റുമോര്‍ട്ടം നടത്തി.
◾ തവനൂരില്‍ ജോയിയോടു ജയിച്ചില്ലെങ്കില്‍ മൊട്ടയടിച്ചു പാതി മീശ കളയുമെന്ന് കെ.ടി ജലീല്‍ പറഞ്ഞെന്നു വ്യാജ പ്രചരണം നടത്തിയതിനെതിരെ ഡിവൈഎഫ്ഐ ഡി ജി പിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ജലീലിനെതിരെ വ്യാജ കാര്‍ഡ് ഉണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി.
◾ വ്യക്തവും വായിക്കാന്‍ കഴിയുന്നതുമായ പ്രിസ്‌ക്രിപ്ഷന്‍ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ഗനിര്‍ദ്ദേശം ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
◾ ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കെഎസ്യു നേതാവ് എം സി അതുലിന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. വീണ ജോര്‍ജിനെതിരായ പ്രതിഷേധത്തിന് പിന്നാലെയുള്ള വേട്ടയാടലാണ് കേസെന്ന അതുലിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ പിന്തുണ അറിയിച്ചത്. കോടതി കുറ്റക്കാരനെന്ന് വിധിക്കാതെ അതുലിനെ തള്ളിപ്പറയില്ലെന്നും രാഹുല്‍ കമന്റില്‍ വ്യക്തമാക്കി.
◾ വിമതരായി മത്സരിച്ചവര്‍ ഉള്‍പ്പെടെ ഒന്‍പത് നേതാക്കളെ ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ ഉത്തരവ് കോഴിക്കോട് നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പുറത്തുവിട്ടു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര, നാദാപുരം മണ്ഡലങ്ങളില്‍ വിമതരായവരെയാണു പുറത്താക്കിയത്.
◾ വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് വഴി വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത റാഞ്ചി സ്വദേശി പിടിയില്‍. പുത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം റൂറല്‍ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിലെ മുഖ്യപ്രതി റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാര്‍ പപ്പു പിടിയിലായത്.
◾ താമരശ്ശേരി അടിവാരം - നാലാം വളവ് ചുരം ബദല്‍ റോഡില്‍ ഉള്ളി കയറ്റി വരികയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍നിന്ന് ഉള്ളിയുമായി വരികയായിരുന്ന പിക്കപ്പാണ് മുപ്പതേക്ര എന്ന സ്ഥലത്ത് മറിഞ്ഞത്.
◾ കോഴിക്കോട് തൊട്ടില്‍പ്പാലം നാമ്പിലാട് യുവതിയും യുവാവും തൂങ്ങിമരിച്ച നിലയില്‍. പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരാണ് മരിച്ചത്. രണ്ടു മക്കളുടെ അമ്മയാണു ശരണ്യ. അജേഷ് അവിവാഹിതനാണ്.
◾ വോട്ട് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്. ഇതു മുന്നണിയുടെ തീരുമാനമല്ല, തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഐസക് വ്യക്തമാക്കി.
◾ എറണാകുളത്ത് സ്‌കൂളില്‍നിന്നു വിനോദസഞ്ചാരത്തിനു പോയ സംഘത്തിലെ അഞ്ചു വയസുള്ള മുഹമ്മദ് ആദം കാനയില്‍ വീണു മരിച്ചു. തമ്മനത്തെ പ്രീ സ്‌കൂളില്‍ നിന്ന് കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിള്‍ പാര്‍ക്കിനു പുറത്തെ കാനയിലാണ് കുട്ടി വീണത്.
◾ മലപ്പുറത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. പെരിന്തല്‍മണ്ണ സ്വദേശിനി ചേരിക്കല്ലന്‍ ഷഫ്ന എന്ന 25 കാരിയാണു മരിച്ചത്. ഷഫ്നയുടെ ഭര്‍ത്താവ് മുന്‍ഷാദിനെ (30) പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തു.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്ത് സ്ത്രീ സംവരണം തടഞ്ഞെന്ന പ്രസ്താവന അസത്യമാണ്. പാര്‍ലമെന്റിലെ നടപടിക്രമങ്ങളെ കുറിച്ചാണ് മോദി പുറത്ത് സംസാരിച്ചത്. ഇത് എംപിമാരുടെ അവകാശം ലംഘിക്കുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറയുന്നു.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്നു വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖര്‍ഗേ. വനിതാ സംവരണം സംബന്ധിച്ച് മോദിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നും മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നും ഖര്‍ഗേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, തീവ്രവാദി എന്ന പരാമര്‍ശം മിനിറ്റുകള്‍ക്കകം ഖര്‍ഗേ തിരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ പോക്കറ്റിലാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.
◾ 25 പേര്‍ കൊല്ലപ്പെട്ട തമിഴ്നാട്ടിലെ വിരുദുനഗര്‍ പടക്കനിര്‍മാണ ശാല സ്ഫോടനക്കേസില്‍ ഫാക്ടറി ഉടമകളായ ഈശ്വരി, ഭര്‍ത്താവ് മുത്തുമാണിക്യം എന്നിവര്‍ കീഴടങ്ങി. വിരുദുനഗര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. ഇവരുടെ നാലു ബന്ധുക്കളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
◾ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കുട്ടികളോട് വോട്ട് അഭ്യര്‍ത്ഥനയുമായി വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാന്‍ പറയണമെന്നായിരുന്നു കുട്ടികളോട് അഭ്യര്‍ത്ഥിച്ചത്. പുത്തന്‍ ഉടുപ്പും കിന്‍ഡര്‍ ജോയിയും നിങ്ങള്‍ കരഞ്ഞു വാങ്ങാറില്ലേ? അതുപോലെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിജയിയെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാന്‍ തയാറാകുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് ആവശ്യപ്പെട്ടു.
◾ പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇറാനുമായുള്ള വെടിനിറുത്തല്‍ നീട്ടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിറുത്തല്‍ കരാര്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ഒരാഴ്ചകൂടി നീട്ടുന്നതായി പ്രഖ്യാപിച്ചത്. ഇതേസമയം, ഇന്നു സമാധാന കരാറില്‍ ഒപ്പുവയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ട സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇറാന്‍ തയാറായിട്ടില്ല. അണ്വായുധങ്ങളും ആണവശേഖരവും അമേരിക്കയ്ക്കു കൈമാറണമെന്ന ഉപാധി അടക്കമുള്ള നിര്‍ദ്ദേശങ്ങളോട് ഇറാന്‍ പ്രതികരിച്ചിട്ടുമില്ല. ഇതേത്തുടര്‍ന്ന് ചര്‍ച്ചാവേദിയായ ഇസ്ലമാബാദിലേക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് യാത്ര തിരിച്ചിട്ടില്ല.
◾ യുഎഇയില്‍ അട്ടിമറിക്കു പദ്ധതിയിട്ട ഭീകരവാദ ശൃംഖലയെ സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി അറസ്റ്റു ചെയ്തു. ഇറാനിലെ 'വിലായത്ത് അല്‍ ഫഖീഹ്' എന്ന ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ളവരാണു പിടിയിലായത്.
◾ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കുറഞ്ഞതോടെ പ്രമുഖ വിമാനക്കമ്പനികള്‍ യുഎഇയിലേക്ക് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നു. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ ഉള്‍പ്പെടെയുള്ളവ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉണ്ടായിരുന്ന കണക്റ്റിവിറ്റി ഇപ്പോള്‍ 420 ആയി വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
◾ താന്‍ മുഴുക്കുടിയനും വഹിക്കുന്ന പദവിക്കു ബാധ്യതയുമാണെന്ന വാര്‍ത്തയ്‌ക്കെതിരെ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേല്‍ അമേരിക്കയിലെ പ്രമുഖ മാധ്യമമായ അറ്റ്‌ലാന്റിക് മാസികയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 250 ദശലക്ഷം ഡോളര്‍ (2300 കോടി രൂപ) നഷ്ടപരിഹാരം തേടിയാണ് കൊളംബിയ ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് നല്‍കിയത്. സാറാ ഫിറ്റ്സ്പാട്രിക് എഴുതിയ 'എഫ്.ബി.ഐ ഡയറക്ടറെ കാണാനില്ല' എന്ന തലക്കെട്ടിലുള്ള വാര്‍ത്തക്കെതിരേയാണ് കേസ്.
◾ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 68 പന്തില്‍ 135 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
◾ രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവുമുയര്‍ന്ന എണ്ണ കയറ്റുമതിയുമായി യുഎസ്. ഇറാനെതിരായ യുഎസ് ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ യുഎസില്‍നിന്നുള്ള എണ്ണയ്ക്ക് രാജ്യാന്തര വിപണിയില്‍ ആവശ്യം കുതിച്ചുയരുകയായിരുന്നു. യുഎസിന്റെ എണ്ണ കയറ്റുമതിയുടെ തോത് ഇറക്കുമതിയെ വൈകാതെ മറികടക്കും. ക്രൂഡ് ഓയില്‍ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം പ്രതിദിനം 66,000 ബാരലായി കുറഞ്ഞെന്ന് യുഎസ് പറയുന്നു. 2001 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കയറ്റുമതി പ്രതിദിനം 52 ലക്ഷം ബാരലില്‍ എത്താനാണ് സാധ്യത. കഴിഞ്ഞ 7 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്രതിദിനം 60 ലക്ഷം ബാരല്‍ വരെ എണ്ണ കയറ്റുമതി ചെയ്യാന്‍ യുഎസിനു ശേഷിയുണ്ട്.
◾ ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സീരീസായ എഫ്33 സീരീസിലെ എഫ്33 പ്രൊ 5ജി, എഫ്33 5ജി എന്നീ മോഡലുകള്‍ കേരളത്തിലും വില്‍പനയ്‌ക്കെത്തി. പതിനായിരത്തിലധികം തവണ വെള്ളത്തില്‍ മുക്കിയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കിയ ഈ ഫോണ്‍, 12 മണിക്കൂര്‍ വരെ വെള്ളത്തിനടിയില്‍ കിടന്നാലും കേടുപാടുകള്‍ സംഭവിക്കാത്ത രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. മഴ, പൂള്‍സൈഡിലെ വെള്ളം തെറിക്കല്‍, ആവി, ക്ലീനിംഗ് ലോഷനുകള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 36 തരം വെല്ലുവിളികളെ ചെറുക്കാന്‍ ഈ ഫോണിന് കഴിയും. 50 മെഗാപിക്‌സലിന്റെ അള്‍ട്രാ-വൈഡ് സെല്‍ഫി ക്യാമറയാണ് എഫ്33 പ്രൊ 5ജിയുടെ എടുത്തുപറയേണ്ട സവിശേഷത. 7000 എംഎഎച്ച് വലിയ ബാറ്ററി, കളര്‍ഒഎസ് 16, 5ജി++ കണക്റ്റിവിറ്റി എന്നിവ എഫ്33 പ്രൊ 5ജിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ഹൈ പ്രെഷര്‍ വാട്ടര്‍ ജെറ്റുകളെയും 85 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടുവെള്ളത്തെയും പ്രതിരോധിക്കാന്‍ ഈ ഫോണിന് സാധിക്കും.
◾ നവാഗതരുമായി എത്തി വിസ്മയ വിജയം നേടി മുന്നേറുന്ന 'വാഴ 2' തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അതേസമയം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയും മറികടന്ന് കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസും ചിത്രം ഇതിനകം നേടി. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് ആകുമോ ചിത്രം എന്നതാണ് സിനിമാലോകം ആകാംക്ഷയോടെ നോക്കുന്നത്. ലോകയാണ് നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ്. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഒരേയൊരു മലയാള ചിത്രവും ലോക തന്നെ. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം, അമീന്‍, നിഹാല്‍, അഞ്ചല്‍ മറിയ തുടങ്ങിയ താരങ്ങളും അഭിനയിച്ചിരിക്കുന്ന ചിത്രമാണ് ഇത്.
◾ ജയസൂര്യ നായകനാക്കി കളങ്കാവല്‍ ഫെയിം ജിതിന്‍ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കര്‍മ്മം,കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിര്‍വഹിച്ചു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മുജീബ് മജീദ് നിര്‍വ്വഹിക്കുന്നു. ഓര്‍ഡിനറി,അനാര്‍ക്കലി,ഉടന്‍ റിലീസാകുന്ന കാളിയന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിന്റെ പിന്നിലുമുള്ളത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്ന് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും. കറുത്തച്ചന്‍ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്‌കെയില്‍ ത്രില്ലര്‍ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികള്‍.
◾ ബിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി റെനോ ഡസ്റ്റര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32 പോയിന്റില്‍ 30.49 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 49ല്‍ 45 പോയിന്റും നേടിയാണ് പുതു ഡസ്റ്റര്‍ സുരക്ഷ ഉറപ്പിച്ചത്. ഡസ്റ്ററിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഈ 5 സ്റ്റാര്‍ സുരക്ഷ ലഭിക്കും. മുന്നിലെ കൂട്ടിയിടി പരീക്ഷണത്തില്‍ സാധ്യമായ 16 പോയിന്റില്‍ 14.49 പോയിന്റാണ് പുതു തലമുറ ഡസ്റ്റര്‍ നേടിയത്. വശങ്ങളിലെ ഇടി പരീക്ഷയില്‍ സാധ്യമായ 16 പോയിന്റും ഡസ്റ്റര്‍ നേടി. സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റില്‍ ഒകെ റേറ്റിങാണ് ഡസ്റ്റര്‍ നേടിയത്. കുട്ടികളുടെ സുരക്ഷ 18 മാസവും മൂന്നു വയസുമുള്ള കുട്ടികളുടെ ഡമ്മി ഉപയോഗിച്ചാണ് പരീക്ഷിച്ചത്. ഈ രണ്ട് വിഭാഗത്തിലും സാധ്യമായ 24 പോയിന്റും ഡസ്റ്റര്‍ നേടിയെന്നതും ശ്രദ്ധേയമാണ്. 10.49 ലക്ഷം മുതല്‍ 18.49 ലക്ഷം രൂപ വരെയാണ് റെനോ ഡസ്റ്ററിന്റെ വില. ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകള്‍ക്ക് 20,000 രൂപ അധികം നല്‍കേണ്ടി വരും.
◾ പുരാതന യുറേഷ്യയുടെ ഹൃദയഭാഗമെന്ന നിലയില്‍ ഇന്ത്യക്കുണ്ടായിരുന്ന, പലപ്പോഴും വിസ്മരിക്കപ്പെട്ടുപോയ ആ സ്ഥാനത്തെ ഉയര്‍ത്തിക്കാട്ടാന്‍ വില്യം ഡാല്‍റിമ്പിള്‍ തന്റെ ജീവിതകാലം മുഴുവന്‍ നീണ്ട ഗവേഷണങ്ങളെ പ്രയോജനപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ അങ്കോര്‍ വാട്ട് മുതല്‍ ചൈനയിലെ ബുദ്ധമതം വരെയും, റോമന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ സഹായിച്ച വ്യാപാരം മുതല്‍ ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന പൂജ്യം ഉള്‍പ്പെടെയുള്ള സംഖ്യാസമ്പ്രദായം വരെയും ഇന്ത്യ അതിന്റെ പുരാതന ലോകത്തിന്റെ സംസ്‌കാരത്തെയും സാങ്കേതികവിദ്യയെയും പരിവര്‍ത്തനം ചെയ്തു, ഒപ്പം ഇന്ന് നമ്മള്‍ കാണുന്ന ഈ ആധുനിക ലോകത്തെയും. 'ഗോള്‍ഡന്‍ റോഡ്'. വില്യം ഡാല്‍റിമ്പിള്‍. വിവര്‍ത്തനം - രാധാകൃഷ്ണന്‍ ഐ.ടി. ഡിസി ബുക്സ്. വില 617 രൂപ.
◾ വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും പഴങ്ങളെയാണ് എല്ലാവരും ആശ്രയിക്കുന്നത്. എന്നാല്‍ ഇക്കാലത്ത് ഏറ്റവും സുലഭമായ മാമ്പഴവും തണ്ണിമത്തനും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ഒന്ന് അതിന്റെ ജലാംശം കൊണ്ട് തണുപ്പ് നല്‍കുമ്പോള്‍ മറ്റൊന്ന് മികച്ച രുചിയും ഊര്‍ജ്ജവുമാണ് പകരുന്നത്. തണ്ണിമത്തനില്‍ ഏകദേശം 90 ശതമാനവും വെള്ളമാണ്. അതിനാല്‍ തന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ മികച്ച മറ്റൊരു പഴമില്ല. മാമ്പഴത്തില്‍ ജലാംശം കുറവാണ്. ഇത് പോഷകങ്ങളാല്‍ സമ്പുഷ്ടമാണെങ്കിലും തണ്ണിമത്തനെപ്പോലെ പെട്ടെന്ന് ശരീരത്തെ തണുപ്പിക്കാന്‍ ഇതിന് കഴിയില്ല. മാമ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കുകയും വയര്‍ നിറഞ്ഞ അനുഭവം ഉണ്ടാക്കുകയും ചെയ്യുന്നു. മാമ്പഴം വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. തണ്ണിമത്തന്‍ ലൈക്കോപീന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് എളുപ്പത്തില്‍ ദഹിക്കുകയും ഉച്ചസമയത്തെ കഠിനമായ ചൂടില്‍ നിന്ന് ശരീരത്തിന് പെട്ടെന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ മാമ്പഴം അമിതമായി കഴിച്ചാല്‍ അത് ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കാനും ദഹനക്കേടിനും കാരണമായേക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ വളരെ കഷ്ടപ്പെട്ടായിരുന്നു തന്റെ വീട് നിര്‍മ്മിച്ചത്. പക്ഷേ, അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തില്‍ ആ വീട് കത്തിയമര്‍ന്നു. തന്റെ വീട് ചാരമായിമാറിയത് കണ്ട് അയാള്‍ അലമുറയിട്ട് കരഞ്ഞു. ഇത് കണ്ട് ഒരു സുഹൃത്ത് അയാളെ സമാധാനിപ്പിക്കാന്‍ വന്നു. എന്റെ എത്ര മാസത്തെ അധ്വാനമാണിത്. ഇനി ഇങ്ങനെയൊരെണ്ണം എനിക്ക് ഉണ്ടാക്കാന്‍ സാധിക്കില്ല. അയാള്‍ കരച്ചില്‍ തുടര്‍ന്നു. ഇതിലും നല്ലത് നീയും കൂടി ഇതില്‍ വെന്ത് ചാരമാകുന്നതായിരുന്നു നല്ലത്. സുഹൃത്ത് ദേഷ്യപ്പെട്ടു. നീയെന്താണ് അങ്ങിനെ പറഞ്ഞത്. അയാള്‍ സങ്കടത്തോടെ ചോദിച്ചു. കൂട്ടുകാരന്‍ പറഞ്ഞു: ഈ ചാരത്തിലിരുന്ന് കരഞ്ഞാല്‍ ഉള്ള ആത്മവിശ്വാസം പോലും ഇല്ലാതാകും. നീയാണ് വീട് പണിതത്., ആ വീടേ ഇല്ലാതായുളളൂ.. നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ വാക്കുകള്‍ അയാള്‍ക്കൊരു പ്രതീക്ഷയായിരുന്നു. നിര്‍മ്മിച്ചതൊന്നും നശിപ്പിക്കപ്പെടാതിരിക്കാന്‍ മാത്രം അമാനുഷ പ്രതിഭാസങ്ങളല്ല നമ്മള്‍. നിര്‍മ്മാണ ശക്തിയുടെ മികവുകൊണ്ടോ പോരായ്മകൊണ്ടോ മാത്രമല്ല പലതും നിലനില്‍ക്കുന്നതും നശിക്കുന്നതും. എല്ലാം നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താനുമാകില്ല. ആഗ്രഹിച്ചത് ശൂന്യതയില്‍ നിന്ന് കെട്ടിപ്പൊക്കിയവരുണ്ട്. തകര്‍ന്നടിഞ്ഞ ശേഷം ആദ്യത്തേതിനേക്കാള്‍ മനോഹരമായി പുനര്‍നിര്‍മ്മിച്ചവരുണ്ട്. തോല്‍ക്കില്ലെന്നുളള വാശിയാണ് അതിനും കാരണം. ആത്മബലം നഷ്ടപ്പെടുത്താതിരിക്കുക.. മുന്നോട്ട് തന്നെ പോവുക - ശുഭദിനം
Tags:
KERALA