Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഏപ്രില്‍ 22, ബുധന്‍
1201 | മേടം 9, തിരുവാതിര

◾  പതിമ്മൂന്നു പേര്‍ കൊല്ലപ്പെട്ട മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചു. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍നിന്ന് നാലു ലക്ഷം രൂപയുമാണു നല്‍കുക. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ധനസഹായം നല്‍കും.

◾  സ്ഫോടനത്തിന്റെ നടുക്കം മാറാതെ മുണ്ടത്തിക്കോട് ഗ്രാമം. മൃതദേഹാവശിഷ്ടങ്ങള്‍പോലും കണ്ടുകിട്ടാതെ തോരാക്കണ്ണീരുമായി ഉറ്റവര്‍. ഗുരുതരമായി പൊള്ളലേറ്റ് ജീവന്മരണ പോരാട്ടവുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതു 13 പേര്‍.  അഞ്ചു പേരുടെ നില ഗുരുതരമാണ്. ഒമ്പതു മൃതദേഹങ്ങളില്‍ എട്ടെണ്ണം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല.

◾  സ്ഫോടനത്തില്‍ ചിതറിത്തെറിച്ചുപോയ ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയില്‍ നിന്നുള്ള സംഘം തൃശ്ശൂരില്‍ എത്തി. പൊള്ളലേറ്റവര്‍ക്കു ചികില്‍സ നല്‍കാന്‍ കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള മെഡിക്കല്‍ കോളജ് സംവിധാനങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജീകരിച്ചു. നാലിടത്തു കണ്‍ട്രോള്‍ റൂം ആരംഭിച്ചെന്നു റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.

◾  വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പു സംബന്ധിച്ച തീരുമാനം നാളെ. ദേവസ്വം, ജില്ലാ ഭരണകൂട യോഗം രാവിലെ പത്തരയ്ക്കു നടക്കും. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

◾  തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കും. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം നടത്തിപ്പില്‍ ജനവികാരം പരിഗണിക്കുമെന്നും സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും വ്യക്തമാക്കി.

◾  വെടിക്കെട്ടു ദുരന്തം നടന്ന സ്ഥലത്ത് 32 പേര്‍ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. അപകട കാരണം അടക്കമുള്ള വിഷയങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.  ദുരന്തസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു.  

◾  കടുത്ത ചൂടുമൂലം സ്ഫോടക വസ്തുക്കള്‍ക്കു തീ പിടിച്ചതായിരിക്കാമെന്ന് മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയില്‍നിന്ന് അദ്ഭുതകരമായി ഓടി രക്ഷപ്പെട്ട കരിമരുന്നു ജോലിക്കാരന്‍ വില്‍സന്‍. മുപ്പതിനു താഴെ ആളുകളേ വെടിക്കെട്ടുപുരകളില്‍ ഉണ്ടായിരുന്നുള്ളൂ. അളവില്‍ കൂടുതല്‍ കരിമരുന്നോ നിരോധിത രാസവസ്തുക്കളോ ഉണ്ടായിരുന്നില്ല. കാലിനു സുഖമില്ലാത്തതിനാലാണ് കരാറുകാരനായ സതീശന് ഓടിരക്ഷപ്പെടാന്‍ കഴിയാതിരുന്നത്. 48 വര്‍ഷമായി ചെയ്യുന്ന ജോലി ഇതോടെ അവസാനിപ്പിക്കുയാണെന്നും വില്‍സണ്‍ പറഞ്ഞു.

◾  തൃശൂരിലെ വെടിമരുന്ന് സ്ഫോടനം കനത്ത ചൂടുമൂലമല്ലെന്ന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍. ഷോര്‍ട് സര്‍ക്യൂട്ട് സാധ്യത ഉള്‍പ്പടെ പരിശോധിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടട്രേറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായി.

◾  വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ , ആരോഗ്യവകുപ്പുകള്‍, റവന്യു, ദുരന്തനിവാരണ വകുപ്പുകള്‍ എന്നിവയെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

◾  വെടിക്കെട്ടു ദുരന്തം നടന്ന പ്രദേശത്തിനടുത്ത പാടത്ത് കെഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയുമായി രാവിലെ നടത്തിയ തെരച്ചിലില്‍ രണ്ടു ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നായകളാണു മായയും മര്‍ഫിയും.

◾  വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്നവ തടയുന്നതില്‍ വീഴ്ചയുണ്ടായെന്നു സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ദുരന്തസ്ഥലം സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഇരുവരും.

◾  വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിലെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് പാലക്കാട് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

◾  മുണ്ടത്തിക്കോട് ദുരന്തത്തില്‍ വെടിക്കെട്ടു കരാറുകാരന്‍ മുണ്ടത്തിക്കോട് പന്തലേങ്ങാട് സതീശനും പൊള്ളലേറ്റു ഗുരുതരാവസ്ഥയില്‍. വെടിക്കെട്ടു നിര്‍മാണത്തില്‍ നാല്‍പതോളം വര്‍ഷത്തെ പരിചയമുണ്ട്. 13 വര്‍ഷമായി തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് ഒരുക്കുന്നു. 2024 ല്‍ തൃശൂര്‍ പൂരത്തിന്റെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. അച്ഛന്‍ മണിപാപ്പാനും ഇളയച്ഛനും വെടിക്കെട്ടു കരാറുകാരായിരുന്നു.

◾  മുണ്ടത്തിക്കോട് ഇത്രയും വലിയ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നെന്ന് പൊലീസ് അറിഞ്ഞിരുന്നോയെന്നും സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നോ എന്നും മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. മനുഷ്യജീവനുകള്‍ ബലികൊടുക്കുന്ന പൂരങ്ങള്‍ എന്തിനാണെന്നും ഈ ഡിജിറ്റല്‍ യുഗത്തിലെങ്കിലും ഒരു പുനര്‍ചിന്തനം വേണമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.
 
◾  വാല്‍പ്പാറ - പൊള്ളാച്ചി റോഡിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡ്രൈവര്‍ നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. അപകടത്തില്‍ പരിക്കേറ്റ മറ്റു മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

◾  മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ തൃശ്ശൂര്‍ കളക്ടറേറ്റില്‍ മന്ത്രിമാരായ വി.എന്‍. വാസവന്‍, ആര്‍. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി സ്ത്രീയുടെ പ്രതിഷേധം. തന്റെ വീട്ടിലേക്കു ചാഞ്ഞുനില്‍ക്കുന്ന മരം വെട്ടണമെന്ന പരാതിയില്‍ പഞ്ചായത്ത് നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് അവര്‍ വാര്‍ത്താസമ്മേളനം തടസപ്പെടുത്തിയത്. വനിതാ പോലീസ് എത്തി അവരെ നീക്കംചെയ്തു.

◾  മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ല. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബര്‍മന്‍ എന്നിവരെ കാണാതായെന്ന് ബിഎസ്എഫ് അസിസ്റ്റന്റ് കമന്‍ഡന്റ് മലപ്പുറം പൊലീസില്‍ പരാതി നല്‍കി. ഇവരുടെ അവധി അപേക്ഷി നിരസിച്ചിരുന്നു. മുങ്ങിയ ഇവര്‍ക്കു പകരം രണ്ടു ജവാന്മാരെ നിയോഗിച്ചു.

◾  'പോടാ പുല്ലേ, പോലീസേ' എന്നു പോലീസിനെതിരേ മുദ്രാവാക്യവുമായി വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധ സമരത്തില്‍ മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. വട്ടിയൂര്‍ക്കാവിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ സിപിഎംകാര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു ബിജെപി, മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയത്.  

◾  പാലിയേക്കര ടോള്‍ പ്ലാസക്കരികില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. പറവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്.

◾  തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉപേക്ഷിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

◾  കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിന് വിമര്‍ശനം നേരിട്ടതിന് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി. നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും, ഒരുമിച്ച് സഹകരിച്ചാണ് പ്രോഗ്രാം നടത്തിയതെന്നും അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ഗ്രാമത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കരുതെന്നും കണ്‍വീനര്‍ വ്യക്തമാക്കി.

◾  സാമ്പത്തിക പ്രതിസന്ധിമൂലം ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താല്‍ക്കാലികമായി തടഞ്ഞുവയ്ക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ ശമ്പളം 50 ശതമാനവും ഉപമുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍ എന്നിവരുടെ ശമ്പളത്തില്‍ 30 ശതമാനവും എംഎല്‍എമാരുടെ ശമ്പളത്തില്‍ 20 ശതമാനവും വെട്ടിക്കുറച്ചു.

◾  ബംഗാളിലും തമിഴ്നാട്ടിലും നാളെ വോട്ടെടുപ്പ്. ബംഗാളില്‍ മമത ബാനര്‍ജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന പ്രചരണം ശക്തമാക്കി. ദീദി എന്ന് തെരുവ് ഗുണ്ടകളെ പോലെ വിളിച്ചുവെന്നാണ് ആക്ഷേപം.  

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദിയേപ്പോലെയാണെന്നു വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കെതിരേ കേന്ദ്രമന്ത്രി കിരണ്‍ റിജിജു, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി.

◾  ഊര്‍ജ്ജ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ വരും വര്‍ഷങ്ങളില്‍ നൂറ് ശതമാനം എഥനോള്‍ മിശ്രിതം നടപ്പാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

◾  ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം. 26 നിരപരാധികളുടെ ജീവന്‍ അന്ന് നഷ്ടമായിരുന്നു. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ആക്രമണം നടന്ന ബൈസരണ്‍വാലിയില്‍ ഒരുക്കിയിരിക്കുന്നത്.

◾  മുംബൈയിലെ വര്‍ളിയില്‍ ഭരണകക്ഷിയായ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെ മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിര്‍ത്തി യാത്രക്കാരിയുടെ ശകാരം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. സ്‌കൂളില്‍ നിന്ന് കുട്ടിയെ വിളിക്കാന്‍ പോയ യുവതി കിലോമീറ്ററുകളോളം ട്രാഫിക് കുരുക്കില്‍ കുടുങ്ങിയതോടെ വാഹനത്തില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കിടയിലേക്കെത്തി മന്ത്രിയെ ശകാരിക്കുകയായിരുന്നു.

◾  ഹൈദരാബാദിലെ പ്രശസ്തമായ ദുര്‍ഗം ചെറുവു കേബിള്‍ പാലത്തില്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. 32 കാരനായ ശ്യാം രാജ് ആണ് മരിച്ചത്.

◾  അമേരിക്കയെ സഹായിച്ചാല്‍ യുഎഇ അടക്കം മിഡില്‍ ഈസ്റ്റിലെ എല്ലാ എണ്ണപ്പാടങ്ങളും കത്തിച്ചുകളയുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഏറോസ്പേസ് ഫോഴ്സ്  കമാന്‍ഡറാണ് ഭീഷണി മുഴക്കിയത്. മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയേണ്ടിവരുമെന്നാണു കമാന്‍ഡറെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

◾  ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെ ഇറാന്റെ ആക്രമണം. ഇന്നു പുലര്‍ച്ചെ ഒമാന്‍ തീരത്തിനു സമീപം  ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ സായുധ ബോട്ട് കണ്ടെയ്നറാണ് കപ്പലിനു നേരെ വെടിവയ്പു നടത്തിയത്. ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

◾  വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കയുടെ നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്നും ഇറാന്‍ അറിയിച്ചു.

◾  ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 16,600 കോടി ഡോളറിന്റെ അധിക തീരുവ നിയമവിരുദ്ധമാണെന്ന് അമേരിക്കന്‍ സുപ്രീം കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റീഫണ്ടിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.

◾  അത്യാധുനിക ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയയിലെ സിന്‍പോ മേഖലയില്‍ നിന്നും ഈസ്റ്റ് സീ ലക്ഷ്യമാക്കിയാണ് മിസൈലുകള്‍ തൊടുത്തുവിട്ടത്.

◾  15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഒടിപി ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഏകീകൃത ഇ-മാന്‍ഡേറ്റ് ചട്ടക്കൂട് അവതരിപ്പിച്ചു. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് 'അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍' ഉപയോഗിച്ച് ഒരു തവണ ഇ-മാന്‍ഡേറ്റ് രജിസ്റ്റര്‍ ചെയ്യാം. ഒരിക്കല്‍ ഇത് അംഗീകരിക്കപ്പെട്ടാല്‍ 15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ ഒടിപി ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി നടക്കും. എന്നാല്‍ ഈ പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പരിശോധനകള്‍ തുടരും. അന്താരാഷ്ട്ര പേയ്മെന്റുകളെയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധിക നിരക്കുകള്‍ ഈടാക്കാനും പാടില്ല. ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ എന്നിവ ഇ-മാന്‍ഡേറ്റ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അധിക പരിശോധനകള്‍ കൂടാതെ ഒരു ലക്ഷം രൂപ വരെ ഓട്ടോമാറ്റിക്കായി പേയ്മെന്റ് നടത്താം.

◾  ഇന്‍സറ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ഫീച്ചറാണ് ഒ.ജി (ഒണ്‍ലി ഗാങ്സ്റ്റര്‍) എന്നു വിളിപ്പേരുള്ള ഫ്ളാഷ് ഫില്‍റ്റര്‍. ഈ ഫില്‍റ്ററാണ് ഇപ്പോള്‍ സ്റ്റോറികളും റീലും ഭരിക്കുന്നത്. സംഭവം മെറ്റ എ.ഐയുടെ പുതിയ ടൂളാണ്. ഇന്‍സ്റ്റയില്‍ സ്റ്റോറീസില്‍ പോയി ഒരു ചിത്രം സെലക്ട് ചെയ്യുക. റീ സ്‌റ്റൈല്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ നിരവധി ഫില്‍റ്ററുകള്‍ വരും. അതില്‍നിന്ന് ഫ്‌ളാഷ് എന്ന ഫില്‍റ്റര്‍ തിരഞ്ഞെടുക്കുക. കുറച്ചുസമയത്തിനുശേഷം ഒ.ജി ചിത്രം തയ്യാര്‍. നമ്മളെ ഫോക്കസ് ചെയ്ത് ഫ്‌ളാഷ് അടിക്കുന്നതു പോലെയുള്ള ഫീച്ചറാണിത്. ബാക്ക്ഗ്രൗണ്ട് മുഴുവന്‍ കുറച്ച് ഡാര്‍ക്കാവുകയും ചെയ്യും. ഇതുകൂടാതെ സ്റ്റൈല്‍ ഓപ്ഷനില്‍ ആഡ്, റിമൂവ്, ചേഞ്ച് എന്നീ ഫീച്ചറുകളും ഉണ്ട്. വേറെ എ.ഐ ആപ്പുകളുടെ സഹായമില്ലാതെ ഫോട്ടോയില്‍ നിന്ന് ബാക്ക്ഗ്രൗണ്ട് മാറ്റാനും ചിത്രങ്ങള്‍ ആഡ് ചെയ്യാനും മറ്റുമുള്ള ഓപ്ഷനുകളും ഇതിലുണ്ട്.

◾  'പേട്രിയറ്റ്' സിനിമയ്ക്ക് കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. ഇത് വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം അനുസരിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രം റീ- എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ റീ- എഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. ഇതടക്കമുള്ള മാറ്റങ്ങളുമായാണ് മേയ് ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തുക. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

◾  മാന്‍ ഓഫ് മാസസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സ്വതന്ത്രസംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം 'എന്‍ടിആര്‍- നീല്‍' 2027 ജൂണ്‍ 11 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് മേയ് 20ന് റിലീസ് ചെയ്യും. താത്ക്കാലികമായി 'എന്‍ടിആര്‍- നീല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍- പാക്ക്ഡ് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ റിലീസ് ചെയ്യും. പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസുകളായ മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. ബാനറില്‍ കല്യാണ് റാം നന്ദമുരി, നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾  പുതിയ 349സിസി എന്‍ജിനുമായി ബജാജ് പള്‍സര്‍ എന്‍എസ്400ഇസഡ് പുറത്തിറങ്ങി. മോട്ടോര്‍സൈക്കിളിന്റെ വിലയില്‍ മാറ്റമില്ല. വെബ്സൈറ്റില്‍ ഇപ്പോഴും വില 1,93,900 രൂപ (എക്‌സ്-ഷോറൂം, ഡല്‍ഹി) ആണ്. മുമ്പുണ്ടായിരുന്ന 373സിസി എന്‍ജിന് പകരം ഇപ്പോള്‍ 349സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 9,000 ആര്‍പിഎമ്മില്‍ 40 ബിഎച്പി പവറും 7,500 ആര്‍പിഎമ്മില്‍  33.2 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നു. എന്‍ജിന്‍ മാറ്റം ഒഴിച്ചാല്‍ ബൈക്ക് മുന്‍ മോഡലിനെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. അതേ പെരിമീറ്റര്‍ ഫ്രെയിം തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. സസ്പെന്‍ഷനായി ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും മോണോഷോക്കും നല്‍കിയിരിക്കുന്നു. രണ്ട് വശങ്ങളിലും 17 ഇഞ്ച് അലോയ് വീലുകള്‍ ഉണ്ട്.

◾  1980കളുടെ അന്ത്യത്തില്‍ ഒരു വര്‍ഷത്തെ ഡല്‍ഹി വാസക്കാലത്തെ വിവിധ സഞ്ചാരങ്ങളെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതല്‍ ഡല്‍ഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി വിവരിക്കുന്നു. 'സിറ്റി ഓഫ് ജിന്‍സ്'. വില്ല്യം ഡാല്‍റിമ്പിള്‍. ഡിസി ബുക്സ്. വില 468 രൂപ.

◾  മുപ്പതുകളിലെ രക്തസമ്മര്‍ദത്തിന്റെ തോതാണ് അമ്പതുകളിലെ ഹൃദയാഘാതത്തെ നിശ്ചയിക്കുന്നതെന്ന് പഠനം. രക്തസമ്മര്‍ദത്തിന്റെ കാര്യത്തില്‍ ചെറിയ തോതിലുള്ള മാറ്റം പോലും പ്രധാനമാണ്. രക്തസമ്മര്‍ദം എത്രത്തോളം കൂടുന്നുവോ അതിനനുസരിച്ച് ഹൃദ്രാേഗസാധ്യതയും കൂടുതലാണ്. 120/80 എന്ന നോര്‍മല്‍ ബിപി നിലയില്‍പ്പോലും മുന്നറിയിപ്പുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും രക്തസമ്മര്‍ദം മൂലമുള്ള അപകടസാധ്യതാ ഘടകങ്ങള്‍ ഒരുപോലെയാണ്. ബിപി 120/70ല്‍ കുറവ് ഉള്ളവരില്‍ ദീര്‍ഘകാലത്തേക്ക് ഹൃദ്രോഗസാധ്യത കുറവാണ്. ബിപി നില 140/90ല്‍ കുറവാണെങ്കില്‍ മാത്രം ചികിത്സിക്കുക എന്നത് തെറ്റിദ്ധാരണയാണ്. കാരണം സിസ്റ്റോളിക് ബ്ലഡ് പ്രഷന്‍ 140 കടക്കുമ്പോഴേക്കും ഹൃദയസംബന്ധമായ തകരാറുകള്‍ ആരംഭിച്ചിരിക്കും. സാധാരണയായി ഒരു ബിപി റീഡിംഗ് 120/80 എന്നായിരിക്കും. ആദ്യത്തെ സംഖ്യ സിസ്റ്റോളിക് പ്രഷര്‍ ആണ്. അതായത്, ഹൃദയം സങ്കോചിക്കുമ്പോള്‍ ധമനികളിലൂടെ രക്തം പമ്പ് ചെയ്യാന്‍ അത് എത്രത്തോളം ശക്തമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഈ നമ്പര്‍ കാണിക്കുന്നത്. ഡയസ്റ്റോളിക് പ്രഷര്‍ ആണ് രണ്ടാമത്തെ സംഖ്യ. ഓരോ മിടിപ്പുകള്‍ക്കിടയിലും ഹൃദയം വിശ്രമിക്കുമ്പോള്‍ ധമനികളിലുണ്ടാകുന്ന സമ്മര്‍ദമാണ് ഇത് അളക്കുന്നത്. ഈ സമയത്താണ് ഹൃദയപേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കുന്നത്. അതിനാല്‍, ഡയസ്റ്റോളിക് സംഖ്യ വളരെ കൂടുകയോ കുറയുകയോ ചെയ്താല്‍ അത് ഹൃദയത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കുന്നതിനെ വരെ ബാധിച്ചേക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.84, പൗണ്ട് - 126.88, യൂറോ - 110.27, സ്വിസ് ഫ്രാങ്ക് - 120.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.21, ബഹറിന്‍ ദിനാര്‍ - 248.85, കുവൈത്ത് ദിനാര്‍ -304.58, ഒമാനി റിയാല്‍ - 244.10, സൗദി റിയാല്‍ - 25.03, യു.എ.ഇ ദിര്‍ഹം - 25.49, ഖത്തര്‍ റിയാല്‍ - 25.74, കനേഡിയന്‍ ഡോളര്‍ - 68.73.
Previous Post Next Post
3/TECH/col-right