Trending

വേനൽചൂടിൽ കത്തിയമർന്ന് കശുമാവ് തോട്ടം; ലക്ഷങ്ങളുടെ നഷ്ടം.

എളേറ്റിൽ: കഠിനമായ വേനൽ ചൂടിലും, കാറ്റിലും നിയന്ത്രണമില്ലാതെ പടർന്ന തീയിൽ ഏക്കറ കണക്കിന് കശുമാവ് തോട്ടം കത്തിനശിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെ ഇരുപതാം വാർഡിൽപ്പെട്ട ഒഴലക്കുന്ന് കളുക്കാൻ ചാലിൽ താമസിക്കുന്ന ഷംസുദ്ധീന്റെ ഉടമസ്ഥതയിലുള്ള കശുമാവ് തോട്ടമാണ് കത്തി നശിച്ചത്.


ഏക്കറയോളം വരുന്ന തോട്ടമാണ് ഇന്നലെ  രാവിലെ പതിനൊന്നുമണിയടെ ഉണ്ടായ അഗ്നിബാധയിൽ കത്തിയമർന്നത്. തോട്ടത്തിന്റെ ഒരു വശത്തു നിന്ന് പുക ഉയരുന്നത് അയല്പക്കത്തെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കരിയിലകൾക്കും ഉണങ്ങിയ പുല്ലിനും പിടിച്ച തീ, ശക്തമായ കാറ്റും, ചൂടും കാരണം നിമിഷനേരം കൊണ്ട് തോട്ടമാകെ പടരുകയായിരുന്നു.

​വിളവെടുത്തു കൊണ്ടിരിക്കുന്ന നൂറോളം കശുമാവുകൾ പൂർണ്ണമായും കരിഞ്ഞുപോയി.കശുമാവിന് പുറമെ തോട്ടത്തിലുണ്ടായിരുന്ന മറ്റ് വിളകളും തീയിൽ നശിച്ചിട്ടുണ്ട്.

​നാട്ടുകാരും, വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാറ്റുണ്ടായിരുന്നതിനാൽ തീ മറ്റ് പറമ്പുകളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് കഠിനമായി പ്രയത്നിച്ചു. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

​വേനൽക്കാലത്ത് പറമ്പുകളിലെ കരിയിലകൾക്ക് തീയിടുന്നത് ഒഴിവാക്കണമെന്നും, ചെറിയൊരു അശ്രദ്ധ പോലും വലിയ വന്യജീവി നാശത്തിനും, സാമ്പത്തിക തകർച്ചയ്ക്കും കാരണമാകുമെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളെ കുറിച്ചു ബന്ധപ്പെട്ട പഞ്ചായത്ത്‌ അധികാരികളെ ഷംസുദ്ധീൻ വിവരമറിയിച്ചിട്ടുണ്ട്.

Previous Post Next Post
3/TECH/col-right