കൊടുവള്ളി: കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികളുടെ ആശ്രയമായ പ്രവാസി ക്ഷേമനിധി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. എം.കെ. മുനീർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു. പ്രവാസി തൊഴിലാളികളുടെ ആശ്രയമായ ഈ ക്ഷേമപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 60 വയസ് പൂർത്തിയായ പെൻഷന് അപ്രൂവൽ ലഭിച്ച ആളുകൾക്ക് കുടിശ്ശിക ലഭിക്കാതെ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
നിലവിൽ പെൻഷൻ അനുവദിക്കുന്നതിൽ ഉണ്ടായിരിക്കുന്ന വൈകല്യങ്ങൾ കാരണം അർഹരായ നിരവധി പേർക്ക് കുടിശിക (Arrears) ലഭിക്കാതെ വരികയും അവരുടെ ജീവിതം ദുരിതത്തിലാകുകയും ചെയ്തിരിക്കുകയാണ്. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത് കുടുംബത്തെ പോറ്റിയ പ്രവാസികൾക്ക് വാർധക്യകാലത്ത് ലഭിക്കേണ്ട സഹായം തടസപ്പെടുന്നത് വലിയ അനീതിയാണെന്നും എംഎൽഎ വ്യക്തമാക്കി.
സംസ്ഥാനത്തെ ഏകദേശം 88,485 പ്രവാസി ക്ഷേമനിധി അംഗങ്ങൾ ഈ പ്രശ്നം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ അർഹരായ എല്ലാ അംഗങ്ങൾക്കും ഉടൻ പെൻഷൻ വിതരണം പുനരാരംഭിക്കുകയും കുടിശിക തുക വേഗത്തിൽ അനുവദിക്കുകയും ചെയ്യണമെന്ന് ഡോ. എം.കെ. മുനീർ ആവശ്യപ്പെട്ടു.
പ്രവാസി സമൂഹത്തിന്റെ ദീർഘകാല ആവശ്യമായ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും, പ്രവാസികൾക്ക് നീതിയുള്ള പരിഹാരം ലഭിക്കണമെന്നും എംഎൽഎ പ്രതീക്ഷ പ്രകടിപ്പിച്ചു.
Tags:
KODUVALLY