2026 സെപ്റ്റംബര്‍ 24 | വ്യാഴം
1202 കന്നി 8 | അവിട്ടം
1448 റ:ആഖിർ 12
◾ എസ്ഐആര്‍ ഉള്‍പെടെ നിര്‍ണായക വിഷയങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകളില്‍ വിയോജിപ്പു രേഖപ്പെടുത്തി സഹകമ്മീഷണര്‍മാര്‍. സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരാണു വിയോജിപ്പു പ്രകടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ 14 വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നതിനുള്ള 2023-ലെ നിയമത്തെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തില്‍ സുപ്രീംകോടതിയില്‍ ഭിന്നവിധി. സെലക്ഷന്‍ പാനലില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം ഒരു കേന്ദ്ര മന്ത്രിയെ ഉള്‍പ്പെടുത്തിയ നിയമമാണ് ചോദ്യംചെയ്യപ്പെടുന്നത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചിരുന്നത്. വിശാല ബെഞ്ചിന് വിടണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് ദീപാങ്കര്‍ ദത്ത തള്ളി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപോലെ വിശാല ബഞ്ചിനു വിടണമെന്നാണ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നിലപാട്.
◾ മാസപ്പടി, ഹവാല കേസില്‍ പിണറായി വിജയനും മകള്‍ വീണയ്ക്കും മുന്‍മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് മേല്‍നോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്നു ഡിവൈഎസ്പിമാരും അഞ്ച് ഇന്‍സ്പെക്ടര്‍മാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്ഐടിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.
◾ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസില്‍ ജയിലിലുള്ള 8 പ്രതികള്‍ക്കെതിരേ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊള്ളയുടെ 105 സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും 80 ലക്ഷത്തോളം രൂപ വീണ്ടെടുത്തെന്നും ഏഴായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. സംശയ നിഴലിലായിരുന്ന ട്രസ്റ്റ് മുന്‍ ഭാരവാഹികള്‍ ചമ്പത് റായ്, അനില്‍ മിശ്ര തുടങ്ങിയവര്‍ക്കെതിരെയൊന്നും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.
◾ 'കലയുടെ സൂര്യന്‍' സൂര്യ കൃഷ്ണമൂര്‍ത്തി വിടവാങ്ങി. 78 വയസായിരുന്നു. ഏറ്റവും വലിയ സാംസ്‌കാരിക കലാമേളയായ സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകള്‍ക്കായി കേരളത്തില്‍ അരങ്ങൊരുക്കിയ വ്യക്തിത്വമാണ് വിടപറഞ്ഞത്. ഒക്ടോബര്‍ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷന്‍ തുടങ്ങനിരിക്കെയാണ് അന്ത്യം. അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്‌കാരികതയെ നയിച്ച സൂര്യ കൃഷ്ണമൂര്‍ത്തി സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു. 'കേരള പ്രഭാ' പുരസ്‌കാരം, തമിഴ്നാട് സര്‍ക്കാരിന്റെ 'കലൈമാമണി' പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. മൃതദേഹം തൈക്കാട്ടെ വീട്ടില്‍ ഇന്നു രാവിലെ 7 മുതല്‍ പൊതുദര്‍ശനം. വൈകീട്ട് ശാന്തി കവാടത്തില്‍ സംസ്‌കാരം.
◾ ഇന്ത്യയിലെ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുന്‍കൂട്ടി കണ്ട് ആസൂത്രണം നടന്നില്ല. അടുത്ത മാസം മുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ഇന്നു വിപുലമായ യോഗം ചേരും. വൈദ്യുതി പ്രതിസന്ധിയില്‍ മുന്‍ സര്‍ക്കാരിനെ പഴിക്കുന്നത് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
◾ പുതിയ വൈദ്യുതി കണക്ഷനുള്ള ഫീസ് റെഗുലേറ്ററി കമ്മിഷന്‍ കുത്തനെ കൂട്ടി. വര്‍ധന അടുത്ത മാസം 12 നു നിലവില്‍വരും. രണ്ട് കിലോവാട്ടുവരെ സിംഗിള്‍ ഫെയ്‌സ് ഗാര്‍ഹിക കണക്ഷന് 1740 രൂപയില്‍നിന്ന് രണ്ടായിരം രൂപയാക്കി. രണ്ടിന് മുകളിലും അഞ്ച് കിലോവാട്ടുവരെയുള്ളത് 1740 രൂപയില്‍നിന്ന് 5000 രൂപയാക്കി. ഗാര്‍ഹികേതര കണക്ഷന് ഒരു കിലോവാട്ടുവരെ 2500 രൂപയും രണ്ട് കിലോവാട്ടുവരെ മൂവായിരം രൂപയും നല്‍കണം. ത്രീഫെയ്‌സില്‍ അഞ്ചുമുതല്‍ 10 കിലോവാട്ടുവരെ 4220 രൂപയായിരുന്നു. ഇത് അഞ്ചുമുതല്‍ ഏഴുവരെ എണ്ണായിരം രൂപയും ഏഴുമുതല്‍ 10 വരെ 10,000 രൂപയുമായി വര്‍ധിപ്പിച്ചു. ലൈനില്‍നിന്ന് 200 മീറ്ററിനുള്ളില്‍ പോസ്റ്റും മറ്റുസാധനങ്ങളുംവേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്.
◾ കേരള പിറവിയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 'ഫെസ്റ്റിവല്‍ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകള്‍, ടൂറിസം മേഖലയുടെ സാധ്യതകള്‍ എന്നിവ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
◾ ഡോക്ടര്‍മാരുടെ വിവരങ്ങളും പരിശോധന സമയവും ആശുപത്രികളില്‍ പരസ്യപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആശുപത്രികളില്‍ വരെ പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തണം. ആശുപത്രികളിലെ തസ്തികകള്‍, നിലവിലെ ഡോക്ടര്‍മാരുടെ എണ്ണം, ഡോക്ടര്‍മാരുടെ ഒഴിവുകള്‍, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്.
◾ മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും തടയാന്‍ നിയമനിര്‍മാണം ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. കേരള പ്രിവന്‍ഷന്‍ ഓഫ് ബ്ലാക്ക് മാജിക് ബില്‍ 2026 കരട് ബില്ലും സര്‍ക്കാരിന് സമര്‍പ്പിച്ചു. കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2025 നവംബര്‍ 12ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
◾ മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍ വിശ്വസേവാ ദിനമായി ആചരിക്കും. 26ന് വൈകീട്ട് അഞ്ചിനുള്ള സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. 27-ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിപങ്കെടുക്കും. 50 കോടി രൂപയുടെ ജീവകാരുണ്യപദ്ധതികള്‍ക്ക് മഠം തുടക്കം കുറിക്കും.
◾ സ്വന്തം മണ്ഡലമായ വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ തനിക്ക് ഒരുക്കിയ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യം തനിക്കില്ലെന്നും സുരക്ഷാ ജീവനക്കാരുടെ എണ്ണക്കൂടുതല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. ഇക്കാര്യം സി ആര്‍ പി എഫ് ഉദ്യോഗസ്ഥരെ അവര്‍ അറിയിച്ചു.
◾ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ചുമതലയേറ്റു. കേര പദ്ധതിയുടെ അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍, സഹകരണ സംഘം രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എന്നീ ചുമതലകളും അദ്ദേഹത്തിനാണ്.
◾ ബിജെപി വിവിധ സംസ്ഥാനങ്ങളിലേക്കു പുതിയ ചുമതലക്കാരെ (പ്രഭാരിമാര്‍) നിയോഗിച്ചു. കേരളത്തിന്റെ ചുമതലയില്‍നിന്ന് പ്രകാശ് ജാവ്ദേക്കറെ മാറ്റി. കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗവും ആര്‍ എസ് എസ് നേതാവും ബി ജെപി ദേശീയ വൈസ് പ്രസിഡന്റുമായ പ്രൊഫ. എം നാഗരാജുവാണ് പുതിയ പ്രഭാരി. സഹപ്രഭാരി അപരാജിത സാരംഗിയെ മാറ്റി തമിഴ്നാട്ടില്‍ നിന്നുള്ള ദേശീയ സെക്രട്ടറി എം. വെങ്കിടേഷിനെ നിയോഗിച്ചു. പ്രകാശ് ജാവദേക്കര്‍ക്ക് പകരം ചുമതല നല്‍കിയിട്ടില്ല. തമിഴ്‌നാടിന്റെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തരാഖണ്ഡിന്റെയും ചുമതല ആര്‍ എസ് എസ് നേതാവ് റാം മാധവിനാണ്. പുതുച്ചേരിയുടെ ചുമതല കെ സുരേന്ദ്രനും ലക്ഷദ്വീപിന്റെ ചുമതല ജോര്‍ജ് കുര്യനും നല്‍കി. അനില്‍ ആന്റണിക്ക് നാഗാലാന്‍ഡിന്റെ ചുമതലയും ഗോവയുടെ സഹപ്രഭാരി സ്ഥാനവും നല്‍കി.
◾ മാസപ്പടി കേസില്‍ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബിജെപിയുമായി ചേര്‍ന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നടപടിയുണ്ടാകുന്നതെന്നും ജയരാജന്‍ പറഞ്ഞു.
◾ പേരുവെളിപ്പെടുത്താനാകാത്തവിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി ഡി സതീശന്‍ മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നത് അഭിമാനമായി കാണുന്ന മുഖ്യമന്ത്രി പ്രബുദ്ധ കേരളത്തെ നാണംകെടുത്തുകയാണ്. സര്‍ക്കാരിന്റെ കാറുകള്‍ മാറ്റിവച്ച് പണപ്രഭുക്കളുടെ അത്യാഡംബര കാറുകള്‍ക്കായി മന്ത്രിമാര്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
◾ മുഖ്യമന്ത്രി വി ഡി സതീശന്‍ ആരുടെ വിമാനത്തിലാണു യാത്ര ചെയ്തതെന്നു വെളിപെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്പോണ്‍സര്‍ ആരാണ്. കൊടകര കുഴല്‍പ്പണ കേസില്‍ ഇഡി അന്വേഷണമില്ലാത്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംസ്ഥാനത്ത് മോദി-ഇഡി-വിഡി കൂട്ടുകെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പറഞ്ഞു.
◾ മെസിയുടെ പേരിലെ തട്ടിപ്പില്‍ എസ്ഐടി അന്വേഷണത്തിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആന്റോ അഗസ്റ്റിന്‍. എറണാകുളം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോടതി ഇന്നു പരിഗണിക്കും.
◾ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി കൊയ്യോട് ഉമര്‍ മുസ്ലിയാരെ തിരഞ്ഞെടുത്തു. എം ടി അബ്ദുല്ല മുസ്ലിയാരാണ് പുതിയ ട്രഷറര്‍. കൂടാതെ, നേതാക്കള്‍ക്കെതിരായ വിവാദ പരാതികള്‍ അന്വേഷിക്കാന്‍ എട്ടംഗ ഉന്നതാധികാര സമിതിക്കും രൂപം നല്‍കി.
◾ എന്റെ സന്തോഷം ഞാന്‍ പകുത്തു തരുന്നുവെന്ന് നടന്‍ മമ്മൂട്ടി. ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തിയ ശേഷമാണ് മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത്.
◾ വടകരയിലെ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ കുറ്റാരോപിതയായ രണ്ടാമത്തെ അധ്യാപികയ്ക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് കേസിലെ മൂന്നാം പ്രതിയായ കാവ്യ(29)ക്ക് ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ പ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്കും നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 25-നാണ് കൊയിലാണ്ടി സ്വദേശിനിയായ കാവ്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
◾ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വിജയം. പ്രസിഡന്റായി കോണ്‍ഗ്രസിലെ ജ്യോതിശ്രീയും വൈസ് പ്രസിഡന്റായി അഗസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. 19 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ്-7, ബിജെപി-7, സിപിഎം-5 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ബിജെപി ഭരണം നേടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ ബിജെപിക്ക് ഭരണം നഷ്ടമായി.
◾ മേഘാലയയില്‍ ഭരണ മുന്നണിയിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എട്ട് എംഎല്‍എമാര്‍ മുന്നണിയിലെ മറ്റൊരു കക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി ലാക്മെന്‍ റിംബുയി അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ 60 അംഗ നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന ബിജെപിയുടെ അംഗസംഖ്യ എട്ടായി.
◾ സിഗരറ്റ് വില വീണ്ടും വര്‍ധിപ്പിച്ചു. ഐടിസിയുടെ ജനപ്രിയ ബ്രാന്‍ഡായ ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയത്തിന്റെ വിലയാണ് വീണ്ടും കൂട്ടിയത്. 10 സിഗരറ്റുകള്‍ അടങ്ങിയ ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയം പാക്കറ്റിന്റെ വില 125 രൂപയില്‍നിന്ന് 135 രൂപയായി വര്‍ധിപ്പിച്ചു.
◾ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കു പ്രഖ്യാപിച്ചിരിക്കേ, 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാനപ്രകാരം സെപ്റ്റംബര്‍ 28 തിങ്കള്‍ മുതല്‍ 30 ബുധന്‍ വരെയാണ് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്.
◾ തൃണമൂല്‍ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന പരാതിയില്‍ സ്പീക്കറുടെ തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി. പരാതി മൂന്ന് മാസമായിട്ടും തീര്‍പ്പാക്കിയില്ല. രണ്ടു തവണ അവധി നീട്ടി നല്‍കിയിട്ടും മറുപടി നല്‍കാത്ത തൃണമൂല്‍ വിമതര്‍ നാലാഴ്ച കൂടി സമയം തേടി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന 20 എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയാണു സുപ്രീംകോടതിയിലെത്തിയത്. ജൂണ്‍ പതിനെട്ടിന് എംപിമാര്‍ സ്വമേധയാ രാജിവച്ച രേഖകളുമായി സ്പീക്കര്‍ക്ക് പരാതി നല്‍കിയതാണെന്ന് അഭിഷേക് ബാനര്‍ജിയുടെ അഭിഭാഷകനും തൃണമൂല്‍ നേതാവുമായ കല്യാണ്‍ ബാനര്‍ജി കോടതിയെ അറിയിച്ചു.
◾ എസ്ഐആറിന് മുമ്പുള്ള വോട്ടര്‍ പട്ടിക ഉപയോഗിച്ച് പശ്ചിമ ബംഗാളില്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്ഐആര്‍ നടപടിക്രമങ്ങളില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മമത ആവശ്യം ഉന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മമത ബാനര്‍ജി ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു.
◾ ഡല്‍ഹിയിലെ കൂട്ടബലാത്സംഗ സംഭവം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി. തലസ്ഥാനത്ത് ഇത്തരമൊരു സംഭവം നടന്നത് അതീവ ഗൗരവകരമാണെന്നും നിയമവാഴ്ചയുടെ തകര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും സ്വന്തം മണ്ഡലമായ വയനാട് സന്ദര്‍ശനത്തിനിടെ പ്രിയങ്ക പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സി പി എം നേതാവ് എം എ ബേബി ആവശ്യപ്പെട്ടു. കമ്മീഷനിലെ ഭിന്നതകള്‍ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലൂടെ കുത്തിയൊഴുകുന്ന ടീസ്ത നദിയിലെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് മരണത്തോടു മല്ലിട്ട ആനക്കുട്ടിയെ വള്ളത്തിലേക്കു വലിച്ചുകയറ്റി മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്ന വീഡിയോ വൈറലായി. ഗജോല്‍ഡോഗ മേഖലയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടയിലാണ് അമ്മയാനയില്‍ നിന്നും കൂട്ടം തെറ്റി ആനക്കുട്ടി കുത്തൊഴുക്കില്‍ അകപ്പെട്ടത്.
◾ ജോലിയില്‍ നിന്ന് രാജിവച്ച ശേഷം കിട്ടാനുള്ള 10,000 രൂപ ഉടമ പിടിച്ചുവച്ചതിന് വസ്ത്രവ്യാപാരശാലയ്ക്ക് തീയിട്ട് 25 കോടി രൂപയുടെ നഷ്മുണ്ടാക്കിയ മുന്‍ ജീവനക്കാരന്‍ പിടിയിലായി. ഗുജറാത്തിലെ സൂറത്തിലാണ് പ്രതി ധുലെ സ്വദേശി വിനോദ് സാല്‍വെ അറസ്റ്റിലായത്.
◾ ഹോര്‍മുസില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കപ്പലില്‍ 19 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.
◾ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനുസില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ സാമ്പത്തിക വിഭാഗം തലവന്‍ മുഹമ്മദ് അബു അല്‍വാനെ വധിച്ചെന്ന് ഇസ്രായേല്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് അവകാശവാദം ഉന്നയിച്ചത്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സും ഇസ്രായേലി സെക്യൂരിറ്റി ഏജന്‍സിയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് അബു അല്‍വാനെ വധിച്ചത്.
◾ ഡയാന രാജകുമാരിയുടെ അപകട മരണത്തില്‍ ഭര്‍ത്താവായിരുന്ന ചാള്‍സ് രാജകുമാരന്‍ മനസുകൊണ്ടു സന്തോഷിച്ചെന്ന് ഡയാനയുടെ ഇളയ സഹോദരന്‍ ഏള്‍ സ്പെന്‍സര്‍ രചിച്ച 'സ്വാന്‍ സോംഗ്: ഡയാന മൈ സിസ്റ്റര്‍' എന്ന പുസ്തകത്തില്‍ ആരോപണം. ഡയാനയുടെ മരണത്തിനു ശേഷം സ്പെന്‍സറും ചാള്‍സുമായുണ്ടായ രണ്ട് ഫോണ്‍കോളുകളാണ് വിവാദമായത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തല്‍ ഏള്‍ സ്പെന്‍സര്‍ അതെല്ലാം ഉറപ്പിച്ചുപറയുകയും ചെയ്തു.
◾ ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ ഖത്തറിന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. അമേരിക്കന്‍ ഉപരോധം ഇറാന്റെ വിമാനക്കമ്പനികളെ ബാധിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ സമാധാന ശ്രമങ്ങള്‍.
◾ യുഎന്‍ പൊതുസഭയില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി. ഭീകരതയുടെ ഇരകളാണ് ഇറാനെന്ന് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു.
◾ ഇന്ത്യ - യുഎസ് വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെ കാനഡയുമായും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ഉടമ്പടികള്‍ ഈ വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്.
◾ റൊണാള്‍ഡീന്യോയുടെ ഡ്രിബ്ലിങ് പാടവം കണ്ട് കൊച്ചി ആര്‍ത്തുവിളിച്ചു. ഐഎം വിജയന്റെയും ബൈചുങ് ബുട്ടിയയുടെയും മിന്നാലാട്ടങ്ങള്‍ ഗാലറിയെ ഇളക്കി മറിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ബ്രസീലുമായുള്ള ഇന്ത്യയുടെ ഫുട്ബോള്‍ മല്‍സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബ്രസീല്‍ ലെജന്‍ഡ്‌സ് വിജയിച്ചു. ബ്രസീലിനായി ഫെര്‍ണാണ്ടിന്യോ ഹാട്രിക്ക് നേടിയപ്പോള്‍ ഇന്ത്യക്കായി സി.കെ. വിനീത് ഇരട്ട ഗോളുകള്‍ നേടി. തുടക്കത്തില്‍ ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് മൈതാനത്ത് ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നീടു മുന്നേറിയതു ബ്രസീലായിരുന്നു.
◾ ക്രിക്കറ്റ് ഓളത്തിലേക്ക് തിരുവനന്തപുരം. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനായി വിരാട് കോലി അടക്കമുള്ള താരങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണു മത്സരം.
◾ ഏഷ്യന്‍ ഗെയിംസ് പുരുഷ ടീം ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലില്‍ ചൈനയോട് 3-1 ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലത്തിലൊതുങ്ങിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. അന്ന് ചൈനയോട് ഫൈനലിലാണ് പരാജയപ്പെട്ടത്. 1982ലും 1986-ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.
◾ പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് പുതിയ ചിപ്പുകളുമായി ക്വാല്‍കോം. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച പ്രകടനവും മികച്ച ഓണ്‍-ഡിവൈസ് എഐയും നല്‍കുന്ന ചിപ്പുകള്‍ ഏജന്റിക് എഐ യുഗത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്നാണ് അവകാശവാദം. പുതിയ രണ്ട് സ്നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമുകളും ക്വാല്‍കോമിന്റെ കസ്റ്റം ഒറിയോണ്‍ സിപിയു, അഡ്രിനോ ജിപിയു, ഹെക്സാഗണ്‍ എന്‍പിയു എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ശക്തമായ മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6 എന്ന് ക്വാല്‍കോം അവകാശപ്പെടുന്നു. ദൈനംദിന ജോലികള്‍ ചെയ്യുന്നതിനായി എഐ ഏജന്റുകളെ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഈ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
◾ രശ്മിക മന്ദാന ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്ന 'മൈസ' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. മാസ് ആക്ഷന്‍ റോളിലാണ് ചിത്രത്തില്‍ രശ്മിക എത്തുന്നത്. നവംബര്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഇതുവരെ താന്‍ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. 'ഞാന്‍ എപ്പോഴും നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും, ആവേശകരമായ എന്തെങ്കിലും നല്‍കാന്‍ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാന്‍ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. നമ്മള്‍ എന്താണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് കാണാന്‍ ഞാന്‍ ശരിക്കും കാത്തിരിക്കുകയാണ്..' എന്നാണ് രശ്മിക കുറിച്ചത്.
◾ ഫാന്റസിയും തമാശയും ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമായി ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. എസ് എസ് രാജമൗലി ആണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ അവതരണവുമായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഫാന്റസി എന്റര്‍ടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബര്‍ 2ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ഫാന്റസി ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രമായ ഡോണ്ട് ട്രബിള്‍ ദ് ട്രബിളില്‍ തന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസാകും. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ചു. 1.35 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 5000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 3.0 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 145 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനം ചാര്‍ജ് ആകാന്‍ 40 മിനിറ്റ് മതിയെന്നാണ് കമ്പനി പറയുന്നത്. മുഴുവന്‍ ചാര്‍ജ് ആകാന്‍ ഏകദേശം നാലുമണിക്കൂര്‍ വേണ്ടി വരും. ക്യൂസി1നെ അപേക്ഷിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ബാറ്ററി. സീറ്റിന് അടിയില്‍ 32 ലിറ്റര്‍ സ്റ്റോറേജ് കപാസിറ്റി ആണ് ഉള്ളത്. ഹോണ്ട റോഡ്‌സിങ്ക് കണക്ടിവിറ്റിയോടുകൂടിയ അഞ്ച് ഇഞ്ച് ടിഎഫ്ടി യൂണിറ്റ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, സ്മാര്‍ട്ട് കീ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. മാറ്റ് ഫോട്ടോണ്‍ ഗ്രേ മെറ്റാലിക്, പേള്‍ പ്രീഷ്യസ് വൈറ്റ്, പേള്‍ ഷാലോ ബ്ല്യൂ, പേള്‍ സൈറണ്‍ ബ്ലൂ എന്നി നാലു കളറുകളില്‍ ഇത് ലഭ്യമാകും.
◾ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ വിവിധ ഭാരതീയ ഭാഷകളില്‍ രചിക്കപ്പെട്ട 20 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇന്ത്യന്‍ ചെറുകഥയുടെ ശക്തിയും സൗന്ദര്യവും സ്വീകാര്യതയും ഭാവുകത്വത്തിലെ തലമുറ മാറ്റവും അനുഭവ വേദ്യമാക്കുന്നതാണ് ഇതിലെ കഥകള്‍. വിവിധ ഭാഷകളിലെ വരിഷ്ഠ കഥാകൃത്തുക്കളുടെയും ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ച എഴുത്തുകാരുടെയും രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളും വ്യാകുലതകളും പ്രതി പാദിക്കുന്നതോടൊപ്പം നാടിന്റെ സാമൂഹ്യ സാംസ്‌കാരിക പരിസരങ്ങളും വര്‍ത്തമാനകാല ജീവിത യാഥാര്‍ഥ്യങ്ങളും കൂടി അടയാളപ്പെടുത്തുന്നതാണ് ഇതിലെ കഥകള്‍. 'കഥയഴക്'. പരിഭാഷ - ഡോ. ഒ. വാസവന്‍. ഇന്ത്യ ബുക്സ്. വില 190 രൂപ.
◾ പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോട്ടീന്‍ അത്യാവശ്യമാണെങ്കിലും സ്ഥിരമായി പ്രോട്ടീന്‍ ബാറുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പ്രോട്ടീന്‍ ബാര്‍ കഴിക്കുന്നത് വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിനെ നിയന്ത്രിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണികിട്ടാം. പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കാത്തതിനാല്‍ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഇതില്‍ അടങ്ങിയിരിക്കുന്ന സോര്‍ബിട്ടോള്‍ പോലുള്ള ഘടകങ്ങള്‍ വയറുവീര്‍ക്കലിനും വയറ്റില്‍ അമിതമായ ഗ്യാസിനും കാരണമാകും. മാത്രമല്ല, പ്രോട്ടീന്‍ ബാറുകളില്‍ അഡഡ് ഷുഗര്‍ ചേര്‍ത്താണ് വിപണിയില്‍ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാനും കാരണമായേക്കാം. പ്രോട്ടീന്‍ ബാറുകള്‍ സ്ഥിരമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെയും കാര്യമായി ബാധിച്ചേക്കാം. ചെറുതാണെങ്കിലും പ്രോട്ടീന്‍ ബാറുകളില്‍ നിറയെ കലോറി അടങ്ങിയിട്ടുണ്ട്. അതായത് ഒരു ബാര്‍ ഏകദേശം 300 മുതല്‍ 400 കലോറി വരെ ശരീരത്തിന് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ ബാറുകള്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ലഭിക്കുന്ന പ്രോട്ടീന്റെ അളവ്, അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ്, എന്നിവയെല്ലാം കൃത്യമായി വിലയിരുത്തിയതിന് ശേഷം മാത്രം പ്രോട്ടീന്‍ ബാറുകള്‍ തിരഞ്ഞെടുക്കുക. മുട്ട, പനീര്‍, യോഗര്‍ട്ട് എന്നിങ്ങനെ നാച്ചുറലായി പ്രോട്ടീന്‍ നല്‍കുന്ന ഉത്പന്നങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നതാവും ആരോഗ്യത്തിന് നല്ലത്.
*ശുഭദിനം*
*കവിത കണ്ണന്‍*
പ്രായമായ ഒരു സിംഹത്തിന് ഇരപിടിക്കാനുള്ള ശക്തി നഷ്ടപ്പെട്ടു. വിശപ്പടക്കാന്‍ വഴിയില്ലാതെ അത് അലഞ്ഞുനടക്കുന്നതിനിടയിലാണ് നദിയില്‍ ഒരു വജ്രമാല കിടക്കുന്നത് കണ്ടത്. സിംഹം മാലയുമായി ഒരു പാറപ്പുറത്ത് കയറിയിരുന്ന് വിളിച്ചുപറഞ്ഞു: ''എന്റെ അവസാനകാലമടുത്തു. ഇനി ആരെയും ഉപദ്രവിക്കാതെ നന്മ ചെയ്ത് ജീവിക്കാനാണ് ആഗ്രഹം. ഈ മാല ആര്‍ക്കു വേണമെങ്കിലും എടുക്കാം...'' അപകടം മണത്തറിഞ്ഞ് ആരും അടുത്തേക്ക് വന്നില്ല. പക്ഷേ, മാലയില്‍ ആകൃഷ്ടനായ ഒരു യാത്രക്കാരന്‍ അല്‍പം അകലെ മാറി നിന്ന് മാല നോക്കുന്നുണ്ടായിരുന്നു. അത് ശ്രദ്ധിച്ച സിംഹം വീണ്ടും വിളിച്ചു പറഞ്ഞു: ''ഭയപ്പെടേണ്ട... ഞാനിപ്പോള്‍ സസ്യഭുക്കാണ്. ധൈര്യമായി വന്നോളൂ!'' സിംഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ച യാത്രക്കാരന്‍ അടുത്തേക്ക് വന്നു. അടുത്ത നിമിഷം... സിംഹം അയാളെ അടിച്ചുവീഴ്ത്തി. ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ആത്മാര്‍ത്ഥമായിരിക്കും. എന്നാല്‍ ചിലത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ സംഭവിക്കുന്ന താല്‍ക്കാലിക മിനുക്കുപണികള്‍ മാത്രമാണ്. നല്ല കാലത്ത് നന്മ തിരഞ്ഞെടുക്കുന്നവന്റെ മാറ്റത്തിലാണ് ആത്മാര്‍ത്ഥതയുള്ളത്. ബലഹീനനായ ശേഷമുള്ള മാനസാന്തരം ചിലപ്പോള്‍ തിരിച്ചറിവല്ല... നിവൃത്തികേടായിരിക്കാം. അതുകൊണ്ട്, ഒരാളുടെ വാക്കുകള്‍ കേട്ട് മാത്രം അയാളുടെ മാറ്റത്തെ വിശ്വസിക്കരുത്. മാറ്റം തെളിയുന്നത് വാക്കുകളിലല്ല, തുടര്‍ച്ചയായ പ്രവൃത്തികളിലാണ്. കാരണം, പുറംമിനുക്കുകള്‍ മാറിയാലും ഉള്ളിലെ സത്ത അതേപടി തുടരാം-ശുഭദിനം.
Tags:
KERALA