Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഓഗസ്റ്റ് 5, ബുധന്‍ 1201 | കര്‍ക്കടകം 20, അശ്വതി

◾  കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ നല്‍കും. സംസ്‌കാര കര്‍മ്മങ്ങള്‍ക്കും 10,000 രൂപ നല്‍കും. 2024 ല്‍ തൃശ്ശൂരില്‍ കാലവര്‍ഷക്കെടുതിയില്‍ ബാക്കി നല്‍കാനുള്ള ധനസഹായവും അനുവദിച്ചു.◾  ജന്തര്‍ മന്തറില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അമിത് ഷാ മറുപടി പറയണമെന്ന ആവശ്യവുമായി പാര്‍ലമെന്റിലും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം. സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു രാഹുല്‍ ഗാന്ധിയെ കണ്ടു. രാവിലെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്കു മുന്നില്‍നിന്ന് പ്രധാനപ്രവേശന കവാടത്തിലേക്ക് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അമിത് ഷാ മറുപടി പറയണം, അയോധ്യ ക്ഷേത്ര കൊള്ളയില്‍ ചര്‍ച്ചക്ക് തയ്യാറാകണം, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.◾  പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആരോപണത്തിനു തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത് എല്‍ഡിഎഫ് കാലത്താണ്. വിജിലന്‍സ് അന്വേഷണം വേണമെന്ന് നിയമസഭയില്‍ പറഞ്ഞത് താന്‍ തന്നെയാണ്. ഒരു അന്വേഷണത്തിലും കുറ്റമെന്തെന്ന് പറയുന്നില്ല. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.◾  സംസ്ഥാനത്ത് ഇന്‍ഫ്ലുവന്‍സ രോഗബാധിതരുടെ എണ്ണം ഉയരുന്നു. നാലു ദിവസത്തിനിടെ 302 പേര്‍ക്കാണ് രോഗബാധ. എച്ച്1എന്‍1 കേസുകളും ഉയരുകയാണ്. കാലാവസ്ഥ മാറ്റവും ആളുകള്‍ കൂട്ടം കൂടുന്നതുമെല്ലാം രോഗപകര്‍ച്ചയ്ക്കു കാരണമാകാമെന്ന്  ആരോഗ്യവിദഗ്ധര്‍.◾  ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതിലെ ക്രമക്കേടില്‍ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. മികച്ച അന്വേഷണ ഉദ്യോഗസ്ഥനു ചുമതല നല്‍കണം. ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി.◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോര്‍ഡ് അംഗം എ അജികുമാറിനെയും ഓഗസ്റ്റ് 19 വരെ റിമാന്‍ഡ് ചെയ്തു. 13 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് കൊല്ലം വിജിലന്‍സ് കോടതി നടപടി.◾  കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവു ശിക്ഷ. രാമന്തളി സ്വദേശി ഹന്നാന്‍, മുഹമ്മദ് അബ്ദുള്ള, ഫൈസല്‍ എന്നിവരെയാണ് ശിക്ഷിച്ചത്. പയ്യന്നൂര്‍ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയന് നേരെ 2015ലാണ് വധശ്രമമുണ്ടായത്. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്.◾  കെഎസ്ആര്‍ടിസിയുടെ ഡിജിറ്റല്‍ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന എഐ പവേര്‍ഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ നിലവില്‍ വരും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.◾  ശബരിമല മെയിന്‍ സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങിയതില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തി. 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും, വ്യാജ സ്റ്റോക്ക് കാണിച്ചും അരവണ നിര്‍മ്മാണ സാമഗ്രികള്‍ മറിച്ചുവിറ്റും തട്ടിപ്പ് നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.◾  സംസ്ഥാനത്ത് ഇന്നും കനത്ത മഴ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.◾  മുഖ്യമന്ത്രി വിഡി സതീശന്റെ വിദേശ സന്ദര്‍ശനം ബിജെപി ഡീലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരിസ്ഥിതി സമ്മേളനം എന്നു പറഞ്ഞാണ് സതീശന്‍ യുകെയിലേക്ക് പോയത്. അത്തരം ഒരു സമ്മേളനം അവിടെ ഉണ്ടായിട്ടില്ല. നിയസഭ സെക്രട്ടറിയേറ്റില്‍നിന്ന് അനുമതി തേടിയില്ല. അന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നിഷേധിച്ച സമയത്താണ് പറവൂര്‍ എംഎല്‍എക്ക് അനുമതി കിട്ടിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.◾  കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തില്‍ പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം തടവു ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. പ്രതിയായ പ്രിയരഞ്ജന് ജാമ്യം അനുവദിച്ചു. 15 വയസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.◾  തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം. ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇതോടെ കേസില്‍ 15 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.◾  ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത വിവാദ വ്യവസായി ലഫീര്‍ മുഹമ്മദിനെ എന്‍ഐടി കോഴിക്കോട് ഗവേണിംഗ് ബോഡിയിലേക്ക് ശുപാര്‍ശ ചെയ്തതതില്‍ വിമര്‍ശനവുമായി ബിജെപി. നിയമനത്തിനു പിന്നില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് ബിജെപി കോഴിക്കോട് സിറ്റി ജില്ലാപ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു ആരോപിച്ചു.◾  മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ വിളിച്ച യോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നുമാണ് ജനീഷ് കുമാറിന്റെ ആരോപണം.◾  സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ തളളിക്കയറുന്നെന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍. ആരേയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.◾  കുട്ടനാട്ടുകാര്‍ വലിയ കഷ്ടപ്പാടിലാണെന്നും മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയേയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും ഭരണകക്ഷിയുടെ ഭാഗമായ കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. തോട്ടപ്പള്ളി സ്പില്‍വേയില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിലും അദ്ദേഹം അതൃപ്തി വ്യക്തമാക്കി.◾  തൃശൂരിലെ പുലിക്കളി സംഘങ്ങള്‍ക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രഖ്യാപനം.◾  കുറ്റിപ്പുറം ബസ് അപകടത്തിനു കാരണം ബസിന്റെ അമിത വേഗതയാണെന്ന മോട്ടോര്‍ വാഹന വകുപ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ടു വളവുകള്‍ ഉണ്ട്, ബസ് അമിത വേഗത്തില്‍ ആയിരുന്നതിനാല്‍ ഒരു വളവ് കഴിഞ്ഞു രണ്ടാമത്തെത് വളക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു,◾  മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. നിതിന്‍ കക്കേടത്ത് എന്ന എഫ്ബി ഐഡിക്കെതിരെയാണ് കേസ്. ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ് പരാതിക്കാരന്‍.◾  കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 7000 ലിറ്റര്‍ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം പിടികൂടി. ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറകളില്‍ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.◾  കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷന് സമീപം സര്‍വീസ് റോഡില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജിനോട് ചേര്‍ന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം.◾  തലശ്ശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ കോടതിയില്‍ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിര്‍ദേശം നല്‍കി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹാഫിസ് മുഹമ്മദ് പരിഗണിക്കുന്ന കേസിന്റെ വിചാരണ ഇന്നലെ പുനരാരംഭിച്ചു.◾  കണ്ണൂര്‍ പൊയ്ത്തുംകടവില്‍ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. വിദേശത്തേക്ക് കടന്ന ആസിഫിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.◾  കാസര്‍കോട് 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെര്‍ലിന്‍ അറസ്റ്റില്‍. തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെര്‍ളിനെതിരെ നേരത്തെ മൂന്നു പോക്സോ കേസുകളുണ്ട്.◾  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം. തമിഴ്‌നാടിനെ 2031- ഓടെ സംസ്ഥാനത്തെ ഒന്നര ലക്ഷം കോടി ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുമെന്ന് ധനമന്ത്രി മരിയ വില്‍സണ്‍ നിയമസഭയില്‍. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സംസാരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്.◾  കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളുടെ പ്രചാരണം, ഉള്ളടക്ക നിയന്ത്രണത്തിലെ പിഴവുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ മെറ്റയുടെ ആഗോള നേതൃത്വത്തോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടും. ഇന്ത്യ സന്ദര്‍ശിക്കുന്ന മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നിയമപാലനം, അല്‍ഗോരിതം പക്ഷപാതം എന്നിവയും ചര്‍ച്ചയാകും.◾  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ എഥനോള്‍ നയവുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ എഐ, ഡീപ്ഫേക്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. തനിക്ക് ഈ നയത്തില്‍ പങ്കില്ലെന്നും വ്യക്തിഹത്യയാണ് ലക്ഷ്യമെന്നും ഗഡ്കരി ഹര്‍ജിയില്‍ വാദിച്ചു.◾  നീറ്റ്-യുജി പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. ജെഇഇ മാതൃക നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. കൂടാതെ സിബിടി രീതിയിലേക്കുള്ള മാറ്റവും പരിഗണയിലുണ്ട്. വിഷയത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.◾  പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാര്‍ഷികത്തില്‍ ജമ്മു കശ്മീര്‍ കനത്ത സുരക്ഷാ ജാഗ്രതയില്‍. സംസ്ഥാന പദവി തിരികെ നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.◾  നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നിര്‍ണായക യോഗം ഇന്ന് മഹാരാഷ്ട്രയില്‍. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കാനുള്ള രാജ്യ വ്യാപക പര്യടനവും തുടര്‍ സമരപരിപാടികളും ചര്‍ച്ചയാകും.◾  അടിസ്ഥാന പലിശ നിരക്കുകളിലോ നയ സമീപനത്തിലോ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ചില്ലറ വിലക്കയറ്റം 5.1 ല്‍ നിന്ന് അഞ്ചു ശതമാനമായി കുറയുമെന്നാണ് ആര്‍.ബി.ഐയുടെ വിലയിരുത്തല്‍.  ജി.ഡി.പി വളര്‍ച്ച അനുമാനം 6.6 ല്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ത്തി. ഒന്നാം സാമ്പത്തിക പാദത്തിലെ ജി.ഡി.പി വളര്‍ച്ച ഏഴു ശതമാനമാകും എന്നാണ് പ്രതീക്ഷ.◾  ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകള്‍ ഇനിമുതല്‍ തപാല്‍ ഓഫീസുകളില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് വിതരണമാരംഭിച്ചിട്ടുള്ളത്. വൈകാതെ ഇത് എല്ലാ തപാല്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധാര്‍കാര്‍ഡും മറ്റുരേഖകളുമായി തപാല്‍ ഓഫീസിലെത്തുന്നവര്‍ക്ക് 51 രൂപയ്ക്ക് സിം വാങ്ങാം. ഗുണഭോക്താവിന്റെ ഫോട്ടോ വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ നേരിട്ടെത്തണം.◾  ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങളെ കാണുന്നു. ബംഗ്ലാദേശിലേക്കുള്ള മടക്കവും രാഷ്ട്രീയ പദ്ധതികളും ഹസീന പ്രഖ്യാപിക്കുമെന്നാണ് സൂചന. വധശിക്ഷ വിധിക്കപ്പെട്ട ഹസീന, നിയമനടപടികള്‍ നേരിടാന്‍ ഡിസംബറോടെ മടങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.◾  ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയ്‌ക്കെതിരെ 'ബ്ലാക്ക്‌മെയിലിംഗ്' ആരോപണങ്ങളുമായി ജോര്‍ദാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തലവനും മുന്‍ ഫിഫ വൈസ് പ്രസിഡന്റുമായ പ്രിന്‍സ് അലി ബിന്‍ അല്‍-ഹുസൈന്‍. തങ്ങള്‍ ഇന്‍ഫന്റിനോയെ മുന്‍പും പിന്തുണച്ചിട്ടില്ല, ഇനി പിന്തുണയ്ക്കുകയുമില്ല. ഇത്തരം ബ്ലാക്ക്‌മെയിലിംഗുകള്‍ക്ക് വഴങ്ങാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശ്യവുമില്ല- പ്രിന്‍സ് അലി പറഞ്ഞു.◾  ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വര്‍ണാഭരണ നിര്‍മാതാക്കളും ഹോള്‍ സെയില്‍ വ്യാപാരികളുമായ റീഗല്‍ ജ്വല്ലേഴ്‌സിന്റെ തമിഴ്‌നാട്ടിലെ ആദ്യ ഷോറൂം ചെന്നൈ ടി. നഗറിലെ നോര്‍ത്ത് ഉസ്മാന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 48 വര്‍ഷത്തെ തിളക്കമാര്‍ന്ന പാരമ്പര്യമുള്ള റീഗല്‍ ജൂവലേഴ്സ്, ഇടനിലക്കാരില്ലാതെ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് ഹോള്‍സെയില്‍ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ ലഭ്യമാക്കുന്ന 'മാനുഫാക്ചറര്‍-ഡയറക്ട്' മോഡലാണ് തമിഴ്നാട്ടിലും അവതരിപ്പിക്കുന്നത്. തമിഴ്‌നാട് നിയമസഭ സ്പീക്കര്‍ ജെ.സി.ഡി പ്രഭാകര്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വി. എം. എസ്. മുസ്തഫ എം.എല്‍.എ, റീഗല്‍ ജൂവലേഴ്സ് ചെയര്‍മാന്‍ ശിവദാസന്‍ ടി.കെ, എം.ഡി & സി.ഇ.ഒ വിബിന്‍ ശിവദാസ് എന്നിവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് തുടക്കമിട്ട 'റീഗല്‍ സുമംഗലി നേര്‍മൈ വിഴ' പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 25 അര്‍ഹരായ ദമ്പതിമാരുടെ വിവാഹം നടത്തി കൊടുക്കും.◾  സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് സംഗീതം ഒരുക്കിയ ഈ മാസ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഗാന ഖാതര്‍ ആണ്. അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നതും. മമിത ബൈജു നായകിയായി എത്തുന്ന ചിത്രം 2026 ഓഗസ്റ്റ് 14ന് തിയറ്ററില്‍ എത്തും. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുന്‍പ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.◾  മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. ഉര്‍വശിയുടേയും ജോജുവിന്റേയും പാതി മുഖങ്ങളാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയോ അല്ലെങ്കില്‍ കഥയിലെ പ്രധാന സസ്‌പെന്‍സിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, രമേഷ് ഗിരിജ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ എഫ്ഇസഡ്- എസ് എഫ്‌ഐയുടെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ പുറത്തിറക്കി. പുതിയ കളര്‍ അപ്‌ഗ്രേഡുകളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസഡ്- എസ് എഫ്‌ഐ മോഡലിന് 1,29,880 രൂപയാണ് പ്രാരംഭ വില. എന്നാല്‍ എഫ്ഇസഡ്-എസ് എഫ്‌ഐ ഹൈബ്രിഡ് മോഡലിന് 1,39,200 രൂപയാണ് പ്രാരംഭ വില. എന്‍ജിനിലോ മറ്റു സാങ്കേതിക വശങ്ങളിലോ മാറ്റങ്ങളൊന്നുമില്ല. സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസഡ്-എസ് എഫ്‌ഐ മോഡലിന് പുതിയ മെറ്റാലിക് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. എഫ്ഇസഡ്-എസ് എഫ്‌ഐ കളര്‍ ഓപ്ഷനുകളില്‍ ഐസ് സ്റ്റോം, മാറ്റ് ബ്ലാക്ക്, സയാന്‍ മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഐസ് ഫ്‌ളൂവോ- വെര്‍മിലിയന്‍ എന്നി നിറങ്ങള്‍ ഉള്‍പ്പെടുന്നു.◾  നാഷണല്‍ പോലീസ് അക്കാദമിയുടെ 1981 ബാച്ചിലെ ഏക വനിതയായിരുന്ന മീരാന്‍ ഛദ്ദ ബോര്‍വങ്കര്‍ തന്റെ കരിയറിനെ നിര്‍വ്വചിച്ച നിരവധി സെന്‍സേഷണല്‍ കേസുകള്‍ വിവരിക്കുന്ന പുസ്തകം. സേനയിലെ വിവേചനങ്ങള്‍ക്കെതിരെ പോരാടുകയും, വിവാദപരമായ നിരവധി കേസുകള്‍ അന്വേഷിക്കുകയും ചെയ്ത അവര്‍, നിയമവാഴ്ചയെ മറികടക്കാന്‍ ശ്രമിച്ച ഉന്നതരെ വെല്ലുവിളിക്കാനും ഇഴഞ്ഞുനീങ്ങുന്ന ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിക്കാനും ഭയപ്പെട്ടില്ല. ജല്‍ഗാവ് ലൈംഗികപീഡനം, ആലുക്കാസിലെ വമ്പന്‍ മോഷണം എന്നിവയില്‍ തുടങ്ങി ഹൈവേക്കൊള്ള, വര്‍ഗ്ഗീയകലാപങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, തുറമുഖ മോഷണങ്ങള്‍, സാമ്പത്തികത്തട്ടിപ്പുകള്‍ എന്നിങ്ങനെ നീളുന്ന കേസുകളുടെ ചരിത്രം. വിട്ടുവീഴ്ചയില്ലാത്ത പോലീസ് ഓഫീസര്‍ എന്ന് രാജ്യം വിശേഷിപ്പിച്ച ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ, ചടുലവും സത്യസന്ധവും പ്രചോദനാത്മകവുമായ ഓര്‍മ്മക്കുറിപ്പുകള്‍. 'മാഡം കമ്മീഷണര്‍'. പരിഭാഷ - ഷിജു സുകുമാരന്‍. മാതൃഭൂമി. വില 314 രൂപ.◾  കാന്‍സര്‍ ചികിത്സയില്‍ ഉദ്ധാരണക്കുറവിനു നല്‍കുന്ന മരുന്നായ വയാഗ്രയുടെ പങ്കിനേക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. വയാഗ്രയിലെ സില്‍ഡെനാഫില്‍ എന്ന ഘടകത്തിന് കാന്‍സര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കു പടരുന്നത് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കാന്‍സര്‍ റിസര്‍ച്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്ലാലിറ്റ് ഹെല്‍ത്ത് സര്‍വീസസുമായി സഹകരിച്ച് വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് പഠനം നടത്തിയത്. കാന്‍സര്‍ മറ്റ് അവയവങ്ങളിലേക്ക് പടരാനും വളരാനുമായി ട്യൂമര്‍ കോശങ്ങള്‍ക്ക് കൊളസ്ട്രോള്‍ ആവശ്യമാണ്. ഇതു തടയുകയാണ് സില്‍ഡെനാഫില്‍ ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കൊളസ്ട്രോള്‍ ലഭ്യമാക്കുന്നതു പരിമിതപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം കുറയുമെന്നാണ് ഗവേഷകരുടെ വാദം. കാന്‍സര്‍ കോശങ്ങളിലും എലികളിലുമായി നടത്തിയ ലബോറട്ടറി പഠനങ്ങള്‍ക്കു പുറമെ, ഏകദേശം അഞ്ച് ദശലക്ഷം ആളുകളെക്കുറിച്ചുള്ള മെഡിക്കല്‍ രേഖകളും വിശകലനം ചെയ്താണ് വിലയിരുത്തലിലെത്തിയത്. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് വയാഗ്ര ഉപയോഗിച്ച പുരുഷന്മാരില്‍ അത് ഉപയോഗിക്കാത്തവരേക്കാള്‍ അതിജീവന നിരക്ക് കൂടുതലായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. സില്‍ഡെനാഫിലും കൊളസ്ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിനുകളും കഴിച്ച പുരുഷന്മാരില്‍ അതിജീവനനിരക്ക് വീണ്ടും കൂടിയെന്നും പറയുന്നു.*ഇന്നത്തെ വിനിമയ നിരക്ക്*ഡോളര്‍ - 95.16, പൗണ്ട് - 128.15, യൂറോ - 109.83, സ്വിസ് ഫ്രാങ്ക് - 117.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.06, ബഹറിന്‍ ദിനാര്‍ - 252.97, കുവൈത്ത് ദിനാര്‍ -307.62, ഒമാനി റിയാല്‍ - 247.49, സൗദി റിയാല്‍ - 25.36, യു.എ.ഇ ദിര്‍ഹം - 25.89, ഖത്തര്‍ റിയാല്‍ - 26.14, കനേഡിയന്‍ ഡോളര്‍ - 67.65.➖➖➖
Previous Post Next Post
3/TECH/col-right