മലപ്പുറം: ഇന്നലെ രാവിലെ മലപ്പുറം പാണക്കാട് വേങ്ങരയിലുണ്ടായ മണ്ണിടിച്ചിലിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട് മന്ത്രി. മന്ത്രി പികെ ബഷീർ ആണ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കളക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
സ്ഥലം ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടോടെയാണ് കടലുണ്ടി പുഴയ്ക്ക് സമീപത്തെ കുന്നിന്റെ 10 അടി ഉയരത്തിൽ നിന്ന് ആദ്യം മണ്ണിടിഞ്ഞ് തുടങ്ങിയത്. പോലീസും ഫയർഫോഴ്സുമെത്തി ഗതാഗതം നിരോധിക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് 9.30ഓടെ വൻ മൺകൂനയും മരങ്ങളും റോഡിലേക്ക് പതിക്കുകയായിരുന്നു.
വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം ആയിരുന്നു സംഭവം. പാണക്കാട് എടായിപ്പാലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ അശാസ്ത്രീയമായി കുന്നിടിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
മണ്ണിടിയുന്നത് കണ്ട് ഓടി മാറാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം കൈരളി ടിവി ക്യാമറമാൻ ജയേഷിനും ഡ്രൈവർക്കും നിസാര പരിക്കേറ്റു. ഇവരുടെ ക്യാമറ ട്രൈപോഡ് അടക്കമുള്ളവ കടലുണ്ടി പുഴയിലേക്ക് ഒലിച്ചുപോയി. മണ്ണ് ഇടിഞ്ഞുതുടങ്ങിയത് മുതൽ തന്നെ ഗതാഗത നിരോധിച്ചതും, പോലീസ് ഇടപെട്ട് ജനങ്ങളെ രണ്ടു ഭാഗങ്ങളിലേക്ക് മാറ്റിയതും വലിയ അപകടം ഒഴിവാക്കി. ആളുകൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞതും ആശ്വാസമായി.
സ്ഥലത്ത് നഗരസഭയുടെ അനുമതിയില്ലാതെ മലപ്പുറം ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ നടത്തിയ നിർമാണം തീർത്തും അനധികൃതമാണെന്നും കർശനമായ നടപടി എടുക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വ്യക്തമായിരുന്നു. ജിയോളജി വകുപ്പ് നൽകിയ പാറ പൊട്ടിക്കാനുള്ള അനുമതി ജൂൺ 19-നും നഗരസഭ നൽകിയ മണ്ണെടുക്കാനുള്ള അനുമതി ജൂൺ 20-നും അവസാനിച്ചിരുന്നതായും നഗരസഭാ അധികൃതർ വ്യക്തമാക്കി. ഇതോടെ അനധികൃത നിർമാണത്തിന് നൽകിയ ലൈസൻസ് ഉടൻ റദ്ദാക്കാനും പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാനും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
Tags:
MALAPPURAM