2026 | ഓഗസ്റ്റ് 4, ചൊവ്വ
1201 | കര്‍ക്കടകം 19, രേവതി
◾ നദികളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പത്തനംതിട്ടയിലെ പ്രളയബാധിത മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാന്‍ പോലും സമയം കിട്ടിയില്ല. വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.
◾ നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഉദയനിധിയുടെ വീടിനു മുന്നിലെത്തിയ പൊലീസ് സംഘത്തെ ഡിഎംകെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. കോമഡിയായി തോന്നുന്നുവെന്നും പറയാത്ത കാര്യത്തിനാണ് കേസും അറസ്റ്റുമെന്നും ഉദയനിധി പ്രതികരിച്ചു.
◾ സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള അഞ്ചു ഡാമുകളില്‍ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്.
◾ കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് അനുവദിച്ച പ്രിയദര്‍ശിനി സൗജന്യയാത്രയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്നു ഗതാഗത മന്ത്രി സിപി ജോണ്‍. പൈസ ഇല്ലാത്ത യാത്രയ്ക്കു തള്ളിക്കയറുന്നവര്‍ മക്കളെ ഫീസില്ലാത്ത സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാതെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളിലേക്കാണു വിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
◾ പ്രിയദര്‍ശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോണ്‍ നടത്തിയ പാരമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.എന്‍ ബാലഗോപാല്‍. വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.
◾ മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസില്‍ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
◾ ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിവരാവകാശ കമ്മീഷന്റെ കടുത്ത വിമര്‍ശനം. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകര്‍പ്പും അഭിമുഖത്തിന്റെ മാര്‍ക്ക് വിവരങ്ങളും ലഭ്യമാക്കാത്തത് തീര്‍ത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
◾ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസ്, പ്രതിയുടെ ആവശ്യപ്രകാരം മറ്റൊരു കോടതിയിലേക്കു മാറ്റിയതിനെതിരേ ബഷീറിന്റെ ഭാര്യ സി ജസീല നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. വിചാരണ നടക്കേണ്ട തിരുവനന്തപുംര അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നില്‍ നിന്ന് കേസ് നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ്. ഇത് നീതി നിഷേധമാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.
◾ സ്വന്തം നിലയില്‍ കാലാവസ്ഥാ മുന്നറിയിപ്പു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് റവന്യുമന്ത്രി എ.പി. അനില്‍കുമാര്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി.
◾ താരസംഘടനയായ അമ്മയുടെ നേതൃത്വം ഏറ്റെടുക്കാനില്ലെന്ന് നടന്‍ മോഹന്‍ലാല്‍. സംഘടനയിലെ പ്രശ്നം ഭാരവാഹികള്‍ പരിഹരിക്കട്ടെയെന്നും ലാല്‍ പറഞ്ഞു.
◾ മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറുപടി ലഭിച്ചശേഷം ബില്‍ഡിംഗ് പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.
◾ ശബരിമല നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വയം വില നിശ്ചയിച്ച് തിരുവനന്തപുരം മില്‍മ യൂണിയന്‍ ഏകപക്ഷീയമായി നെയ്യ് നല്‍കാമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയെന്ന് വിവരം. എംഡി അറിയാതെ ബോര്‍ഡ് യോഗം പോലും ചേരാതെ ആയിരുന്നു നടപടി.
◾ സ്വന്തം വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിലെത്തി പെട്രോള്‍ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂര്‍ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍. വാഴയൂര്‍ സ്വദേശി ഗോപാലനും കുടുംബവുമാണ് പെട്രോളുമായി പഞ്ചായത്ത് ഓഫീസിലെത്തി ഭീഷണി മുഴക്കിയത്.
◾ ആഗോള മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന ഇന്റര്‍നാഷണല്‍) പ്രസിഡന്റായി ഡോ. കല ഷഹി ചുമതലയേറ്റു.
◾ പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഡാബര്‍ ഇന്ത്യ 100 % ശുദ്ധം, 100% പ്രകൃതിദത്തം തുടങ്ങിയ പരസ്യവാചകങ്ങള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ.
◾ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 48 ലോറികള്‍ക്കെതിരെ നടപടി. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നായി 16,74,000 രൂപ പിഴ ഈടാക്കി. അമിത ഭാരം കയറ്റിയുള്ള സര്‍വീസ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
◾ കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി 22 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മാനന്തവാടി പോലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി. കണ്ണൂര്‍ അലവില്‍ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീര്‍ (54) ആണ് പിടിയിലായത്.
◾ ആലത്തൂര്‍ തെന്നിലാപുരത്ത് അഴയില്‍നിന്നു ഷോക്കേറ്റ് ചികിത്സയിലായിരുന്ന മരുമകള്‍കൂടി മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്‍ ഭാര്യ രാധികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. രാധികയുടെ ഭര്‍തൃമാതാവ് ശാരദ നേരത്തെ മരിച്ചിരുന്നു. ഷോക്കേറ്റ ശാരദയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് രാധികയ്ക്കു ഷോക്കേറ്റത്.
◾ പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബസ്സിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്.
◾ ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് പ്രകാരം കേസ് നല്‍കാന്‍ ലിവ്-ഇന്‍ ബന്ധത്തിലുള്ള പങ്കാളികള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി. എന്നാല്‍, ഈ ബന്ധം വിവാഹത്തിന് തുല്യമാണെന്ന് തെളിയിക്കേണ്ടിവരുമെന്നും കോടതി. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
◾ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുവും പ്രമുഖ നേതാവുമായ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ബിജെപിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും 'ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍' ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ പ്രളയം രൂക്ഷമായ ആസാമില്‍ മരിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷം ജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്.
◾ സൗദി അറേബ്യയിലേക്ക് ഹൗസ് കാര്‍ ഡ്രൈവര്‍ തസ്തികയില്‍ പുതിയ വിസയില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശോധന നിര്‍ബന്ധമാക്കിയതായി മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സര്‍ക്കുലര്‍ കോണ്‍സുലേറ്റ് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കൈമാറി.
◾ ബീഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ശേഷവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. തങ്ങളുടെ ഒരേയൊരു സഖ്യം ബീഹാറിലെ ജനങ്ങളുമായി മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ കൂട്ടാളികള്‍ തന്നെ മര്‍ദ്ദിച്ചെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഫൈസാന്‍ അന്‍സാരി. മഹാരാഷ്ട്രയില്‍ മര്‍ദ്ദിച്ചന്നാണു പോലീസില്‍ പരാതി നല്‍കിയത്.
◾ വിദേശ രാജ്യങ്ങളിലെ നയതന്ത്ര സാന്നിധ്യം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ തുടങ്ങിയ അഞ്ച് രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നീക്കം തുടങ്ങി.
◾ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 22 കാരി പോലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ മഹാരാജ്പുര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിങ്കി നായക് എന്ന യുവതിയാണ് അമ്മയുടെയും സഹോദരന്റെയും കൂടെ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
◾ പീഡനത്തിനിരയായ യുവതിക്കുനേരെ അധിക്ഷേപവുമായി നാട്ടുകൂട്ടം. പീഡനത്തിനു കാരണം യുവതിയാണെന്ന് ആരോപിച്ച് യുവതിയെക്കൊണ്ടു നിലത്തു തുപ്പിച്ചു നക്കിയെടുപ്പിക്കുകയും സ്വന്തം ചെവിയില്‍ പിടിച്ച് മാപ്പുപറയിക്കുകയും ചെയ്തു. ബിഹാറിലെ ബേഗുസരായിലെ നാട്ടുകൂട്ടം വിചാരണയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. നാട്ടുകൂട്ടത്തിലെ ഒരാള്‍ അറസ്റ്റിലായി. യുവതിയെ പീഡിപ്പിച്ചയാളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
◾ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (41) പങ്കാളി ജോര്‍ജീന റോഡ്രീഗ്സും (32) തമ്മില്‍ വിവാഹിതരാകുന്നു. റൊണാള്‍ഡോയുടെ ജന്മദേശമായ പോര്‍ച്ചുഗീസ് ദ്വീപ് മെദീരയിലെ പ്രസിദ്ധമായ ഫുന്‍ചാല്‍ കത്തീഡ്രലില്‍ ശനിയാഴ്ചയാണു വിവാഹം. ഒമ്പതു വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ചു മക്കളുടെ മാതാപിതാക്കളായ ക്രിസ്റ്റ്യാനോയും ജോര്‍ജീനയും സൗദി അറേബ്യയിലെ റിയാദിലാണ് താമസം.
◾ ലോകകപ്പ് ഫുട്ബോളിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള വിവാദ നീക്കം പാളിയതോടെ, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്കെതിരെ യൂറോപ്യന്‍ ഫുട്ബോള്‍ ഗവേണിംഗ് ബോഡിയായ യുവേഫ. 2027 ല്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്‍വലിച്ചു.
◾ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. 31,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. എല്‍ഐസി ഓഹരികള്‍ ഏഴു ശതമാനമാണ് ഇടിഞ്ഞത്. ഒരു ഓഹരിക്ക് 382 രൂപ നിരക്കിലാണ് ഓഫര്‍ ഫോര്‍ സെയില്‍ തറ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് തിങ്കളാഴ്ചത്തെ ക്ലോസിങ് വിലയേക്കാള്‍ 11 ശതമാനം കുറവാണ്. നിലവില്‍ ഓഹരി ഒന്നിന് 398 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. തല്‍സ്ഥിതിയില്‍ എല്‍ഐസിയുടെ വിപണി മൂല്യം ഏകദേശം 5.05 ലക്ഷം കോടി രൂപയായി. നോണ്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഇന്നും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബുധനാഴ്ചയും ഓഫര്‍ ഫോര്‍ സെയിലില്‍ പങ്കാളികളാകാം. നിലവില്‍ എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5 ശതമാനം പങ്കാളിത്തമാണ് ഉള്ളത്. 6.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തം 90 ശതമാനമായി കുറയും.
◾ സംസ്ഥാനത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിലും തുകയിലും ജില്ലാടിസ്ഥാനത്തില്‍ എറണാകുളം മുന്നില്‍. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ജൂണില്‍ കേരളത്തില്‍ 45.49 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇത് രാജ്യത്തെ ആകെ ഇടപാടുകളുടെ രണ്ടു ശതമാനം വരും. ഇതിന്റെ ആകെ മൂല്യം 63,489.63 കോടിയാണ്. ദേശീയ തലത്തിലെ ആകെ തുകയുടെ 2.2 ശതമാനം. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 11,938.18 കോടി മൂല്യമുള്ള 9.12 കോടി ഇടപാടുകളാണ് നടന്നത്. ജൂണിലെ ഇടപാടുകളില്‍ അഞ്ചിലൊന്നും എറണാകുളത്താണ്. തൊട്ടുപിന്നിലുള്ള തിരുവനന്തപുരത്ത് 7460 കോടി മൂല്യമുള്ള 5.47 കോടി ഇടപാടുകളാണ് നടന്നത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് 6,101 കോടി മൂല്യമുള്ള 4.63 കോടി ഇടപാടുകളും നാലാം സ്ഥാനത്തെ മലപ്പുറത്ത് 6026 കോടി മൂല്യമുള്ള 4.54 കോടി ഇടപാടുകളും അഞ്ചാം സ്ഥാനത്തുള്ള തൃശൂരില്‍ 5,808 കോടി മൂല്യമുള്ള 4.02 കോടി ഇടപാടുകളും നടന്നു.
◾ ഹൃദ്യമായ കുടുംബമുഹൂര്‍ത്തങ്ങളും ത്രില്ലര്‍ രംഗങ്ങളുമൊക്കെ ഇഴുകിച്ചേര്‍ന്ന 'തുടക്കം' സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പ്രകാശനം ചെയ്തു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹന്‍ലാല്‍ നിര്‍ണ്ണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയന്‍, എന്നിവരും പ്രധാന താരങ്ങളാണ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ജോമോന്‍ ടി. ജോണും നിര്‍വഹിക്കുന്നു.
◾ ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്‌സ് ഫാക്ടറി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സിറിയക് ആലഞ്ചേരി നിര്‍മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വഹിച്ച 'പൈറേറ്റ്‌സ് ഓഫ് ഇടുക്കി' സെപ്റ്റംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്നു. സിനിമയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രന്‍ കീരിത്തോട്, അനുരാജ് ശിവഗിരി, ജോബി കുന്നത്തുംപാറ, ബിജു തോപ്പന്‍, അഭിലാഷ് വിദ്യാസാഗര്‍, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യന്‍, അനില്‍ കാളിദാസന്‍, കെ.വി. രാജു, സജി, ജോമോന്‍ പാറയില്‍, അജീഷ് ചില്ലിസ്, ജോമി വെണ്‍മണി, സി.കെ. രാജു, സണ്ണി പനയ്ക്കല്‍, ലിബിയ ഷോജന്‍, ജിന്‍സി ജിസ്ബിന്‍, ജയ, വാലന്റീന (ഫ്രാന്‍സ്) എന്നിവരെ കൂടാതെ നിരവധി അഭിനേതാക്കള്‍ വേഷമിട്ടിരിക്കുന്നു.
◾ ബുക്കിങ് ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ ഇന്ത്യയിലേക്കുള്ള മുഴുവന്‍ സ്റ്റോക്കും വിറ്റുതീര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ എക്‌സ്‌ക്ലൂസീവ് ഷോട്ട്ഗണ്‍ 650 എക്സ് റഫ് ക്രാഫ്റ്റ്‌സ്. തായ്വാനീസ് കസ്റ്റം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റഫ് ക്രാഫ്റ്റ്‌സുമായി സഹകരിച്ച് നിര്‍മ്മിച്ച ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളാണിത്. 5.75 ലക്ഷം രൂപ ആയിരുന്നു വില. ലോകമെമ്പാടുമുള്ള വിപണികള്‍ക്കായി പ്രത്യേകം നമ്പര്‍ ചെയ്ത 100 മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിച്ചത്. അതില്‍ 25 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്. ലോകമെമ്പാടുമുള്ള 9,000ലധികം ആരാധകര്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡ്യുവല്‍-ടോണ്‍ ഗ്ലോസ് ജെറ്റ് ബ്ലാക്ക്, മാറ്റ് സ്റ്റെല്‍ത്ത് ബ്ലാക്ക് പെയിന്റ് സ്‌കീം ആണ് സ്‌പെഷ്യല്‍ എഡിഷനെ വ്യത്യസ്തമാക്കുന്നത്. റഫ് ക്രാഫ്റ്റ്‌സ് സ്ഥാപകന്‍ വിന്‍സ്റ്റണ്‍ യെഹ് ഒപ്പിട്ട ഒരു നമ്പര്‍ ചെയ്ത കലാസൃഷ്ടിയും വാങ്ങുന്നവര്‍ക്ക് ലഭിക്കും.
◾ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിര്‍ണ്ണായകമായ തേരോട്ടങ്ങള്‍ക്ക് പലകുറി സാക്ഷ്യം വഹിച്ച, വളരെ പുരാതനവും ശാലീനസുന്ദരവുമായ നെട്ടയം എന്ന ഗ്രാമത്തെ, ചരിത്രകാരന്മാര്‍ മറന്നുപോയതാണോ? പുരാരേഖകളും പഴയവസ്തുവിന്റെ ആധാരങ്ങളും പരിശോധിച്ചാല്‍, നെട്ടയത്തെ കോട്ടപ്പുറം മൈതാനവും സമീപപ്രദേശങ്ങളും രേഖകളായി തെളിവ് നല്കുന്നതായി ഇതില്‍ കുറിച്ചിടുന്നു.. ഒരു ഇടനാടിന്റെ പ്രതീതി ഉളവാക്കുന്ന ഈ ഗ്രാമത്തെ, മതസൗഹാര്‍ദ്ദത്തിന്റെ മഹനീയത ഉയര്‍ത്തിപ്പിടിക്കുന്ന പ്രബുദ്ധതയുടെ പശ്ചാത്തലമായും പുസ്തകത്തില്‍ കാണുന്നു. 'ഇങ്ങനെയും ഒരു ജീവിതം'. നെട്ടയം ജി.പി നായര്‍. പരിധി പബ്ളിക്കേഷന്‍സ്. വില 199 രൂപ.
◾ മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒന്നിലധികം ഭാഷ പഠിക്കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍. ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യുന്നവരുടെ മസ്തിഷ്‌കം ചെറുപ്പവും ആരോഗ്യകരവുമായി തുടരുമെന്ന് പഠനം പറയുന്നു. പുതിയ ഭാഷകള്‍ പഠിക്കാന്‍ ശ്രമിക്കുന്നതിലൂടെ പുതിയ വാക്കുകള്‍ ഓര്‍ത്തെടുക്കുകയും വ്യാകരണം പഠിക്കുകയും ചെയ്യും. ഇതിലൂടെ നിരന്തരം മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നതിനാല്‍ ഗുണം ചെയ്യും. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ജെന്യൂറോസി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷും ഇംഗ്ലീഷും സംസാരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു പഠനത്തില്‍ പങ്കാളികളായത്. എംഇജിയിലൂടെ പഠനത്തില്‍ ഭാഗമായവരുടെ ഭാഷാവിനിമയശേഷിയും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തിയാണ് പഠനം നടത്തിയത്. പുതിയ ഭാഷ പഠിക്കുന്നത് ശ്രദ്ധ കൂട്ടുകയും ഓര്‍ശക്തി വര്‍ധിപ്പിക്കുകയും കാര്യനിര്‍വഹണശേഷി കൂട്ടുകയും ചെയ്യും. എത്രത്തോളം പുതിയ ഭാഷ പഠിക്കാന്‍ തയ്യാറാകുന്നോ അത്രത്തോളം പ്രായം കുറവും തോന്നിക്കും. ഭാഷകള്‍ പതിവായി ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നു എന്നതാണ് മസ്തിഷ്‌കാരോഗ്യത്തിന് ഗുണം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.35, പൗണ്ട് - 128.09, യൂറോ - 109.78, സ്വിസ് ഫ്രാങ്ക് - 117.74, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.96, ബഹറിന്‍ ദിനാര്‍ - 252.68, കുവൈത്ത് ദിനാര്‍ -308.09, ഒമാനി റിയാല്‍ - 247.97, സൗദി റിയാല്‍ - 25.47, യു.എ.ഇ ദിര്‍ഹം - 25.96, ഖത്തര്‍ റിയാല്‍ - 26.12, കനേഡിയന്‍ ഡോളര്‍ - 67.90.
Tags:
KERALA