Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 27 , ശനി 
1201 | മിഥുനം 13, അനിഴം

◾  ഇസ്രായേലും ലെബനനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. വാഷിംഗ്ടണില്‍ നടന്ന ചടങ്ങിലാണ്  കരാറില്‍ ഒപ്പുവെച്ചത്. വടക്കന്‍ ഇസ്രായേലിനു നേരെ ആക്രമണങ്ങള്‍ ഉണ്ടാകില്ല. ഹിസ്ബുള്ളയെ നിരായുധീകരിക്കും. അവരുടെ ഭീകര പ്രവര്‍ത്തന സൗകര്യങ്ങള്‍ തകര്‍ക്കും. ലെബനന്റെ പരമാധികാരം പുനഃസ്ഥാപിക്കാനും ധാരണയായി. അതേസമയം ഇസ്രയേല്‍ പിടിച്ചടക്കിയ ലബനന്റെ ഭൂപ്രദേശങ്ങള്‍ ഭീകരരെ നിരായുധീകരിച്ചശേഷമേ ഇസ്രയേല്‍ സൈന്യം വിട്ടുകൊടുക്കൂ.  

◾  സമാധാനക്കരാറില്‍ ഒപ്പുവച്ച ഇറാനും അമേരിക്കയും കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. ഹോര്‍മൂസില്‍ തായ്വാന്റെ കപ്പല്‍ ആക്രമിച്ച ഇറാനിലെ ഡ്രോണ്‍, മിസൈല്‍ ആക്രമണ കേന്ദ്രത്തില്‍ അമേരിക്ക ആക്രമണം നടത്തി. പിറകേ, അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടു. അടിയും തിരിച്ചടിയും വീണ്ടും യുദ്ധമായി മാറുമോയെന്ന ആശങ്കയിലാണു ലോകം.

◾  സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് ചെന്നൈയില്‍ അന്തരിച്ചു. 73 വയസായിരുന്നു. 25 സിനിമകള്‍ സംവിധാനം ചെയ്തു. 1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഇദ്ദേഹം.



◾  കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാര്‍ഥികള്‍ എന്‍ജിനിയറിംഗ് പ്രവേശന യോഗ്യത നേടി. ജൂലൈ എട്ടിന് ആദ്യ അലോട്മെന്റ്. എന്‍ജിനിയറിംഗില്‍ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കീം ഫലപ്രഖ്യാപനം വൈകിയത്.

◾  മോണോ സൈറ്റ് സംസ്‌കരണത്തിന് ഹൈദരാബാദ് കേന്ദ്രമായുള്ള സ്വകാര്യ കമ്പനിയെ പങ്കാളിയാക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുമ്പ് കെഎംഎംഎല്‍ കൈക്കൊണ്ട തീരുമാനം ത്രിശങ്കുവില്‍. ഇക്കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ എന്തു തീരുമാനിക്കുമെന്നു കാത്തിരിക്കുകയാണ് കെഎംഎംഎല്‍. ധാരണ പത്രം ഒപ്പിടാന്‍ കമ്പനി പ്രതിനിധികള്‍ സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടിരുന്നു.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രതിയാക്കേണ്ടതുണ്ടോയെന്ന് എസ്ഐടി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം. 2025 ലെ സ്വര്‍ണപാളി കൈമാറ്റത്തില്‍ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ആദ്യ കേസില്‍ ജാമ്യം നല്‍കി കോടതി നടത്തിയ പരാമര്‍ശങ്ങളാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്. തന്ത്രിയുടെ അറസ്റ്റിനെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്ന് എതിര്‍ത്തിരുന്നു.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കുന്നതിന് മുന്നോടിയായാണ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്.

◾  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വര്‍ണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ഹൈക്കോടതി നിര്‍ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ഓഫീസര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ മാറ്റി ചെമ്പ് പാളികള്‍ സ്ഥാപിച്ചെന്ന് എ ജി പ്രസാദ് കുമാര്‍  എന്ന ഭക്തന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നിര്‍ദേശം.

◾  എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഇഡി ഹൈക്കോടതിയെ സമീപിച്ചു. പ്രതിയ്ക്ക് ജാമ്യം ലഭിക്കാതിരിക്കണമെന്ന പോലീസിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിലപാടെടുത്തത്. ജാമ്യത്തെ എതിര്‍ക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

◾  അങ്കണവാടികള്‍ക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചി എളമക്കരയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ടീച്ചറുടെ മകനെ പോലീസ് പിടികൂടിയതിനു പിറകേയാണ് ഈ പ്രതികരണം. അങ്കണവാടികളിലേക്ക് സന്ദര്‍ശകര്‍ക്കു തോന്നുംപടി കയറിപ്പോകാന്‍ അനുവദിക്കില്ലെന്നും  കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

◾  നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് സിപിഎമ്മിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനം. പിണറായി വിജയന്റെ പല പരാമര്‍ശങ്ങളും ജനങ്ങള്‍ക്കിടയില്‍ ദോഷകരമായി ബാധിച്ചുവെന്നും ചര്‍ച്ചയില്‍ ആക്ഷേപമുയര്‍ന്നു.

◾  ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന്‍ പി. നായരാണ് 299.9 ഗ്രാം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം വഴിപാടായി സമര്‍പ്പിച്ചത്.

◾  ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്കു കത്തെഴുതി. ശബരിമല സ്ത്രീപ്രവേശന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

◾  കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ ചോദ്യത്തിനല്ല, അതുവരെ തന്നോടു സംസാരിച്ചിരുന്നതിന്റെ തുടര്‍ച്ചയായി തന്നോടാണ് 'ഒരിക്കലും കൊടുക്കില്ലെ'ന്നു മുഖ്യമന്ത്രി പറഞ്ഞതെന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തന്നോടു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് റെജിയുടെ ചോദ്യം വന്നത്. അതിനു മറുപടി നല്‍കിയശേഷം തന്നോടുള്ള സംസാരം തുടരുകയായിരുന്നെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

◾  മുട്ടില്‍ മരം മുറി കേസിലെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നാലു കോടി രൂപ മൂല്യമുള്ള മരങ്ങള്‍ ലേലം ചെയ്യാനാണ് സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെതിരെ പ്രതിയായ റോജി അഗസ്റ്റിന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

◾  തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണത്തിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യം ജില്ലാതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മന്ത്രിയല്ല, ശബരിനാഥനാണ് അഭിപ്രായം പറയേണ്ടത്. തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണ് ഗൗരവമായി കാണുന്നത്. അദ്ദേഹം പറഞ്ഞു.

◾  ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതു കോടതി റദ്ദാക്കിയതോടെ വടക്കഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ സുനില്‍ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.

◾  സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദി എന്ന ആദര്‍ശ്, സംവിധായകന്‍ ജിസ് ജോയി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പരാതിക്കാരന്‍ ഒത്തുതീര്‍പ്പിന് തയ്യാറായിട്ടില്ലെന്ന്  അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

◾  വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ അനധികൃതമായി വനത്തില്‍ പ്രവേശിച്ചതിനു കേസെടുക്കും. യുവാക്കള്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. വനത്തില്‍ കുടുങ്ങിയ യുവാക്കളെ ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്.

◾  ശ്രീലങ്കയിലെ മധുവിധു ഉല്ലാസയാത്രയില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതംമൂലം മലപ്പുറം വേങ്ങര സ്വദേശി  മരിച്ചു. വേങ്ങര പറപ്പൂര്‍ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. പത്തു ദിവസം മുമ്പായിരുന്നു ഇര്‍ഫാന്റെ വിവാഹം.

◾  വഴിക്കടവ് കെ എസ് ഇ ബി ഓഫീസില്‍ സൂക്ഷിച്ചിരുന്ന അലുമിനിയം കമ്പികള്‍ മോഷ്ടിച്ച കേസില്‍ കെ എസ് ഇ ബി ജീവനക്കാരനും കരാര്‍ തൊഴിലാളികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച അലുമിനിയം കമ്പി വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കെ എസ് ഇ ബി ജീവനക്കാരന്‍ വണ്ടൂര്‍ സ്വദേശിയായ തോമസ്, കരാര്‍ തൊഴിലാളികളായ പുനലൂര്‍ സ്വദേശി അബ്ദുല്‍ സലാം, വല്ലപ്പുഴ സ്വദേശികളായ ഹിമുദ്ധീന്‍, ജാസിര്‍ ഹുസൈന്‍, മുഹമ്മദ് ഹസീബ് എന്നിവരാണ് പിടിയിലായത്.

◾  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നിയമനങ്ങളില്‍ വീണ്ടും  പ്രതിഷേധം. വിജയ് നായകനായി അഭിനയിച്ച 'ജനനായകന്റെ നിര്‍മാതാവ് വെങ്കട് കെ. രമണയെ ഡല്‍ഹിയിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

◾  കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി പച്ചക്കറി കൃഷിക്കെന്ന പേരില്‍ ഒരു കോടി സബിസിഡി വാങ്ങിയെന്ന് ആരോപണം. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി.

◾  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 5 വരെ പ്രതികള്‍ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചത്. ഇതില്‍ 70 തവണ സംഭാവന തട്ടിപ്പ് നടന്നതായി കണ്ടെത്തി.

◾  അയോധ്യ ക്ഷേത്രക്കൊള്ള സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് അയോധ്യ എംപി അവധേഷ് പ്രസാദ്. അന്വേഷണം തുടങ്ങിയ ഉടന്‍ തന്നെ ട്രസ്റ്റ് ഭാരവാഹികള്‍ രാജി വയ്ക്കേണ്ടതായിരുന്നു. രാജ്യമാകെ പ്രത്യാഘാതമുണ്ടാക്കുന്ന വന്‍കൊള്ളയാണ് നടന്നതെന്നും അവധേഷ് പ്രസാദ് പറഞ്ഞു.

◾  രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സീഷെല്‍സിലേക്ക് പുറപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടി ഉറപ്പിക്കാനാണ് സന്ദര്‍ശനം.

◾  ലോകം ഇസ്രായേലില്‍ നിന്ന് അകലുമ്പോള്‍ ഇന്ത്യ കൂടുതല്‍ അവരുടെ സ്വാധീനവലയത്തിലേക്ക് വീഴുകയാണെന്ന് സോണിയാ ഗാന്ധി ആരോപിച്ചു.

◾  ഹൈദരാബാദില്‍ ഒരു റോഡിന് തന്റെ പേര് നല്‍കിയതിനു നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആദ്യത്തെ യു.എസ്. പ്രസിഡന്റ് താനാണെന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

◾  വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിച്ച നടപടിയില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് വിശദീകരണം തേടി യുഎസ് കോടതി. അദാനിക്കെതിരായ കേസ് ഉടന്‍ തള്ളാന്‍ കഴിയില്ലെന്ന് ബ്രൂക്ലിന്‍ ഡിസ്ട്രിക്ട് ജഡ്ജി നിക്കോളാസ് ഗരൗഫിസ് വ്യക്തമാക്കി.

◾  വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു.

◾  പാകിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 24 മണിക്കൂറിനിടെ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു.

◾  ജര്‍മനിയിലെ നാലു ഫാക്ടറികള്‍ അടച്ചുപൂട്ടാനും ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാനുമുള്ള നീക്കവുമായി കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍. ചൈനയില്‍നിന്നുള്ള കടുത്ത മല്‍സരമാണ് പ്രതിസന്ധിക്കു കാരണം.

◾  ന്യൂസിലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കു തകര്‍ത്ത് ബെല്‍ജിയം നോക്കൗട്ടിലേക്ക്. 28, 50 മിനിറ്റുകളില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡിലൂടെ മുന്നിലെത്തിയ ബെല്‍ജിയത്തിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു മത്സരത്തിലുടനീളം. കെവിന്‍ ഡിബ്രൂയ്നും ലുക്കാക്കുവും, അലക്സിസ് സെലെമേക്കേഴ്‌സും ബെല്‍ജിയത്തിന്റെ വിജയം അനായാസമാക്കി. ഇതേ ഗ്രൂപ്പിലെ മറ്റൊരു ആവേശപ്പോരാട്ടത്തില്‍ ഇറാനെതിരേ ഈജിപ്ത് 1-1 ന് സമനിലയില്‍ പിരിഞ്ഞതോടെ, ഈജിപ്തിന് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

◾  ലോകകപ്പില്‍ ഗ്രൂപ് ജെ യിലെ തങ്ങളുടെ അവസാന മത്സരത്തിന് അര്‍ജന്റീന ഇറങ്ങുന്നത് മെസി ഇല്ലാതെ. ജോര്‍ദാന്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. നിലവില്‍ രണ്ട് ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായാണ് അര്‍ജന്റീന നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്.

◾  തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ ആദ്യ റൗണ്ടില്‍ പുറത്ത്. ഗ്രൂപ്പ് എച്ചില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് മുമ്പ് രണ്ട് വര്‍ഷം ചാമ്പ്യന്മാരായ ഉറുഗ്വെ പുറത്തായത്.

◾  ഗ്രൂപ്പ് എച്ച് ലെ മറ്റൊരു മല്‍സരത്തില്‍ സൗദിയോട് സമനില വഴങ്ങിയ കേപ് വെര്‍ദെ നോക്കൗട്ടില്‍ കടന്ന് ചരിതമെഴുതി. പങ്കെടുത്ത ആദ്യ ലോകകപ്പില്‍ തന്നെ നോക്കൗട്ടിലേക്ക് മുന്നേറാന്‍ കേപ് വെര്‍ദെയ്ക്കായി.

◾  ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് 25,000 രൂപവരെ നഷ്ടപരിഹാരം നല്‍കാന്‍ റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച് ആര്‍ബിഐ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നഷ്ടപരിഹാരം നല്‍കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 50,000 രൂപവരെയുള്ള തട്ടിപ്പുകള്‍ക്കാണ് നഷ്ടപരിഹാരം ബാധകം. നഷ്ടപ്പെടുന്ന തുകയുടെ 85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ, ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. തട്ടിപ്പ് നടന്ന് 5 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ടിനും നിബന്ധനകള്‍ക്കും വിധേയമായിരിക്കും. തട്ടിപ്പുകള്‍ തടയുന്നതിന് എടുക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. സംശയാസ്പദമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്. തട്ടിപ്പ് നടന്നാല്‍ എത്രയും വേഗം ബാങ്കിനെ അറിയിക്കുക. റിപ്പോര്‍ട്ടിംഗ് വൈകുന്നത് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറയ്ക്കും.

◾  നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ടപ്പായ സര്‍വം എ.ഐയുടെ ഓഹരി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒന്നുമുതല്‍ രണ്ടുശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യ എഐ മിഷന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പിന് സര്‍ക്കാര്‍ നല്‍കിയ കമ്പ്യൂട്ട് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ സബ്‌സിഡിയുടെ അടിസ്ഥാനത്തിലാണ് ഓഹരി കൈമാറ്റം. 98.68 കോടി രൂപയാണ് സര്‍ക്കാരില്‍നിന്ന് കമ്പ്യൂട്ട് സബ്‌സിഡിയായി കമ്പനിക്ക് ലഭിച്ചത്. ഇതിന് പകരമായി സര്‍ക്കാരിന് ലഭിച്ച നിര്‍ബന്ധിത കണ്‍വേര്‍ട്ടിബിള്‍ ഡിബെഞ്ചറുകള്‍ പിന്നീട് ഇക്വിറ്റി ഓഹരികളായി മാറ്റും. എന്‍വിഡിയയുടെ 4,096 എച്ച്100 ജിപിയുകള്‍ക്കായാണ് സര്‍ക്കാര്‍ 98.68 കോടിയുടെ കമ്പ്യൂട്ട് സബ്‌സിഡി അനുവദിച്ചത്. നിര്‍മിതബുദ്ധി മേഖലയില്‍ ഇന്ത്യയുടെ യൂണികോണായി സര്‍വം എ.ഐ. മാറിയിരുന്നു. പുതിയ ഫണ്ടിങ് റൗണ്ടില്‍ എച്ച്.സി.എല്‍. ടെക്‌നോളജീസ് ഉള്‍പ്പെടെ നിക്ഷേപവുമായി എത്തിയതാണ് കമ്പനിക്കു നേട്ടമായത്. ബെംഗളൂരു ആണ് സര്‍വം എ.ഐയുടെ ആസ്ഥാനം.

◾  നിവിന്‍ പോളി- അല്‍ഫോന്‍സ് പുത്രന്‍ സിനിമയുടെ അനൗണ്‍സ്മെന്റ് ടീസര്‍ പുറത്തുവന്നു. 'വിജയം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'നേരം', 'പ്രേമം' എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം നിവിനും അല്‍ഫോന്‍സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിജയം'. റൈഡറായാണ് ചിത്രത്തില്‍ നിവിന്‍ പോളിയെത്തുന്നത്. അല്‍ഫോന്‍സും നിവിനും ചേര്‍ന്നുള്ള മനോഹരമായ ഒരു വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 'ഗോള്‍ഡ്' എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിജയം. മുന്‍ ചിത്രങ്ങളിലെന്ന പോലെ എഡിറ്റിങും എഴുത്തും അല്‍ഫോന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്. സ്റ്റീവ് കൊട്ടൂര്‍ ആണ് സംഗീതമൊരുക്കുന്നത്. ശബരീഷ് വര്‍മയാണ് വരികളൊരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സും സിനിഹോളിക്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയാണിത്.

◾  ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സേഷന്‍ ആയ തമന്‍ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് തമന്‍ ആണെന്ന വിവരം ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തില്‍ നിന്നുള്ള വമ്പന്‍ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. വലിയ മുതല്‍മുടക്കില്‍ മാസ് ആക്ഷന്‍ ചിത്രമായി ആണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാല്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്‌സ്, കബീര്‍ ദുഹാന്‍ സിങ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്‌ന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് ആയ ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍. 84,128 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിന് പുറമെ ചില പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ഈ മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഗ്രാഫിക്‌സും നാല് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഇതിലുണ്ട്. ഹെവി ഗ്രേ, നെക്‌സസ് ബ്ലൂ, ഡാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഗ്രേ, പേള്‍ റെഡ് എന്നി നാല് കളറുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് മറ്റൊരു ആകര്‍ഷണം. 97.2സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 8,000 ആര്‍പിഎമ്മില്‍ 8.02 ബിഎച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 8.05 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.. 71 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്.

◾  കേരളചരിത്രം പ്രതിപാദിക്കുന്ന പല പഠനങ്ങളെയും ഉപയോഗപ്പെടുത്തി ഈ സമൂഹത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. അധികാരവ്യവസ്ഥിതിക്കും അവ വളര്‍ത്തിയെടുത്ത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ഇവിടെ നടന്ന ബഹുജനമുന്നേറ്റങ്ങളും പ്രവര്‍ത്തനങ്ങളും സ്ത്രീകള്‍ മാറുമറയ്ക്കുന്നതിനായി നടത്തിയ കലാപങ്ങളും പല പഠനങ്ങളെയും അടിസ്ഥാനമാക്കി വിശദീകരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രപഠനങ്ങളില്‍ തത്പരരായവര്‍ക്കും ഈ ഗ്രന്ഥം വളരെ വിലപ്പെട്ടതാണ്. കേരള നവോത്ഥാനത്തിന്റെ ചരിത്രമടയാളപ്പെടുത്തുന്ന അമൂല്യഗ്രന്ഥം. 'കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ചരിത്രം'. അഡ്വ. ഇ.രാജന്‍. മാതൃഭൂമി. വില 586 രൂപ.

◾  കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ നേരത്തെ ശ്രദ്ധിക്കുന്നത് ഭാവിയില്‍ നല്ല ഭക്ഷണശീലങ്ങള്‍ അവര്‍ സ്വായത്തമാക്കുന്നതിന് ഉപകരിക്കും. പഠിക്കുന്ന കുട്ടികള്‍ക്ക് സമീകൃതാഹാരം നിര്‍ബന്ധമായും നല്‍കണം. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിനുള്ള പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അതവരുടെ വളര്‍ച്ചയെ ബാധിക്കും. കൂടാതെ എണ്ണ പലഹാരങ്ങളോ ജങ്ക് ഫുഡ് പോലുള്ളവ ശീലിച്ചാല്‍ പൊണ്ണത്തടി, പ്രമേഹം, ഫാറ്റിലിവര്‍ തുടങ്ങിയ രോഗാവസ്ഥകള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ബാധിക്കാന്‍ കാരണമാകും. സമീകൃതാഹാരം പൊതുവായ ക്ഷേമം, വളര്‍ച്ച, രോഗ സാധ്യത കുറയ്ക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ധാരാളം വെള്ളം കുടിയ്ക്കണം, എട്ടു മുതല്‍ പത്തു ഗ്ലാസ് വരെ ദിവസേനെ കുടിക്കുക. കൂടുതല്‍ കഴിക്കാതെ കഴിക്കുന്ന വിഭവങ്ങളുടെ അളവു കുറച്ച് എല്ലാ ഭക്ഷണ വിഭാഗങ്ങളും ഉള്‍പ്പെടുത്തുക. അതായത് ഇലക്കറികള്‍, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ എന്നിവ നിര്‍ബന്ധമായി കഴിക്കണം. പഴങ്ങള്‍ ജ്യൂസ് ആയി കഴിക്കാതെ മുഴുവന്‍ പഴമായിട്ടു തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. അധികം മസാലയോ എരിവോ ചേര്‍ക്കാത്ത ചിക്കന്‍, മീന്‍, പാല്‍, ബീഫ് എന്നിവയും കൊടുക്കാം. ദിവസവും ഒരു മുട്ട ഉള്‍പ്പെടുത്താം. ഇടനേരങ്ങളിലെ ചെറിയ ഭക്ഷണമായി പഴങ്ങളും ഓട്സ്, നിലക്കടല, എള്ളുണ്ട, നട്സ് ഒക്കെയാകാം. വൈകീട്ട് കുട്ടികള്‍ വീട്ടില്‍ വന്നാല്‍ ഏത്തപ്പഴം പോലുള്ളവ പുഴുങ്ങി നല്‍കാം. രാത്രി അത്താഴം എട്ടു മണിക്ക് മുന്നേ തന്നെയാകാന്‍ ശീലിപ്പിക്കാം. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.36, പൗണ്ട് - 124.43, യൂറോ - 107.45, സ്വിസ് ഫ്രാങ്ക് - 116.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.10, ബഹറിന്‍ ദിനാര്‍ - 250.31, കുവൈത്ത് ദിനാര്‍ -304.67, ഒമാനി റിയാല്‍ - 245.45, സൗദി റിയാല്‍ - 25.22, യു.എ.ഇ ദിര്‍ഹം - 25.69, ഖത്തര്‍ റിയാല്‍ - 25.89, കനേഡിയന്‍ ഡോളര്‍ - 66.52.
Previous Post Next Post
3/TECH/col-right