Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | മേയ് 4, തിങ്കള്‍
1201 | മേടം 21, അനിഴം

◾ യുഡിഎഫ് തൂത്തുവാരി. 140 അംഗ നിയമസഭയില്‍ 104 സീറ്റുകളില്‍ യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫ് 34 സീറ്റുകളിലും എന്‍ഡിഎ രണ്ടിടത്തും മുന്നേറുന്നു. ഇടതു കോട്ടകള്‍ പൊളിച്ചടക്കിയാണ് യുഡിഎഫിന്റെ തേരോട്ടം.

◾ യുഡിഎഫ് ലീഡുനില: കോണ്‍ഗ്രസ് 63, മുസ്ലിം ലീഗ് 22,  കേരള കോണ്‍ഗ്രസ്- 7, ആര്‍എസ്പി- 3, സ്വതന്ത്രര്‍- 3, സിഎംപി- 1, ആര്‍എംപി- 1, കേരള കോണ്‍ഗ്രസ് ജെ- 1, കെഡിപി- 1.

◾ എല്‍ഡിഎഫ് ലീഡുനില: സിപിഎം- 25, സിപിഐ- 8, ആര്‍ജെഡി- 1.

◾ 13 മന്ത്രിമാര്‍ നിലംപരിശായി. തൃത്താലയില്‍ എം.ബി. രാജേഷ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, ഏറ്റുമാന്നൂരില്‍ വി.എന്‍. വാസവന്‍, ആറന്മുളയില്‍ വീണ ജോര്‍ജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാര്‍, നേമത്ത് വി. ശിവന്‍കുട്ടി,  കളമശേരിയില്‍ പി. രാജീവ്, കണ്ണൂരില്‍ കടന്നല്ലള്ളി രാമചന്ദ്രന്‍, എലത്തൂരില്‍ എ.കെ. ശശീന്ദ്രന്‍, ചിഞ്ചുറാണി തുടങ്ങിയവരാണ് ആദ്യഘട്ട വോട്ടെണ്ണലില്‍ പിറകിലായ മന്ത്രിമാര്‍. പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ യുഡിഎഫിന്റെ ഫാത്തിമ തെഹലിയ തോല്‍പിച്ചു. ചെങ്കോട്ടയായ ധര്‍മടത്ത് ആദ്യ ആറു റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പിറകിലായിരുന്നു. കോണ്‍ഗ്രസിന്റെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ലീഡ് ചെയ്യുന്നു.

◾ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും ശക്തമായ ഭരണവിരുദ്ധ തരംഗം. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് ഒതുക്കി തരംഗമായത് നടന്‍ വിജയുടെ ടിവികെ പാര്‍ട്ടി. മമത ബാനര്‍ജിയെ കൈവിട്ട് ബംഗാളില്‍ ബിജെപി മുന്നേറി.

◾ തമിഴ്നാട്: ആകെ സീറ്റ്- 234. ടിവികെ ലീഡ്- 107, ഡിഎംകെ ലീഡ്- 66, എഐഎഡിഎംകെ ലീഡ്- 61.

◾ പശ്ചിമ ബംഗാള്‍: ആകെ സീറ്റ് 293 (294). ബിജെപി- 195, തൃണമൂല്‍- 92, മറ്റുള്ളവര്‍- 6.

◾ ആസാം: ആകെ 126. ബിജെപി 98, കോണ്‍ഗ്രസ്- 24.

◾ പുതുച്ചേരി: ആകെ 29 (30). എന്‍ഡിഎ -22, ഇന്ത്യാ സഖ്യം- 6. മറ്റുള്ളവര്‍ -1.

◾ അട്ടിമറി വിജയവുമായി സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച കുഞ്ഞികൃഷ്ണന്‍ 7,487 വോട്ടിന്റെ  ഭൂരിപക്ഷം നടിയാണ് വിജയിച്ചത്. കഴിഞ്ഞ തവണ അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ടി ഐ മധുസൂദനയാണു തോല്‍പിച്ചത്. 76,640 വോട്ട് വി കുഞ്ഞികൃഷ്ണന്‍ നേടിയപ്പോള്‍ മധുസൂദനന് 69,153 വോട്ടാണ് നേടായത്.

◾ യുഡിഎഫിലെ വിജയിച്ചവരും ഭൂരിപക്ഷവും: തൃശൂര്‍ രാജന്‍ ജെ. പല്ലന്‍ 26,803. കല്‍പ്പറ്റ ടി. സിദ്ദിക്ക്- 45,000. നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത്- 54,851. ഉടുമ്പന്‍ചോലയില്‍ സേനാപതി വേണു- 20,021. തിരുവമ്പാടി സി.കെ. കാസിം - 6,741. കൊല്ലം ബിന്ദു കൃഷ്ണ -16,830. കൊടുങ്ങല്ലൂര്‍ അഡ്വ. ഒ.ജെ.ജനീഷ്- 8,308. പീരുമേട് സിറിയക് തോമസ്- 27,634. വട്ടിയൂര്‍ക്കാവ് കെ. മുരളീധരന്‍ 2796. പെരുമ്പാവൂര്‍ മനോജ് മൂത്തേടന്‍- 28434. നെയ്യാറ്റിന്‍കര എന്‍. ശക്തന്‍ 6966. പാലക്കാട് രമേഷ് പിഷാരടി 12,000. മുവാറ്റുപുഴ മാത്യു കുഴല്‍നാടന്‍. തൃക്കാക്കര ഉമ തോമസ് 50200, കാഞ്ഞിരപ്പിള്ളി റോണി കെ. ബേബി. ഇരിഞ്ഞാലക്കുട തോമസ് ഉണ്ണിയാടാന്‍ 10212.

◾ എല്‍ഡിഎഫിലെ വിജയിച്ചവരും ഭൂരിപക്ഷവും: എം. വിജിന്‍- ഭൂരിപക്ഷം 18,433. ഒറ്റപ്പാലം കെ. പ്രേംകുമാര്‍ -26,910. ചേലക്കര യു.ആര്‍. പ്രദീപ് 29386. ഷൊര്‍ണൂര്‍ പി. മമ്മിക്കുട്ടി 16,517. മാവേലിക്കര എം.എസ്. അരുണ്‍കുമാര്‍ 62342. പുനലൂര്‍ സി. അജയപ്രസാദ് 21529. ഒല്ലൂര്‍ കെ. രാജന്‍ 8,200. കൈപ്പമംഗലം കെ കെ വത്സരാജ് 9944. നാട്ടിക ഗീതാഗോപി 7093. വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പിള്ളി 5690.  

◾ എന്‍ഡിഎ (ബിജെപി): ചാത്തന്നൂര്‍ ബി.ബി. ഗോപകുമാര്‍ 3334. നേമത്തും എന്‍ഡിഎക്ക് ജയം.

◾ എല്‍ഡിഎഫില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങി കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും അടക്കം മല്‍സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പിറകില്‍.

◾ കേരളത്തില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതിനു പിറകേ, ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ പങ്കെടുത്തു.

◾ കേരളത്തില്‍ ഭരണം നഷ്ടമാകുന്നതോടെ ഇന്ത്യയിലൊരിടത്തും അധികാരമില്ലാത്ത പാര്‍ട്ടിയായി സിപിഎം. തോല്‍വി ഉറപ്പിച്ച് എല്‍ഡിഎഫ് മന്ത്രിമാര്‍. വിജയികള്‍ക്ക് അഭിനന്ദനങ്ങളെന്നും, മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ലെന്നും ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും എംബി രാജേഷ്. ഞങ്ങളാരും വനവാസത്തിന് പോകില്ല, സമരമുഖത്ത് ഉണ്ടാകുമെന്നും എം. ബി. രാജേഷ് വ്യക്തമാക്കി.

◾ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് കരുത്തുമായി മുന്നേറി. സംസ്ഥാനത്ത് 23 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ലീഡ് നേടിയത്. മലപ്പുറം ജില്ലയില്‍ ലീഗ് സമഗ്രാധിപത്യം നേടി.

◾ പുതുപ്പള്ളിയില്‍ വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മന്റെ ലീഡ് അമ്പതിനായിരം കടന്നും കുതിച്ചു.

◾ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച മൂന്നു പ്രമുഖ നേതാക്കള്‍ക്കു ജനവിധിയില്‍ മുന്നേറ്റം. വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരിലും ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിലും ജി സുധാകരന്‍ അമ്പലപ്പുഴയിലുമാണ് മല്‍സരിച്ചത്. ഒറ്റപ്പാലത്തു സിപിഎം വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.കെ. ശശി പരാജയപ്പെട്ടു.

◾ ടിപി ചന്ദ്രശേഖരന്റെ ഓര്‍മദിനമായ ഇന്ന് തെരഞ്ഞെടുപ്പു ഫലം എത്തുമ്പോള്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ രമ. 'പിന്നിട്ട ആറു റൗണ്ടുകള്‍, മതി കേരളമേ കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍' എന്നാണ് കെകെ രമയുടെ കുറിപ്പ്.

◾ 'പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ' എന്നാണ് ജനം പറഞ്ഞതെന്നു മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട് ജനങ്ങള്‍ വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു എന്നും രാഹുല്‍ കുറിച്ചു.

◾ സുല്‍ത്താന്‍ ബത്തേരിയിലെ പോസ്റ്റല്‍ വോട്ടിന്റെ ഒരു കെട്ട് മാറി കല്‍പ്പറ്റയില്‍ എത്തി. അമ്പതോളം പോസ്റ്റല്‍ വോട്ടാണ് ഇതിലുള്ളത്. ഇതോടെ രണ്ടിടത്തും പോസ്റ്റല്‍വോട്ട് എണ്ണുന്നതില്‍ ആശയക്കുഴപ്പമുണ്ടായി.

◾ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന്റെ താക്കോല്‍ കാണാതെ സുല്‍ത്താന്‍ ബത്തേരിയിലും കളമശേരിയിലും  പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ അകത്തു കയറിയത്. മന്ത്രി പി രാജീവ് മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി.

◾ ആലപ്പുഴയില്‍ പിണറായി വിജയനു വേണ്ടി വഴിപാട്. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലാണ് കദളിപ്പഴം, പാല്‍ എന്നിവകൊണ്ടു വഴിപാട് നടത്തിയത്.

◾ പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് പൊലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലേക്ക് മടങ്ങിയത്. വീട്ടിലിരുന്നാണ് വിജയന്‍ തെരഞ്ഞെടുപ്പു ഫലവിവരങ്ങള്‍ അറിഞ്ഞത്.

◾ വിഴിഞ്ഞം തുറമുഖത്ത് മാരി ടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. കസ്റ്റഡിയിലുള്ള എം. വി സോളിസ് എന്ന വിദേശ കപ്പലിലേക്ക് കൊച്ചിയില്‍ നിന്നെത്തിച്ച എം.ടി ജനീസസ് എന്ന കപ്പല്‍ ഉപയോഗിച്ച് 1,20,000 ലിറ്റര്‍ ഇന്ധനം നിറച്ചു. ഇന്ധനം തീര്‍ന്ന് കപ്പലിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് ഒഴിവാക്കാനായിരുന്നു ഈ അടിയന്തര നടപടി.

◾ കാര്‍ബോറാണ്ടം കമ്പനിയുടെ നിയന്ത്രണത്തിലുള്ള മണിയാര്‍ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വേണ്ടെന്ന് വ്യവസായമന്ത്രി പി. രാജീവ്. യൂണിറ്റിന് പത്തു രൂപ നിരക്കില്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങുമ്പോഴാണ് 50 പൈസ മാത്രം ഉല്‍പാദനചെലവുള്ള മണിയാര്‍ പദ്ധതി ഏറ്റെടുക്കേണ്ടെന്ന് വ്യവസായ മന്ത്രി വാദിച്ചത്.

◾ ഗതാഗതക്കുരുക്കില്‍ മുങ്ങി മൂന്നാറും പരിസരങ്ങളും. മൂന്നാര്‍ ടൗണില്‍നിന്ന് ആനച്ചാല്‍ വരെയുള്ള 15 കിലോമീറ്റര്‍ ദൂരം രണ്ടു മുതല്‍ മൂന്നര മണിക്കൂര്‍ സമയമെടുത്താണ് വാഹനങ്ങള്‍ കടന്നുപോയത്.

◾ കൊല്ലം ചാമക്കട മാര്‍ക്കറ്റിനു സമീപം വടയാറ്റുകോട്ടയില്‍ റൊമാന്‍സ് എന്ന തുണിക്കടയില്‍ തീപ്പിടിത്തം. ഫയര്‍ഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കി.

◾ ക്ലോസറ്റില്‍ മൂര്‍ഖന്‍ പാമ്പ്. കോഴിക്കോട് താമരശ്ശേരി ചാലക്കര ഫൈസലിന്റെ വീട്ടിലെ ശുചിമുറിയിലെ ഇന്ത്യന്‍ സ്റ്റൈല്‍ ക്ലോസറ്റിനകത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. രാത്രി ശുചിമുറിയില്‍ കയറിയ വീട്ടുടമയ്ക്കു നേരെ മൂര്‍ഖന്‍ പാമ്പ് ചീറ്റിയെത്തി. മൂര്‍ഖനെ റെസ്‌ക്യൂ സംഘം പിടികൂടി.

◾ ഡല്‍ഹിയിലെ പ്രമുഖ ഐഎഎസ് പരിശീലന കേന്ദ്രമായ ശുഭ്ര രഞ്ജന്‍ അക്കാദമിയുടെ ഡയറക്ടര്‍ ശുഭ്ര രഞ്ജനെ തോക്കിന്‍ മുനയില്‍ തട്ടിക്കൊണ്ടു പോയി 1.89 കോടി രൂപ കവര്‍ന്നു. ഭോപ്പാലിലേക്കു  തട്ടിക്കൊണ്ടുപോയി നാലു മണിക്കൂറോളം തടങ്കലില്‍ വച്ചാണ് വന്‍തുക തട്ടിയെടുത്തത്. അക്കാദമിയുടെ ഭോപ്പാലിലെ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശര്‍മ്മയാണ് ഇതിന്റെ സൂത്രധാരനെന്നു പോലീസ്.

◾ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ 'പ്രൊജക്ട് ഫ്രീഡം' പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ എല്ലാവര്‍ക്കും ഗുണകരമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

◾ മുപ്പതു ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഇറാന്‍. ഇതിനു പതിന്നാലിന സമാധനനിര്‍ദേശം യു.എസിനു മുന്നില്‍ ഇറാന്‍ സമര്‍്പപിച്ചു. വെടിനിര്‍ത്തല്‍ നീട്ടുകയല്ല, യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാന്‍ ഭരണകൂടം ആവശ്യപ്പെട്ടു.

◾ യുദ്ധം തകര്‍ത്ത ഇറാനില്‍ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ മറികടന്ന് 'സ്റ്റാര്‍ലിങ്ക്' ഇന്റര്‍നെറ്റ് ഉപകരണങ്ങള്‍ രഹസ്യമായി എത്തിക്കുന്ന വിപുലമായ ശൃംഖലയുണ്ടെന്നു ബിബിസി റിപ്പോര്‍ട്ട്. ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണെങ്കിലും ജനങ്ങള്‍ ഈ രഹസ്യ മാര്‍ഗത്തിലൂടെയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.

◾ യു.എ.ഇ.യുടെ പിന്മാറ്റത്തിനു പിന്നാലെ പ്രതിദിന എണ്ണയുത്പാദനവീതം വര്‍ധിപ്പിച്ച് ഒപെക് പ്ലസിലെ ഏഴുരാജ്യങ്ങള്‍. പെട്രോളിയം കയറ്റുമതിരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിലെ സൗദി അറേബ്യ, റഷ്യ, അല്‍ജീരിയ, ഇറാഖ്, കസാഖിസ്താന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഉത്പാദനം കൂട്ടുന്നത്.

◾ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂസ് കപ്പലില്‍ അപൂര്‍വമായ ഹാന്റാ വൈറസ് ബാധിച്ച് മൂന്നു പേര്‍ മരിച്ചു. കൂടാതെ മൂന്ന് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ വകുപ്പും അറിയിച്ചു.

◾ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ടോസ് വീഴും.

◾ ഏപ്രില്‍ മാസത്തെ ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ്. 2.42 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.7 ശതമാനമാണ് വര്‍ധന. 2025 ഏപ്രിലില്‍ രേഖപ്പെടുത്തിയ 2.37 ലക്ഷം കോടി രൂപയായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം. ഏപ്രിലിലെ റെക്കോഡ് നേട്ടത്തിന് പിന്നില്‍ ഇറക്കുമതി വരുമാനത്തിന് നിര്‍ണായക പങ്കുണ്ട്. മൊത്തം ഇറക്കുമതി വരുമാനം 57,580 കോടി രൂപ. വളര്‍ച്ചാനിരക്ക് 25.8 ശതമാനം. മൊത്തം ആഭ്യന്തര വരുമാനം 1,85,000 കോടി രൂപ. വളര്‍ച്ചാനിരക്ക് 4.3 ശതമാനം. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ മികച്ച നേട്ടമുണ്ടാക്കി. ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടായി.

◾ എമര്‍ജന്‍സി അലര്‍ട്ട് സംവിധാനം പരീക്ഷിച്ച് ഇന്ത്യ. മൊബൈല്‍ ഫോണില്‍ വാണിങ് ടോണും 'അങ്ങേയറ്റം ഗൗരവതരമായ മുന്നറിയിപ്പ്' എന്ന സന്ദേശം എത്തി. എമര്‍ജന്‍സി ദുരന്തങ്ങള്‍ ഉണ്ടാകുകയോ അടിയന്തര സാഹചര്യം നേരിടുകയോ ചെയ്യുന്ന സമയത്ത് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യ തയ്യാറാക്കിയ സംവിധാനമാണിത്. പല ഫോണുകളിലും അലാറം മുഴങ്ങുകയും ഫോണ്‍ സൈലന്റ് മോഡില്‍ ആയിരുന്നിട്ടും സ്‌ക്രീനില്‍ സന്ദേശം വ്യക്തമായി കാണുകയും ചെയ്തു. ഭൂകമ്പം, പ്രളയം, ചുഴലിക്കാറ്റുകള്‍, മിന്നല്‍, ഗ്യാസ് ചോര്‍ച്ച, മറ്റ് അപകടങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത് വളരെ പ്രയോജനപ്പെടുന്നു. സാധാരണ എസ്.എംഎസില്‍ നിന്ന് വ്യത്യസ്തമായി സെല്‍ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം. ഓരോ ഫോണ്‍ നമ്പറിലേക്കും സന്ദേശങ്ങള്‍ ഒന്നൊന്നായി അയക്കുന്നതിന് പകരം ടവറുകള്‍ക്ക് പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ഒരേ മുന്നറിയിപ്പ് സന്ദേശം കൈമാറാന്‍ കഴിയും.

◾ പുതിയ ഇലക്ട്രിക് ബൈക്ക് റോര്‍ ഇവോ പുറത്തിറക്കി ഒബെന്‍ ഇലക്ട്രിക്. 99,999 രൂപയാണ് പ്രാരംഭ വില. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്കാണ് പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുക. അതിനു ശേഷം 1.25 ലക്ഷം രൂപയായിരിക്കും വില. ബുക്കിങ് ആരംഭിച്ചു. നിലവിലുള്ള എആര്‍എക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. മോട്ടോര്‍, ബാറ്ററി, ഡ്രൈവ്‌ട്രെയിന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒബെന്‍ തന്നെ വികസിപ്പിച്ച ഐപിഎംഎസ്എം 9 കിലോവാട്ട് മോട്ടറാണ് റോര്‍ ഇവോയില്‍. 3.4 കിലോവാട്ട് എല്‍എഫ്പി ബാറ്ററിയും ഉപയോഗിക്കുന്നു. ഐപി67 സര്‍ട്ടിഫിക്കേഷനുള്ള ബാറ്ററിക്ക് എട്ടുവര്‍ഷം വാറന്റിയുമുണ്ട്. 180 കിലോമീറ്ററാണ് വാഹനത്തിന്റെ ഐഡിസി സര്‍ട്ടിഫൈഡ് റേഞ്ച്. ഉയര്‍ന്ന വേഗം 100 കിലോമീറ്റര്‍/മണിക്കൂറുമാണ്. ഒബെന്‍ പ്ലഗ് ഉപയോഗിച്ച് വെറും 90 മിനിറ്റിനുള്ളില്‍ 080% ചാര്‍ജ് ചെയ്യാം. നീല, ചുവപ്പ്, വെള്ള, കറുപ്പ് എന്നീ നാല് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

◾ കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങളിലായി വ്യത്യസ്ത വിഷയങ്ങളോട്, വ്യത്യസ്ത സാഹചര്യങ്ങളിലുണ്ടായ സംഭവ വികാസങ്ങളോട്, പ്രതികരിച്ചുകൊണ്ടെഴുതിയവയാണ് ഈ ലേഖനങ്ങള്‍. നമുക്കു ചുറ്റുമുള്ള ലോകത്തില്‍ പല കാലങ്ങളിലായി നടന്ന പ്രശ്നങ്ങളോട് അതത് കാലങ്ങളില്‍ നടത്തിയ സൗമ്യമായ കലഹങ്ങളായി അവയെ വിശേഷിപ്പിക്കാം. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യങ്ങളില്‍ അവയോട് ഒരു എഴുത്തുകാരന്‍ എന്ത് നിലപാടാണ് സ്വീകരിച്ചത് എന്നതിന് വലിയ പ്രസക്തിയുണ്ട്. തകര്‍ന്നുപോയ പ്രതീക്ഷകളുടെയും അപ്രതീക്ഷിതമായ മാറ്റങ്ങളുടെയും സാക്ഷ്യപത്രങ്ങളാണിവ. പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്റെ ലേഖനസമാഹാരം. 'കാലം ലോകം കലഹം'. ഡിസി ബുക്സ്. വില 360 രൂപ.

◾ ഒരു വ്യക്തി ഒരു ദിവസം ആറ് മുതല്‍ 32 തവണ വരെ കോട്ടുവായ ഇടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുന്നത് ശുഭസൂചകമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയാകാം. തെര്‍മോറെഗുലേഷന്‍ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവായ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകളെ തുടര്‍ന്ന് പകല്‍സമയത്ത് ഉറക്കം അനുഭവപ്പെടാം, ഇത് അമിതമായി കോട്ടുവായ ഇടുന്നതിലേക്ക് നയിക്കാം. തലച്ചോറിലെ ചില അവസ്ഥകള്‍ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. ട്യൂമറുകള്‍ മൂലം തലച്ചോറിന്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളില്‍ അമിതമായി കോട്ടുവായ ഇടാം. മസ്തിഷ്‌കാഘാതവുമായി ബന്ധപ്പെട്ട തെര്‍മോറെഗുലേഷന്‍ തടസപ്പെടുന്നതു മൂലം സ്ട്രോക്ക് സംഭവിച്ചവരില്‍ അമിതമായ കോട്ടുവായ കാണപ്പെടാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ അമിതമായി കോട്ടുവായ ഇടാം. ചില പഠനങ്ങള്‍ അനുസരിച്ച് അമിതമായി കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവം കുറയുന്നതിന്റെ അഥവാ ഹൃദയാഘാത സാധ്യതയെ സൂചിപ്പിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.04, പൗണ്ട് - 128.94, യൂറോ - 111.42, സ്വിസ് ഫ്രാങ്ക് - 121.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.38, ബഹറിന്‍ ദിനാര്‍ - 251.66, കുവൈത്ത് ദിനാര്‍ -308.61, ഒമാനി റിയാല്‍ - 247.24, സൗദി റിയാല്‍ - 25.35, യു.എ.ഇ ദിര്‍ഹം - 25.84, ഖത്തര്‍ റിയാല്‍ - 26.09, കനേഡിയന്‍ ഡോളര്‍ - 69.89.
Previous Post Next Post
3/TECH/col-right