Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | മെയ് 02, ശനി
1201 | മേടം 19, വിശാഖം

◾  ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം മറ്റു ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി. സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് ഇങ്ങനെ മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശിയ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ എസ്ഐടി പരിശോധന തുടങ്ങി.

◾  പെട്രോള്‍, ഡീസല്‍ വില ഉടനേ വര്‍ധിപ്പിക്കണമെന്ന് എണ്ണ കമ്പനികള്‍. പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയര്‍ത്തണമെന്ന് എല്ലാ കമ്പനികളും ആവശ്യമുന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടനേ ഉണ്ടാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചത്. പെട്രോളിന് ലിറ്റിന് 20 രൂപ നഷ്ടമാണെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.

◾  വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അഞ്ചു പേരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം നല്‍കും. മരിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കള്‍ക്കാണ് സഹായധനം. പരിക്കേറ്റ മൂന്നു പേരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു.



◾  മന്ത്രിസഭാ യോഗത്തില്‍ എല്ലാ മന്ത്രിമാര്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിങ്കളാഴ്ച തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ, ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിജയാശംസ നേര്‍ന്നത്. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

◾  അന്‍പതിലേറെ മണ്ഡലങ്ങളില്‍ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിഗത മികവും ബന്ധങ്ങളും ഫലപ്രദമായ മണ്ഡലങ്ങളില്‍ മാത്രമാണ് ഇതിനെ മറികടക്കാന്‍ കഴിയുകയെന്നും സിപിഎം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിലേക്ക് അടുത്തുവെന്ന എക്സിറ്റ് പോള്‍ ഫലവുമായി യോജിക്കുന്ന വിലയിരുത്തലാണ് ഇത്.

◾  മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുസ്ലിം ലീഗ് ആരുടെയും പേര് നിര്‍ദ്ദേശിച്ചിട്ടില്ലെന്നു ലീഗ് നേതാവ് എം കെ മുനീര്‍. ജന വികാരത്തെകുറിച്ചുള്ള ചോദ്യത്തോട് സാദിഖ് അലി തങ്ങള്‍ പ്രതികരിച്ചതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. സംസ്ഥാനത്ത്  ന്യൂനപക്ഷ ഏകീകരണമല്ല, മതേതര വോട്ടുകളുടെ ഏകീകരണമാണുണ്ടായതെന്നും മുനീര്‍  പറഞ്ഞു.

◾  തൊടുപുഴയില്‍ വി ഡി സതീശനെ പിന്തുണച്ച് കൂറ്റന്‍ ഫ്ളക്സ്. പട്ടയംകവലയ്ക്കു സമീപമാണ് 'പട നയിച്ചവന്‍ നാടു നയിക്കും' എന്ന സന്ദേശവുമായി സതീശന്റെ ചിത്രത്തോടൊപ്പം ഫ്ളക്സ് ഉയര്‍ന്നത്. 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്ന വാചകവും ഫ്‌ളക്‌സിലുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചത്.

◾  ഈ തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് സ്പീക്കറും സിപിഎം നേതാവുമായ എഎന്‍ ഷംസീര്‍ എന്ന് പി.വി. അന്‍വര്‍. ശൈലജയെ ഒതുക്കാനാണ് പേരാവൂരില്‍ മത്സരിപ്പിച്ചത്. ധര്‍മ്മടത്ത് തോറ്റതിനു തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താന്‍ മത്സരിച്ചതുകൊണ്ട് റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനായെന്നും അതു കോഴിക്കോട് ജില്ലയില്‍ ഗുണം ചെയ്തെന്നും പിവി അന്‍വര്‍ പറഞ്ഞു.

◾  തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കിട്ടുമെന്നും അന്‍വറിന്റെ വെല്ലുവിളി ജനങ്ങള്‍ വിലയിരുത്തുമെന്നും വൈകാരികതക്ക് മുകളിലാണ് രാഷ്ട്രീയബോധംമെന്നും റിയാസ്.

◾  പണം മോഷ്ടിച്ചെന്നാരോപിച്ച് 12 വയസകാരനെ തലകീഴായി കെട്ടിതൂക്കി. കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാര്‍ഡനുമാണ് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലീസ് കേസെടുത്തു.

◾  കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ഥിനിയായ കെ.എസ് ദര്‍ശനയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ കുസാറ്റ് വിദ്യാര്‍ഥിയാണിത്. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

◾  പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലില്‍ ടിപ്പര്‍ ലോറി  കഴുകുന്നതിനിടെ പിറകോട്ട് വന്നു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോനാണു (55) മരിച്ചു.  

◾  നഴ്സിങ്ങ് വിദ്യാര്‍ത്ഥി ആദിത്യന്‍ മരിച്ച സംഭവത്തില്‍ അഡ്മിഷനില്‍ പോലും ചതിയായിരുന്നുവെന്ന് അച്ഛന്‍ പ്രദീപ്.  മറ്റൊരു കോളേജിന്റെ പേര് പറഞ്ഞായിരുന്നു അഡ്മിഷന്‍ എടുപ്പിച്ചതെന്നും പ്രദീപ് പറഞ്ഞു. കര്‍ണാടക പൊലീസില്‍ നിന്നോ കോളേജില്‍ നിന്നോ നീതി പ്രതീക്ഷിക്കുന്നില്ലെന്നും പ്രദീപ് പറഞ്ഞു.

◾  അങ്കമാലിയില്‍ ആനയുടെ പരാക്രമത്തില്‍ പരിക്കേറ്റ പാപ്പാന്‍ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. പ്രദീപിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. പ്രദീപിന് നട്ടെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ വിഷ്ണു കൊല്ലപ്പെട്ടിരുന്നു.

◾  കോഴിക്കോട് ഫറോക്ക് സ്വദേശിനി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അനുശ്രീക്കെതിരെ കുടുംബം പരാതി നല്‍കി. അനുശ്രീ പണവും സ്വര്‍ണവും തട്ടിയെടുത്തതിലുള്ള മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.

◾  കൊച്ചിയിലെ വൈറ്റ് കോളര്‍ ലഹരി ഇടപാട് കേസില്‍ പ്രതി കെവിന്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതായി പൊലീസ്. പ്രതിയുടെ ഫോണില്‍ കൊച്ചിയിലെ ചില ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു. ബാംഗ്ലൂര്‍ ഐ ഐ എമ്മില്‍ പഠിച്ച പ്രതി കെവിന്‍ രണ്ടര ലക്ഷം രൂപയിലേറേ മാസ വരുമാനമുള്ളയാളായിരുന്നു. അമ്മ മരിച്ചതിനുശേഷം ഒരു വര്‍ഷമായി ഒറ്റയ്ക്കാണു താമസമെന്നും പോലീസ്.

◾  പശ്ചിമ ബംഗാളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി നിയമിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക സിറ്റിംഗ് നടത്തിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. ഇതേസമയം, ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിംഗ് പുരോഗമിക്കുകയാണ്.

◾  പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്നതും മതപരമായ ഒത്തുചേരലുകള്‍ നടത്തുന്നതും അവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തില്‍ നിസ്‌കാരം നടത്താന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.

◾  വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയില്‍ നടനും ടിവികെ നേതാവുമായ വിജയിനെ കാത്ത് ആരാധാക പ്രവാഹം. പന്തികേടു മനസിലാക്കി വിജയ് വേളാങ്കണ്ണി യാത്ര റദ്ദാക്കി. ഇതോടെ പള്ളിയില്‍ കയറി മുദ്രാവാക്യങ്ങള്‍ വിളിച്ച് ടിവികെ പ്രവര്‍ത്തകരും ആരാധകരും ബഹളമുണ്ടാക്കി.

◾  ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  മൈസൂരിലെ കോളജ് ഹോസ്റ്റലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സ് റദ്ദാക്കി. മെസ്സ് അടപ്പിക്കുകയും ചെയ്തു. ഹോസ്റ്റലുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നല്‍കിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി നിര്‍ദ്ദേശം നല്‍കിയിരുന്നു.

◾  ഉത്തര്‍ പ്രദേശിലെ ജെവാറില്‍ സ്ഥിതിചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂണ്‍ 15 മുതല്‍  പ്രവര്‍ത്തനം ആരംഭിക്കും.

◾  ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തു. ലെഡോ-ലേഖാപാനി മേഖലയില്‍ കണ്ടെടുത്ത ബോംബ് സൈന്യത്തിലെ വിദഗ്ധ സംഘം എത്തി നിര്‍വീര്യമാക്കി.

◾  ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ പഞ്ചാബില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിലാണ് പഞ്ചാബ് പോലീസ് രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് രാഷ്ട്രീയ വേട്ടയാടല്‍ എന്ന് വിമര്‍ശിച്ച് ബിജെപിയും ശിരോമണി അകാലി ദളും രംഗത്തെത്തി.

◾  വിവാഹഘോഷയാത്രയിലെ ഡിജെ സംഗീതത്തിന്റെ ഉയര്‍ന്ന ശബ്ദം കേട്ട് 140 കോഴികള്‍ ചത്തു. ഇതേ തുടര്‍ന്ന് 15 ഡിജെ ഓപ്പറേറ്റര്‍മാര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ദരിയാപൂര്‍ ഗ്രാമത്തില്‍ സാബിര്‍ അലിയുടെ കോഴിഫാമിനരികിലൂടെ കടന്നുപോയ വിവാഹഘോഷയാത്രക്കെതിരേയാണു കേസ്.

◾  മുംബൈയില്‍ നാലംഗ കുടുബം മരിച്ചതിനു കാരണം തണ്ണിമത്തന്‍ കഴിച്ചതു മൂലമുള്ള ഭക്ഷ്യവിഷബാധ അല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വീട്ടില്‍നിന്നു ശേഖരിച്ച സാമ്പിളില്‍ കൃത്രിമ കളറോ മധുരമോ ചേര്‍ത്തതായി കണ്ടെത്താന്‍ കഴിച്ചിട്ടില്ലെന്നു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ട്.

◾  പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും ഇന്ത്യന്‍ വിപണിയെ സാരമായി ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓട്ടോമൊബൈല്‍ രംഗത്തും ഡിജിറ്റല്‍ ഇടപാടുകളിലും നികുതി വരുമാനത്തിലും റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ വാഹന വിപണിയില്‍ വന്‍ ഉണര്‍വാണുണ്ടായത്.

◾  ഇന്‍ഡോ-പസഫിക് സമുദ്രമേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മണിക്കൂറുകളോളം നടുക്കടലില്‍ നിശ്ചലമായി. ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറായ യുഎസ്എസ് ഹിഗ്ഗിന്‍സിനാണ് വൈദ്യുത സംവിധാനത്തിലെ തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയത്.

◾  അമേരിക്കയിലെ ടെക്സാസില്‍ ചെറു വിമാനം തകര്‍ന്നു വീണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. അമറില്ലോ പിക്കിള്‍ബോള്‍ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ടെക്സാസിലെ വിംബര്‍ലിക്ക് സമീപമാണ് അപകടം നടന്നത്.

◾  അമേരിക്കയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സര്‍വ്വേ. വാഷിങ്ടണ്‍ പോസ്റ്റ് - എബിസി- ഇപ്‌സോസ് സംയുക്തമായി നടത്തിയ സര്‍വേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാന്‍ യുദ്ധം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു.

◾  ജര്‍മ്മനിയില്‍നിന്ന് 5000 അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. അമേരിക്ക- ജര്‍മ്മന്‍ ബന്ധം കൂടുതല്‍ വഷളായതോടെയാണ് തീരുമാനം. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിറകേയാണ് പിന്മാറ്റം.

◾  അനധികൃതമായി അമേരിക്കയിലേക്കു കുടിയേറി പിന്നീട് വൈദികനായ എല്‍ സാല്‍വദോര്‍ സ്വദേശി എവെലിയോ മെന്‍ഹീവാര്‍ അയാലയെ വെസ്റ്റ് വെര്‍ജിനിയയില്‍ ബിഷപ്പായി നിയമിച്ചു. കുടിയേറ്റത്തിനെതിരേ കടുത്ത വികാരം പുലര്‍ത്തുന്ന യുഎസ് രാഷ്ട്രീയത്തിനു ശക്തമായ സന്ദേശം നല്‍കിക്കൊണ്ടാണ് കത്തോലിക്കാ സഭ പരമാധ്യക്ഷനായ ലെയോ മാര്‍പാപ്പ ഈ നിയമനം നടത്തിയത്. പുതുതായി ബിഷപ്പായി നിയമിക്കപ്പെട്ട മൂന്നു പേരും ട്രംപിന്റെ പല നയങ്ങളെയും പരസ്യമായി വിമര്‍ശിച്ചവരാണ്.

◾  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ചെന്നൈ, ചെപ്പോക്കില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

◾  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 18 ശതമാനവും അറ്റാദായത്തില്‍ 45 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ആകെ വരുമാനം 1,182 കോടി രൂപയും ലാഭം 153 കോടി രൂപയുമായി. പ്രവര്‍ത്തന ലാഭം 253 കോടി രൂപ. കാസര്‍കോട് യൂണിറ്റ് ഒഴികെ 31% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭത്തില്‍ 181% എന്ന അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ് ആസ്റ്റര്‍ ലാബ്സ് ശൃംഖല നടത്തിയത്. ആസ്റ്റര്‍ മെഡ്സിറ്റി (കൊച്ചി) വരുമാനത്തില്‍ 16% വര്‍ധനയുണ്ടായി. 32.5% എന്ന മികച്ച ലാഭവിഹിതവും കൈവരിച്ചു. ആസ്റ്റര്‍ മിംസ് (കോഴിക്കോട്) 41% വളര്‍ച്ച രേഖപ്പെടുത്തി. ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് (ബംഗളൂരു) വരുമാനത്തില്‍ 15 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 38 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വരുമാനം 25 ശതമാനവും പ്രവര്‍ത്തനലാഭം 24.5 ശതമാനവും വളര്‍ന്നു. കേരളത്തില്‍ വരുമാനത്തില്‍ 21% വളര്‍ച്ചയുണ്ടായപ്പോള്‍ ആന്ധ്ര-തെലങ്കാന മേഖലയില്‍ പ്രവര്‍ത്തന ലാഭം 113% വര്‍ധിച്ചു.

◾  ഡിജിറ്റല്‍ ഐഡന്റിറ്റിയിലേക്ക്  ഇന്ത്യയില്‍ വലിയൊരു ചുവടുവെപ്പുമായി ഗൂഗിള്‍. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുമായി ചേര്‍ന്ന്, ആധാര്‍ അടിസ്ഥാനത്തിലുള്ള പരിശോധനാ രേഖകള്‍ ഇനി ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വഴി സുരക്ഷിതമായ ഡിജിറ്റല്‍ ഐഡി ഉപയോഗം സാധ്യമാക്കുന്നതിന്റെ ഭാഗമാണിത്. ഈ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ആധാര്‍ വെരിഫിയബിള്‍ ക്രെഡന്‍ഷ്യല്‍ എന്ന ഡിജിറ്റല്‍ ഐഡി ഗൂഗ്ള്‍ വാലറ്റില്‍ ചേര്‍ക്കാന്‍ കഴിയും. ഇത് സാധാരണ സ്‌കാന്‍ ചെയ്ത പി.ഡി.എഫ് അല്ല. സവിശേഷ തിരിച്ചറിയല്‍ അതോറിട്ടി ഡിജിറ്റലായി ഒപ്പിട്ട, സുരക്ഷിതമായ ഒരു ഐഡി പതിപ്പാണ് ഇത്. പേര്, ജനനത്തിയതി, ഫോട്ടോ പോലുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടും. ഫിസിക്കല്‍ കാര്‍ഡ് ഇല്ലാതെ തന്നെ സുരക്ഷിതമായി ഐഡന്റിറ്റി തെളിയിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. മൊബൈല്‍ അധിഷ്ഠിത ഡിജിറ്റല്‍ ഐഡന്റിറ്റി സംവിധാനത്തിലേക്ക് ലോകം നീങ്ങുന്നതിന്റെ ഭാഗമായാണ് ഗൂഗ്‌ളിന്റെ ഈ നീക്കം.

◾  ജോജു ജോര്‍ജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്സ് ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായിരിക്കും 'വരവ്' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം 98 ദിവസങ്ങള്‍ എടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. എ.കെ. സാജനാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോജുവിനൊപ്പം ആക്ഷന്‍ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യന്‍, കോട്ടയം രമേശ്, ദീപക് പറമ്പോല്‍, അസീസ് നെടുമങ്ങാട്, സുകന്യ, വിന്‍സി അലോഷ്യസ്  എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

◾  ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ല്‍ ഷൂട്ടിങ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നല്‍കിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ചിത്രം ജൂണ്‍ 15 ന് മുന്‍പ് റിലീസ് ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.  ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തില്‍ വേഷമിടുന്നത്.

◾  പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പരിഷ്‌കരിച്ച ട്രൈബര്‍ എംപിവി 2026 വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും പുതിയ കംഫര്‍ട്ട്, പ്രായോഗിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്കൊപ്പം തന്നെ എല്ലാ മോഡലുകള്‍ക്കും 4,575 രൂപ മുതല്‍ 9,150 രൂപ വരെ (എക്‌സ്-ഷോറൂം) വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബേസ് മോഡലായ 'ഓതന്റിക്' പെട്രോള്‍ മാനുവലിന് 5.81 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന മോഡലായ 'ഇമോഷന്‍' എഎംടിക്ക് 8.48 ലക്ഷം രൂപയുമാണ് പുതിയ എക്‌സ്-ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ഇമോഷന്‍ വേരിയന്റില്‍ ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം അവതരിപ്പിച്ചു എന്നതാണ് പ്രധാന സവിശേഷത. നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് വാഹനത്തിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം, ടോപ്പ് വേരിയന്റില്‍ മാത്രം എഎംടി ഓപ്ഷനും ലഭ്യമാണ്.

◾  സഞ്ചാരങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരു സൗഹൃദക്കൂട്ടം നടത്തിയ അപൂര്‍വ്വ സാഹസിക യാത്രകളുടെ അനുഭവക്കുറിപ്പാണിത്. നേപ്പാള്‍, മലാനാ, കിന്നൗര്‍, ജോധ്പൂര്‍, കാശ്മീര്‍, മേഘാലയ, ഗുവാഹത്തി, കൊല്‍ക്കത്ത, ജയ്‌സാല്‍മീര്‍, ലേ ലഡാക്ക്, സ്പിതി, ഡല്‍ഹി എന്നിവിടങ്ങളിലൂടെ ഒരു സഞ്ചാരം. ചുരുങ്ങിയ ചെലവില്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ടൂവീലറിലും ട്രെയിനിലും ബസ്സിലും മറ്റുമായി നടത്തിയ യാത്രകളാണ് ഭൂരിഭാഗവും. യാത്രയില്‍ വെല്ലുവിളികള്‍ ധാരാളമുണ്ടണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്നെത്തിയ കരുതലുകള്‍ പലയിടത്തും കരുത്തായി. ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു ത്യാഗം സഹിച്ചും യാത്രചെയ്യാന്‍ തയ്യാറായതിന്റെ നേര്‍സാക്ഷ്യം. 'മരൂഭൂമികളും താഴ്വരകളും നിശബ്ദമല്ല'. എമില്‍ ജോയ്. കറന്റ് ബുക്സ്. വില 342 രൂപ.

◾  വേനല്‍ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രോട്ടീന്റെ കലവറയായ മുട്ട കഴിക്കാമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. ഫോളെയ്റ്റ്, കോളിന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി, അയോഡിന്‍ തുടങ്ങിയ വിറ്റാമിനുകളും മുട്ടിയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഇവ ആവശ്യമാണ്. സോഡിയം, പൊട്ടാഷ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ഇലക്ട്രോലൈറ്റുകളുടെ ഏറ്റവും നല്ല ഉറവിടമാണ് മുട്ട. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ഇവ സഹായകരമാണ്. വേനല്‍ക്കാലത്തെ കഠിനമായ ചൂടില്‍ ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടാറുണ്ട്. പോഷകങ്ങളുടെ സമ്പൂര്‍ണ്ണ കലവറയാണ് മുട്ട. അതില്‍ ആവശ്യമായ എല്ല അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇത് ദിവസം മുഴുവനും ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. വിറ്റാമിന്‍ എ, ഡി, ബി12, ഇരുമ്പ് എന്നിങ്ങനെ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വേനല്‍ക്കാലത്തെ പകര്‍ച്ചവ്യാധികള്‍ തടയുന്നു. സൂര്യനില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന ലൂട്ടെയിന്‍, സിയാക്സാന്തിന്‍ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രായാധിക്യം മൂലം കണ്ണിന്റെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകളെ തടുക്കുന്നതിനും ഇത് സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.91, പൗണ്ട് - 128.78, യൂറോ - 111.34, സ്വിസ് ഫ്രാങ്ക് - 121.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.31, ബഹറിന്‍ ദിനാര്‍ - 251.16, കുവൈത്ത് ദിനാര്‍ -308.81, ഒമാനി റിയാല്‍ - 246.76, സൗദി റിയാല്‍ - 25.29, യു.എ.ഇ ദിര്‍ഹം - 25.84, ഖത്തര്‍ റിയാല്‍ - 26.03, കനേഡിയന്‍ ഡോളര്‍ - 69.86.
Previous Post Next Post
3/TECH/col-right