Trending

പ്രഭാത വാർത്തകൾ.

2026  ഏപ്രില്‍ 29, ബുധന്‍
1201  മേടം 16, അത്തം
1447  ദുൽഖഅ്ദ 11

◾സംസ്ഥാനത്ത് വൈകുന്നേരം ആറു മുതല്‍ അര്‍ധരാത്രിവരെ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ്. കേന്ദ്രനിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യതയിലെ 200 മെഗാവാട്ടിന്റെ കുറവ് ഇന്നലെ രാത്രിയോടെ  പരിഹരിച്ചു. കൂടംകുളം ആണവനിലയം, ഒഡീഷയിലെ താല്‍ച്ചര്‍ താപനിലയം എന്നിവിടങ്ങളില്‍നിന്നുള്ള വൈദ്യുതിയാണു പുനസ്ഥാപിച്ചത്. പ്രകൃതി ചതിച്ചതിനാലും അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനാലുമാണ് ലോഡ് ഷെഡ്ഡിംഗ് എന്നു വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി.

◾ നിതിന്‍ രാജിന്റെ ആത്മഹത്യയുടെ പേരില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ഹര്‍ത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് നല്‍കി. അതിക്രമങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപിയോടു റിപ്പോര്‍ട്ട് തേടി.  ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാര്‍ എന്നിവരുടെ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്.

◾ കോഴിക്കോട് വോട്ടുയന്ത്രങ്ങളുടെ സ്ട്രോങ്ങ് റൂമിന്റെ ഭാഗമായ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തിനെതിരായ യുഡിഎഫിന്റെ പരാതിയില്‍ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദ്ദേശം നല്‍കി. റിട്ടേണിങ് ഓഫിസര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രവീണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
◾  വേനല്‍മഴ കെടുതിയില്‍ രണ്ടു മരണം. ചെങ്ങന്നൂരില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന മുളക്കുഴ പുത്തന്‍പീടികയില്‍ ആസിഫ് അഷ്‌റഫ് (23) ഇടിമിന്നലേറ്റു മരിച്ചു. കൊല്ലം ചിതറയില്‍ ശക്തമായ കാറ്റിലും മഴയിലും എണ്ണപ്പന ഒടിഞ്ഞുവീണ് അഞ്ചല്‍ സ്വദേശിനി സരിത (38) മരിച്ചു. ഇടിമിന്നലേറ്റ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണു.

◾  തൃശൂര്‍ വെങ്ങിണിശ്ശേരിയിയില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു പരുക്ക്. വൈകിട്ട് അഞ്ചരയോടെയാണ് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റത്. പത്തിലേറെ കുട്ടികള്‍ കളിക്കാനുണ്ടായിരുന്നു.

◾  കേരളത്തിലെ വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടി പിണറായി സര്‍ക്കാര്‍ വരുത്തി വെച്ചതാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതിനു പിറകിലെ ഗൂഢാലോചന ഉള്‍പ്പെടെ വൈദ്യുതി വകുപ്പിലെ കൊടിയ അഴിമതിക്കെതിരെ നടപടിയെടുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

◾  എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ചട്ടം മേയ് ഒന്നിനു മാറും. എല്‍പിജി സിലിണ്ടറിനു വില കൂടാനും സാധ്യത. ഇറാന്‍-യുഎസ് സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാണ്.

◾  വയനാട് ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ ഏഴു കുടുംബങ്ങള്‍ക്കു താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്.  എല്ലാവരും ഒരുമിച്ചാണു താമസം ആരംഭിക്കുക എന്ന് വീടുകളുടെ താക്കോല്‍ കൈപ്പറ്റിയവര്‍ പറഞ്ഞു.

◾  കൊച്ചി നഗരത്തിലെ ഡി ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്. ഡി ജെ പാര്‍ട്ടികള്‍ 11 മണിക്ക് അവസാനിപ്പിക്കണമെന്ന് കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ അറിയിച്ചു. ബാറുകള്‍ രാത്രി 12 ന് അടയ്ക്കണമെന്നും എ സി പി സെന്‍ട്രല്‍ ഉത്തരവിട്ടു. പുലര്‍ച്ചെ വരെ തുടരാനാവില്ലെന്നു പോലീസ്.

◾  ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ ചെന്നിത്തലയുടെ ഫീച്ചര്‍ പരസ്യം നല്‍കിയതിന് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എ പ്രിജിന്‍ ബാബുവിന് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ പണം നല്‍കി കൊടുത്ത പരസ്യമല്ലെന്നു പ്രതികരിച്ച പ്രിജിന്‍ ബാബു, ഫീച്ചര്‍ വേണ്ടായിരുന്നെന്നു രമേശ് ചെന്നിത്തല പറഞ്ഞെന്നും വെളിപെടുത്തി.

◾  ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തീ അണച്ചു. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് നിഗമനം.

◾  മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി കെ.കെ ഷിനോസിനെ ചൊക്ലിയിലെത്തി ആന്ധ്ര പൊലീസ് പിടികൂടി. ആന്ധ്രപ്രദേശില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികള്‍ തട്ടിയ കേസിലാണ് അറസ്റ്റ്. മന്‍സൂര്‍ വധകേസിലെ മറ്റൊരു പ്രതി കെ.പി ഷുഹൈലും ഈ കേസില്‍ ഒളിവിലാണ്.

◾  ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ. എം കെ റാം ഹൈക്കൊടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നിതിനുമായി മുന്‍ വൈരാഗ്യമില്ലെന്നും തനിക്കെതിരെ നിതിന്‍ ഒരിടത്തും പരാതി നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നിതിന്‍ രാജിന്റെ രക്ഷിതാവ് പരാതി നല്‍കിയത് കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണെന്നും പൊലീസ് കേസ് ഡയറിയില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

◾  ശബരിമല യുവതി പ്രവേശന വിവാദത്തില്‍ നിലവിലുള്ള ആചാരങ്ങളെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് കേരള ബ്രാഹ്‌മണ ഫെഡറേഷന്‍. ഈശ്വരവിശ്വാസി അല്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിനു മുന്നില്‍നിന്ന് ആചാരങ്ങള്‍ പാലിക്കാത്തതു തടയണമെന്നും ബ്രാഹ്‌മണ ഫെഡറേഷന്‍ അഭിഭാഷകന്‍ എംആര്‍ അഭിലാഷ് വാദിച്ചു.

◾  അമൃത ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രന്‍ (63) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തിനായി ചികിത്സയിലായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി അമൃത ആശുപത്രിയില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കിയ ഡോ. കെ പവിത്രന്‍, രാജ്യത്തെ മികച്ച ഓങ്കോളജിസ്റ്റുകളില്‍ ഒരാളായിരുന്നു.

◾  തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മൂന്നു ഭക്തരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ക്ഷേത്രദര്‍ശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്ടമായെന്ന് മനസിലായത്. ശ്രീ കോവിലിനു മുന്നിലെ സിസിടിവി പ്രവര്‍ത്തന രഹിതമെന്ന് ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പൊലീസ് പറഞ്ഞു.

◾  കാസര്‍കോട് തൃക്കരിപ്പൂരിലെ ശൈശവ വിവാഹക്കേസില്‍ പൊലീസ് വിവാഹം നടത്തിയ പുരോഹിതന്റെ മൊഴിയെടുത്തു. വധുവിന്റെ പ്രായം അടക്കമുള്ള കാര്യങ്ങള്‍ അറിയില്ലെന്നും വിവാഹം നടത്തിയെന്നും എടച്ചാക്കൈ അഴീക്കാല്‍ ജുമാ മസ്ജിദിലെ പുരോഹിതന്‍ റഹ്‌മത്തുള്ള മദനി മൊഴി നല്‍കി.

◾  കോഴിക്കോട് മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ആഡംബര 'റോഡ് ഷോ'യക്കെതിരേ പോലീസ് കേസെടുത്തു. റോഡില്‍ നിരയായി പോയ ആഡംബര കാറുകളുടെ വിന്‍ഡോ താഴ്ത്തി ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് അപകടകരമായ രീതിയിലാണു വിവാഹ ഘോഷയാത്ര നടത്തിയത്. വാഹനങ്ങളുടെ നമ്പറും ചിത്രങ്ങളും സഹിതം നാട്ടുകാര്‍ നല്‍കിയ പരാതിയിലാണു പോലീസിന്റെ നടപടി.

◾  നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിനു കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പീഡനവുമാണെന്നു പോലീസ്. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും പ്രതി സജി മൊഴി നല്‍കിയെന്നും പോലീസ് അവകാശപ്പെട്ടു. അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരുമെന്ന് ഇടുക്കി എസ്പി സാബു മാത്യു.

◾  വയറുവേദനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ഗുരുതരപിഴവ് കണ്ടെത്തിയ സംഭവം ആശുപത്രി സുപ്രണ്ടും പൊലീസും അന്വേഷിക്കും. കഴക്കൂട്ടം നെഹ്റു ജങ്ഷന്‍ സ്വദേശി ഷിഹാസിന്റെ (24) പരിശോധനാവിവരങ്ങളിലാണ് സ്ത്രീയുടെ ഗര്‍ഭപാത്ര വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്.

◾  കാസര്‍കോട് സീതാംഗോളിയില്‍  ബീവറേജ് ഔട്ട്ലൈറ്റിന് സമീപം ഗുരുതര പരിക്കുകളോടെ യുവാവ് മരിച്ച നിലയില്‍. പെര്‍ഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്.

◾  കോഴിക്കോട് അത്തോളിയില്‍ കാണാതായ വയോധികന്റ മൃതദേഹം വീടിനു സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. കൊടശ്ശേരി അഴയില്‍ ചേക്കുട്ടി(76)യെയാണ് മരിച്ചത്.

◾  കൊല്ലം തെന്‍മലയില്‍ വനത്തില്‍ മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെന്‍മല ഡാം ജംഗ്ഷനിലെ ഉന്നതിയോടു ചേര്‍ന്ന പ്രദേശത്തു വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടത്. സമീപത്തു വസ്ത്രവും ചെരുപ്പും മരത്തില്‍ ദ്രവിച്ച കയറും കണ്ടെത്തി. പുരുഷന്റെ അസ്ഥികൂടമാണെന്നും  ആത്മഹത്യ ചെയ്തതാകുമെന്നും പൊലീസ്.

◾  മിനി ലോറിയില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടിച്ചെടുത്തു. വാഹനത്തില്‍ ചകിരി നിറച്ച് അതിനുള്ളില്‍ 105 ചാക്കുകളിലായി 42,650 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് മലപ്പുറം അരിക്കോട് ഭാഗത്തേക്ക് കടത്തിയിരുന്നത്.

◾  ട്രാഫിക് പോയിന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ 21 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. ചെറിയനാട് വില്ലേജില്‍ ചെറുവല്ലൂര്‍ മുറിയില്‍ കളരിക്കല്‍ വീട്ടില്‍ മുഹമ്മദ് നൂഹ് (64) ആണ് വെണ്‍മണി പൊലീസിന്റെ പിടിയിലായത്.

◾  വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍എ ഹോട്ടലില്‍നിന്നു കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിന ജലം നഗരസഭയുടെ ഡ്രൈനേജിലേക്ക് ഒഴുക്കിയതായി കണ്ടെത്തി. അരലക്ഷം രൂപ പിഴ ചുമത്തുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുകയും ചെയ്തു.

◾  ആദ്യകുര്‍ബാന പരിശീലനത്തിനിടെ രക്ഷിതാവിന്റെ സാന്നിധ്യം വേണമെന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷം. ചേര്‍ത്തല നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളിയിലുണ്ടായ കയ്യാങ്കളിയില്‍ വികാരിയുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കി.

◾  ഇന്ധനവില കുതിച്ചുയരുന്നതിനാല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എന്നീ കമ്പനികള്‍ അടങ്ങുന്ന സംഘടനയായ എഫ്.ഐ.എ അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.

◾  സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കുമെന്ന ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരിന്റെ  തെരഞ്ഞെടുപ്പു വാഗ്ദാനമായ 'മോദി ഗ്യാരണ്ടി' ഒരുവര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് അതിഷി മര്‍ലിന. സ്ത്രീകളുടെ അക്കൗണ്ടില്‍ 25 പൈസ പോലും വന്നിട്ടില്ല. പണം എപ്പോള്‍ വരുമെന്നു ബിജെപി നേതൃത്വം പറയണമെന്നും ആവശ്യപ്പെട്ടു.

◾  ഓപ്പറേഷന്‍ സിന്ദൂറിനു ഇന്ത്യന്‍ വ്യോമ സേനയ്ക്കു കരുത്തായ റഷ്യയുടെ എസ് 400 മിസൈല്‍ ഇന്ത്യ വാങ്ങുന്നു. നാലാമത്തെ എസ് 400 മിസൈല്‍ മെയ് ആദ്യത്തോടെ ഇന്ത്യയില്‍ എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◾  സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തടയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച നടത്തുന്ന പാര്‍ട്ടികള്‍ക്ക് തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയമാണെന്നും താഴെത്തട്ടിലുള്ള വനിതാ നേതാക്കള്‍ ഉയര്‍ന്നുവരുന്നത് അവര്‍ക്കു ഭയമാണെന്നും മോദി വാരാണസിയില്‍ പ്രസംഗിക്കവേ പറഞ്ഞു.

◾  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പാശ്വാസം അവസാനിച്ചു, ഇനി പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും ഇനി എല്ലാത്തിനും വിലകൂടുമെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.

◾  ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് 9400 ലധികം സാമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരോധിച്ചെന്നു വാട്ട്‌സ്ആപ്പ്. ജനുവരി മുതലുള്ള കണക്കാണിത്. സുപ്രീംകോടതിയില്‍ വാട്ട്സാപ്പ് നല്‍കിയ കണക്ക് കേന്ദ്ര സര്‍ക്കാരാണ് പുറത്തുവിട്ടത്.

◾  ഗുജറാത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിളക്കമാര്‍ന്ന വിജയം. സംസ്ഥാനത്തെ 15 കോര്‍പ്പറേഷനുകളിലും ബി ജെ പി ഭരണം നേടി. അഹമ്മദാബാദും സൂറത്തും അടക്കം എല്ലാ കോര്‍പ്പറേഷനുകളിലെയും സീറ്റുകള്‍ ബി ജെ പി തൂത്തുവാരി. അഹമ്മദാബാദിലെ 192 വാര്‍ഡുകളില്‍ 161 എണ്ണം ബി ജെ പി നേടി. കോണ്‍ഗ്രസ് 31 വാര്‍ഡുകളില്‍ ഒതുങ്ങി. പോര്‍ബന്തര്‍ നഗരസഭ ബി ജെപി തൂത്തുവാരി. ആകെ 1090 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 782 ഉം വിജയിച്ച് ഗ്രാമമേഖലകളിലും ബി ജെ പി കരുത്തു കാട്ടി. അതേസമയം നര്‍മ്മദ ജില്ല പഞ്ചായത്ത് ആം ആദ്മി പാര്‍ട്ടി നേടി.

◾  കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്ന മട്ടില്‍ ശശി തരൂര്‍ സംസാരിച്ചെന്ന പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രസ്താവന വിവാദമായി. വനിത ബില്‍ ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക സിറ്റിംഗിനു ശേഷം പാര്‍ലമെന്റില്‍ കണ്ടപ്പോള്‍ തരൂര്‍ അങ്ങനെ സംസാരിച്ചെന്നാണ് കിരണ്‍ റിജ്ജു പറഞ്ഞത്. താന്‍ ഒരു തരത്തിലും ഇങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് ശശി തരൂര്‍.

◾  ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ആര്‍എസ്എസ് ശതാബ്ദി പരിപാടിക്ക് അനുമതി നല്‍കിയതിനെതിരെ എന്‍എസ് യു, എസ് എഫ് ഐ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം കാരണം ക്യാമ്പസില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

◾  ഇന്ത്യന്‍ കരസേനയുടെ കീഴിലുള്ള സ്പിയര്‍ കോര്‍പ്സിന്റെ നേതൃത്വത്തില്‍ വിരമിച്ച സൈനികര്‍ക്കായി വിവിധ പരിപാടികള്‍ നടത്തി. ആസാം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 1700 ഓളം വിരമിച്ച സൈനികരും അവരുടെ കുടുംബാഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ലഫ്. ജനറല്‍ കെ ടി പട്നായിക് മുഖ്യാതിഥി ആയി. ബിഗ്രേഡിയര്‍ ജോണ്‍ ഫിലിപ്പ് നേതൃത്വം നല്‍കി.

◾  മുംബൈയില്‍ മെയ് 15 മുതല്‍ ജലവിതരണത്തില്‍ 10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. എല്‍ നിനോ പ്രതിഭാസം മൂലം ഇത്തവണ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കുറയുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തിലാണ് ബിഎംസിയുടെ തീരുമാനം.്.

◾  ചെന്നൈയിലെ അതീവ സുരക്ഷയുള്ള ഇവിഎം കൗണ്ടിങ് സെന്ററിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് നടന്‍ വിജയ്യുടെ റിലീസാകാത്ത ചിത്രം 'ജനനായകന്‍' കണ്ട ടെക്നീഷ്യന്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

◾  ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ വിവാഹിതയായ യുവതി കാമുകനോടൊപ്പം പോകണമെന്ന ആവശ്യവുമായി മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സസ്‌നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലുറ്റ്സന്‍ റോഡിലാണ് സംഭവം നടന്നത്. പൂജ (30) എന്ന യുവതിയെ ഒടുവില്‍ പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ടവറില്‍ നിന്ന് താഴെയിറക്കി.

◾  എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയില്‍നിന്ന് യുഎഇ പിന്‍മാറി. മെയ് ഒന്നിന് പിന്മാറ്റം പ്രാബല്യത്തില്‍ വരും. 1967 മുതല്‍ ഒപെക് അംഗമാണ് യുഎഇ.

◾  ഇറാനില്‍ പരമോന്നത നേതാവിനുണ്ടായിരുന്ന സര്‍വ്വാധിപത്യം സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പിടിച്ചെടുത്തെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് പരമോന്നത നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍, സൈനിക കമാന്‍ഡര്‍മാരുടെ പക്കലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

◾  ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് ആദ്യ തോല്‍വി. ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ പഞ്ചാബിനെ രാജസ്ഥാന് റോയല്‍സ് ആറ് വിക്കറ്റിനു തകര്‍ത്തു. 22 പന്തില്‍ 62 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റേയും 59 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും മികവില്‍ പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്റെ  വിജയലക്ഷ്യം നാലു പന്തുകളും ആറു വിക്കറ്റും ബാക്കി നിര്‍ത്തി രാജസ്ഥാന്‍ മറികടന്നു. 26 പന്തില്‍ 52 റണ്‍സ് നേടിയ ഡൊണോവന്‍ ഫെരേരയുടേയും 27 പന്തില്‍ 51 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിന്റേയും 16 പന്തില്‍ 43 റണ്‍സ് നേടിയ വൈഉഭവ് സൂര്യവംശിയുടേയും കരുത്തിലാണ് രാജസ്ഥാന്റെ വിജയം. ജയത്തോടെ രാജസ്ഥാന്‍ 9 മത്സരങ്ങളില്‍ 12 പോയന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി. തോറ്റെങ്കിലും 13 പോയന്റുള്ള പഞ്ചാബ് തന്നെയാണ് ഒന്നാമത്. സ്‌കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 222-4, രാജസ്ഥാന്‍ റോയല്‍സ് 19.2 ഓവറില്‍ 228-4.

◾  ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനിയാണ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, യുഎസ് ആസ്ഥാനമായ ആഗോള മരുന്ന് കമ്പനി 'ഓര്‍ഗനോനെ' 1,175 കോടി ഡോളറിന് (ഏകദേശം 1.10 ലക്ഷം കോടി രൂപ) ഏറ്റെടുക്കുന്നു. രാജ്യത്ത് ഒരു ഫാര്‍മ കമ്പനി നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഇടപാടാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പനികളിലൊന്നായ അമേരിക്ക ആസ്ഥാനമായുള്ള മെര്‍ക്ക് എന്ന കമ്പനിയില്‍ നിന്ന് 2021-ലാണ് ഓര്‍ഗനോന്‍ ഒരു പ്രത്യേക കമ്പനിയായി വേര്‍പിരിഞ്ഞത്. കരാര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സണ്‍ ഫാര്‍മയുടെ ഓഹരികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 140-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ഓര്‍ഗനോന്‍. ഈ കരാര്‍ പൂര്‍ത്തിയാകുന്നതോടെ സണ്‍ ഫാര്‍മയുടെ വാര്‍ഷിക വരുമാനം ഏകദേശം 1.15 ലക്ഷം കോടി രൂപയായി ഉയരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ സ്‌പെഷ്യാലിറ്റി ജനറിക് മരുന്ന് കമ്പനിയാണ് സണ്‍ ഫാര്‍മ. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളില്‍ സണ്‍ ഫാര്‍മ മരുന്നുകള്‍ വില്‍ക്കുന്നുണ്ട്.

◾  റിലയന്‍സ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. സാധാരണ ഡാറ്റയ്ക്കും കോളിംഗിനും പുറമെ നിരവധി അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന 459 രൂപയുടെ പ്ലാന്‍ ആണ് അവതരിപ്പിച്ചത്. ഫോണില്‍ സിനിമ കാണാനും ഗെയിമുകള്‍ കളിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ അനുയോജ്യമായ പ്ലാനാണിത്. പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, കൂടാതെ 5 ജിബി ബോണസ് ഡാറ്റ എന്നിവയാണ് ഡാറ്റ വിഭാഗത്തില്‍ ലഭിക്കുക. 28 ദിവസം കാലാവധിയുള്ള പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം സ്‌നാപ്ചാറ്റ് പ്ലസ് സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനമായ ഗൂഗിള്‍ ജെമിനിയും ഈ പ്ലാനിന്റെ ഭാഗമായി സൗജന്യമായി ഉപയോഗിക്കാം. ക്ലൗഡ് ഗെയിമിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാതെ തന്നെ മികച്ച ഗെയിമുകള്‍ കളിക്കാനാകും. മൈ ജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ അടുത്തുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്.

◾  ഹോംലി മീല്‍സ്', 'ബെന്‍', 'പൊമ്പളൈ ഒരുമൈ', 'മ്യൂസിക്കല്‍ ചെയര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ അറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍ 'എന്ന ചിത്രത്തിലെ ഗാനം പുറത്ത്. കോമഡി ഫാന്റസി ജോണറിലാണ് ചിത്രം എത്തുന്നത്. വിപിന്‍ അറ്റ്ലി എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന് നിരഞ്ജന്‍ സുരേഷ് ആലപിച്ച ഗാനമാണ് റിലീസായത്. ചിത്രം ഉടനെ തന്നെ തിയറ്ററുകളിലെത്തും. വിപിന്‍ അറ്റ്‌ലി, സാജിദ് യഹ്യ എന്നിവരോടൊപ്പം ഡൊമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോന്‍, ശര്‍മാജി, ജോസ് മുനമ്പം, മോസപ്പന്‍, ഡിക്സണ്‍ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാല്‍, ട്വിങ്കിള്‍ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിര്‍വഹിക്കുന്നു. എഡിറ്റിംഗ് -രാജേഷ് കോടോത്ത്, ഗോപകുമാര്‍ നമ്പ്യാര്‍.

◾  സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് 'അംശം'. ഇപ്പോഴിതാ അക്സോമാനിയാക്കിന്റെ ഗാനമായ 'അംശം' ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ 4-ാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യന്‍ ഭാഷ ഗാനം ലോകവേദിയില്‍ ഇത്ര വലിയ മുന്നേറ്റം നേടുന്നത് അപൂര്‍വവും ശ്രദ്ധേയവുമാണ്. പ്രാദേശിക ഇന്ത്യന്‍ സംഗീതം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്. 'അംശം' ഇന്ത്യയിലും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരിക്കുകയാണ്. വൈറല്‍ സോങ്സ് ഇന്ത്യയില്‍ 4, ടോപ്പ് സോങ്സ് ഇന്ത്യയില്‍ 70, യുഎഇയില്‍ ടോപ്പ് 10 ലിസ്റ്റില്‍ 4 എന്നിങ്ങനെ മികച്ച സ്ഥാനങ്ങളാണ് ഗാനത്തിന് ലഭിച്ചത്. ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി വെറും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തന്നെ 4.1 മില്യണ്‍ വ്യൂസ് കടന്നു. ഇത് ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ ഗാനം ആവര്‍ത്തിച്ച് കേള്‍ക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്. ഡെഫ് ജാം റെക്കോര്‍ഡിംഗ്സ് ഇന്ത്യയും റിയല്‍ തിംഗ് റെക്കോര്‍ഡ്സ് (ആര്‍ടിആര്‍)ഉം ചേര്‍ന്ന് പുറത്തിറക്കിയ 'അംശം', പ്രാദേശിക സാംസ്‌കാരിക പശ്ചാത്തലവും ഗ്ലോബല്‍ ആക്‌സസിബിള്‍ ശബ്ദവും കൂടിചേര്‍ന്നുള്ളതാണ്.

◾  ഓള്‍ ഇലക്ട്രിക് മോഡലായ അയോണിക് വി ഓട്ടോ ചൈന 2026-ല്‍ അവതരിപ്പിച്ച് ഹ്യുണ്ടായ്. ലോകത്തിലെ ഏറ്റവും വലിയ ഇ.വി വിപണിയില്‍ മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലിഫ്റ്റ്ബാക്ക് ശൈലിയിലുള്ള  സെഡാന്‍ കമ്പനി മുമ്പ് പ്രദര്‍ശിപ്പിച്ച വീനസ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. തത്കാലം ചൈനയില്‍ മാത്രമാകും ഹ്യുണ്ടായ് ഈ വാഹനം വില്‍ക്കുക. ഹ്യുണ്ടായിയുടെ പുതിയ ഇ.വി ഡിസൈന്‍ ശൈലിയായ ദി ഒറിജിന്‍ പിന്തുടര്‍ന്നാണ് അയോണിക് വി  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂപ്പെയ്ക്ക് സമാനമായ സ്ലീക്ക് രൂപം, പൂര്‍ണ എല്‍ഇഡി ലൈറ്റിങ്, ഫ്രെയിംലെസ് ഡോറുകള്‍, ലോ-പ്രൊഫൈല്‍ ടയറുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഡാഷ്‌ബോര്‍ഡ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന 27 ഇഞ്ച് 4ഗ പനോരമിക് ഡിസ്പ്ലെയാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. വാഹനത്തിന്റെ ലോവര്‍ റേഞ്ച് വേരിയന്റും ലഭ്യമാകുമെന്നാണ് സൂചന.

◾  വീണ്ടെടുപ്പിന്റെ കഥയാണ് ഒരു കാട്, ഒരു മല, രഹസ്യമായ ഒരു വഴി എന്ന നോവലെറ്റ് പറയുന്നത്. ലളിതമായ വാക്യങ്ങള്‍ വിന്യസിച്ചുകൊണ്ട് നിര്‍വ്വഹിച്ചിരിക്കുന്ന അതീവലളിതമായ ആഖ്യാനം. അപ്പോഴും അതൊരു ബാലസാഹിത്യകൃതിയുടെയും പരിസ്ഥിതിരാഷ്ട്രീയം സംസാരിക്കുന്ന നോവലിന്റെയും ധര്‍മ്മങ്ങള്‍ ഒരുമിച്ചു നിറവേറ്റുന്നു. അങ്ങനെ ഇത് ഒരേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഒരാഖ്യാനമായി മാറുന്നു. വായനയുടെ പുതിയ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന പരിസ്ഥിതിനോവല്‍. 'ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി'. മൃദുല്‍ വി.എം. മാതൃഭൂമി. വില 102 രൂപ.

◾  ടെന്‍ഷന്‍ അടിച്ചാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ബാഹ്യ സമ്മര്‍ദങ്ങളോട് പ്രതികരിക്കാന്‍ മനുഷ്യരുടെ തലച്ചോറും ശരീരവും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. സമ്മര്‍ദം കൂടുമ്പോള്‍ മുഖത്തേക്കുള്ള രക്തയോട്ടത്തില്‍ വ്യത്യാസമുണ്ടാകുന്നതാണ് ഇതിന്റെ കാരണം. സസെക്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ തെര്‍മല്‍ ഇമേജ് ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദത്തിലായിരുന്ന ആളുകളില്‍ മൂക്കിന്റെ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ താഴ്ന്നതായി കണ്ടെത്തി. എല്ലാ ജീവികളുടെയും പ്രാഥമിക സെന്‍സറി രീതി കാഴ്ചയായതിനാല്‍ നമ്മുടെ ദൃശ്യ സാധ്യതകളിലേയ്ക്ക് ശ്രദ്ധ വര്‍ധിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. അതുവഴി മുഖത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള രക്തയോട്ടം കുറയുന്നു. ഈ മാറ്റം മൂക്കിനു ചുറ്റുമുള്ള വാസകോണ്‍സ്ട്രിക്ഷന് കാരണമാകുന്നു. ഇത് നമ്മള്‍ ശാന്തമായിരിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ മൂക്കിന്റെ അഗ്രത്തിന്റെ താപനിലയില്‍ ഗണ്യമായ കുറവ് സൃഷ്ടിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഈ കണ്ടെത്തല്‍ മനുഷ്യരുടെ സ്ട്രെസ് ലെവല്‍ കണ്ടെത്താനും അവ വിലയിരുത്താനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. സമ്മര്‍ദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഈ കണ്ടെത്തല്‍, ദോഷകരമായ സമ്മര്‍ദ നിലകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഒരാള്‍ ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എടുക്കുന്ന സമയം ഒരാള്‍ തന്റെ സമ്മര്‍ദം എത്രത്തോളം നന്നായി നിയന്ത്രിക്കുന്നു എന്നതിന്റെ വസ്തുനിഷ്ഠമായ അളവുകോലായിരിക്കാമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
Previous Post Next Post
3/TECH/col-right