തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർക്കുള്ള നിയമന യോഗ്യതയായ കെ-ടെറ്റ് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 1-ന് മുൻപ് പ്രൊമോഷൻ, ബൈ ട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള അധ്യാപകർക്ക് പദവിയിലേക്കുള്ള സ്ഥാനക്കയറ്റം നൽകാനുള്ള അവസരം ലഭിക്കും.
ഈ ഇളവിന്റെ അടിസ്ഥാനത്തിൽ, അഞ്ച് വർഷത്തിനകം കെ-ടെറ്റ് യോഗ്യത നേടണം എന്ന നിബന്ധന തുടരുമെങ്കിലും, രണ്ടുവർഷത്തിനുള്ളിൽ ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യം 2025 സെപ്റ്റംബർ 1 മുതൽ കണക്കാക്കുന്നതാണ്. ലാബ് അസിസ്റ്റന്റുകൾ, അനധ്യാപക തസ്തകത്തിലുള്ള അർഹരായവർക്കും അധ്യാപക പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിനായുള്ള ഒരേ മാനദണ്ഡം പ്രാബല്യത്തിൽ വരും.
സുപ്രീംകോടതിയുടെ അന്തിമ വിധിയെ അടിസ്ഥാനമാക്കി ഈ ഇളവുകൾ നടപ്പാക്കുമെന്നും, ഒരാൾക്കും ജോലി നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കെ ടെറ്റ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അധ്യാപകർക്ക് ചില ഇളവുകൾ സംസ്ഥാന സർക്കാർ നേരത്തെയും നൽകിയിരുന്നു. 2025 സെപ്റ്റംബർ 1-നു മുൻപ് നിയമനം ലഭിച്ച നെറ്റ്, സെറ്റ്, എംഫിൽ, പി.എച്ച്.ഡി യോഗ്യതയുള്ള അധ്യാപകർക്ക് നിയമന അംഗീകാരം ഉറപ്പാക്കും. കെ-ടെറ്റ് പാസാകാത്തവർക്ക് ശമ്പളം നിഷേധിക്കപ്പെടുകയില്ല എന്നും മന്ത്രി അറിയിച്ചു.