*🟨വത്തിക്കാന്റെ ഇടപെടല്‍; ക്യൂബയില്‍ 51 തടവുകാരെ മോചിപ്പിക്കും*
ഹവാന: വിശുദ്ധവാരത്തോടനുബന്ധിച്ച് ക്യൂബയിൽ 51 തടവുപുള്ളികളെ മോചിപ്പിക്കാന്‍ തീരുമാനം.
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വ്യക്തികളുടെ പുനരവലോകനത്തിനും മോചനത്തിനുമായി ക്യൂബൻ ഭരണകൂടവുമായി വത്തിക്കാന്‍ നടത്തിയ ചര്‍ച്ചയാണു ഫലം കണ്ടത്.
ക്യൂബയും അമേരിക്കയും തമ്മില്‍ ജനുവരിയിൽ ആരംഭിച്ച സംഘർഷങ്ങളുടെയും ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ വത്തിക്കാൻ ഉദ്യോഗസ്ഥരുമായി നടത്തിയ സമീപകാല കൂടിക്കാഴ്ചകളുടെയും ഇടയിലാണ് പ്രഖ്യാപനം വരുന്നത്.
നേരത്തേ ഫ്രാൻസിസ് മാർപാപ്പയുടെ മധ്യസ്ഥതയെത്തുടർന്ന് നിരവധി തടവുകാരെ ക്യൂബൻ ഭരണകൂടം മോചിപ്പിച്ചിരുന്നു.
*🟨യുഎഇയിൽ ഉൾപ്പെടെ പാചകവാതക നിയന്ത്രണമുണ്ട്; അവിടെ ജനാധിപത്യമല്ലാത്തതു കൊണ്ട് ജനങ്ങൾ കയർക്കുന്നില്ല: സുരേഷ് ഗോപി*
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തതുകൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ചില ഘട്ടങ്ങളിൽ അനിവാര്യമാണ്. യുദ്ധത്തിന്റെ സാഹചര്യത്തിൽ കേന്ദ്രം ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
*🟨സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പാക്കിസ്ഥാൻ*
ഇസ്ലാമാബാദ്: പശ്ചിമേഷ്യ സംഘർഷം മൂലം പാക്കിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക്. സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അഞ്ച് മുതൽ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള നടപടിക്ക് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലമുണ്ടായ ഇന്ധന പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് പുതിയ നടപടി. സർക്കാർ സംരംഭങ്ങളിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ അഞ്ച് മുതൽ 30 ശതമാനം കുറവ് വരുത്താനാണ് തീരുമാനമായത്.
ഇന്ധന പ്രതിസന്ധി അതിരൂക്ഷമായതോടെ രണ്ട് മാസത്തിനുള്ളിൽ 60 ശതമാനം സർക്കാർ വാഹനങ്ങളും നിരത്തിൽനിന്നു പിൻവലിക്കും.
ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50 ശതമാനം വെട്ടിക്കുറച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉപദേഷ്ടാക്കൾ, സ്പെഷൽ അസിസ്റ്റന്റുമാർ എന്നിവരുടെ അടുത്ത രണ്ട് മാസത്തെ ശമ്പളം തടയും. എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്യും.
രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) നിർദേശപ്രകാരം പെട്രോളിന് ലിറ്ററിന് 55 രൂപ ഒറ്റയടിക്ക് കൂട്ടിയതും ജനങ്ങളെ വെട്ടിലാക്കി. പെട്രോൾ, ഡീസൽ വില കൂടിയതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും ജീവിതച്ചിലവും കുതിച്ചുകയറുകയാണ്.
*🟨എം.ആര്. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി*
*തിരുവനന്തപുരം:* എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയ എം.ആര്. അജിത് കുമാറിനെ ബെവ്റിജസ് കോര്പ്പറേഷന് സിഎംഡിയായി നിയമിച്ച് സര്‍ക്കാര്‍. ബെവ്കോ എംഡി ആയിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി മാറ്റിയാണ് നിയമനം. നേരത്തെ ബെവ്കോ ചെയര്‍മാനായി അജിത് കുമാറിനെ നിയമിച്ചിരുന്നെങ്കിലും ഹര്‍ഷിത മാനെജിങ് ഡയറക്റ്റര്‍ പദവിയില്‍ തുടരുകയായിരുന്നു. കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയാണ് ബെവ്കോയുടെ മുഴുവന്‍ ചുമതലയും അജിത് കുമാറിന് നല്‍കിയിരിക്കുന്നത്.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെ കമ്മിഷണര്‍ പദവിയില്‍ നിന്നും മാറ്റിയത്. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ഇതോടെയാണ് ഐപിഎസുകാരനായ അജിത്കുമാറിനെ എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടി വന്നത്. ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലായിരുന്നു സിഎടി ഉത്തരവ്. ശബരിമല ട്രാക്റ്റര്‍ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബറ്റാലിയന് എഡിജിപി സ്ഥാനത്തു നിന്ന് മാറ്റി അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചത്.
*🟨വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാമെന്ന് മക്രോൺ*
പാരീസ്: ലബനൻ-ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ലബനൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരുമായി സംസാരിച്ചെന്ന് മാക്രോൺ പറഞ്ഞു.
ഹിസ്ബുള്ള ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്നും ഇസ്രയേൽ വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇസ്രയേലുമായി നേരിട്ടു ചർച്ച നടത്താൻ ലബനൻ നേതാക്കൾ തയാറാണ്. ഇസ്രയേൽ ഈ അവസരം ഉപയോഗിക്കണം- മാക്രോൺ പറഞ്ഞു. ഇസ്രയേലുമായി ചർച്ചയ്ക്കു തയാറാണെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔണും അറിയിച്ചു.
വെള്ളിയാഴ്ച ബെയ്റൂട്ടിലും തെക്കൻ ലബനനിലുമായി ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം ടെലിഗ്രാം പോസ്റ്റിൽ അറിയിച്ചു. ഒന്നിലധികം കമാൻഡ് സെന്ററുകളും ആക്രമിച്ചു.
*🟨ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ*
സിയൂൾ: ദക്ഷിണകൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ.
10 ബാലിസ്റ്റിക് മിസൈലുകളിൽ ചിലത് തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തുള്ള കടലിൽ പതിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദക്ഷിണകൊറിയ-അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിന് ‘ഭയാനകമായ പ്രത്യാഘാതങ്ങൾ’ നേരിടേണ്ടിവരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് നടപടി.
*🟨ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര് പിടിയിൽ*
*കൊല്ലം:* കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര് പിടിയിൽ. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജാമ്യത്തിലിറങ്ങിയ ഗൂണ്ടാ നേതാവിനെ അതിക്രൂരമായി വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് ഒരുസംഘം കാറിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം.
ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. കരുനാഗപ്പള്ളി പുതിയകാവിന് അടുത്താണ് ആക്രമണം ഉണ്ടായത്. പ്രതിയെ പിന്തുടർന്ന് വന്ന കാർ ഒരു വശത്തേക്ക് ഇടിച്ച് മറിച്ചിട്ട ശേഷം ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. അക്രമിസംഘം ആയുധങ്ങൾ ഉപയോഗിച്ച് നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിന്റെ ജീവൻ രക്ഷിക്കാനായില്ല.
*🟨യുദ്ധത്തിന് ഉത്തരവാദികളായ ക്രൈസ്തവർ ആത്മപരിശോധന നടത്തണം: മാർപാപ്പ*
വത്തിക്കാൻ സിറ്റി: യുദ്ധത്തിന് ഉത്തരവാദികളായ ക്രൈസ്തവർ ആത്മപരിശോധന നടത്തണമെന്നും കുന്പസാരിക്കുന്പോൾ മനഃസാക്ഷിയെ ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
സമാധാനവും ഐക്യവും വളർത്തിയെടുക്കുന്നതിൽ അനുരഞ്ജനകൂദാശയ്ക്കു ശക്തിയുണ്ടെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ അനുരഞ്ജന കൂദാശയുമായി ബന്ധപ്പെട്ടുള്ള സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വൈദികരെയും വൈദികവിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
സായുധ സംഘട്ടനങ്ങളിൽ ഗൗരവതരമായ ഉത്തരവാദിത്വം വഹിക്കുന്ന ക്രൈസ്തവർക്കു മനഃസാക്ഷിയെ ഗൗരവമായി പരിശോധിച്ച് കുമ്പസാരിക്കാനുള്ള എളിമയും ധൈര്യവും ഉണ്ടോയെന്ന് ആരെങ്കിലും ചോദിച്ചേക്കാം. ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിക്കുകയും വിശുദ്ധീകരിച്ചു കൃപ നിറയ്ക്കുകയും ചെയ്യുന്നതിനാൽ അനുരഞ്ജന കൂദാശ ഒരു "ഐക്യത്തിന്റെ ലബോറട്ടറി' യായി വർത്തിക്കുന്നു. കൂടാതെ, അനുരഞ്ജന കൂദാശ നമ്മെ പരസ്പര ഐക്യത്തോടെയും സഭയുമായും ചേർന്നും ജീവിക്കാൻ പഠിപ്പിക്കുന്നു. അനുരഞ്ജനമുള്ള ഒരാൾക്കു മാത്രമേ നിരായുധനായി ജീവിക്കാൻ കഴിയൂ.
അഭിമാനത്തിന്റെ ആയുധങ്ങൾ താഴെ വച്ച് ദൈവത്തിന്റെ ക്ഷമയാൽ ജീവിതം നവീകരിക്കുന്ന ക്രൈസ്തവർ പിന്നീട് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുരഞ്ജനത്തിന്റെ വക്താക്കളായി മാറുന്നു. അതേസമയംതന്നെ, ദൈവവുമായി അനുരഞ്ജനത്തിലായ ആളുകൾ അനിയന്ത്രിതമായ ഉപഭോഗസംസ്കാരത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത വാഗ്ദാനങ്ങളും സത്യത്തിൽനിന്നു വേർപെട്ട സ്വാതന്ത്ര്യത്തിന്റെ നിരാശാജനകമായ അനുഭവവും കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുകയും ചെയ്യുന്നു.
വർഷത്തിൽ ഒരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കണമെന്നാണു സഭ നമ്മെ പഠിപ്പിക്കുന്നത്. എന്നിരുന്നാലും, കർത്താവിന്റെ ദാനം സ്വീകരിക്കുന്നതിനായി വിശ്വാസത്തിന്റെയും ഹൃദയത്തിന്റെയും ലാളിത്യത്തോടെ സഭയുടെ കാരുണ്യത്തിന്റെ അനന്തമായ നിധിയായ കുമ്പസാരക്കൂടിനെ സമീപിക്കുന്നതിൽ പലരും പലപ്പോഴും പരാജയപ്പെടുന്നു -മാർപാപ്പ പറഞ്ഞു.
അനുരഞ്ജന കൂദാശയിലൂടെ ദൈവികകരുണ വാഗ്ദാനം ചെയ്യുകവഴി വലിയ ഉത്തരവാദിത്വമാണ് കുന്പസാരക്കാരായ വൈദികർക്കും ഭാവി വൈദികർക്കുമുള്ളതെന്നും മാർപാപ്പ ഓർമിപ്പിച്ചു. കുന്പസാരമെന്ന കൂദാശ ഒരു വ്യക്തിയെ പരിവർത്തനത്തിനു വിധേയമാക്കുന്പോൾ അത് സഭയ്ക്കുതന്നെ ശക്തി പകരുകയും പുതിയ ഊർജം നൽകുകയും ചെയ്യുന്നു.
കുമ്പസാരക്കൂട്ടിൽ വിശുദ്ധരായി മാറിയ വിശുദ്ധ ജോൺ മരിയ വിയാനി, വിശുദ്ധ ലിയോപോൾദ് മാൻഡിക്, വിശുദ്ധ പാദ്രെ പിയോ, വാഴ്ത്തപ്പെട്ട മൈക്കൽ സോപോക്കോ തുടങ്ങിയവരുടെ കാര്യവും മാർപാപ്പ ചൂണ്ടിക്കാട്ടി. പാപമോചനത്തിന്റെ കൂദാശ വിശ്വസ്തതയോടെ നിർവഹിക്കാനും അതുവഴി ദൈവികകരുണയുടെ ശുശ്രൂഷകരാകാനും വൈദികരെയും വൈദികവിദ്യാർഥികളെയും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
*🟨പ്രസിദ്ധീകരണത്തിന്* *14.03.2026 കായിക മന്ത്രിയുടെ ഓഫീസ്*
*സഞ്ജു സാംസണ് മാർച് 16 ന് സംസ്ഥാന സർക്കാരിന്റെ ആദരം*
തിരുവനന്തപുരം: 20‐20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മാർച് 16 ന് തിങ്കളാഴ്ച വൈകീട്ട് നാലിനാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാൻ അദ്ധ്യക്ഷനാകും. മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.
20‐20 ലോകകപ്പിന്റെ ഫൈനലിൽ ഉൾപ്പെടെ സഞ്ജുവിന്റെ തുടർച്ചയായ ബാറ്റിങ്ങ് മികവാണ് കിരീടം നേടാൻ സഹായിച്ചത്. ഇടക്കാലത്ത് മോശം ഫോമിലായിരുന്ന മലയാളി താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ലോകകപ്പ്. സഞ്ജുവിനുള്ള സ്വീകരണം ഗംഭീരമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് കായികവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്.
*🟨യൂർഗൻ ഹാബെർമാസ് അന്തരിച്ചു*
ബർലിൻ: ലോകപ്രശസ്ത ജർമൻ തത്വചിന്തകനും ഗ്രന്ഥകാരനുമായ യൂർഗൻ ഹാബെർമാസ് (96) അന്തരിച്ചു. ബവേറിയ സംസ്ഥാനത്തെ സ്റ്റാൻബെർഗിൽ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം.
യുദ്ധാനന്തര ജർമനിക്ക് ബൗദ്ധിക നേതൃത്വവും ദിശാബോധവും നൽകിയ ഹാബെർ മാസ് ആധുനിക ജർമനിയിലെ ഏറ്റവും സ്വാധീനശക്തിയുള്ള ചിന്തകനായിരുന്നു.
60കളിലെ വിദ്യാർഥിമുന്നേറ്റങ്ങൾക്കു പിന്തുണ നൽകിയ അദ്ദേഹം പിന്നീട് അതിനെ ഇടതുപക്ഷ ഫാസിസം എന്നു കുറ്റപ്പെടുത്തി. ദേശീയവാദങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് യൂറോപ്പിനെ വീണ്ടും ശിഥിലമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനേകം ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ട അമ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടി.
*🟨വനനിയമ ഭേദഗതി നിലവിൽ വന്നു, നിസ്സാര വനകുറ്റങ്ങൾ പിഴയൊടുക്കി തീർപ്പാക്കാം* .
*തിരുവനന്തപുരം* :2025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന പുതിയ നിയമം ഫെബ്രുവരി 9 മുതല്‍ നിലവില്‍ വന്നു. മുറിച്ച് വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വില്പന നടത്താന്‍ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമയ്ക്കെതിരെ കേസ് എടുത്തിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും ഒരു സമിതി പരിശോധിച്ച് ശുപാര്‍ശ ചെയ്താല്‍ മാത്രം മുറിക്കാന്‍ അനുവാദം നല്‍കാം എന്നായിരുന്നു മുന്‍വ്യവസ്ഥ. പുതിയ നിയമം പ്രാബല്യത്തിലായതോടെ കര്‍ഷകര്‍ക്കു മികച്ച അവസരമാണു തുറന്നു കിട്ടുന്നത്.
കോടതിയില്‍ എത്തുന്ന നിസ്സാര സ്വഭാവത്തിലുള്ള വന കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല. പുതിയ നിയമം നിലവില്‍ വന്നതോടെ അത്തരം കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുവാദത്തോടെ അവസാനിപ്പിക്കാന്‍ സാധിക്കും. കേസുകള്‍ കോടതിയുടെ അനുമതിയോടെ പിഴ അടച്ച് കേസ് അവസാനിപ്പിക്കുന്ന വ്യവസ്ഥയും നിയമത്തിലുണ്ട്. ഇങ്ങനെ പിഴ അടയ്ക്കുമ്പോള്‍ ജയില്‍ ശിക്ഷ ഒഴിവായിക്കിട്ടും. എന്നാല്‍ വലിയ കുറ്റങ്ങള്‍ ഇങ്ങനെ അവസാനിപ്പിക്കാന്‍ പറ്റില്ല.
*🟨യുദ്ധകപ്പലുകൾ അയക്കും; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്*
വാഷിംഗ്ടൺ: സൈനിക നീക്കത്തിലൂടെ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് അടച്ചിട്ടത് ബാധിച്ച രാജ്യങ്ങളെല്ലാം ചേർന്ന് കടലിടുക്ക് തുറക്കാനും സുരക്ഷിതമാക്കാനും വേണ്ടി യുദ്ധക്കപ്പലുകൾ അയക്കും.
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളെ ഹോർമുസ് അടച്ചത് ബാധിക്കുന്നുണ്ട്. അവർ കടലിടുക്കിലേക്ക് കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഹോർമുസ് കടലിടുക്ക് പൂർണമായും നിയന്ത്രണത്തിലാക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന വ്യാപാരം നിലച്ചിരിക്കുകയാണ്. അതിനിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു.
വീഡിയോ അടക്കം പുറത്തുവിട്ടുകൊണ്ടാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ സംവിധാനങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലാകെ ഇരുട്ടായിരിക്കും ഫലമെന്ന് ഇറാൻ പറഞ്ഞിരുന്നു. ഈ മുന്നറിയിപ്പ് വകവെക്കാതെയാണ് ആക്രമണമുണ്ടായത്.
*🟨ആധാർ കാർഡിലെ തെറ്റുകൾ തിരുത്തൽ ഇനി എളുപ്പമല്ല; നിബന്ധനകൾ ഏർപ്പെടുത്തി കേന്ദ്രം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം*
ന്യൂഡൽഹി:
ആധാർ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും മറ്റ് അപ്ഡേഷൻ വരുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുന്നവരാണ് നമ്മൾ. പേര്, ജനനത്തീയതി, വിലാസം തുടങ്ങിയവയിലൊക്കെ ഇത്തരത്തിൽ മാറ്റങ്ങൾ ആവശ്യമായി വരാറുണ്ട്.
എന്നാൽ, ആധാർ കാർഡിൽ പേര് മാറ്റുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. പുതിയ നിയമപ്രകാരം ജീവിതത്തിൽ രണ്ട് തവണ മാത്രമേ ഇനി പേര് മാറ്റാൻ സാധിക്കുകയുള്ളു. കൂടാതെ ജനനത്തീയതി ഒരു തവണ മാത്രമേ തിരുത്താനാകൂവെന്ന് യു ഐ ഡി എ ഐ അറിയിച്ചു. വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങളേതുമില്ല."
തെറ്റായ വിവരങ്ങൾ ആവർത്തിച്ച് മാറ്റുന്നതും തട്ടിപ്പുകളും തടയാൻ ഇത് സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നടക്കുന്നത് കണക്കിലെടുത്താണ് പുതിയ നിയന്ത്രങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ആധാർ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും അറിയുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമായി പുതിയ ആധാർ മൊബൈൽ ആപ്പ് കേന്ദ്ര സർക്കാർ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.
ആധാർ കാർഡിലെ വിവരങ്ങൾ മാറ്റുമ്പോൾ ചില പ്രധാന രേഖകൾ നിർബന്ധമായും നൽകണം. ജനനത്തീയതി തിരുത്തുന്നതിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിലാസം മാറ്റുന്നതിനായി വോട്ടർ ഐഡി, വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങിയ രേഖകൾ ഉപയോഗിക്കാം. പാസ്പോർട്ട് പോലുള്ള തിരിച്ചറിയൽ രേഖകളും ഇതിന് സഹായിക്കും. പേര്, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവ മൊബൈലിലൂടെ പുതുക്കാനാകും."
*🟨റഷ്യൻ എണ്ണ വാങ്ങാൻ കെഞ്ചുന്നു; അമേരിക്കയെ പരിഹസിച്ച് ഇറാൻ*
ടെഹ്റാൻ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയ അമേരിക്ക, ഇപ്പോൾ അതേ രാജ്യങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി.
എക്സിലാണ് അരാഗ്ചി അമേരിക്കയുടെ നിലപാടുമാറ്റത്തെ പരിഹസിച്ചു രംഗത്തെത്തിയത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് അമേരിക്ക നിലപാടു തിരുത്തിയതെന്നും അരാഗ്ചി ആരോപിച്ചു.
"റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയുടെമേൽ മാസങ്ങളോളം അമേരിക്ക സമ്മർദം ചെലുത്തി. എന്നാൽ ഇറാനുമായുള്ള യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളോടു വൈറ്റ് ഹൗസ് അപേക്ഷിക്കുകയാണ്...' അരാഗ്ചി കുറിച്ചു.
റഷ്യക്കെതിരേ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്നു കരുതി ഇറാനെതിരായ യുദ്ധത്തെ പിന്തുണച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെയും അരാഗ്ചി രൂക്ഷഭാഷയിൽ വിമർശിച്ചു.
*🟨ഇനി മദ്യം വാങ്ങാൻ നോട്ടുകൾ സ്വീകരിക്കില്ല; തിങ്കളാഴ്ച മുതല്‍ ബെവ്കോ ഔട്ട്ലറ്റുകളിൽ ‘നോട്ട് നിരോധനം*
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോയുടെ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ പുതിയ മാറ്റം. തിങ്കളാഴ്ച മുതൽ ഈ ഔട്ട്ലറ്റുകളിൽ നോട്ടുകൾ സ്വീകരിക്കില്ല. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്ലെസ് രീതിയിൽ മാത്രം മദ്യവിൽപ്പന നടത്തണം എന്ന നിർദേശം ബെവ്കോ എംഡി ഹർഷിത അട്ടലൂരി നൽകി.
ഇത്പ്രകാരം ഇനി ഈ കൗണ്ടറുകളിൽ യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പേയ്മെന്റ് എന്നിവ വഴിയാണ് മദ്യം വാങ്ങാൻ കഴിയുക. പണം നേരിട്ട് സ്വീകരിക്കരുതെന്നും ഈ നിർദേശം കർശനമായി പാലിക്കണമെന്നും ഔട്ട്ലറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഇനി പണം സ്വീകരിക്കില്ല എന്ന സന്ദേശം ഉൾപ്പെടുത്തിയ നോട്ടീസുകൾ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ഔട്ട്ലറ്റുകളുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 15 മുതലാണ് ഈ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ക്യാഷ് കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ തീരുമാനം എടുത്തതാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
*🟨ഇറാന്റെ മരതക കിരീടം*
ടെഹ്റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയതോടെ മൂന്നാം ആഴ്ചയിലേക്കു കടന്ന പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിലെ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
നോർത്തേൺ പേഴ്സ്യൻ ഗൾഫിൽ ഇറാൻ തീരത്തുനിന്ന് 28 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കുപടിഞ്ഞാറുമായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. സാന്പത്തികമായി തന്ത്രപ്രധാന മേഖലയായതിനാൽ ‘ഇറാന്റെ എണ്ണ സാമ്രാജ്യത്തിന്റെ മിടിക്കുന്ന ഹൃദയം’ എന്നും തന്ത്രപ്രധാന പ്രതിരോധകേന്ദ്രമായതിനാൽ ‘വിലക്കപ്പെട്ട ദ്വീപ്’ എന്നും ഈ ദ്വീപ് അറിയപ്പെടുന്നത്.
എട്ടു കിലോമീറ്റർ നീളവും നാലു കിലോമീറ്റർ വീതിയുമാണ് ദ്വീപിനുള്ളത്. 8000 ആളുകളാണ് ദ്വീപില്‍ താമസം. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്നത്ര ആഴമുള്ളതാണ് കടൽത്തീരം.
എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ ദ്വീപ് അതീവസുരക്ഷാ മേഖലയാണ്. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്. വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴക്കടൽ സൗകര്യം ഇവിടെയുണ്ട്. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണവരെ കൈകാര്യം ചെയ്യാൻ ടെർമിനലുകൾക്കു ശേഷിയുണ്ട്.
വലിയ എണ്ണപ്പാടങ്ങളിൽനിന്നുള്ള ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി ഇവിടെ എത്തിച്ചാണു സംസ്കരിക്കുന്നതും വിദേശത്തേക്ക് അയയ്ക്കുന്നതും. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ പ്രതിദിനം 11 ലക്ഷം മുതൽ 15 ലക്ഷം വരെ ബാരൽ എണ്ണ ഇറാൻ ഇവിടെനിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുകയും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണനീക്കം നിലയ്ക്കുകയും ചെയ്തതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഇറാന് മുന്നറിയിപ്പായാണു ഖാർഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയത്.
അടുത്ത ഘട്ടമായി എണ്ണ ഉത്പാദനകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ സാമ്പത്തിക, സൈനിക ഭദ്രത തകർക്കുക, ഭീഷണിയിലൂടെ ഹോർമുസിലെ ഗതാഗത പ്രതിസന്ധിയിൽ മാറ്റമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആക്രമണം.
ഇറാന്റെ മുഖ്യവരുമാനമായ എണ്ണവ്യാപാരത്തെ തകർക്കാൻ ഈ ദ്വീപിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ കഴിയും. രാജ്യത്തെ ഇതു സാമ്പത്തികമായി തളർത്തും. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. ഇറാന്റെ കുപ്രസിദ്ധമായ വിപ്ലവഗാർഡുകളാണ് ദ്വീപിന് കനത്ത സുരക്ഷയൊരുക്കുന്നത്.
പോർച്ചുഗീസുകാരും ഡെച്ചുകാരും മുന്‍പ് ഈ ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാക്ക് ഈ ദ്വീപ് ബോംബിട്ടു തകർക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.
*🟨സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കൽ കുറ്റകരം*
*ശക്തമായ മുന്നറിയിപ്പുമായി ഫെഡറൽ പ്രോസിക്യൂഷൻ*
ദുബൈ: നിലവിലെ സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പങ്കുവെക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങളും വ്യാജ വാർത്തകളും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി അറ്റോർണി ജനറൽ ഖാലിദ് അൽ മദനി ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയത്.
“വിവരങ്ങൾ സൂക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നത് ഒരു ഉത്തരവാദിത്വമാണ്. എന്നാൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടും,” എന്ന് മദനി വ്യക്തമാക്കി. പ്രത്യേകിച്ച് ഔദ്യോഗിക അതോറിറ്റികളുടെ പ്രസ്താവനകളോട് വൈരുദ്ധ്യമുള്ളതോ സ്ഥിരീകരിക്കാത്തതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ ഉപഭോക്താക്കൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും, കെട്ടിച്ചമച്ചതോ മാറ്റം വരുത്തിയതോ ആയ വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുകയും വേണമെന്നാണ് അധികൃതരുടെ പ്രധാന നിർദ്ദേശം. ചില തെറ്റായ വിവരങ്ങൾ രാജ്യത്തിന് പുറത്തുനിന്ന് പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, രാജ്യത്തിനകത്ത് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായാൽ അതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
*🌏ഇറാൻ ഉന്നത നേതാക്കളുടെ തലയ്ക്കു വിലയിട്ട് അമേരിക്ക; പത്തു പേർക്ക് 84 കോടി*
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ഉൾപ്പെടെയുള്ള ഉന്നതരുടെ തലയ്ക്കു വിലയിട്ട് അമേരിക്ക. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖരെക്കുറിച്ചു വിവരം നൽകുന്നവർക്കു പത്തു മില്യൺ ഡോളർ (ഏകദേശം 84 കോടി രൂപയിലേറെ) വരെ പാരിതോഷികം നൽകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇവരാണെന്നു യുഎസ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരേ നടത്തിയ സൈനിക നീക്കങ്ങൾക്കു പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിർണായക പ്രഖ്യാപനം.
*പട്ടികയിൽ പ്രമുഖർ*
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പത്തുപേരുടെ പട്ടികയിൽ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഒന്നാമൻ. മുജ്തബയ്ക്കു പുറമെ സുപ്രീം ലീഡറുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, സൈനിക ഉപദേഷ്ടാവ് മേജർ ജനറൽ യഹ്യ റഹീം സഫാവി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ജനറൽ എസ്കന്ദർ മോമിനി, രഹസ്യാന്വേഷണ-സുരക്ഷാമന്ത്രി ഇസ്മായിൽ ഖതീബ് എന്നിവരും പട്ടികയിലുണ്ട്. പ്രതിരോധ കൗൺസിൽ സെക്രട്ടറി, ഐആർജിസി കമാൻഡർ തുടങ്ങിയ സ്ഥാനങ്ങളിലുള്ളവരും യുഎസ് പട്ടികയിലുണ്ട്.
*ഡിജിറ്റൽ സംവിധാനം*
വിവരങ്ങൾ കൈമാറുന്നവർക്കായി എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ സംവിധാനങ്ങളാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. ടോർ അധിഷ്ഠിത ടിപ്ലൈൻ വഴിയോ സിഗ്നൽ ആപ്പ് വഴിയോ വിവരങ്ങൾ കൈമാറാമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളെ അറിയിച്ചു. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികത്തിനു പുറമെ സുരക്ഷിത പുനരധിവാസവും ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പദ്ധതിയിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28ന് നടന്ന ബോംബാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബ ഖമനയ് അധികാരമേറ്റത്. മേഖലയിലെ അസ്ഥിരതകൾക്കിടയിലും ഇറാനിലെ സൈനിക-രാഷ്ട്രീയ ഇടപെടലുകളിൽ ഐആർജിസിയുടെ സ്വാധീനം ശക്തമായി തുടരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യുഎസ് നടപടി.
*🟨പൈപ്പ് വഴി പ്രകൃതി വാതകമുള്ളവര്ക്ക് ഇനി എല്‍പിജി കിട്ടില്ല; ഭേദഗതി ഉത്തരവ് പുറത്തിറക്കി കേന്ദ്രം*
*ന്യൂഡൽഹി* :പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ക്ക് ഇനി എല്‍പിജി കിട്ടില്ല. ഭേദഗതി ഉത്തരവ് പുറത്തിറക്കി പെട്രോളിയം മന്ത്രാലയം. പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര് എല്‍പിജി സിലിണ്ടറുകള്‍ സറണ്ടര്‍ ചെയ്യാന്‍ നിര്‍ദേശം നല്കി. ഇത്തരക്കാര്‍ക്ക് എല്‍പിജി നല്‍കുന്നത് നിരോധിത പ്രവര്‍ത്തനമായി കണക്കാക്കും. ഇരട്ട കണക്ഷനുകള്‍ ഒഴിവാക്കുന്നതിനാണ് നടപടി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടെ രാജ്യത്തെ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നീക്കവുമായി ഇന്ത്യയുടെ ഇടപെടല്‍. ഇറാന്റെ അനുമതിയോടെ ഹോർമൂസ് കടലിടുക്ക് പിന്നിട്ട എൽപിജി ടാങ്കറുകളായ ശിവാലിക്, നന്ദാദേവിയും ദിവസങ്ങള്‍ക്കകം ഗുജറാത്ത് തീരത്തെത്തും. പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം 88 ലക്ഷമായി ഉയർന്നത് വിതരണത്തെ ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ശുഭദിനം.
Tags:
KERALA