കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനത്തെ വിശ്വസിച്ച യാത്രക്കാരന് നേരിടേണ്ടി വന്നത് കടുത്ത അവഗണനയും ദുരിതവും. കൊയിലാണ്ടിയിൽ നിന്നും എറണാകുളത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത കൊയിലാണ്ടി സ്വദേശി ബിജു എന്ന യാത്രക്കാരനാണ് 5 മണിക്കൂറോളം വഴിയിൽ കാത്തുനിൽക്കേണ്ടി വന്നത്.
സംഭവിച്ചത് ഇങ്ങനെ: കൊയിലാണ്ടിയിൽ നിന്നും വൈകുന്നേരം 6:35-ന് പുറപ്പെടേണ്ട സൂപ്പർ ഡീലക്സ് ബസിലാണ് ബിജു വിൻഡോ സീറ്റ് റിസർവ് ചെയ്തിരുന്നത്. നിർദ്ദേശപ്രകാരം 6:15-ന് തന്നെ അദ്ദേഹം സ്റ്റാൻഡിലെത്തി.
ഓരോ തവണയും ഫോണിൽ ബന്ധപ്പെട്ടപ്പോൾ "ബസ് വരികയാണ്, ഇപ്പോൾ പയ്യോളി എത്തി, തലശ്ശേരി എത്തി" എന്നൊക്കെ പറഞ്ഞ് കണ്ടക്ടർ യാത്രക്കാരനെ മണിക്കൂറുകളോളം കാത്തുനിർത്തിച്ചു.
ഒടുവിൽ രാത്രി 8:45-ന് വീണ്ടും വിളിച്ചപ്പോഴാണ് ബസ് കൊയിലാണ്ടി പോലിസ് സ്റ്റേഷന് അടുത്ത് എത്തിയിട്ടുണ്ടെന്നും നിലവിൽ ബസ് കേടായി കിടക്കുകയാണെന്നുമുള്ള വിവരം ലഭിക്കുന്നത്.
യാത്ര മുടങ്ങാതിരിക്കാൻ ബിജു സ്വന്തം കൈയിൽ നിന്ന് 44 രൂപ മുടക്കി മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ കയറി കോഴിക്കോട് സ്റ്റാൻഡിൽ എത്തേണ്ടി വന്നു. അവിടെയെത്തിയപ്പോൾ "അടുത്ത ബസിൽ സീറ്റുണ്ടെങ്കിൽ കയറ്റാം" എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്. ബുക്ക് ചെയ്ത ബസ് 11:30-ന് വൈറ്റിലയിൽ എത്തേണ്ടതായിരുന്നു. എന്നാൽ കോഴിക്കോട് നിന്നും മറ്റൊരു ബസിൽ കയറ്റി വിട്ടപ്പോൾ അത് ഡീലക്സ് ബസ് പോലുമായിരുന്നില്ല. സുഖപ്രദമായ യാത്രയ്ക്ക് വേണ്ടി സീറ്റ് ബുക്ക് ചെയ്ത ബിജുവിന് ഒടുവിൽ പുലർച്ചെ 2:45-നാണ് എറണാകുളത്ത് എത്താൻ സാധിച്ചത്.
"ഭക്ഷണം കഴിക്കാൻ പോലും പോകാതെയാണ് ഞാൻ ബസിനായി 5 മണിക്കൂർ കാത്തുനിന്നത്. 6:35-ന് വരേണ്ട ബസിന് പകരം എനിക്ക് യാത്ര തുടരാനായത് 10:30-നാണ്. 335 രൂപ മുൻകൂട്ടി നൽകിയിട്ടും എനിക്ക് നേരിടേണ്ടി വന്നത് വലിയ സാമ്പത്തിക നഷ്ടവും മാനസിക വിഷമവുമാണ്." - ബിജു പറഞ്ഞു.
യാത്രക്കാരെ കൃത്യസമയത്ത് അറിയിപ്പ് നൽകുന്നതിലോ, റിസർവേഷൻ ചെയ്തവർക്ക് ബസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലോ കെ.എസ്.ആർ.ടി.സി വലിയ പരാജയമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. വരും ദിവസങ്ങളിൽ ഉന്നത അധികൃതർക്ക് പരാതി നൽകാനാണ് യാത്രക്കാരന്റെ തീരുമാനം.
Tags:
KOZHIKODE