*🟨40,000 മെട്രിക് ടൺ എൽപിജി ഉടൻ എത്തും; ഇന്ത്യൻ കപ്പൽ ഹോർമുസ് കടക്കുന്നു*
ന്യൂഡൽഹി: രാജ്യത്തെ എൽപിജി ക്ഷാമത്തിനു പരിഹാരമാകുന്നു. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ശിവാലിക് ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചു. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ യാത്ര തുടരുന്നത്.
കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി ചർച്ച നടത്തിയിരുന്നു. അതേസമയം രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും എൽപിജി ക്ഷാമത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളിൽ മറ്റൊരു കപ്പൽ കൂടി എൽപിജിയുമായി യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ഇറക്കുമതി തടസപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് കപ്പലുകളെ പുറത്തെത്തിക്കുന്നത്.
അതിനിടെ പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാതായെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് ചുറ്റുമായി 27 ഓളം കപ്പലുകളുണ്ട്. ഇതിൽ 700ൽ അധികം നാവികരുണ്ടെന്നും കേന്ദ്രം അറിയിച്ചു.
*🟨രാജ്യസഭാ തെരഞ്ഞെടുപ്പ്; ഒഡീഷയിലെ കോൺഗ്രസ് എംഎൽഎമാരെ ബംഗളൂരുവിലേക്ക് മാറ്റി*
ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒഡീഷയിലെ കോൺഗ്രസ് എംഎൽഎമാരെ ബംഗളൂരുവിലേക്ക് മാറ്റി. 16ന് നടക്കുന്ന വോട്ടെടുപ്പിൽ ക്രോസ് വോട്ടിംഗ് നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോൺഗ്രസിന്റെ നീക്കം.
ഒഡീഷപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരൺ ദാസിന്റെ നേതൃത്വത്തിലാണ് എംഎൽഎമാരെയും അവരുടെ കുടുംബാംഗങ്ങളെയും ബംഗളൂരുവിലെത്തിച്ചത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഒഡീഷയിലെ 147 അംഗ നിയമസഭയിൽ ബിജെപിക്ക് 79 എംഎൽഎമാരും ബിജെഡിക്ക് 48 എംഎൽഎമാരുമാണുള്ളത്. കോൺഗ്രസിന് 14 അംഗങ്ങളാണുള്ളത്. നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നാലാമത്തെ സീറ്റിലേക്കുള്ള മത്സരം കടുത്തതാണ് രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കാരണം.
*🟨ആകാശ യാത്രയ്ക്ക് ഇനി ചെലവേറും; ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ*
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തി. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയാണ് വർധന.
ഏറ്റവും ഉയർന്ന വർധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ്. 2,300 രൂപയാണ് വർധിപ്പിച്ചത്. 14ന് പുലർച്ചെ ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് നിരക്ക് വർധന. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് ഇന്ധന സർചാർജിൽ മാറ്റമുണ്ടാകും. നേരത്തെ എയർ ഇന്ത്യയും സർചാർജ് ഏർപ്പെടുത്തിയിരുന്നു. ആഭ്യന്തര സർവീസുകൾക്ക് 399 രൂപയായിരുന്നു ഇന്ധന സർചാർജ് ചുമത്തിയത്.
*🟨ഇറാൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് പത്തു ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക; പട്ടികയിൽ പുതിയ പരമോന്നത നേതാവും*
വാഷിംഗ്ടൺ: ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (IRGC) പത്ത് പ്രമുഖ കമാൻഡർമാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 83 കോടിയിലധികം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് യുഎസ് വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പ്രോഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ ആയത്തുള്ള മുജ്തബ ഖാംനഇയിയും യുഎസ് ലക്ഷ്യമിടുന്നവരുടെ പട്ടികയിലുണ്ട് എന്നത് ശ്രദ്ധേയമാണ്. കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ മകനാണ് മുജ്തബ. മുജ്തബയ്ക്ക് പുറമെ ഇറാന്റെ ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനി, രഹസ്യാന്വേഷണ മന്ത്രി ഇസ്മായിൽ ഖത്തീബ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തുടങ്ങിയ ഉന്നത വ്യക്തികളും പട്ടികയിൽ ഉൾപ്പെടുന്നു. പട്ടികയിലുള്ള മറ്റ് പ്രമുഖർ:
അലി അസ്ഗർ ഹെജാസി: പരമോന്നത നേതാവിന്റെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്.മേജർ ജനറൽ യഹ്‌യ റഹീം സഫാവി: സൈനിക ഉപദേഷ്ടാവ്.
അമേരിക്കൻ, ഇസ്രായേൽ സേനകൾ ഇറാനുനേരെ ആക്രമണം തുടരുന്നതിനിടെയാണ് ഈ നീക്കം. ഐആർജിസി കമാൻഡർമാരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ എൻക്രിപ്റ്റഡ് ചാനലുകൾ വഴി അറിയിക്കാനാണ് നിർദ്ദേശം. കൃത്യമായ വിവരം നൽകുന്നവർക്ക് വൻ തുകയ്ക്ക് പുറമെ മറ്റൊരു രാജ്യത്തേക്ക് സുരക്ഷിതമായി താമസം മാറാനുള്ള സൗകര്യവും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്.
*🟨കൊടുവള്ളി കോളേജിൽ 32 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ*
കോഴിക്കോട് : കൊടുവള്ളി മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോളേജിൽ ഏകദേശം 32 കോടി രൂപയുടെ ബൃഹത്തായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
അടിസ്ഥാന സൗകര്യ വികസനം, പുതിയ അക്കാദമിക് സൗകര്യങ്ങൾ തുടങ്ങിയ നിരവധി പദ്ധതികൾ ക്യാമ്പസിൽ പൂർത്തിയാക്കിയിട്ടുണ്ട്. കോളേജിനെ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പദ്ധതികൾക്കും രൂപം നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഈ മുന്നേറ്റങ്ങൾ കൊടുവള്ളി മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
*🟨സ്ത്രീയും പുരുഷനും എട്ട് മിനിറ്റില്‍ വൈദ്യുതത്തൂണില്‍ കയറിയിറങ്ങണം; KSEB ഇലക്‌ട്രിസിറ്റി വര്‍ക്കര്‍ യോഗ്യതയില്‍ മാറ്റം വരുത്തി*
കെ.എസ്.ഇ.ബി.യിലെ ഇലക്‌ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളില്‍ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.
പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണില്‍ എട്ടു മിനിറ്റിനുള്ളില്‍ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്.
സ്ത്രീകള്‍ക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയില്‍ കഴിഞ്ഞ വർഷം നവംബറില്‍ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാല്‍ വർക്കർമാരില്‍ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാല്‍, തൂണില്‍ കയറാനുള്ള പ്രായോഗികമായ അറിവ് നിർബന്ധമാക്കണമെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു. 985 ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും കെ.എസ്.ഇ.ബി. ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട്. എസ്.എസ്.എല്‍.സി വിജയത്തോടൊപ്പം ഇലക്‌ട്രീഷ്യൻ അല്ലെങ്കില്‍ വയർമാൻ ട്രേഡില്‍ രണ്ടു വർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഇനി അപേക്ഷകർക്ക് നിർബന്ധമാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസവും സൈക്കിള്‍ സവാരിയും പുരുഷന്മാർക്ക് മാത്രമായുള്ള അപേക്ഷാ രീതിയും ഇതോടെ പൂർണ്ണമായും മാറി. നിയമനങ്ങളിലെ കാലതാമസം റെഗുലേറ്ററി കമ്മിഷന്റെ വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.
*🟨എസ്എസ്എൽസി, ഹയർ സെക്കന്ററി, പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി*
എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി. പുതിയ സർക്കുലർ പ്രകാരം 2 മാർക്ക് മുതൽ 100 മാർക്ക് വരെ ഗ്രേസ് മാർക്ക് അനുവദിക്കും. കേരള സ്കൂൾ കലോത്സവം, കേരള സ്കൂൾ ശാസ്ത്രോത്സവം, സംസ്ഥാനതല ശാസ്ത്ര സെമിനാർ, സംസ്ഥാനതല സി.വി.രാമൻ ഉപന്യാസ മത്സരം, സംസ്ഥാനതല ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ, സംസ്ഥാനതല വാർത്താവായന മത്സരം, സംസ്ഥാനതല ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ സംസ്ഥാനതല സാമുഹ്യ ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ, സംസ്ഥാനതല ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ, സംസ്ഥാനതല ശാസ്ത്രമാഗസിൻ മത്സരം എന്നിവയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചു നൽകുന്ന ഇനങ്ങൾക്ക് യഥാക്രമം 20,17,14 മാർക്ക് നൽകും.
കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിൽ (19 തൽസമയ ഇനങ്ങൾക്ക് മാത്രം), സ്പെഷ്യൽ സ്കൂൾ, കലോത്സവം, സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് എന്നിവയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും.
ജുനിയർ റെഡ് ക്രോസിന് 10 മാർക്കും
സ്റ്റഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന് 20 മാർക്കും ലഭിക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് (ദേശീയ തലത്തിൽ പങ്കെടുത്തവർക്ക്) 25 മാർക്ക്, സ്കൗട്ട് & ഗൈഡ്സ് ഹയർ സെക്കന്ററി വിഭാഗത്തിൽ 80% ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തത്തിന് 25 മാർക്കും, രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീൽഡിന് 40 മാർക്കും രാഷ്ട്രപതി അവാർഡ് വിജയികൾക്ക് 50 മാർക്കും ലഭിക്കും.
സ്കൗട്ട് & ഗൈഡ്സ് ഹൈസ്കൂൾ വിഭാഗത്തിൽ 80% ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തത്തിന് 18 മാർക്ക്, രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീൽഡിന് 20 മാർക്ക്, രാഷ് ട്രപതി അവാർഡ് വിജയികൾക്ക് 25 മാർക്ക് എന്നിങ്ങനെ നൽകും. റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത എൻ എസ് എസ് വോളൻ്റിയേഴ്‌സിന് 40 മാർക്ക്, ദേശീയ തലത്തിൽ ക്യാമ്പുകളിൽ പങ്കെടുത്ത എൻ എസ് എസ് വോളന്റിയേഴ്‌സിന് 25 മാർക്ക്, എൻ എസ് എസ് സർട്ടിഫിക്കറ്റ് ഉളള എൻ എസ് എസ് വോളന്റിയേഴ്‌സിന് 20 മാർക്ക്, ലിറ്റിൽ കൈറ്റ്സിന് 15 മാർക്ക്, ജവഹർലാൽ നെഹ്റു നാഷണൽ എക്‌സിബിഷന് (നാഷണൽ സയൻസ് ഫെയർ) 25 മാർക്ക്, ബാലശ്രീ അവാർഡ് വിജയികൾക്ക് 15 മാർക്ക് എന്നിവ നൽകും.
അന്തർദേശീയ സ്പോർട്സ് മത്സരങ്ങൾക്ക്
(പൊതുവിദ്യാഭ്യാസ വകുപ്പ്/സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ മുഖേന പങ്കെടുക്കുന്ന ഇനങ്ങൾക്ക്) ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് 100 മാർക്കും രണ്ടാം സ്ഥാനംനേടിയവർക്ക് 90 മാർക്കും മൂന്നാം സ്ഥാനം നേടിയവർക്ക് 80 മാർക്കും നൽകും.
അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 75 മാർക്കും നൽകും. മറ്റ് ഗ്രേസ് മാർക്ക് വിവരങ്ങളും വ്യവസ്ഥകളും താഴെ നൽകുന്നു.
*🟨ഇറാഖില്‍ ഫ്രഞ്ച് - ഓസ്ട്രേലിയൻ സൈനികർ കൊല്ലപ്പെട്ടു,ഇർബിനിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്ക്, നാറ്റോ ആസ്ഥാനത്തും ഇറാൻ ആക്രമണം*
ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലിലുണ്ടായ ആക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികനും ഓസ്‌ട്രേലിയൻ സൈനികനും കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവം സ്ഥിരീകരിച്ചു .
മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ ഫ്രഞ്ച് സൈനികനാണിദ്ദേഹമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു,
പരിശീലന അഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഫ്രഞ്ച് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ മറ്റ് നിരവധി സൈനികര്‍ക്ക് പരുക്കേറ്റതായും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
ഇറാഖിലെ ഇർബിനിലെ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്കും പരിക്കേറ്റു,
തുർക്കിയിലെ നാറ്റോ ആസ്ഥാനത്തും ഇറാൻ ആക്രമണം നടത്തി
അതേ സമയം വെള്ളിയാഴ്ച ടെഹ്റാനിലെ ചിലയിടങ്ങളില്‍ അമേരിക്കയും ഇസ്‌റാഈലും ആക്രമണം നടത്തി. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ വീടുകള്‍ കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. വളരെ ശക്തമായ സ്‌ഫോടനങ്ങളില്‍ വീടുകള്‍ കുലുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല- ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്
സൗദി പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, രാത്രിയിലും പുലര്‍ച്ചെയുമായി സഊദിയുടെ ആകാശപരിധിയില്‍ എത്തിയ 45 ഡ്രോണുകള്‍ തടയുകയും നശിപ്പിക്കുകയും ചെയ്തു. ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിക്ക് മുകളിലൂടെ വന്ന ഏഴ് ഡ്രോണുകള്‍ വെടിവെച്ചിട്ടു, പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈല്‍, രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി വന്ന മറ്റൊരു ബാലിസ്റ്റിക് മിസൈല്‍ എന്നിവയാണ് തകര്‍ത്തത്.
*🟨ഭീതി വേണ്ട; എൽപിജിക്ക് പകരം പിഎൻജി ഉപയോഗിക്കാൻ നിർദേശം*
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ യുദ്ധം രൂക്ഷമായതും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും പാചകവാതക ലഭ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ ജനങ്ങൾ സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് പ്രതിദിനം ശരാശരി 55.7 ലക്ഷം സിലിണ്ടറുകളായിരുന്നു ബുക്ക് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 75.7 ലക്ഷമായി ഉയർന്നു. ഇത് വെറും ഭീതി മൂലമുള്ള ബുക്കിംഗാണെന്നും രാജ്യത്ത് നിലവിൽ പാചകവാതകത്തിന് ക്ഷാമമില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
എൽപിജി സിലിണ്ടറുകളുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കാൻ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ രാജ്യത്ത് 1.5 കോടി പിഎൻജി ഉപഭോക്താക്കളുണ്ട്. പൈപ്പ് ലൈൻ സൗകര്യമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ കണക്ഷൻ എടുക്കണമെന്നും സർക്കാർ നിർദേശിച്ചു.
ശുഭദിനം.
Tags:
KERALA