*🟨ഈ പോരാട്ട വീര്യം ഓരോ ഇന്ത്യക്കാരനും അഭിമാനം; ചരിത്ര നേട്ടത്തിൽ നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം*
ന്യൂഡൽഹി: അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത്.
ഇന്ത്യൻ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് മോദി എക്സിൽ കുറിച്ചു.
മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ഏക ടീമെന്ന പദവിയും ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ പ്രതിഭയുടെ അടയാളമാണ് ഈ വിജയമെന്നും ടീമിലെ ഓരോ കളിക്കാരും അഭിനന്ദനം അർഹിക്കുന്നുവെന്നും ദ്രൗപതി മുർമുവും വ്യക്തമാക്കി.
ഇന്ത്യൻ മണ്ണിൽ തന്നെ കിരീടം നിലനിർത്താൻ സാധിച്ചത് മറക്കാനാവാത്ത നിമിഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെയും ടൂർണമെന്റിലുടനീളം തിളങ്ങിയ ജസ്പ്രീത് ബുംറയെയും രാഹുൽ പ്രത്യേകം അഭിനന്ദിച്ചു. നീലപ്പടയുടെ ഈ ഉജ്വല വിജയം രാജ്യത്തിന് വലിയ ആഘോഷത്തിനുള്ള അവസരമാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
*🟨ആസാമിലെ ജനങ്ങളെ വഞ്ചിച്ചവരാണ് ബിജെപി; ഭരണം മാറുമെന്നുറപ്പാണ്: റിപുൺ ബോറ*
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുതിർന്ന നേതാവ് റിപുൺ ബോറ. റിക്കാർഡ് ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസ് അധികാരത്തിലെത്തുകയെന്നും റിപുൺ ബോറ അവകാശപ്പെട്ടു.
"ജനങ്ങളെ വഞ്ചിച്ചവരാണ് ഭരണത്തിലുള്ളത്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ തന്നെ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.'-റിപുൺ ബോറ.
"മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വികസനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അവർ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. വർഗീയമായിട്ട് ജനത്തിനെ വേർത്തിരിക്കുന്ന ആൾ കൂടിയാണ് ഹിമന്ത.'-റിപുൺ കുറ്റപ്പെടുത്തി.
*🟨രാജി ബോധപൂർവമായ തീരുമാനം; കാരണം പിന്നീട് വെളിപ്പെടുത്തും: സി.വി.ആനന്ദബോസ്*
കോൽക്കത്ത: ബംഗാൾ ഗവർണർ സ്ഥാനം രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി സി.വി.ആനന്ദബോസ്. രാജി തികച്ചും ബോധപൂർവമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ഔദ്യോഗിക വസതിയായ ബംഗ ഭവൻ അദ്ദേഹം ഞായറാഴ്ച ഒഴിഞ്ഞുകൊടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവർണർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
ആനന്ദബോസ് രാജി വെക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ തന്റെ വോട്ട് ബംഗാളിലേക്ക് മാറ്റിയിരുന്നു. ഗവർണർ പദവിയിൽ നിന്ന് മാറിയെങ്കിലും വോട്ട് രേഖപ്പെടുത്താനായി താൻ ബംഗാളിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
*🟨നിതീഷ് കളമൊഴിയുന്നോ?; നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നു*
പാറ്റ്ന: നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നു. നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകിയതിന്റെ പിന്നാലെയാണ് മകന്റെ രാഷ്ട്രീയ പ്രവേശനം.
ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായിൽ നിന്നാണ് നിഷാന്ത് കുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ലാലൻ സിംഗ്, ബിഹാർ ഉപമുഖ്യമന്ത്രി വിജയ് ചൗധരി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
എന്നാൽ മകന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശന വേളയിൽ നിതീഷ് കുമാർ സന്നിഹിതനായിരുന്നില്ല. എൻജിനീയറിംഗ് ബിരുദധാരിയായ നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ജെഡിയു നേതാക്കൾ സ്വാഗതം ചെയ്തു.
പാർട്ടിയിൽ സജീവ പ്രവർത്തകനായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനാണ് തന്റെ തീരുമാനമെന്ന് നിഷാന്ത് പറഞ്ഞു. പിതാവ് രാജ്യസഭയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ താൽപര്യമാണ്. ഞാൻ അത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കും. തുടർന്ന് ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിഷാന്ത് കുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും.
*🟨ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്‍റെ പ്രത്യാക്രമണം; കുവൈറ്റിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു*
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ കുവൈറ്റിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. കുവൈറ്റ് ഫയർ ഫോഴ്സിലെ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ ഷറ, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ മുജമ്മദ് എന്നിവരാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.
ബഹ്റൈനിലെ ഒരു സർവകലാശാലയ്ക്കും ജലശുദ്ധീകരണ പ്ലാന്റിനും നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇസ്രയേൽ എംബസി സ്ഥിതി ചെയ്യുന്ന മനാമയിലെ ഫിനാൻഷ്യൽ ഹാർബർ ടവറുകൾക്ക് മുകളിലൂടെ വന്ന ഡ്രോൺ പ്രതിരോധ സേന തകർത്തു.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്‍റെ ഈ നീക്കത്തെ "നഗ്നമായ അധിനിവേശം" എന്നാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വിശേഷിപ്പിച്ചത്. സുപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യ ഒൻപതോളം ഇറാൻ ഡ്രോണുകളാണ് വെടിവെച്ചിട്ടത്. ദുബായിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
*🟨ഡൽഹിയിൽ എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നു*
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാഗ്രത വർധിപ്പിച്ച് ഡൽഹി പോലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ഡൽഹി പോലീസ് കമ്മീഷണർ നിർദേശം നൽകി.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് സ്പെഷൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
വിശാഖപട്ടണത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാന്‍റെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്.
ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ച ഫെബ്രുവരി 28നാണ് ഇറാന്‍റെ കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുവാദം തേടിയത്. മാർച്ച് ഒന്നിന് ഇന്ത്യ അനുവാദം നൽകിയെന്നും കപ്പൽ നാലിന് കൊച്ചിയിൽ അടുപ്പിച്ചെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു
*🟨"മാഞ്ഞു ഭൂതകാലം, ഇനിയിവന്റെ ഊഴം'; ലോകകപ്പ് താരമായി സഞ്‌ജു*
അഹമ്മദാബാദ്: ഇന്ത്യൻ ടീമിൽ അവസരങ്ങളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്ന സഞ്ജു സാംസണിന്. ലോകകപ്പ് തുടങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ അപ്രസക്തനായിരുന്നു. എന്നാൽ ട്വന്റി20 ലോകകപ്പിന്റെ ഒരു അധ്യായം കൂടി അവസാനിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കാണ് മലയാളി താരം നടന്നു കയറിയത്. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായാണ് സഞ്ജു മടങ്ങുന്നത്.
ഇന്ത്യൻ ടീം ഒമ്പത് മത്സരങ്ങൾ കളിച്ചപ്പോൾ സഞ്‌ജുവിന് അഞ്ച് മത്സരങ്ങളിൽ മാത്രമാണ് അവസരം കിട്ടിയത്. ഇതിൽ മൂന്ന് അർധസെഞ്ചുറികളക്കം 321 റണ്ണെടുത്തു. നിർണായക മത്സരങ്ങളിൽ സെഞ്ചുറിക്ക് തുല്യമായ അർധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായ സഞ്ജു, നിരവധി റെക്കോർഡുകളാണ് ലോകകപ്പിൽ സ്വന്തമാക്കിയത്.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോർ (89) നേടുന്ന താരവും ഒരു ലോകകപ്പിലെ സെമിയിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ കളിക്കാരനുമായി. 2014ൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 2019ൽ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുമാണ് ഇൗ നേട്ടം സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിൽ കൂടുതൽ സിക്‌സറുകൾ (24) നേടിയ താരം, ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറി നേടുന്ന ഏഴാമത്തെ കളിക്കാരൻ തുടങ്ങിയ നേട്ടങ്ങളും സഞ്ജു സ്വന്തമാക്കി.
അർഹതയുണ്ടായിട്ടും തഴയപ്പെട്ടുപോയ സഞ്ജുവിന്റെ മുൻകാല അനുഭവങ്ങൾ ഇനി ആവർത്തിക്കില്ല. സഞ്ജുവിനെ ഇനി ബെഞ്ചിലിരുത്താൻ ബിസിസിഐക്ക് സാധിക്കില്ല. നഷ്ടങ്ങളുടെ ഭൂതകാലം ഒരു ലോകകപ്പിലൂടെ സഞ്ജു മായ്ച്ചു കളയുകയാണ്."
*🟨ഹൃദയമിടിപ്പിനോളം ആഴമുള്ള വിജയം: ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി*
തിരുവനന്തപുരം : ട്വന്റ20 ലോകകപ്പ് കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.
ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു- മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു."
*🟨"ഇറാനിലെ അമേരിക്ക-ഇസ്രയേൽ ആക്രമണം*
*കൊല്ലപ്പെട്ടത് 181 കുട്ടികളടക്കം 1,332 പേർ, തകർന്നത് പതിനായിരത്തോളം കെട്ടിടങ്ങൾ*
തെഹ്റാൻ: ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ 9,669 കെട്ടിടങ്ങൾ തകർന്നതായി റെഡ് ക്രസന്റ്. 7,943 ജനവാസ കേന്ദ്രങ്ങളും 1,617 വാണിജ്യ കെട്ടിടങ്ങളുമാണ് ആക്രമണങ്ങളൽ ബാധിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 1,332 ഇറാനിയൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
സൈനിക അധിനിവേശത്തിനിടെ 181 കുട്ടികൾ കൊല്ലപ്പെട്ടതായി യൂണിസെഫ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഇരുപതോളം സ്കൂളുകൾക്കാണ് സാമ്രാജ്യത്വ ശക്തികളുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. രാജ്യത്തെ 13 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, സ്പോർട്സ്, വിനോദ കേന്ദ്രങ്ങൾ എന്നിവയും ആക്രമിക്കപ്പെട്ടു. 18ലധികം വനിതാ അത്‌ലറ്റുകൾ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. മൂന്ന് നില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ - ഇസ്രയോൽ - അമേരിക്ക സംഘർഷം ആരംഭിച്ചിട്ട് ഒമ്പതാം ദിനവും സാഹചര്യങ്ങൾ രൂക്ഷമായി തുടരുന്നു.
തിങ്കളാഴ്ച സൈപ്രസിലെ അക്രോട്ടിരിയിലെ യുകെ സൈനിക താവളത്തിൽ ഇറാനിയൻ നിർമ്മിത ഡ്രോൺ പതിച്ചതിനെത്തുടർന്ന് ഏകദേശം 1,000 താമസക്കാരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. യുദ്ധം ആരംഭിച്ചതുമുതൽ 2,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രായേലി ആരോഗ്യ മന്ത്രാലയം പറയുന്നു."
*🟨ഖമനേയിയുടെ പിന്‍ഗാമിയായി ആര് വന്നാലും വകവരുത്തും; ഇറാനെതിരെ ഭീഷണിയുമായി ഇസ്രയേല്‍*
ജറുസലേം: യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി എത്തുന്നവരെയെല്ലാം വകവരുത്തുമെന്ന് ഇസ്രയേല്‍. ഇറാന്‍റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അസംബ്ലി ഓഫ് എക്സ്പേര്‍ട്ട്സ് ഏകദേശ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇസ്രയേലിന്‍റെ ഭീഷണി.
പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന വിദഗ്ധ സമിതി അംഗങ്ങളെയും തങ്ങള്‍ വേട്ടയാടുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പേര്‍ഷ്യന്‍ ഭാഷയില്‍ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍റെ ഭരണഘടന അനുസരിച്ച് 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേര്‍ട്ട്സാണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത്. നേരത്തെ, കൊല്ലപ്പെട്ട അലി ഖമനേയിയുടെ മകന്‍ മൊജ്തബ ഖമനേയിയെ പിന്‍ഗാമിയായ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, യുദ്ധ ഭീതി നിലനില്‍ക്കുന്നതിനാല്‍ പിന്‍ഗാമിയുടെ പേര് പുരോഹിത സമിതി രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഏറ്റവും അനുയോജ്യനായ ഒരാളെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും സമിതിയുടെ ഏകകണ്ഠമായ അഭിപ്രായം അംഗീകരിച്ചിട്ടുണ്ടെന്നും പുരോഹിത സമിതി അംഗമായ അയത്തെുള്ള മൊഹ്സിന്‍ ഹൈദരി അലെകാസിര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കന്‍ ലെബനനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്."
*🟨തെലങ്കാനയിൽ മൂന്ന് പെൺമക്കളെ തടാകത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച പിതാവ് പിടിയിൽ*
ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ മൂന്ന് പെൺമക്കളെ തടാകത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. എട്ട്, ആറ്, അഞ്ച് വയസ്സുള്ള മക്കളെ കാണാനില്ലെന്ന് കാണിച്ച് മാർച്ച് 6ന് പ്രതിയും ഭാര്യയും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
ചോദ്യം ചെയ്യലിൽ പ്രതി നൽകിയ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് പൊലീസിന് സംശയമുണ്ടാക്കിയത്. സാമ്പത്തിക പ്രതിസന്ധിയും ദുശ്ശീലങ്ങളും കാരണം മക്കളെ വളർത്താൻ ബുദ്ധിമുട്ടാണെന്ന് കരുതിയാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി മൊഴി നൽകി.
മാർച്ച് 6ന് രാവിലെ കുട്ടികളെ തടാകത്തിന് സമീപം എത്തിച്ച് ഓരോരുത്തരെയായി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തി ജയിലിലടച്ചതായി പൊലീസ് അറിയിച്ചു."
*🟨കുവൈത്തിൽ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ പുനരാരംഭിക്കും*
കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ പുനരാരംഭിക്കുമെന്ന് ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയും ബന്ധപ്പെട്ട സുരക്ഷാ അധികൃതരുമായി ഏകോപനം നടത്തിയുമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
മേഖലയിലെ സാഹചര്യം പരിഗണിച്ച് ആദ്യം സ്വീകരിച്ചിരുന്ന മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ നമസ്കാരങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചതിനുശേഷമാണ് നമസ്കാരങ്ങൾ പുനരാരംഭിക്കാൻ തീരുമാനം എടുത്തത്.
പുതിയ ക്രമീകരണപ്രകാരം ഇശാ നമസ്കാരത്തിന് ശേഷം 20 മിനിറ്റിന് ശേഷമാണ് തറാവീഹ് നമസ്കാരം ആരംഭിക്കുക. ഖിയാം നമസ്കാരം ദിവസവും അർദ്ധരാത്രി മുതൽ രാത്രി 12.30 വരെ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രഖ്യാപിച്ച സമയക്രമം കർശനമായി പാലിക്കണമെന്നും പള്ളികളുടെ ഭരണസമിതികൾ നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ അനുസരിച്ച് വിശ്വാസികൾ നമസ്കാരങ്ങളിൽ പങ്കെടുക്കണമെന്നും അധികൃതർ അഭ്യർഥിച്ചു."
*🟨മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രചോദനമായെന്ന് ഭാവന*
തിരുവനന്തപുരം : കേസില്‍ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രചോദനമായെന്ന് ഭാവന. ധൈര്യത്തോടെ നില്‍ക്കണമെന്നും എല്ലാവരും കൂടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതും കൂടുതല്‍ ഊര്‍ജം പകര്‍ന്നെന്ന് റിപ്പോർട്ടർ ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു. കഴിഞ്ഞ ക്രിസ്മസിന് സർക്കാർ നടത്തിയ വിരുന്നില്‍ മുഖ്യാതിഥിയായിരുന്നു ഭാവന.
മറ്റു വിഷയങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ഭാവന മനസുതുറന്നു. വിചാരണ കോടതി വിധിയില്‍ വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിങ് അല്ലായിരുന്നു,എന്നാല്‍ അതേസമയം ഞാന്‍ ഒരു നിസ്സഹായ അവസ്ഥയിലായിരുന്നെന്നും പറഞ്ഞു.
ഫെബ്രുവരിയില്‍ അനോമി സിനിമയുടെ റിലീസ് ഉള്ളതിനാല്‍ ജനുവരി പകുതി മുതല്‍ പ്രൊമോഷന്‍ ഉണ്ടായിരുന്നു. താൻ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല, ശരിയെന്ന് തോന്നിയത് കൊണ്ടാണ് പരാതി നല്‍കിയത്. പരാതി നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ല. അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ലന്നും, താന്‍ മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണെന്ന തോന്നലുണ്ടായി എന്നും ഭാവന കൂട്ടിച്ചേർത്തു.
'അനോമി' യാണ് അവസാനമായി പുറത്തുവന്ന ഭാവന ചിത്രം. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്."
ശുഭദിനം.
Tags:
KERALA