Trending

പ്രഭാത വാർത്തകൾ.

2026  ഒക്ടോബര്‍ 8, വ്യാഴം 
1202  കന്നി 22 | പൂരം
1448  റ:ആഖിർ 26

◾  വോട്ടവകാശത്തേയും ജനാധിപത്യത്തേയും കശാപ്പു ചെയ്തതിനെതിരായ സമരാഗ്‌നിയില്‍ വിറച്ച് ഡല്‍ഹി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ എംപിമാരുടെ പ്രതിഷേധത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും റോഡില്‍ കിടന്നു പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ് ഇരുവരേയും വാഹനത്തില്‍ കയറ്റിയത്. ഇരുവരേയും കസ്റ്റിഡിയിലെടുത്ത ബസ്സിനു മുകളില്‍ പ്രവര്‍ത്തകര്‍ കയറി. നേതാക്കളെ കൊണ്ടുപോകാന്‍ അനുവദിക്കാതെ തടഞ്ഞു. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് പ്രിയങ്ക പ്രതികരിച്ചു. മുഖ്യമന്ത്രി വിഡി സതീശനും സമരരംഗത്തെത്തി.  

◾  തുടര്‍ച്ചയായി നാലാംദിവസം ഇന്ത്യാ സഖ്യം എംപിമാരുടെ നേതൃത്വത്തിലുണ്ടായ മിന്നല്‍ സമരം ഡല്‍ഹി പൊലീസിനെ അമ്പരപ്പിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നല്‍കിയ ഉച്ചഭക്ഷണ വിരുന്നിനുശേഷം പ്രതിപക്ഷ എംപിമാര്‍ സാഗര്‍ രത്ന ഹോട്ടലില്‍നിന്ന് ബസില്‍ കയറി ജന്തര്‍ മന്തറിലേക്കു സമരത്തിനു തിരിക്കുകയായിരുന്നു. ബസുകള്‍ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമായി. പ്രിയങ്ക അടക്കമുള്ള എംപിമാര്‍ നടുറോഡില്‍ കിടന്നു പ്രതിഷേധിച്ചു.

◾  അറസ്റ്റു ചെയ്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയേയും പൊലീസ് രാത്രിയോടെ വിട്ടയച്ചു. രാഹുലിനെ കസ്റ്റഡിയിലാക്കിയ ബാരകമ്പ സ്റ്റേഷന് മുന്നില്‍ സംഘര്‍ഷമുണ്ടായി. രാഹുലിനെ കാണാന്‍ അനുവദിക്കാതെ മുഖ്യമന്ത്രിമാരായ വിഡി സതീശന്‍, രേവന്ത് റെഡ്ഡി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഇടത് എംപിമാര്‍ തുടങ്ങിയവരെ സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞുവച്ചിരുന്നു. പിന്നീട് ഇവരെ അകത്തേക്കു പ്രവേശിപ്പിച്ചു. സ്റ്റേഷനു മുന്നില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു പൊലീസ് നീക്കി.

◾  ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം തുരുമെന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഓരോ കേസും തനിക്കുള്ള മെഡലുകളാണ്. 45 കേസുകളായി, നൂറു തികയ്ക്കുകയാണു ലക്ഷ്യമെന്നും രാഹുല്‍.

◾  ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരേ ഉണ്ടായ പൊലീസ് കൈയേറ്റത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ഇന്നു കരിദിനമായി ആചരിക്കണമെന്ന് എഐസിസി ആഹ്വാനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശികതലം വരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് ആഹ്വാനം.



◾  മുഖ്യ പലിശ നിരക്കായ റിപ്പോ കാല്‍ ശതമാനം ഉയര്‍ത്തി 5.5 ശതമാനമാക്കാന്‍ റിസര്‍വ് ബാങ്ക് ധന നയ സമിതി തീരുമാനിച്ചു. ഭവന വായ്പ അടക്കമുള്ളവയുടെ പലിശനിരക്ക് വര്‍ധിക്കും.

◾  ശബരിമല സ്വര്‍ണ്ണക്കൊള്ള കട്ടിളപ്പാളി കേസില്‍ അന്വേഷണ സംഘം കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.  292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപ്പത്രം. അന്തിമകുറ്റപ്പത്രം സമര്‍പ്പിക്കാന്‍ ഒരു ഫോറന്‍സിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോട്ടറിയില്‍ നിന്നുള്ള ഫലം തിങ്കളാഴ്ച കിട്ടും. അതിനുശേഷം 25ന് അന്തിമ കുറ്റപ്പത്രം സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.

◾  കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് തുടക്കമായി. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് കാര്‍ഗോ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ കാര്‍ഗോ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. ഒരു ടണ്‍ മൊബൈല്‍ ഫോണുകളാണ് ആദ്യ സര്‍വീസില്‍ കൊണ്ടുപോയത്. ഡല്‍ഹിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഇവ കെഎസ്ആര്‍ടിസി വാടകക്കെടുത്ത ട്രക്കിലാണ് ആലുവയിലേക്കു കൊണ്ടുപോയത്.

◾  ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ സമരം ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും സമരത്തില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്നും രാഹുല്‍ ഗാന്ധിയേയും ഇന്ത്യ സഖ്യ എംപിമാരേയും പിന്തുണയ്ക്കാനാണ് ഡല്‍ഹിയില്‍ എത്തിയതെന്നും അദ്ദേഹം കുറിച്ചു.

◾  ഹവാല ഇടപാട് ആരോപണത്തില്‍ മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തായ ഹസന്‍ വാരിസിന്റെ മൊഴി എടുത്തു. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് എസ്ഐടി സംഘം മൊഴിയെടുത്തത്.



◾  കാസറഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധം രാജ്യവിരുദ്ധ ശക്തികളുടേതാണെന്ന് ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടന. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ആണ് ആരോപണം ഉന്നയിച്ചത്.

◾  സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷമായതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താനായില്ല. കെയു ജെനീഷ് കുമാര്‍ എംഎല്‍എ സെക്രട്ടറിയേറ്റില്‍ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജെനീഷിനെ വെട്ടാന്‍ മറ്റൊരു പേരുമായി എതിര്‍ചേരി ഇറങ്ങി. തര്‍ക്കം രൂക്ഷമായതോടെ ഒഴിവ് സമ്മേളന ശേഷം നികത്താമെന്ന് നേതൃത്വം തീരുമാനിച്ചു.

◾  ഇഎന്‍ സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയില്‍ പ്രതികരിക്കാതെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സിപിഎമ്മിന്റെ വിഷയങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം പറഞ്ഞു.

◾  ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യം റദ്ദാക്കി. വിചാരണ നടപടികള്‍ക്കായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നടപടി.

◾  ചിക്കന്‍പോക്സ് മൂലം കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. എല്ലാ ക്ലാസുകളും ഓണ്‍ലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിവച്ചു.

◾  പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവര്‍ എത്ര ഉന്നതരാരായാലും അവര്‍ക്കെതിരെ നിര്‍ദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യമേ സിപിഎമ്മിനൊള്ളൂവെന്നു സിപിഎം നേതാവ് പി.കെ. ശ്രീമതി. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ''വിനാശകാലെ വിപരീതബുദ്ധി ''എന്നേ പറയാനുള്ളൂവെന്ന് ശ്രീമതി പറഞ്ഞു.


◾  മുസ്ലിം ഇതര സമുദായത്തില്‍ നിന്നൊരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും, മുന്‍ സിപിഎം നേതാവുമായ ശ്യാം സുന്ദറിനാണ് പാര്‍ട്ടിയിലെ പുതിയ റോള്‍. ഒരാള്‍ക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റിയും ലീഗ് പുനഃസംഘടിപ്പിച്ചു.

◾  നടന്‍ പ്രേംനസീറിന്റെ മൂത്ത മകളും പരേതനായ റിട്ടയേഡ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.എ. റഷീദിന്റെ പത്നിയുമായ ലൈലാബീഗം അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്നു സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.

◾  വാടാനപ്പള്ളിയില്‍ ഗുണ്ടാനേതാവായ അബ്ദുള്‍ സലാം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായി. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിന്‍, ബിലാല്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. സലാമിന്റെ ശരീരമാസകലം മുറിവുകളുണ്ട്. വാരിയെല്ല് തകര്‍ന്നു. ജനനേന്ദ്രിയത്തിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

◾  ജന്തര്‍മന്തറിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുകാരെ ആക്രമിച്ചെന്ന് ഡല്‍ഹി പൊലീസ് ആരോപിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ചവരെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി നടപടിയെടുക്കുമെന്നും പോലീസ്.

◾  പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു. പശ്ചിമ ബംഗാള്‍ 'പശ്ചിം ബംഗാ' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള ബില്ല് സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ അറിയിച്ചു.



◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ സിജെപി ബംഗ്ളൂരുവിയില്‍ ഇന്നു സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയും നടന്‍ പ്രകാശ് രാജും പങ്കെടുക്കും.

◾  ത്രിപുര രാജകുടുംബാംഗവും തിപ്ര മോത പാര്‍ട്ടി സ്ഥാപകനുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മ അടുത്ത മാസത്തോടെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. സംസ്ഥാനത്തു നടന്ന വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ തിപ്ര മോത പാര്‍ട്ടി വന്‍ വിജയം നേടിയതിനു പിറകേയാണ് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സ്വന്തം ആരോഗ്യത്തിനും കുടുംബത്തിനും മുന്‍ഗണന നല്‍കാനാണ് തീരുമാനമെന്ന് ദേബ്ബര്‍മ പറഞ്ഞു.

◾  ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്തോളം പ്രമുഖ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി. ഇന്ത്യ അണ്ടര്‍-19, ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമുകള്‍ യൂത്ത് ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ കളിക്കാര്‍ പരിശീലനം നടത്തുന്ന സമയത്താണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്.

◾  തമിഴ്നാട്ടില്‍ ഹിന്ദിയില്‍ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിര്‍ത്തിച്ച് ടിവികെ സര്‍ക്കാര്‍. ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ ജി അരുണ്‍രാജ് രംഗത്തെത്തി.

◾  അടച്ചിട്ടിരുന്ന പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജരായ മഹേഷ് ഷെല്‍ക്കെയെ പെട്രോള്‍ പമ്പ് ഉടമയുടെ മകന്‍ ഉമേഷ് പാണ്ഡവീര്‍ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഹിങ്കോളിയിലാണ് സംഭവം.  മൂന്ന് മാസമായി അടച്ചിട്ടിരുന്ന ചോന്ധിയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് പുനരാരംഭിക്കാന്‍ പെട്രോള്‍ പമ്പ് ഉടമ സാഹേബ്റാവു പാണ്ഡവീറിന്റെ കുടുംബം ഒരു മാസം കൂടി സമയം ചോദിച്ചിരുന്നു.  

◾  വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ സീമാപുരിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് ഒരു കുഞ്ഞ് അടക്കം രണ്ടു പേര്‍ മരിച്ചു എട്ടുപേരെ രക്ഷപ്പെടുത്തി. ഡല്‍ഹി ഫയര്‍ സര്‍വീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

◾  ഓര്‍ഗാനിക് കെമിസ്ട്രിയില്‍ കൈറാലിറ്റിക്ക് ഉത്തരം കണ്ടെത്തിയ ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും രസതന്ത്ര നൊബേല്‍ പുരസ്‌കാരം. രണ്ട് തന്മാത്രകള്‍ക്ക് പരസ്പര പ്രതിബിംബ സമാന ഘടനയുണ്ടാകുന്നത് എന്തു കൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഇവരുടെ ഗവേഷണമാണ്. മരുന്നു ഗവേഷണത്തിലടക്കം ഈ ഗവേഷണം നിര്‍ണായകമായി.

◾  സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഞാന്‍ വീമ്പു പറയുകയല്ല. എട്ട് യുദ്ധങ്ങളാണ് ഞാന്‍ അവസാനിപ്പിച്ചതെ'ന്നു പറഞ്ഞ ട്രംപ് മറ്റൊരു നേട്ടം കൂടി ഉടനുണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

◾  ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് 81 സൈനിക വിമാനങ്ങള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ട്. ഏകദേശം 330 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണു കണക്ക്.

◾  ഇറാഖില്‍ നിന്ന് അമേരിക്കന്‍, ബ്രിട്ടീഷ് സൈന്യങ്ങള്‍ പൂര്‍ണ്ണമായി പിന്മാറി. ഈ പിന്മാറ്റം ഇറാഖ് സര്‍ക്കാരും അമേരിക്കയും ആഘോഷിക്കുമ്പോള്‍, യഥാര്‍ത്ഥ നേട്ടം ഇറാനും ഷിയാ സായുധ സംഘടനകള്‍ക്കുമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത് പശ്ചിമേഷ്യന്‍ മേഖലയില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

◾  ഹൂത്തി ആക്രമണത്തില്‍ സൗദി അറേബ്യയില്‍ മൂന്ന് മരണം. അബഹ വിമാനത്താവളത്തിന് നേരേയും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ഉണ്ടായ ആക്രമണത്തിലാണ് മൂന്നു പേര്‍ മരിച്ചത്.

◾  യൂറോപ്യന്‍ പാര്‍ലമെന്റിന്റെ കെട്ടിടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നഗ്ന പ്രതിമ! ചെറിയൊരു മനുഷ്യന്റെ ചുമലില്‍ നഗ്നനായ ട്രംപ് ഇരിക്കുന്നതിനാല്‍ ഭാരത്താല്‍ തളരുന്ന   തരത്തിലാണ് പ്രതിമ. 23 കാരറ്റ് സ്വര്‍ണപ്പാളി കൊണ്ട് പൊതിഞ്ഞ ഏകദേശം 8.5 അടി ഉയരമുള്ള ശില്‍പത്തിന് 'ദി ഓറഞ്ച് പ്ലേഗ്' എന്നാണ് പേര്. ഡാനിഷ് ശില്‍പി ജെന്‍സ് ഗാല്‍ഷിയോട്ട് ആണ് പ്രതിമ നിര്‍മിച്ചത്.

◾  സൗദി അറേബ്യയിലെ സാധാരണക്കാര്‍ക്കും കപ്പലുകള്‍ക്കും നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. റിയാദിന് നേരെ വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി സഖ്യസേന വിജയകരമായി തകര്‍ത്തു. മുന്‍പ് നടന്ന ആക്രമണങ്ങളില്‍ ഒരു പ്രവാസിക്ക് പരിക്കേല്‍ക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

◾  ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ യൂട്യൂബിലൂടെ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റല്‍ സ്ട്രീമിംഗ് പങ്കാളിയായി യൂട്യൂബിനെ ഉള്‍പ്പെടുത്തിയതോടെ ആരാധകര്‍ക്ക് പ്രത്യേക വരിസംഖ്യയോ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകളോ ഇല്ലാതെ തന്നെ മത്സരങ്ങള്‍ കാണാം.

◾  37,700 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കെത്തുന്നു. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ ഐ.പി.ഒ.യാകും ജിയോ പ്ലാറ്റ്ഫോംസിന്റേത്. ദസറയോടനുബന്ധിച്ച് ഒക്ടോബര്‍ 21-ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കും. ലിസ്റ്റിങ് ഉള്‍പ്പെടെയുള്ള എല്ലാ ഐ.പി.ഒ. നടപടികളും ഒക്ടോബര്‍ 30-ന് മുമ്പ് പൂര്‍ത്തിയാക്കും. 2024ല്‍ നടന്ന ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 27,859 കോടിയുടെ ഐ.പി.ഒ. റെക്കോഡിനെയും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ 22,562 കോടിയുടെ ഇഷ്യൂവിനെയും മറികടന്ന് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.യാകും. 2006-ല്‍ റിലയന്‍സ് പെട്രോളിയം ലിസ്റ്റ് ചെയ്തതിനുശേഷം രണ്ടു പതിറ്റാണ്ടിനിടെ റിലയന്‍സ് ഗ്രൂപ്പില്‍നിന്നുള്ള ആദ്യ പബ്ലിക് ഇഷ്യൂവാണിത്. അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ 27,500 കോടി രൂപയോളം വരുന്ന കടം മുന്‍കൂട്ടി തിരിച്ചടയ്ക്കാനാകും തുക വിനിയോഗിക്കുക.

◾  പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. നിരക്കില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടൊപ്പം ഒരു സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്കേജ് ഉള്‍പ്പെടുത്തി കൊണ്ടാണ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചത്. വ്യാഴാഴ്ച മുതല്‍ പുതിയ പ്ലാനുകള്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ ഒരു മാസത്തിനകം അനുയോജ്യമായ ഉയര്‍ന്ന പ്ലാനിലേക്ക് മാറ്റുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സൗജന്യമായി നല്‍കുന്ന അന്താരാഷ്ട്ര റോമിങ് ആനുകൂല്യം വഴി 2000 രൂപയുടെ പ്രയോജനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്കേജിന് അഞ്ചുദിവസത്തെ കാലാവധിയാണ് ഉണ്ടാകുക. അഞ്ച് ജിബി ഡേറ്റ, 60 മിനിറ്റ് കോള്‍, 25 ഔട്ട്‌ഗോയിങ് എസ്എംഎസ്, സൗജന്യ ഇന്‍കമിങ് എസ്എംഎസ് എന്നിവയാണ് ഈ പാക്കേജിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

◾  'വാഴ 1'ന്റെ സൂപ്പര്‍ഹിറ്റിന് ശേഷം ആനന്ദ് മേനന്‍ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന 'ഹാപ്പിലൂപ്പി'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മഞ്ജു വാര്യര്‍ക്കൊപ്പം മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്. ഗൗതം ശങ്കര്‍ ഛായാഗ്രഹണം. എഡിറ്റര്‍ - കണ്ണന്‍ മോഹന്‍. സംഗീതം - ഇലക്ട്രോണിക് കിളി, പാര്‍വതീഷ് പ്രദീപ്. ഫാമിലി ഫണ്‍, യൂത്ത് എനര്‍ജി, ഫീല്‍-ഗുഡ് മൂഡ് എന്നിവ ഒരുമിക്കുന്ന ചിത്രമായിരിക്കുമോ 'ഹാപ്പിലൂപ്പ്' എന്ന കൗതുകവും പോസ്റ്റര്‍ ഉയര്‍ത്തുന്നു.

◾  റിലീസിന് മുന്നോടിയായി സിനിമാസ്വാദകര്‍ക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്  'സ്പ്രിംഗ്' ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ടീം പുറത്തുവിട്ട 'കണ്ണാടി പെണ്ണേ'' എന്ന ഗാനം ഉപയോഗിച്ച് റീല്‍ ചെയ്യുതിനൊപ്പം അത് കൊളാബ് ആയി പോസ്റ്റ് ചെയ്യുകയും വേണം. ഇതിലൂടെ പ്രേക്ഷകര്‍ക്ക് ക്യാഷ് പ്രൈസ് നേടാനാകും. ഏറ്റവും കൂടുതല്‍ റീച്ച് നേടുന്നയാള്‍ക്ക് ഒന്നാം സമ്മാനമായ പതിനായിരം രൂപ ലഭിക്കും. യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും ചെയ്യുന്നു. ഉണ്ണി ലാലു, പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പില്‍ അശോകന്‍, വിനീത് തട്ടില്‍, ഉണ്ണി രാജ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവുമായി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 30നാണ് റിലീസ്.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ബോണ്‍വില്ലെ ടി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.54 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ടിഎഫ്ടി ഡിസ്‌പ്ലേയ്ക്ക് പകരം ടി4ല്‍ കളര്‍ എല്‍സിഡി ഡിസ്‌പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്. ടേണ്‍-ബൈ- ടേണ്‍ നാവിഗേഷന്‍, ബ്ല്യൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളോടെയാണ് പുതിയ എല്‍സിഡി ഡിസ്‌പ്ലേ വരുന്നത്. ഫാന്റം ബ്ലാക്ക്, കാര്‍ണിവല്‍ റെഡ്, കോംപറ്റീഷന്‍ ഗ്രീന്‍ എന്നിങ്ങനെ വ്യത്യസ്തമായ കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ലിക്വിഡ് കൂള്‍ഡ് 350 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഈ എന്‍ജിന് 7000 ആര്‍പിഎമ്മില്‍ 28.2 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 31എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനാകും. റോഡ്, റെയിന്‍, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകള്‍ ഉണ്ട്.

◾  ചില പക്ഷികള്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഏതു പക്ഷിയാണ് കടിയന്‍ ഉറുമ്പുകളുടെ കൂട്ടില്‍ മുട്ടയിടുന്നത്? മണ്ണാത്തിപ്പുള്ള് എന്തിനാണ് പാട്ട് പാടുന്നത്? മയില്‍ എങ്ങനെ നമ്മുടെ ദേശീയപക്ഷിയായി? ആണ്‍കുയിലും പെണ്‍കുയിലും പാട്ട് പാടാറുണ്ടോ? സ്വദേശികളും വിദേശികളുമായ പക്ഷിലോകത്തിന്റെ കൗതുകങ്ങള്‍ വിശദമായി അറിയുവാന്‍ സഹായിക്കുന്ന പുസ്തകം. പക്ഷികളുടെ മനോഹരചിത്രങ്ങളും അപൂര്‍വ്വവിശേഷങ്ങളുമായി സവിശേഷഗ്രന്ഥം. 'കേരളത്തിലെ പക്ഷികള്‍: സ്വദേശികളും വിദേശികളും'. മാതൃഭൂമി. വില 374 രൂപ.

◾  ശരീരത്തിന് ആവശ്യമുള്ള നാരുകള്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പേരയ്ക്ക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാന്‍ കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉല്‍പാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കില്ലെന്ന് ആയുര്‍വേദം പറയുന്നു. മാത്രമല്ല, പേരയ്ക്ക അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാകാം. ചിലര്‍ക്ക് പേരയ്ക്ക അലര്‍ജിയുണ്ടാക്കാം. ചൊറിച്ചില്‍, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകള്‍, പ്രമേഹ മരുന്നുകള്‍, രക്തസമ്മര്‍ദ മരുന്നുകള്‍ എന്നിവയുമായി പേരയ്ക്ക പ്രതിപ്രവര്‍ത്തിച്ചേക്കാം. പേരയ്ക്കയില്‍ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് പ്രമേഹമുള്ളവര്‍ക്കും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രശ്നമുണ്ടാക്കാം. പഞ്ചസാരയുടെയും ആസിഡിന്റെയും അളവ് കൂടുതലായതിനാല്‍ ശരിയായ രീതിയില്‍ വായ വൃത്തിയാക്കിയില്ലെങ്കില്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാം. മിതത്വം പാലിക്കുകയാണ് പ്രധാനം. ദിവസവും ഒന്നോ- രണ്ടോ പേരയ്ക്ക കഴിക്കുന്നതില്‍ കുഴപ്പമില്ല. നല്ലതു പോലെ പഴുത്ത പേരയ്ക്ക വേണം തിരഞ്ഞെടുക്കാന്‍. പഴുക്കാത്ത പേരയ്ക്ക കഴിക്കുന്നത് വയറുവേദന ഉണ്ടാക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ട്രെയിന്‍  യാത്രയിലായിരുന്നു അവര്‍. ആ രണ്ടു സ്ത്രീകള്‍ക്കിടയില്‍ ഒരു കുട്ടിയുമുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു അവന്റെത്. ഉറക്കംതൂങ്ങി അവന്‍ ഒരു സ്ത്രീയുടെ തോളില്‍ ചാരിയപ്പോള്‍ അവള്‍ അസ്വസ്ഥയായി എന്തൊക്കെയോ പറഞ്ഞു. അല്‍പം കഴിഞ്ഞ് അവന്‍ വീണ്ടും മറ്റേ സ്ത്രീയുടെ തോളില്‍ ചാരാന്‍ തുടങ്ങി. അവള്‍ ആദ്യത്തെ സ്ത്രീയോട് കയര്‍ത്തു.  നിന്റെ കുട്ടിയെ നിന്റെ മടിയില്‍ കിടത്തണം.'' അത് തന്റെ കുട്ടിയല്ലെന്ന് അവള്‍ നിഷേധിച്ചു. വഴക്കു മൂത്തപ്പോള്‍ ഉറക്കമുണര്‍ന്ന കുട്ടി പറഞ്ഞു: ഞാന്‍ ആരുടേതുമല്ല... എനിക്കാരുമില്ല.'' അവന്‍ അവിടെനിന്ന് എഴുന്നേറ്റുപോയി. എല്ലാവര്‍ക്കും അവരവരുടേതായ ഒരിടം വേണം.  വളരാനും, ചിന്തിക്കാനും, സ്വന്തം ഇഷ്ടങ്ങളിലൂടെ സഞ്ചരിക്കാനും കഴിയുന്ന ഒരിടം. സ്വന്തം അസ്തിത്വത്തിനും അഭിപ്രായത്തിനും വില ലഭിക്കുന്ന, ആത്മാഭിമാനം കാത്തുസൂക്ഷിക്കാനാകുന്ന ഒരിടം.  മറ്റൊരാളുടെ രൂപമോ സ്വഭാവമോ പെരുമാറ്റമോ നമുക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ അതിന്റെ പേരില്‍ അവരുടെ ഇടം നാം ഇല്ലാതാക്കരുത്.  ഒരാള്‍ക്ക് സ്വന്തം ഇടം നല്‍കുക എന്നത് അവന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതുപോലെ, നമ്മുടെ മനുഷ്യത്വത്തെയും ഉയര്‍ത്തുന്ന കാര്യമാണ്. കാരണം, ഒരുനാള്‍ നമുക്കും ഒരു ഇടം ആവശ്യമായി വരും... അന്നാണ് മനസ്സിലാകുക - ആരും അന്യരല്ലെന്ന്. - ശുഭദിനം.
Previous Post Next Post
3/TECH/col-right