Trending

പണം അടയ്ക്കാതെ വകുപ്പുകൾ: ഒ.ടി.പി. വരാത്തതിൽ വലഞ്ഞ് ജനങ്ങൾ.

എളേറ്റിൽ: അക്ഷയ കേന്ദ്രങ്ങളിലും, വിവിധ സർക്കാർ പോർട്ടലുകളിലും സേവനങ്ങൾക്കായി അപേക്ഷിച്ച് മണിക്കൂറുകളോളം കാത്തിരുന്നിട്ടും മൊബൈൽ ഫോണുകളിലേക്ക് OTP (വൺ ടൈം പാസ്‌വേഡ്) എത്തുന്നില്ലെന്ന പരാതി ശക്തമാകുന്നു. മോട്ടോർ വാഹന വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിൽ ഈ പ്രശ്നം നിത്യസംഭവമായി മാറിക്കഴിഞ്ഞു. 

നെറ്റ്‌വർക്ക് തകരാറോ ഫോണിന്റെ കുഴപ്പമോ ആണ് ഇതിന് കാരണമെന്നാണ് ഭൂരിഭാഗം ജനങ്ങളും കരുതുന്നത്. എന്നാൽ യഥാർത്ഥ വില്ലൻ വകുപ്പുകൾ വരുത്തിവെക്കുന്ന സാമ്പത്തിക കുടിശ്ശികയാണെന്ന യാഥാർത്ഥ്യം പുറത്തുവരുന്നു.
മൊബൈൽ ഫോണുകളിലേക്ക് അയക്കുന്ന ഓരോ ഒടി പി സന്ദേശത്തിനും സർവീസ് പ്രൊവൈഡർമാർക്ക് നിശ്ചിത തുക സർക്കാർ വകുപ്പുകൾ മുൻകൂറായി നൽകേണ്ടതുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമപ്രകാരം ബൾക്ക് സന്ദേശങ്ങൾക്ക് പണം ഈടാക്കുന്നുണ്ട്.

എന്നാൽ പല വകുപ്പുകളും ഇതിനായി കൃത്യസമയത്ത് ഫണ്ട് അനുവദിക്കുകയോ മുൻകൂറായി തുക നിക്ഷേപിക്കുകയോ ചെയ്യുന്നില്ല. ഇതോടെ മുൻകൂർ തുകയോ ബജറ്റോ തീരുമ്പോൾ ഓട്ടോമാറ്റിക്കായി OTP സേവനങ്ങൾ ടെലികോം കമ്പനികൾ വിച്ഛേദിക്കുകയാണ് ചെയ്യുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ ലൈസൻസ് പുതുക്കൽ, വാഹനം കൈമാറ്റം ചെയ്യൽ, ഭക്ഷ്യസുരക്ഷാ ലൈസൻസ്, റേഷൻ കാർഡ് സേവനങ്ങൾ എന്നിവയ്ക്കെല്ലാം ഇ-കെവൈസി (e-KYC) നിർബന്ധമാണ്. ഇതിന് ആധാറുമായി ബന്ധിപ്പിച്ച ഫോണിലേക്ക് ഒടി പി വന്നേ മതിയാകൂ. മുൻകൂർ തുക തീരുന്നതോടെ സിസ്റ്റം സന്ദേശങ്ങൾ അയക്കുന്നത് നിർത്തും. 

മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം ഒടിപി ലഭിക്കാത്തതിനെ തുടർന്ന് സേവനം ലഭിക്കാതെ മടങ്ങേണ്ടി വരുന്നത് ആയിരക്കണക്കിന് സാധാരണക്കാരാണ്.
പ്രശ്നം സാങ്കേതികമല്ലെന്നും വകുപ്പുകളുടെ സാമ്പത്തിക വീഴ്ചയാണെന്നും അറിയാതെ ജനങ്ങൾ പലപ്പോഴും അക്ഷയ കേന്ദ്ര ജീവനക്കാരുമായും മറ്റ് ജീവനക്കാരുമായും തർക്കത്തിൽ ഏർപ്പെടുന്ന സ്ഥിതിയുമുണ്ട്. സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഒഴിയാതെ, വകുപ്പുകൾ കൃത്യസമയത്ത് ഫണ്ട് അനുവദിച്ചാൽ മാത്രമേ ജനങ്ങൾക്ക് ഈ ദുരിതത്തിൽ നിന്ന് മോചനം ലഭിക്കൂ.
Previous Post Next Post
3/TECH/col-right