കോഴിക്കോട്: വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കോഴിക്കോട് തൊട്ടിൽപ്പാലത്താണ് സംഭവം. കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സുഹൃത്തായ യുവാവാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്ത് അറിയിച്ചാൽ കൊന്നുകളയുമെന്ന് യുവാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവർ പെൺകുട്ടിയെ അവരുടെ ബന്ധുവീടിന് സമീപം കൊണ്ടെത്തിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു.
മൂന്ന് കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അടുത്തിടെ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയിൽ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുന്നത്.
Tags:
KOZHIKODE