Trending

പ്രഭാത വാർത്തകൾ

*🟨"37 രാജ്യസഭാസീറ്റിൽ വോട്ടെടുപ്പ്‌ ഇന്ന്‌*

ന്യൂഡൽഹി: ​10 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 37 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്‌ തിങ്കളാഴ്‌ച നടക്കും. ഏപ്രിലോടെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. പകൽ ഒന്പത്‌ മുതൽ വൈകിട്ട്‌ നാല്‌ വരെയാണ്‌ വോട്ടെടുപ്പ്‌. പകൽ അഞ്ചിന്‌ വോട്ടെണ്ണൽ തുടങ്ങി രാത്രിയോടെ ഫലം പുറത്തുവിടും. മഹരാഷ്‌ട്ര, തമിഴ്‌നാട്‌, ഒഡിഷ, പശ്‌ചിമ ബംഗാൾ, അസം, ബിഹാർ, ഛത്തീസ്‌ഗഡ്‌, ഹരിയാന, ഹിമാചൽ പ്രദേശ്‌, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളാണ്‌ ഒഴിവുവരുന്നത്‌.

ശരദ്‌ പവാർ, എം തന്പിദുരൈ, ജി കെ വാസൻ,‍ തിരുച്ചിശിവ, പ്രിയങ്കാ ചഥുർവേദി, രാംദാസ്‌ അത്താവാല തുടങ്ങിയവരുടെ കാലാവധിയാണ്‌ പൂർത്തിയാകുന്നത്‌. പല സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ എംഎൽഎമാരെ മറ്റ്‌ സംസ്ഥാനത്തെ റിസോർട്ടുകളിൽ ‘ഒളിപ്പിച്ചിട്ടുണ്ട്‌’."
  
   *🟨"കേരളത്തിൽ പോളിങ് ഏപ്രിൽ 9ന്; വോട്ടെണ്ണൽ മെയ് 4ന്*
ന്യൂഡൽഹി: കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമബംഗാൾ എന്നിവടങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. മെയ് നാലിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.

പുതുച്ചേരി, അസം തെരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23നും പശ്ചിമ ബംഗാളിൽ രണ്ടു ഘട്ടങ്ങളായി ഏപ്രിൽ 23, 29 തീയതികളിലും നടക്കും.

കേരളത്തിലെ 140 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16നുണ്ടാകും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 23ന്. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24ന് നടക്കും. മാർച്ച് 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.

*സംസ്ഥാനം*

*പോളിങ് തീയതി*

*വോട്ടെണ്ണൽ*

കേരളം

ഏപ്രിൽ 9

മെയ് 4

അസം

ഏപ്രിൽ 9

മെയ് 4

പുതുച്ചേരി

ഏപ്രിൽ 9

മെയ് 4

തമിഴ്നാട്

ഏപ്രിൽ 23

മെയ് 4

പശ്ചിമ ബംഗാൾ

ഏപ്രിൽ 23, 29

മെയ് 4

സംസ്ഥാനങ്ങൾ സന്ദർശിച്ച് തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തിയെന്നും തീവ്ര വോട്ടർപട്ടിക പരിഷ്കരണം വിജയകരമായി പൂർത്തിയാക്കിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. 17.4 കോടി വോട്ടർമാർ തെരഞ്ഞെടുപ്പിൽ ഭാഗമാകും.വോട്ടർപട്ടിക ശുദ്ധീകരണം ലക്ഷ്യം വെച്ചാണ് എസ്ഐആർ നടത്തിയത്. 824 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഉത്സവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു."

    *🟨"ഇറാനിലേക്ക്‌ യുഎസ് ഇസ്രയേൽ സംയുക്ത ആക്രമണം: അറുതിയില്ലാതെ ചോരക്കളി*
തെഹ്‌റാൻ/വാഷിങ്‌ടൺ: യുഎസും ഇസ്രയേലും ഇറാനിലേക്ക്‌ നടത്തുന്ന സംയുക്ത ആക്രമണം 17–ാം ദിവസവും തുടരുന്നു.ഇറാനിലെ ഇസ്‌ഫഹാൻ നഗരത്തിലേക്ക്‌ ഞായറാഴ്ച നടന്ന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഇതുവരെ മരണം 1000 ആയി. മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ അബ്‌ദുള്ള ജലാലി നാസബ്‌ ഇസ്ര്യൽ കൊല്ലപ്പെട്ടെന്ന്‌ ഇറാൻ സ്ഥിരീകരിച്ചു.

ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തുന്നു. മധ്യ ഇസ്രയേലിൽ മിസൈലുകൾ വരുന്നതിന്റെ മുന്നോടിയായി സൈറൺ മുഴങ്ങിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. യുഎസ്‌ സൈനിക താവളങ്ങളിലേക്ക്‌ 50–ാം തവണയും ആക്രമണം നടത്തിയതായി ഐആർജിസി അറിയിച്ചു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്‌ എന്നിവിടങ്ങളിലേക്കും ആക്രമണമുണ്ടായി. ഇറാഖിലുള്ള യുഎസ്‌ പ‍ൗരർ രാജ്യം വിടണമെന്ന്‌ യുഎസ്‌ എംബസി അറിയിച്ചു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ ലെബനനിലെ വിവിധ നഗരങ്ങൾ തകർന്നു. കന്റാരയിൽ രണ്ട്‌ കുട്ടികളടക്കം ഒരു കുടുംബം മുഴുവൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുവരെ 850 പേരാണ്‌ കൊല്ലപ്പെട്ടത്‌. എട്ട് ലക്ഷം പേർ അഭയാർഥികളായി.

*ഇസ്രയേലിൽ 
മൂവായിരത്തിലേറെ 
പേർക്ക് പരുക്ക്*

ജെറുസലേം: കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേർക്ക്‌ പരുക്കേറ്റതായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഏതാണ് ആക്രമണമെന്ന് വെളിപ്പെടുത്തിയില്ല. രണ്ടാഴ്ചയ്‍ക്കിടെ ഇസ്രയേലിൽ 3195 പേരെ പരിക്കേറ്റതായാണ് റിപ്പോർട്ട്."

*​കുവൈത്ത്‌ വിമാനത്താവളത്തിലേക്ക് ആക്രമണം*

മനാമ: കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഡാർ സംവിധാനം തകർന്നു. ശനിയാഴ്ച അർധരാത്രി നിരവധി ഡ്രോണുകളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്‌. ആർക്കും പരുക്കില്ല. കുവൈത്തിലെ അഹമ്മദ് അൽ ജാബർ വ്യോമ താവളത്തിന് സമീപം ഡ്രോൺ പതിച്ച് മൂന്ന് സൈനികർക്ക് പരിക്കേറ്റു. മൂന്നെണ്ണം തകർത്തെങ്കിലും രണ്ട് ഡ്രോണുകൾ താവളത്തിൽ പതിച്ചെന്നും നാശനഷ്ടങ്ങൾ ഉണ്ടായെന്നും പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ മുതൽ യുഎഇ ലക്ഷ്യമാക്കി വന്ന നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തു. യുഎഇയിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാല് ഡ്രോണുകൾ തകർത്തു. അൽഖർജ് ഗവർണറേറ്റിൽ ആറ് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞു. ബഹ്‌റൈനിലേക്കുള്ള ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന്‌ നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള ലാനാസ് റിഫൈനറിക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായി.

*യുദ്ധം അവസാനിപ്പിക്കാൻ
തയ്യാറല്ലെന്ന്‌ ട്രംപ്‌*

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇറാൻ ചർച്ചയ്ക്ക്‌ തയ്യാറാണെന്നും പക്ഷേ അവർ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകൾ നല്ലതല്ലെന്നുമാണ്‌ ട്രംപിന്റെ വാദം.ഇറാന്റെ പുതിയ പരമോന്നത നേതാവ്‌ മൊജ്‌തബ ഖമനേയി ജീവനോടെ ഉണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും വിദേശ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സമാധാന കരാർ വേണമെന്നും ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ഇറാൻ വിദേശ മന്ത്രി അബ്ബാസ്‌ അരിഗാച്ചി പ്രതികരിച്ചു.

*ഇറാനിൽ ‘കരിമഴ’*

തെഹ്‌റാൻ: ഇറാനിലെ എണ്ണസംഭരണികൾക്ക്‌ നേരെയുള്ള യുഎസ്, ഇസ്രയേൽ ആക്രമണത്തെ തുടർന്ന് രാജ്യത്താകെ ‘കരിമഴ’ പെയ്യുന്നു. എണ്ണസംഭരണി കത്തി അന്തരീക്ഷത്തിൽ വ്യാപിച്ച വിഷപ്പുകയാണ് കരിമഴയായി പെയ്‍തിറങ്ങുന്നത്. ഒരാഴ്ചയായി തെഹ്‌റാനിലടക്കം പെയ്‍ത എണ്ണമയമുള്ള മഴ കടുത്ത ആരോഗ്യ, പാരിസ്ഥിതികപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

തെഹ്‌റാൻ നിവാസികൾക്ക് വ്യാപകമായി കണ്ണെരിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെടുന്നു ഇത് വായു മലിനീകരണതോത് ഉയർത്തിയെന്ന് ലോകാരോഗ്യ സംഘടനയും ഇറാന്റെ പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു. ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മാസ്‌ക്‌ ധരിക്കണമെന്നും നിർദേശിച്ചു.

മഴയ്ക്ക് അമ്ലഗുണമുള്ളതിനാൽ പൊള്ളലേൽക്കാനും സാധ്യതയുണ്ട്. 25 വർഷം മുൻപ് കുവൈത്ത് യുദ്ധകാലത്ത് ഉണ്ടായതിന് സമാനമായ പാരിസ്ഥിതിക ദുരന്തത്തിനാണ് ഇറാൻ സാക്ഷ്യം വഹിക്കുന്നത്.

    *🟨വിധിയെഴുതാൻ പുതുച്ചേരി*
പുതുച്ചേരി: കേരളത്തിലെ മാഹി ഉൾപ്പെടുന്ന പുതുച്ചേരി നിയമസഭയിലേക്കും ഏപ്രിൽ ഒന്പതിനാണ്‌ വോട്ടെടുപ്പ്‌. 30 അംഗ നിയമസഭയിലേക്ക്‌ 9.44 ലക്ഷം വോട്ടർമാരാണ്‌ വിധിയെഴുതുക. ബിജെപി–എൻആർ കോൺഗ്രസ്‌ സർക്കാരിനെതിരായ ജനവിധിക്ക്‌ തയാറെടുക്കുകയാണ്‌ പുതുച്ചേരി ജനത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പ്‌ കോൺഗ്രസ്‌ നേതാക്കളെയും എംഎൽഎമാരെയും കാലുമാറ്റിയാണ്‌ ബിജെപി പുതുച്ചേരിയിൽ ചുവടുറപ്പിച്ചത്‌.

നോട്ടുകെട്ടും ഇഡി, സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെയും ഇറക്കിയാണ്‌ പിസിസി പ്രസിഡന്റ്‌ അടക്കമുള്ളവരെ കാലുമാറ്റിയത്‌. കാലുമാറി എത്തിയവരുടെ അടിത്തറയിലാണ്‌ എൻആർ കോൺഗ്രസ്‌–ബിജെപി സഖ്യസർക്കാർ അഞ്ചുവർഷം ഭരിച്ചത്‌. വ്യാജ മരുന്നുവിൽപ്പനയടക്കമുള്ള വന്പൻ അഴിമതികൾ നടന്നത്‌ ഇ‍ൗ കാലയളവിലാണ്‌. പുതുച്ചേരിക്ക്‌ സംസ്ഥാന പദവി അനുവദിക്കാത്തതിലും എൻആർ കോൺഗ്രസിന്‌ അതൃപ്‌തിയുണ്ട്‌.

*പ്രതീക്ഷ ഡിഎംകെ 
മുന്നണിയിൽ*

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യസ്ഥാനാർഥിയായി കോൺഗ്രസിലെ വി വൈദ്യലിംഗമാണ്‌ പുതുച്ചേരി മണ്ഡലത്തിൽ ജയിച്ചത്‌. ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും സഖ്യം ലീഡ്‌ നേടി. നിയമസഭാ തെരഞ്ഞെടുപ്പിലും ഇ‍ൗ ട്രെൻഡ്‌ ആവർത്തിക്കാനാണ്‌ സാധ്യത. നേതാക്കൾ ബിജെപി കൂടാരത്തിലേക്ക്‌ ചാടിയതോടെ തീർത്തും ദുർബലമായ അവസ്ഥയിലാണ്‌ കോൺഗ്രസ്‌. തമിഴക മാതൃകയിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വേണമെന്ന്‌ ഇടതുപക്ഷ പാർടികൾ ആവശ്യപ്പെടുന്നു.

എൻആർ കോൺഗ്രസ്‌–ബിജെപി സഖ്യത്തിലും ഭിന്നതയുണ്ട്‌. ലക്ഷ്യ ജനനായക കക്ഷി (എൽജെകെ)യെ എൻഡിഎ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന്‌ ബിജെപി ആവശ്യപ്പെടുന്നുണ്ടെങ്കിലും എൻആർ കോൺഗ്രസ്‌ അംഗീകരിച്ചിട്ടില്ല. ബിഹാർ മോഡലിൽ പുതുച്ചേരിയിൽ കാലുറപ്പിക്കാനുള്ള
വഴിതേടുകയാണ്‌ പ്രതിപക്ഷം.

    *🟨"ഹിന്ദു യുവാവിന്റെ മരണം: ‍ഡൽഹിയിൽ 70 കടകൾ ഇടിച്ചുനിരത്തി*
ന്യൂഡൽഹി: ​ഹോളി ആഘോഷങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഹിന്ദുയുവാവ് കൊല്ലപ്പെട്ടതിനുപിന്നാലെ ഡൽഹി ഉത്തംനഗറിൽ 70 കടകളുടെ ഭാഗങ്ങൾ അനധികൃതമെന്ന് ആരോപിച്ച് ഡൽഹി മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കി. കാൽനടയാത്രക്കാർക്ക് തടസമായ വസ്തുക്കൾ നീക്കംചെയ്‍തെന്നാണ് ബിജെപി ഭരിക്കുന്ന കോർപറേഷന്റെ വിശദീകരണം.

മാർച്ച് നാലിന് ഹോളി ആഘോഷത്തിനിടെ വെള്ളം നിറച്ച ബലൂൺ എറിഞ്ഞതുമായി ബന്ധപ്പെട്ട ഇരുമത വിഭാഗക്കാരായ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് തരുൺ (26) എന്ന യുവാവ് മരിച്ചത്. പിന്നാലെ പ്രദേശത്ത് സംഘർഷം വ്യാപിച്ചു. കൊലപാതകത്തിൽ പ്രതിയായ ആളുടെ കെട്ടിടത്തിന്റെ ഭാഗങ്ങൾ മാർച്ച് എട്ടിന് മുൻസിപ്പൽ കോർപറേഷൻ പൊളിച്ചു.

പിന്നാലെയാണ് കൂടുതൽ കടകൾ ഇടിച്ചുനിരത്തിയത്. ന്യൂനപക്ഷങ്ങളുടെ കടകൾ തെര‍ഞ്ഞെുപിടിച്ച് പൊളിച്ചെന്ന ആരോപണം ശക്തമാണ്."

   *🟨"ജൻ ആക്രോശ്‌ ജാഥ വാരാണസിയിൽ*

ന്യൂഡൽഹി: രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്‌ക്കും ഇസ്രയേലിനും അടിയറവെച്ച മോദി സർക്കാരിനെതിരെ സിപിഐ എം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ജൻ ആക്രോശ്‌ ജാഥ വൻജനകീയ പങ്കാളിത്തവുമായി മുന്നേറുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ജാഥയിൽ പങ്കെടുത്തു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ നരേന്ദ്രമോദി സർക്കാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്ന്‌ എം എ ബേബി ചന്ദ‍ൗലിയിലെ പൊതുയോഗത്തിൽ പറഞ്ഞു. ഉത്തർപ്രദേശിൽ സിപിഐ എം ശക്തി വർധിക്കും. ബിജെപി വിരുദ്ധ സർക്കാർ യുപിയിൽ അധികാരത്തിലെത്തുന്നതിന്‌ പാർടി പരിശ്രമിക്കും. ആദിത്യനാഥിന്റെയും അമിത് ഷായുടെയും ബുൾഡോസറുകളെ ജനങ്ങൾ ഒരുമിച്ച്‌ നിന്ന്‌ ചെറുക്കണം. കേരളത്തിൽ 100 ​​ശതമാനം കുട്ടികളും സ്കൂളിൽ പോകുന്പോൾ യുപിയിൽ സ്ഥിതി മറിച്ചാണ്‌. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ബിരുദം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയെന്നും എം എ ബേബി പറഞ്ഞു.

ബിഹാറിലെ ബെഗുസരായ്‌, സമസ്‌തിപുർ ജില്ലകളിൽ പിബി അംഗം അശോക്‌ ധാവ്‌ളെ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. നൂറുകണക്കിന്‌ പേരാണ്‌ ജാഥയെ സ്വീകരിക്കാൻ എത്തിയത്‌. ബിഹാറിൽ അഞ്ച്‌ ഗ്രൂപ്പുകളായാണ്‌ ജാഥ പുരോഗമിക്കുന്നത്‌. രാജസ്ഥാനിലെ ഉദയ്‌പുരിലെ വിവിധ ഗ്രാമങ്ങളിൽ മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌, പി ബി അംഗം അമ്രാറാം എന്നിവർ സംസാരിച്ചു."
 
   *🟨ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണം: ട്രംപിന് ശുപാർശ നൽകി യുഎസ് മതസ്വാതന്ത്ര്യ കമീഷൻ*
വാഷിങ്ടൺ: ബിജെപി ഭരണത്തിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണെന്നും തീവ്രഹിന്ദുത്വ സംഘടനയായ ആർഎസ്‍എസിന് കടുത്ത ഉപരോധം ഏർപ്പെടുത്തണമെന്നും യുഎസിലെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷൻ. ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനത്തിന്റെ പേരിൽ ഇന്ത്യയെ "പ്രത്യേക ഉത്കണ്ഠയുള്ള രാജ്യ'മായി പ്രഖ്യാപിക്കണമെന്നും ട്രംപ് സർക്കാരിന് ശുപാർശ നൽകി.

ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ആർഎസ്എസ്സിന്റെ ആസ്‍‍തികൾ മരവിപ്പിക്കണമെന്നും ആർഎസ്എസ് നേതാക്കൾക്ക് യുഎസിലേക്കുള്ള പ്രവേശനം തടയണമെന്നും നിർദേശിക്കുന്നു. മതസ്വാതന്ത്ര്യ അവകാശ ലംഘനങ്ങൾ നിരീക്ഷിക്കുകയും നയപരമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ 2026-ലെ വാർഷിക റിപ്പോർട്ടിലാണ് ശുപാർശയുള്ളത്.

ആർഎസ്എസ്‌–ബിജെപി ബന്ധം കാരണം ​പൗരത്വം, മതപരിവർത്തനം, ഗോവധം തുടങ്ങിയവയുമായ ബന്ധപ്പെട്ട് വിവേചനപരമായ നിരവധി നിയമങ്ങൾ നിർമിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, എറിത്രിയ, ഇറാൻ, ലിബിയ, നിക്കരാഗ്വ, നൈജീരിയ, സൗദി അറേബ്യ, സിറിയ തുടങ്ങി "പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളായി' ശുപാർശ ചെയ്യപ്പെട്ട 18 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഇത് ഏഴാം തവണയാണ് ഈ ശുപാർശ കമീഷൻ നൽകുന്നത്. റിപ്പോർട്ടിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല."

*"ഇന്ത്യയിൽ 
മതസ്വാതന്ത്ര്യം ഭീഷണിയിൽ’​*

2025-ൽ ന്യൂനപക്ഷ സമുദായങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യമിട്ട് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതോടെ ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായി. ഇന്ത്യൻ അധികൃതർ പൗരരെയും മതാടിസ്ഥാനത്തിൽ അഭയാർഥികളെയും വ്യാപകമായി തടങ്കലിൽവയ്‍ക്കാനും നിയമവിരുദ്ധമായി പുറത്താക്കാനും സൗകര്യമൊരുക്കി.

മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾക്കും ഒത്താശചെയ്‌തു. മതന്യൂനപക്ഷങ്ങളെയും അവർക്ക് വേണ്ടി വാദിക്കുന്നവരെയും തടവിലാക്കാൻ കേന്ദ്രസർക്കാർ ഭീകരവിരുദ്ധ നിയമങ്ങൾ ഉപയോഗിക്കുന്നു. 2020-ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആക്‍ടിവിസ്റ്റുകളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയവർ വിചാരണയില്ലാതെ അഞ്ചാം വർഷവും ജയിലിൽ തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പല സംസ്ഥാനങ്ങളിലും തീവ്രഹിന്ദുത്വ സംഘങ്ങൾ മുസ്ലിങ്ങൾക്കും ക്രൈസ്‍തവർക്കുമെതിരെ ഒരു ശിക്ഷാഭയവുമില്ലാതെ അക്രമങ്ങൾ നടത്തി. ഗോസംരക്ഷണമെന്ന വ്യാജേന മുസ്ലിങ്ങളെ ആക്രമിച്ചു. ഇന്ത്യയിലെ 12 സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമമുണ്ട്. 2025-ൽ പല സംസ്ഥാന സർക്കാരുകളും "മതപരിവർത്തനം’ എന്നതിന് കൂടുതൽ വിപുലമായ നിർവചനങ്ങളും കഠിനശിക്ഷകളും നൽകി പുതിയ നിയമം കൊണ്ടുവന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി."

    *🟨അയവില്ലാതെ ഇന്ധന ക്ഷാമം; കരകയറാനാവാതെ രാജ്യം*
ന്യൂഡൽഹി: എൽപിജി ക്ഷാമം സൃഷ്‌ടിച്ച പ്രതിസന്ധിയിൽനിന്ന്‌ കരകയറാനാവാതെ രാജ്യം. പൂട്ടുവീഴാതെ പിടിച്ചുനിൽക്കുന്ന ഹോട്ടലുകളിൽ വിഭവങ്ങളുടെ വില കുതിച്ചുയരുകയാണ്‌. ചായയും പലഹാരങ്ങളും തൊട്ടാൽപ്പൊള്ളുന്ന വിലയിലേക്ക്‌ എത്തി. ഡൽഹിയിലടക്കം പലയിടത്തും ചായയ്‌ക്ക്‌ വില 25 രൂപവരെയായി.

ഏഴായിരം രൂപ വരെ നൽകി കരിഞ്ചന്തയിൽനിന്നാണ്‌ സിലിണ്ടറുകൾ വാങ്ങുന്നതെന്നും വില കൂട്ടാതെ മറ്റ്‌ മാർഗമില്ലെന്നും കടയുടമകൾ പറഞ്ഞു. റെസ്‌റ്ററന്റ്‌ മേഖല പ്രതിദിനം 1300 കോടി രൂപ നഷ്‌ടം നേരിടുകയാണെന്ന്‌ നാഷണൽ റെസ്‌റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) പറഞ്ഞു. 70 ശതമാനം റസ്‌റ്ററന്റുകളും എൽപിജിയെ ആശ്രയിച്ചാണ്‌ നിലനിൽക്കുന്നതെന്നും ലഭ്യത കുത്തനെ കുറഞ്ഞെന്നും അറിയിച്ചു.​

ഹോർമുസ്‌ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ച രണ്ട്‌ ഇന്ത്യൻ കപ്പലുകൾ എൽപിജിയുമായി തിങ്കൾ രാത്രിയോടെ ഗുജറാത്ത്‌ തീരത്തേക്ക്‌ എത്തുമെന്നാണ്‌ വിവരം. ഇന്ത്യൻ കപ്പലുകളെല്ലാം കടത്തിവിടാനുള്ള ആശയവിനിമയം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല."

    *🟨ഹോർമുസില്‍ യുദ്ധക്കപ്പലിറക്കാന്‍ സഖ്യരാജ്യങ്ങളോട് ട്രംപ്*
വാഷിങ്ടൺ: ഹോർമുസ്‌ കടലിടുക്കിലേക്ക്‌ സഖ്യകക്ഷികൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഹോർമുസ്‌ കടലിടുക്ക്‌ വഴി ആഗോള എണ്ണക്കപ്പലുകൾക്ക്‌ സുരക്ഷിത യാത്ര ഒരുക്കാനെന്നപേരിലാണ് പ്രകോപനപരമായ നീക്കം. ഫ്രാൻസ്‌, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ എന്നീ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്നാണ്‌ ട്രംപിന്റെ ആവശ്യം.

എന്നാൽ ഇ‍ൗ ആവശ്യത്തോട്‌ അനുകൂലമായി ആരും പ്രതികരിച്ചിട്ടില്ല. കപ്പലുകൾ സംരക്ഷിക്കാനുള്ള മറ്റ്‌ മാർഗങ്ങൾ ചർച്ച ചെയ്യുകയാണെന്ന്‌ ബ്രിട്ടൺ പ്രതികരിച്ചു. ഇത്തരം തീരുമാനങ്ങളെടുത്താൽ പ്രത്യഘാതം വലുതായിരിക്കുമെന്നും കപ്പലുകൾ സംരക്ഷിക്കാൻ ചിലപ്പോൾ യുദ്ധക്കപ്പലുകൾ അയക്കേണ്ടി വരുമെന്നും ജപ്പാൻ പ്രതികരിച്ചു. അതേസമയം ട്രംപിന്റെ പ്രസ്‌താവന യാചനയാണെന്നും വിദേശ അക്രമികളെ പുറത്താക്കണമെന്നും ഇറാന്‍ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്ചി പ്രതികരിച്ചു. ഹോർമുസിലൂടെ മറ്റ്‌ രാജ്യങ്ങളുടെ കപ്പലുകൾ സുരക്ഷിതമായി യാത്ര ചെയ്യണമെങ്കിൽ ചർച്ചയ്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു."

    *🟨"ഹോർമുസ് കടക്കാൻ ഉപാധി; ഇടപാട് 
യുവാനിൽ ആക്കണം*
തെഹ്‌റാൻ: ചൈനീസ് കറൻസിയായ യുവാനിൽ ഇടപാട് നടത്തുന്ന എണ്ണക്കപ്പലുകൾക്ക്‌ ഹോർമുസ്‌ കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തന്ത്രപ്രധാന ജലപാതയിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കാനുള്ള ഇറാന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ ആഗോള എണ്ണ വ്യാപാരം ഡോളറിലാണ്‌ നടക്കുന്നത്‌.

റഷ്യയുടെ മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനാൽ റൂബിളിൽ വില നിശ്ചയിച്ച എണ്ണ വ്യാപാരം കുറവാണ്. എണ്ണ ഇടപാടുകളിൽ യുവാന്റെ ഉപയോഗം വ്യാപിപ്പിക്കാൻ ചൈന വർഷങ്ങളായി ശ്രമിച്ചുവരികയാണ്. അമേരിക്കയ്ക്ക് സാമ്പത്തികമായി തിരിച്ചടി നൽകുന്നതും യുഎസ് ഉപരോധത്തെ മറികടക്കാൻ വഴിയൊരുക്കുന്നതുമാണ് ഇറാന്റെ നീക്കം. സാമ്പത്തിക ഉപരോധം മറികടക്കാൻ പാശ്ചാത്യ ബാങ്കിങ്‌ സംവിധാനങ്ങളെ ഇറാൻ പൂർണമായി ഒഴിവാക്കിയേക്കുമെന്നാണ്‌ റിപ്പോർട്ട്.

രാജ്യങ്ങൾ ഇറാന്റെ നിർദേശത്തിന് വഴങ്ങിയാൽ ആഗോള ഇറക്കുമതി–കയറ്റുമതി ബന്ധം പുതിയ തലത്തിലെത്തും. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താവായ ചൈനയുമായുള്ള ഇറാന്റെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും ഈ തന്ത്രം സഹായിക്കും."

    *🟨"ഈദ് ഷോപ്പിംഗിന് പോയ കുടുംബത്തിന് നേരെ വെടിവെപ്പ്;വെസ്റ്റ് ബാങ്കിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു*
തമ്മൂൻ(വെസ്റ്റ് ബാങ്ക്): വടക്കൻ വെസ്റ്റ് ബാങ്കിലെ തമ്മൂൻ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. ഈദ് ആഘോഷത്തിന്മുന്നോടിയായി പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പുറപ്പെട്ട കുടുംബത്തിന് നേരെയാണ് ശനിയാഴ്ച രാത്രി വൈകി ആക്രമണമുണ്ടായതെന്ന് പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പലസ്തീൻ സ്വദേശികൾ അലി ഓഡെ,വേദ് ഓഡെ എന്നിവരും അവരുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്.ഇവരുടെ എല്ലാം ശിരസിലാണ് വെടിയേറ്റതെന്ന് പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ ചികിത്സയിലാണ്.

തങ്ങളുടെ നേർക്ക് വാഹനം വേഗത്തിൽ ഓടിച്ചു കയറ്റാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ന്യായീകരണം. "ഭീകരപ്രവർത്തനങ്ങളിൽ"ഏർപ്പെട്ടവരെ പിന്തുടരുകയായിരുന്നു തങ്ങളെന്നും അവർ അവകാശപ്പെട്ടു. എല്ലാവരെയും തലയ്ക്ക് വെടിവെച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്.

*ചികിത്സ കിട്ടുന്നതും തടഞ്ഞു*

ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് ഗേറ്റുകളും ചെക്ക്‌പോസ്റ്റുകളും അടച്ചതോടെ ആംബുലൻസുകൾക്കും അടിയന്തര സേവനങ്ങൾക്കും പോലും വഴിതടസ്സപ്പെടുന്നതായി റെഡ് ക്രസന്റ് വ്യക്തമാക്കി. കുടുംബത്തിന് നേരെ ആക്രമണം നടന്ന സ്ഥലത്തേക്ക് ആംബുലൻസുകൾ എത്തുന്നത് പോലും സൈന്യം തടഞ്ഞു.

"യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമങ്ങളിൽ ഇസ്രായേൽ കുടിയേറ്റക്കാർ(settlers)നടത്തിയ109അക്രമ സംഭവങ്ങൾ'യേഷ് ദിൻ'എന്ന മനുഷ്യാവകാശ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ വെസ്റ്റ് ബാങ്കിൽ18പലസ്തീനികൾ കൊല്ലപ്പെട്ടു.ഇതിൽ എട്ടുപേർ കൊല്ലപ്പെട്ടത് ഇസ്രായേൽ കുടിയേറ്റക്കാരുടെ വെടിയേറ്റാണ്.

*വംശഹത്യ വെസ്റ്റ് ബാങ്കിലേക്കും*

ഗാസയിലെ വംശഹത്യയുടെ ആഘാതം വെസ്റ്റ് ബാങ്കിലേക്കും വ്യാപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേൽ സൈന്യത്തിന്റെ നടപടികൾ പലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യുന്നതിനും ആട്ടിയോടിക്കുന്നതിനും(Ethnic Cleansing)ലക്ഷ്യമിട്ടുള്ളതാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്(HRW)ഉൾപ്പെടെയുള്ള സംഘടനകൾ തങ്ങളുടെ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു."

    *🟨"ട്രാഫിക്‌ പിഴ: നൽകുന്നത്‌ 
466 കോടിയുടെ ഇളവ്‌*

തിരുവനന്തപുരം: ട്രാഫിക്‌ നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ സംസ്ഥാനസർക്കാർ നൽകുന്നത്‌ 466 കോടിയുടെ ഇളവ്‌. 1,02,53,151 ചെലാനുകളാണ്‌ പിഴ അടയ്ക്കാനായി മോട്ടോർ വാഹനവകുപ്പ്‌ പുറപ്പെടുവിച്ചത്‌. 2025 ഡിസംബർ 31 വരെയുള്ള കണക്കാണിത്‌. ശനിയാഴ്‌ച ചേർന്ന മന്ത്രിസഭായോഗമാണ്‌ പിഴത്തുകയിൽ 50 ശതമാനം കുറവ്‌ വരുത്താൻ തീരുമാനിച്ചത്‌. 2024 ഡിസംബർ 31 വരെയുള്ള പിഴകൾക്കാണ്‌ ഇളവ്‌. ഞായറാഴ്‌ച ഇതിന്റെ വിജ്ഞാപനം ഇറങ്ങി. ഒന്നിലധികം പിഴ കിട്ടിയവർക്ക്‌ സർക്കാർ ഇടപെടൽ വലിയ ആശ്വാസം പകരും.

ഹെൽമറ്റ്‌ ഇടാതിരിക്കുക, സീറ്റ്‌ബെൽറ്റ്‌ ധരിക്കാതിരിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ സഞ്ചരിക്കുക, അമിത വേഗത എന്നിവയ്‌ക്കുള്ള പിഴയിലാണ്‌ കുറവ്‌. ഏപ്രിൽ 30 വരെ അടയ്ക്കുന്ന ചെലാനുകളിലാണ്‌ ഇളവ്‌. ഇ‍ൗ സമയത്തിനകം പിഴ അടച്ചില്ലെങ്കിൽ സിജെഎം കോടതികളിലേക്ക്‌ ഇവ കൈമാറും. കോടതികൾ പിഴ തുക ഇരട്ടിയായി വർധിപ്പിച്ചേക്കാം.

പരിവഹൻ വെബ്‌സൈറ്റ്‌, മൊബൈൽ ആപ്പുവഴി പിഴ അടയ്ക്കാനുള്ള സ‍ൗകര്യം ഉടൻ ഏർപ്പെടുത്തും. എൻഐസിയാണ്‌ ഇതുസംബന്ധിച്ച്‌ ക്രമീകരണം വരുത്തേണ്ടത്‌. ഇതിനായി ട്രാൻസ്‌പോർട്ട്‌ കമീഷണർ കത്ത്‌ നൽകും. ജില്ലാ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിലും പിഴ അടയ്ക്കാനുള്ള സ‍ൗകര്യമൊരുക്കും. ക‍ൂടുതൽ വിവരങ്ങളും ഇ‍ൗ ഓഫീസുകളിൽനിന്ന്‌ ലഭിക്കും. ഏതാനും മാസംമുന്പ്‌ വകുപ്പ്‌ പിഴത്തുക അടയ്ക്കാൻ അദാലത്തും സംഘടിപ്പിച്ചിരുന്നു."

    *🟨"അലുവ അതുൽ വധം: 10 പേർ പിടിയിൽ; പ്രതികൾ പിടിയിലായത് മണിക്കൂറുകൾക്കകം*
കരുനാഗപ്പള്ളി: കൊലക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളും മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കടത്തൂർ കണ്ണമ്പള്ളിതെക്കതിൽ അനീർ (വീരപ്പൻ 32), കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (ബ്ലാക്ക് 28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (മണ്ണെണ്ണ നൗഫൽ 30), കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ (31), പുന്നക്കുളം കുറവൻതറ കിഴക്കതിൽ മുഹമ്മദ് ആഷിക് (തോമ 27), കുലശേഖരപുരം കൊച്ചുവീട്ടിൽ ഷംനാദ് (ശങ്കരാടി 30) എന്നിവരെ കൂടാതെ സംഭവത്തിൽ പ്രതികൾക്ക് സഹായങ്ങൾ നൽകിയ പുലിയൂർവഞ്ചി വടക്ക് റഹീം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (കഷണ്ടി ഫൈസൽ 29), കടത്തൂർ ഫാത്തിമ മൻസിലിൽ അലി ഉമ്മർ (24 ), തേവലക്കര തടത്തിൽ വീട്ടിൽ ഷിനു പീറ്റർ (31), കുലശേഖരപുരം വീട്ടിൽ ആദിൽ മുഹമ്മദ് (21) എന്നിവരാണ് പിടിയിലായത്.

ഓച്ചിറ മഠത്തിൽകാരായ്മ കൃഷ്ണവിലാസത്തിൽ അതുലിനെ (അലുവാ അതുൽ –30) കൊലപ്പെടുത്തിയ സംഭവത്തിലാണ്‌ മണിക്കൂറുകൾക്കകം എല്ലാ പ്രതികളെയും പൊലീസ്‌ പിടികൂടിയത്‌. ജിം സന്തോഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങി കരുനാഗപ്പള്ളി സ്റ്റേഷനിലെത്തി ഒപ്പിട്ടു മടങ്ങുന്നതിനിടെ ശനി പകൽ 11.15നാണ്‌ അതുലിനു നേരെ ആക്രമണം ഉണ്ടായത്‌. ഒരുവർഷം വർഷം മുമ്പാണ്‌ ജിം സന്തോഷ്‌ കൊല്ലപ്പെട്ടത്‌.

എന്നാൽ ഇ‍ൗ കൊലപാതകവുമായി അതുൽവധത്തിന്‌ ബന്ധമില്ലെന്ന്‌ മണിക്കൂറുകൾക്കകം പൊലീസ്‌ തിരിച്ചറിഞ്ഞു. ജിം സന്തോഷ്‌ വധത്തിനുശേഷം മടങ്ങുന്നതിനിടെ കടത്തൂർ സംഘത്തിൽപ്പെട്ട അനീറിനെ അതുലും സംഘവും ആക്രമിച്ചിരുന്നു. ഇതിനുമുന്പ്‌ കടത്തൂർ സംഘാംഗമായ ഹുസൈനെയും ഇവർ ആക്രമിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാണ്‌ ഇപ്പോഴത്തെ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ വ്യക്തമായി."

"ദേശീയപാതയിൽ പുതിയകാവിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. ഹരിയാന രജിസ്ടേഷൻ നമ്പരുള്ള ആഡംബര കാർ അതുലിന്റെ കാറിനെ പിന്തുടർന്നെത്തി ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തെ താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തി. ആയുധങ്ങൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകളും മറ്റും വെട്ടി തകർത്ത ശേഷം കാറിനുള്ളിൽ നിന്ന്‌ അതുലിനെ പുറത്തേക്ക് വലിച്ചിറക്കി തുരുതുരെ വെട്ടുകയായിരുന്നു. തലയ്ക്കും കാലിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ അതുലിനെ പൊലീസാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. മറ്റൊരുകാറിലും ബൈക്കിലും രണ്ടുസംഘം അതുലിന്റെ യാത്ര നിരീക്ഷിച്ചിരുന്നു. ഇവരെ കൂടാതെ ആഡംബരകാറിൽ എത്തിയ ആറംഗസംഘമാണ്‌ കൃത്യം നടത്തിയത്‌."

    *🟨സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും പുതുതലമുറ കോഴ്സുകൾ*
തിരുവനന്തപുരം : 2026-27 അധ്യയനവർഷം മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും രണ്ടുവീതം പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകി ഉത്തരവായി. സർവകലാശാലാ അനുമതിക്ക് വിധേയമായും ആദ്യ അഞ്ചുവർഷം അധിക തസ്തിക സൃഷ്ടിക്കില്ലെന്ന വ്യവസ്ഥയിലുമാണ് അനുമതി നൽകിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. സർവകലാശാലകൾ നിയമപരമായ പരിശോധന നടത്തി അംഗീകരിച്ച പ്രകാരമുള്ള കോളേജുകളിലെ കോഴ്സുകൾ 2026-27 അധ്യയനവർഷം മുതൽ ആരംഭിക്കാൻ ഭരണാനുമതിയും നൽകി.

*കോളേജുകളില്‍ പുതിയ 
520 കോഴ്സുകള്‍*

തിരുവനന്തപുരം: ​നിര്‍മിത ബുദ്ധി, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിങ്ങിനെ പുതുതലമുറ കോഴ്സുകളടക്കം 520 ബിരുദ- –ബിരുദാനന്തര പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. 69 സർക്കാർ കോളേജുകളിലും 191 എയ്ഡഡ് കോളേജുകളിലുമാണ് രണ്ട് എയ്ഡഡ് പ്രോഗ്രാമുകൾ വീതമുണ്ട്‌. 35 കോളേജുകളിലായി 60- പുതിയ പ്രോഗ്രാമുകള്‍ക്കുള്ള ഭരണാനുമതിയും നൽകി. സർവകലാശാലകൾ പരിശോധിച്ച് ശുപാർശ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇ‍ൗ അധ്യയനവർഷം മുതൽ ക്ലാസ്. ബാക്കിയുള്ള കോളേജുകള്‍ക്ക് സർവകലാശാലകളുടെ അനുമതിക്ക് വിധേയമായാണ് കോഴ്സുകള്‍. ആദ്യ അഞ്ചുവർഷം സ്ഥിരം നിയമനം ഉണ്ടാവില്ലെന്നാണ്‌ വ്യവസ്ഥ.

​നാലുവർഷ ബിരുദ പ്രോഗ്രാമിൽ കൂടുതൽ മേജർ, മൈനർ ഓപ്ഷനുകള്‍ ഇനി ലഭ്യമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, ലോജിസ്റ്റിക്സ് കോഴ്സുകൾ കേരളത്തില്‍ തന്നെ പഠിക്കുന്നതിനും അവസരമൊരുങ്ങും. പരമ്പരാഗത പ്രോഗ്രാമുകളെ മൾട്ടി ഡിസ്‌സിപ്ലിനറി പ്രോഗ്രാമുകളാക്കി മാറ്റാനും നിർദേശം
നൽകി. ബജറ്റില്‍ ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ കോഴ്സുകള്‍ക്ക് അനുമതി.

*കോളേജുകളുടെ പട്ടിക*

ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, അമ്പലപ്പുഴ, ആലപ്പുഴ- Government Arts & Science College, Ambalapuzha, Alappuzha (B.Sc. Computer Science (Honours/Research), M.Sc. Mathematics)

ഗവൺമെന്റ് വനിതാ കോളേജ്, തിരുവനന്തപുരം- Govt. College for Women, Thiruvananthapuram (M.Sc. Bio Chemistry)

ഗവൺമെന്റ് കെ എൻ എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞിരംകുളം- Govt. K.N.M Arts & Science College, Kanjiramkulam (BA Public Administration (Hons.), B.Sc. Computer Science (Hons.)

​ഗവൺമെന്റ് കോളേജ്, നെടുമങ്ങാട്- Govt. College, Nedumangad (M.Sc. Physics with specialization in Nano Science, B.Sc. Computer Science (Honours/Research)

​ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, നെയ്യാറ്റിൻകര- Government Arts & Science College, Kulathoor, Neyyattinkara (M.Sc. Geography)

ബ്രണ്ണൻ കോളേജ്, തലശേരി- Govt. Brennen College, Thalassery (B.Sc. Psychology, Integrated M.Sc Geography)

കോടിയേരി ബാലകൃഷ്ണൻ സ്മാരക ​ഗവ. കോളേജ്, ചൊക്ലി- Kodiyeri Balakrishnan Smaraka Govt. College, Chokli (B.Sc. Geography [Honors], M.Com. Logistics & Supply Chain Management)

ഓൾ സെയിന്റ്സ് കോളേജ്, തിരുവനന്തപുരം- All Saints’ College, Tvm (BSc Psychology (Honours/Research), M.Sc. Botany (Ethano Botany & Ethano Pharmacology)

എംഎസ്എം കോളേജ്, കായംകുളം- MSM (Milad–E–Sherief Memorial) College, Kayamkulam, Alappuzha (B.Com. (Hons.) with Business Information Systems)

ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ്, തിരുവനന്തപുരം Sri Sathya Sai Arts & Science College, Thiruvananthapuram (B.Com. (Hons.) with Tourism and Travel Management)"

"ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ - Christian College, Chengannur, Alappuzha (B.Sc. Psychology (Hons.)

സെന്റ് ജോസഫ് വനിത കോളേജ് - St. Joseph's College for Women, Alappuzha (B.Sc. Psychology (Honours/Research), M.Sc. Botany (Ethano Botany & Ethano Pharmacology)

മന്നാനിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, തിരുവനന്തപുരം- Mannaniya College of Arts & Science, Thiruvananthapuram (BCA (Honours/Research)

സാന്തോം മലങ്കര ആർട്സ് ആൻഡ് സയൻസ് Santhom Malankara Arts & Science College, Thiruvananthapuram (B.Sc. Psychology (Hons.)

ശ്രി ശങ്കര കോളേജ്, ന​ഗരൂർ, കിളിമാനൂർ- Sree Sankara College, Nagaroor, Kilimanoor (BA Journalism and Mass Communication (Hons.)

ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലം- TKM College of Arts & Science, Kollam (B.Sc. Computer Science (Hons.), M.Sc. Botany (Ethano Botany & Ethano Pharmacology)

എസ് എൻ കോളേജ്, ചെമ്പഴന്തി- S.N. College, Chempazhanthy (M.Sc. Psychology)

എസ് എൻ വനിത കോളേജ്, കൊല്ലം- SN College for Women Kollam (M.A Music)

എസ് എൻ കോളേജ്, ചേർത്തല- SN College Cherthaala (M.Com. International Trade)

സെന്റ് ​ഗ്രി​ഗോറിയോസ് കോളേജ്, കൊട്ടാരക്കര- St. Gregorios College, Kottarakkara (B.Sc. Statistics (Hons.), M.Sc. Botany (Ethano Botany & Ethano Pharmacology)

സെന്റ് ജോൺസ് കോളേജ്, അഞ്ചൽ- St. John's College, Anchal, Kollam (B.Com. Logistics and Supply Chain Management (Honours/Research)

മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ- Mar Ivanios College, Nalanchira (B.Com. (Hons.) with Logistics and Supply Chain Management, MA Mass Communication (Digital and Visual Media)

ഫാത്തിമ മാത നാഷണൽ കോളേജ്, കൊല്ലം- Fatima Mata National College, Kollam (BSW (Hons.)

ബിസിഎം കോളേജ്, കോട്ടയം- BCM Kottayam (B.Sc. (Hons) Statistics)

എസ് ബി കോളേജ്, ചങ്ങനാശേരി- SB College Changanassery (B.Sc. Artificial Intelligence and Data Science (Honours), BBA International Relations and Public Policy)"

"മോർണിങ് സ്റ്റാർ കോളേജ്, അങ്കമാലി- Morning Star College, Angamaly (Bachelor of Physical Education & Sports, BA Airline, Tourism & Hospitality Management)

എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പറക്കുളം, പാലക്കാട്- N.S.S Arts & Science College, Parakkulam, Kappur, Anakkara, Palakkad (B.Sc. Computer Science Honours)

ശ്രീകൃഷ്ണപുരം വിടിബി കോളേജ്, പാലക്കാട് Sreekrishnapuram VTB College, Mannampatta, Palakkad (B.Sc. Computer Science Honours, BA Multimedia (Honours)

മേഴ്സി കോളേജ്, പാലക്കാട് - Mercy College, Palakkad (BSW Honors, M.Sc. Computer Science)

എംഇഎസ് പൊന്നാനി കോളേജ് - MES Ponnani College, P.O Ponnani South (B.Sc. Artificial Intelligence Honours)

എംഇഎസ് കേവിയം കോളേജ് വളാഞ്ചേരി - MES Keeveyeyem College, Valanchery (M.Sc. Clinical Psychology)

അംബേദ്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, വണ്ടൂർ Ambedkar College of Arts & Science, Ambalapadi, Wandoor (BBA (Honours) Logistics)

ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോ​ഗം ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊയിലാണ്ടി- R. Sankar Memorial SNDP Yogam Arts & Science College, Koyilandy (M.Sc. Computer Science)

സുന്നിയ അറബിക് കോളേജ്, ചേന്ദമംഗലൂർ, കോഴിക്കോട്- Sunniyya Arabic College, Chennamangallur, Kozhikode (BA Econometrics and Data Management (Honours)

ഇഎംഇഎ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊണ്ടോട്ടി- EMEA College of Arts & Science, Kondotty, Kumminiparamba (M.Sc. Computer Science)

കോറമ്പയിൽ അഹമ്മദ് ഹാജി മെമ്മോറിയൽ യൂണിറ്റി വനിതാ കോളേജ്, മഞ്ചേരി, നറുകര- Korambayil Ahammed Haji Memorial Unity Women's College, Manjeri, Narukara (M.Sc. Home Science (Nutrition & Dietetics)

കെടിഎം കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കരുവാരക്കുണ്ട്- KTM College of Advanced Studies, Karuvarakkund (BCA)

മദീനത്തുൽ ഉലൂം അറബിക് കോളേജ്, പുളിക്കൽ, മലപ്പുറം- Madeenathul Uloom Arabic College, Pulikkal, Malappuram (BA English Language & Literature (Honours)

അൻസാർ അറബിക് കോളേജ്, വളവന്നൂർ, മലപ്പുറം- Ansar Arabic College, Valavannur, Malappuram (BA English Language & Literature (Honours)

നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് - Nehru Arts & Science College, Kanhangad (B.Sc. Forensic Science & Criminology (4yr UG), B.Sc. Data Science)"

"മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, മാനന്തവാടി- Mary Matha Arts & Science College, Vemom (B.Sc. Data Science & Logistics)

മഹാത്മ ​ഗാന്ധി കോളേജ്, ഇരിട്ടി- Mahatma Gandhi College, Iritty (M.Sc. Data Science)

എൻഎഎം കോളേജ്, കള്ളിക്കണ്ടി- NAM College, Kallikkandy (BCA, B.Sc. Psychology)

ഈ പട്ടികയിൽ ഒരു കോഴ്സ് മാത്രം അനുവദിക്കപ്പെട്ട കോളേജുകളിൽ സർവകലാശാലാ അനുമതിക്ക് വിധേയമായും ആദ്യ അഞ്ചുവർഷം അധിക തസ്തിക സൃഷ്ടിക്കില്ലെന്ന വ്യവസ്ഥയിലും ഓരോ പുതുതലമുറ കോഴ്‌സ് കൂടി ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത കോളേജുകളിൽ സർവകലാശാലാ അനുമതിക്ക് വിധേയമായും ആദ്യ അഞ്ചുവർഷം അധിക തസ്തിക സൃഷ്ടിക്കില്ലെന്ന വ്യവസ്ഥയിലും രണ്ടുവീതം പുതുതലമുറ കോഴ്സുകൾ ആരംഭിക്കുന്നതിനും അനുമതി നൽകി ഉത്തരവായി."
ശുഭദിനം.
Previous Post Next Post
3/TECH/col-right