Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 31 | ബുധൻ 
1201 | ധനു 16 |  കാർത്തിക 

◾ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2025 ലെ സാമ്പത്തിക വര്‍ഷാവസാന അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 4.18 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെയും മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2026 ഓടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.51 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 ല്‍ ബ്രിട്ടനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യ മൂന്ന് വര്‍ഷത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് കുതിച്ചത്. 2030 ഓടെ 7.3 ട്രില്യണ്‍ ഡോളര്‍ ജിഡിപി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തില്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും പ്രതിശീര്‍ഷ ജിഡിപിയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും വികസിത രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. ലോകബാങ്കിന്റെ 2024 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി വെറും 2,694 ഡോളറാണ്. ഇത് ജപ്പാന്റെ (32,487 ഡോളര്‍) 12 മടങ്ങും ജര്‍മ്മനിയുടെ (56,103 ഡോളര്‍) 20 മടങ്ങും താഴെയാണ്. ജനസംഖ്യയിലെ വര്‍ദ്ധനവാണ് ഈ വലിയ വ്യത്യാസത്തിന് പ്രധാന കാരണം.

◾ കേരളത്തിന്റെ പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ ഇത്തവണയും പപ്പാഞ്ഞികള്‍ ഉയരുന്നു. കൊച്ചിയില്‍ ഇത്തവണ രണ്ട് പടുകൂറ്റന്‍ പപ്പാഞ്ഞികളെയാണ് കത്തിക്കുക. 'ഗലാ ഡി ഫോര്‍ട്ട് കൊച്ചി'യുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയരുന്നത്. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാന്‍ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമന്‍ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാര്‍ ചേര്‍ന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്.

◾ പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാത്രി 12 വരെ പ്രവര്‍ത്തിക്കും. പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബര്‍ 31 രാത്രി 12 മണി വരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. സാധാരണയായി രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിക്കണമെന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.



◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം.

◾ ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാന്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സാധ്യത തേടി സുപ്രീം കോടതി. സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പരമോന്നത കോടതി പരിശോധിക്കുക മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങള്‍, മതാചാരങ്ങളില്‍ കോടതി ഇടപെട്ട് ലിംഗ സമത്വം ഉറപ്പാക്കണോ എന്നീ വിഷയങ്ങളാണ്. ഇതില്‍ സുപ്രധാന തീര്‍പ്പ് ഉണ്ടായേക്കും.

◾ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്യും പിണറായിയും ശിവഗിരി തീര്‍ത്ഥാടന സമ്മേളന വേദിയില്‍. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മന്ത്രി സഭായോഗം ഉള്ളത് കൊണ്ട് അതിന് പോകേണ്ടി വരുമെന്നും താന്‍ വേദിയില്‍ ഉണ്ടാകില്ലെന്നും പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ശിവഗിരിയില്‍ 93-ാമത് തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കപ്പെടുകയാണെന്നും ഇത് സാംസ്‌കാരിക ഫാസിസമാണെന്ന് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണമെന്നും പിണറായി വിജയന്‍ പ്രസംഗത്തില്‍ പറഞ്ഞു.

◾ സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചതിയന്‍ ചന്തുമാരാണ് സിപിഐയെന്നും പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണെന്നും പുറത്തല്ലെന്നും  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം താന്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ കയറിയതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി താന്‍ അയിത്ത ജാതിക്കാരനാണോയെന്നും ചോദിച്ചു. .


◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്ഐടി തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും.  ദില്ലിയില്‍ സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണന്‍ പോററി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂര്‍ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു.

◾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തിയ എം സ്വരാജിനെതിരായ പരാതിയില്‍ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിപ്പോര്‍ട്ട് തേടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ നല്‍കിയ പരാതിയിലാണ് കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയത്. എം സ്വരാജിന്റെ 2018 ലെ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയത്.

◾ മതപരിവര്‍ത്തനം ആരോപിച്ചുള്ള പരാതിയില്‍ മഹാരാഷ്ട്ര നാഗ്പൂരില്‍ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍, എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നാഗ്പൂരിലെ ഷിംഗോഡിയില്‍ വെച്ചാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്നാണ് എന്ന സി എസ് ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചത്.

◾ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മതപരിവര്‍ത്തനം അല്ല വൈദികര്‍ നടത്തിയതെന്ന് സിഎസ്ഐ സഭ മധ്യകേരള ഇടവക ബിഷപ്പ് സാബു മലയില്‍ കോശി വ്യക്തമാക്കി. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിനെതിരാണ് നാഗ്പൂരില്‍ നടക്കുന്നത്. കഴിഞ്ഞ 12 വര്‍ഷമായി  കുഗ്രാമങ്ങളിലുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇതിനോട് പ്രതികരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.

◾ മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്ര നാഗ്പൂരില്‍ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് വൈദികന്റെ ഭാര്യ ജാസ്മിന്‍. അതിക്രമം നടത്തിയത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും, സുഹൃത്തായ പാസ്റ്ററുടെ വീട്ടില്‍ ജന്മദിനം ആഘോഷിക്കാന്‍ പോയപ്പോഴായിരുന്നു ബജ്റംഗ്ദള്‍ സംഘം എത്തിയതെന്നും ഒരാളെയും തങ്ങള്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും ബജ്റംഗ്ദള്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുക്കുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.



◾ സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കരുതെന്നും കോര്‍പ്പറേഷന്‍ ബസുകള്‍ വാങ്ങിയത് കേന്ദ്ര പദ്ധതിയില്‍ എന്ന് പറയാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സ്റ്റേറ്റ് ഷെയര്‍ 500 കോടിയാണെന്നും 60% വിഹിതവും സംസ്ഥാനത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയര്‍ തന്നോട് സംസാരിച്ചിട്ടില്ലെന്നും മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണെന്നും വാഹനങ്ങള്‍ സന്തോഷത്തോടെ തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും ഡ്രൈവറും വര്‍ക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആര്‍ടിസിയുടെതാണെന്നും മന്ത്രി വിശദീകരിച്ചു.

◾ നിയമസഭ തെരരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളും മത്സരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും ചെറുപ്പക്കാര്‍ക്ക് പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പാര്‍ട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും കഴിഞ്ഞതവണ മത്സരിക്കാതിരുന്നത് കെപിസിസി അധ്യക്ഷനായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

◾ കൊച്ചി കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വക്കീല്‍ നോട്ടീസ്. അപകടം നടന്നിട്ട് കഴിഞ്ഞ ദിവസം ആണ് ഒരു വര്‍ഷം പൂര്‍ത്തിയായത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്.

◾ ഗിഗ് വര്‍ക്കേഴ്സ് ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ ആപ്പുകളിലെ ഓര്‍ഡറുകള്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളോട് ഇന്ന് ലോഗ് ഔട്ട് ചെയ്ത് പണി മുടക്കിന്റെ ഭാഗമാകാന്‍ ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നാണാവശ്യം. മിനിമം വേതനം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

◾ ടിക്കറ്റ് നിരക്കായ 18 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ രാത്രിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വഴിയിലിറക്കി വിട്ട സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ നെല്ലിമൂട് സ്വദേശി സി അനില്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. 26ന് നടന്ന സംഭവത്തിന് പിന്നാലെ വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ ദിവ്യ കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കിയിരുന്നു.

◾ മതവിദ്വേഷം പടര്‍ത്തുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച അസം സ്വദേശിയെ കയ്പമംഗലത്ത് പോലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗോണ്‍ സ്വദേശിയായ റോഷിദുള്‍ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ വഴിയും ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനില്‍ നിന്നും മാരക പ്രഹര ശേഷിയുള്ള എകെ 47 തോക്കുകള്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

◾ കോഴിക്കോട് തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി. കല്പത്തൂര്‍ സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. തിങ്കളാഴ്ച രാത്രി 7.30നാണു സംഭവം. ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

◾ കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേര്‍ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടഞ്ഞ ആനയെ തളക്കുകയും ചെയ്തു.

◾ കൊല്ലത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂര്‍ സ്വദേശി അശ്വിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയില്‍ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തിലാണ് അശ്വിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.

◾ മുഹമ്മ പോലീസ് സ്റ്റേഷനില്‍ സി പി ഒയെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സി പി ഒ എസ്.സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാര്‍. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് കുടുംബം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

◾ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിര്‍ന്ന നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയെ മുന്‍കൂട്ടി അറിയിക്കാതെ നടത്തിയ ഈ നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, താന്‍ ഏതാനും ദിവസങ്ങളായി ഡല്‍ഹിയിലുണ്ടായിരുന്നുവെന്നും അതിനിടെ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് ലഭിച്ചതില്‍ തെറ്റില്ലെന്നുമാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഔദ്യോഗിക പ്രതികരണം.

◾ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ ഹജ്ജ് കോണ്‍സലായി സദഫ് ചൗധരി ഐ.എഫ്.എസ് ചുമതലയേറ്റു. ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിനിയാണ്. 31 കാരിയായ സദഫ് ചൗധരി 2020 ബാച്ച് യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 23-ാം റാങ്ക് ജേതാവാണ്. ഇതാദ്യമായാണ് ഒരു വനിത ഐ.എഫ്.എസ് ഉദ്യോഗസ്ഥ ഹജ്ജ് കോണ്‍സലായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചുമതലയില്‍ വരുന്നത്.

◾ ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ലളിതമാക്കി. 2025-ല്‍ നടപ്പിലാക്കിയ ഈ പുതിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച്, പേപ്പര്‍ അടിസ്ഥാനത്തിലുള്ള മാനുവല്‍ അപേക്ഷകള്‍ ഒഴിവാക്കി, അപേക്ഷാ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.

◾ മെയ് മാസത്തിലുണ്ടായ ഇന്ത്യ പാകിസ്ഥാന്‍ സൈനിക സംഘര്‍ഷം പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. ബെയ്ജിംഗില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം ലോകത്തുണ്ടായ പല സംഘര്‍ഷങ്ങളിലും ചൈന ക്രിയാത്മകമായ ഇടപെടല്‍ നടത്തിയെന്ന് വാങ് ഇ പറഞ്ഞു. നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ഏത് തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലിനെയും ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുണ്ട്.

◾ യൂട്യൂബ് തങ്ങളുടെ ഫീഡില്‍ എ.ഐ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് പറയുമ്പോഴും, പുതിയ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡ് ചെയ്യുന്ന വിഡിയോകളില്‍ 20 ശതമാനവും നിലവാരം കുറഞ്ഞ  എ.ഐ വിഡിയോകളെന്ന് പഠനം. നിലവാരമില്ലാത്തതും വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നതുമായ എ.ഐ വിഡിയോകളെ യൂട്യൂബ് അല്‍ഗോരിതം  പ്രോത്സാഹിപ്പിക്കുന്നുവെന്ന് വെളിപ്പെട്ടതായി, ഒരു പ്രമുഖ വിഡിയോ എഡിറ്റിങ് സ്ഥാപനം അവകാശപ്പെടുന്നു. ജനപ്രിയമായ 15000 ചാനലുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയതെന്ന് സ്ഥാപനം അവകാശപ്പെടുന്നു. ഇതില്‍ 278 ചാനലുകള്‍ നിലവാരമില്ലാത്ത എ.ഐ വിഡിയോകള്‍ മാത്രം ഉല്‍പാദിപ്പിക്കുകയാണത്രെ. അതേസമയം, ഈ അവകാശവാദം ശരിയല്ലെന്നും വാദമുണ്ട്.

◾ അഖില്‍ സത്യന്‍- നിവിന്‍ പോളി ചിത്രം 'സര്‍വ്വം മായ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ആഗോള കളക്ഷനായി 50 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുതു മഴ എന്നുതുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. മനു മഞ്ജിത് ആണ് വരികളെഴുതിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലനാണ് ആലാപനം. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു. ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

◾ യാഷ്- ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന ചിത്രത്തിലെ നയന്‍താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഗംഗ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നയന്‍താര എത്തുന്നത്. അതേസമയം നാദിയ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കിയാര എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ടോക്സികിന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെജിഎഫ് ചിത്രത്തില്‍ യാഷുമായി മുന്‍കാല സഹകരണത്തിന് പേരുകേട്ട രവി ബസ്രൂര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോണ്‍ വിക്കിലെ പ്രവര്‍ത്തനത്തിന് പ്രശസ്തനായ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ ജെ പെറിയും ദേശീയ അവാര്‍ഡ് ജേതാവായ ആക്ഷന്‍ ഡയറക്ടര്‍ അന്‍ബറിവും ചേര്‍ന്ന് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിട്ടുണ്ട്.

◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ കോംപാക്റ്റ് ഇലക്ട്രിക് വാഹനമായ പഞ്ച് ഇവിയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ സിയറ ഇവിയോടൊപ്പം, 2026 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് മോഡലുകളില്‍ ഒന്നാണ് പഞ്ച് ഇവി. ടാറ്റയുടെ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കാന്‍ വേണ്ടിയാണ് പഞ്ച് ഇവിയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ടാറ്റ അതിന്റെ പുതിയ ഇലക്ട്രിക് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സാങ്കേതിക ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കാം. മെച്ചപ്പെട്ട ചാര്‍ജിങ് വേഗത, ഡിജിറ്റല്‍ കീ ഫംഗ്ഷന്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടാം. പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുമ്പോഴും വിലയില്‍ അധികം മാറ്റം വരുത്താതെ, താങ്ങാനാവുന്ന വിലയിലുള്ള ഇവി വിപണിയില്‍ ശക്തമായ മത്സരം തുടരാന്‍ തന്നെയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം.

◾ പുതിയ മുളകള്‍ വലിയ ശിഖരങ്ങളായി ആകാശ വിതാനത്തിലേക്ക് പടരുന്നതോടെ വൃക്ഷം പുതുശോഭയണിയുന്നു.പഴയ നഷ്ടങ്ങള്‍ പതിയെ വിസ്മൃതിയിലേക്ക് പോകുന്നു. വീണടിഞ്ഞുപോയ ശാഖികളെയോര്‍ത്ത് ഒരു വൃക്ഷത്തിനും വിലപിച്ചു നില്‍ക്കാനാവില്ല. ഋതുഭേതങ്ങള്‍ക്കനുസരിച്ച് തളിര്‍ക്കുകയും പൂക്കുകയും ചെയ്യുക എന്നത് ഒരു വൃക്ഷത്തിന്റെ ധര്‍മ്മമാണ് സാഹചര്യങ്ങള്‍ എത്രമേല്‍ വിപരീതമായാലും പ്രതിസന്ധികള്‍ എത്രമേല്‍ തീവ്രതരമായാലും ജൈവചോദനയുടെ ബഹിര്‍സ്പുരണമായി പുതുനാമ്പുകള്‍ പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും.അത് ജീവന്റെ അതിശയനൈരന്തര്യമാണ്. ഓര്‍മ്മകളും മുദ്രകളും യാത്രകളും സമന്വയിച്ചൊരു പുസ്തകം. 'നീല ഗ്രഹത്തിലെ ചുവന്ന സൂര്യാസ്തമയം'. മുരളീധരന്‍ പുത്തന്‍പുരയില്‍. കൈരളി ബുക്സ്. വില 209 രൂപ.

◾ മൂക്കില്‍ വിരലിടുന്ന സ്വഭാവമുണ്ടോ? കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ദുശ്ശീലം പിന്നീട് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. മനുഷ്യരില്‍ ന്യുമോണിയ പോലുള്ള രോഗത്തിന് കാരണമാകുന്ന ക്ലമീഡിയ ന്യുമോണിയയെന്ന ബാക്ടീരിയയുടെ സാന്നിധ്യം വൈകി ഡിമെന്‍ഷ്യ ബാധിച്ച ആളുകളുടെ തലച്ചോറില്‍ കണ്ടെത്തിയതാണ് പഠനത്തില്‍ വഴിയൊരുക്കിയത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഈ ബാക്ടീരിയയ്ക്ക് മൂക്കില്‍ നിന്ന് തലച്ചോറിലേക്ക് നേരിട്ട് ഘ്രാണ നാഡി (മൂക്കിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്നു) വഴി സഞ്ചരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. മൂക്കിനുള്ളിലെ നേര്‍ത്ത പാളിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ബാക്ടീരിയകള്‍ക്ക് തലച്ചോറിലേക്ക് എത്തുന്നത് എളുപ്പമാക്കുന്നു. എലികളില്‍, ബാക്ടീരിയ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ തലച്ചോറിലെത്തി. തലച്ചോറിലേക്കുള്ള ഒരു കുറുക്കുവഴിയായിരിക്കാം മൂക്ക് എന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. അണുബാധയെ തുടര്‍ന്ന്, എലികളുടെ തലച്ചോറില്‍ കൂടുതല്‍ അമിലോയിഡ്-ബീറ്റ പ്രോട്ടീന്‍ അടിഞ്ഞുകൂടാന്‍ തുടങ്ങി. അല്‍ഷിമേഴ്‌സ് രോഗികളുടെ തലച്ചോറില്‍ കൂട്ടമായി കാണപ്പെടുന്ന അതേ പ്രോട്ടീനാണിത്. അണുബാധയ്ക്കുള്ള പ്രതികരണമായിട്ടാണ് സാധാരണയായി ഈ പ്രോട്ടീന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്, എന്നാല്‍ അമിതമായ അടിഞ്ഞുകൂടല്‍ ദോഷകരമാണ്. എലികളില്‍ നടത്തിയ പരീക്ഷണമായതിനാല്‍ മനുഷ്യരില്‍ സമാന ഫലമുണ്ടാകുമോ എന്നതില്‍ വിശദമായ പഠനം നടത്തേണ്ടതായിട്ടുണ്ട്. ഇതേ ബാക്ടീരിയകള്‍ മനുഷ്യരിലും കാണപ്പെടുന്നതിനാല്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.87, പൗണ്ട് - 120.91, യൂറോ - 105.46, സ്വിസ് ഫ്രാങ്ക് - 113.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.06, ബഹറിന്‍ ദിനാര്‍ - 238.34, കുവൈത്ത് ദിനാര്‍ -292.05, ഒമാനി റിയാല്‍ - 233.71, സൗദി റിയാല്‍ - 23.96, യു.എ.ഇ ദിര്‍ഹം - 24.47, ഖത്തര്‍ റിയാല്‍ - 24.53, കനേഡിയന്‍ ഡോളര്‍ - 65.58.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right