താമരശ്ശേരി: സംസ്ഥാനത്തെ മികച്ച താലൂക്ക് സപ്ലൈ ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് ചോലയിലിനെ ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ താമരശ്ശേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. താമരശ്ശേരി താലൂക്ക് ഓഫീസിൽ വെച്ച് (റോയൽ ടവർ ചുങ്കം) നടന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദലി മൊമെന്റോ നൽകി ആദരിച്ചു.
താലൂക്ക് പ്രസിഡന്റ് ഷീബ റാണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊടുവള്ളി റേഷനിങ് ഇൻസ്പെക്ടർ സത്യജിത്ത്, റേഷൻ വ്യാപാരികളായ സുജ ജോൺസൺ, ബിജു വാവാട്, റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ സഹപ്രവർത്തകരുടെയും റേഷൻ വ്യാപാരികളുടെയും കൂട്ടായ്മയാണ് ഈ
അംഗീകാരത്തിന് പിന്നിലെന്നും, സംസ്ഥാനത്തെ മികച്ച
താലൂക്ക് സപ്ലൈ ഓഫീസർക്കുള്ള അവാർഡ് തനിക്കു മാത്രം ലഭിച്ച അംഗീകാരമല്ലെന്നും താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികൾക്കും ഓഫീസിലെ സഹപ്രവർത്തകർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും
സന്തോഷ് ചോലയിൽ പറഞ്ഞു. താലൂക്കിലെ റേഷൻ വ്യാപാരികൾ തനിക്ക് നൽകിയ അകമഴിഞ്ഞ സഹകരണവും
സഹവർത്തിത്വവും ഓഫീസിലെ ജീവനക്കാരുടെ പിന്തുണയും ഒത്തുചേർന്നതാണ് ഈ നേട്ടത്തിന്
വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്പര സഹകരണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുവിതരണ രംഗത്തെ സേവനങ്ങൾ
കൂടുതൽ കാര്യക്ഷമമാക്കാൻ ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ
അഭിപ്രായപ്പെട്ടു. താലൂക്ക് സെക്രട്ടറി ബെൽരാജ് കെ. പി. സ്വാഗതവും, ട്രഷറർ ഷാഫി കൊടോളി നന്ദിയും പറഞ്ഞു.
Tags:
THAMARASSERY