Trending

കൊടുവള്ളി പി.ടി.എച്ച്.സെൻ്റർ ആസ്ഥാന മന്ദിരം ശിലാസ്ഥാപനം ഇന്ന്.

കൊടുവള്ളി: പൂക്കോയ തങ്ങൾ ഹോസ്‌പിസ് സംസ്ഥാന സമിതിയും കൊടുവള്ളി യൂണിറ്റും ചേർന്ന് നിർമിക്കുന്ന പി.ടി.എച്ച്.സെൻ്ററിൻ്റെ ആസ്ഥാന മന്ദിരത്തിന്റെ  ശിലാസ്ഥാപനം ഇന്ന് (ഒക്ടോബർ 15 വ്യാഴം) കൊടുവള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടിന് കൊടുവള്ളിക്കടുത്ത മുക്കിലങ്ങാടിയിൽ നടക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും. പി.ടി.എച്ച്.സംസ്ഥാന ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായും. 

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം മുഖ്യാതിഥിയായിരിക്കും. അബ്‌ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കൾ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.അഫ്‌സൽ, പി.ടി.എച്ച്. സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. 

2020 ഓഗസ്റ്റ് 15നാണ് സംസ്ഥാന മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയർ സംവിധാനമായ പൂക്കോയ തങ്ങൾ ഹോസ്‌പിസിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചത്. കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ ആറ് ജില്ലകളിലായി 53 ഹോം കെയർ കേന്ദ്രങ്ങൾ ഇതിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നാല് പാലിയേറ്റീവ് രോഗികൾക്കുള്ള കിടത്തി ചികിത്സാ കേന്ദ്രം, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലായി ഏഴ് നൈറ്റ് ഹോം കെയർ യൂണിറ്റുകൾ, കാസർകോട് ജില്ലയിൽ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ, ഫിസിയോ തെറാപ്പി യൂണിറ്റുകൾ, സൈക്യാട്രി സൈക്കോ സോഷ്യൽ ഹോം കെയർ എന്നിവയും ഇതിനോടൊപ്പം നടത്തിവരുന്നു. 

ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശമനുസരിച്ച് പരിശീലനം പൂർത്തിയാക്കിയ 5899 വൊളന്റിയർമാരാണ് ഇതിന്റെ കരുത്ത്. അര ഏക്കർ ഭൂമിയിൽ അഞ്ച് നിലകളിലായി 30000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആസ്ഥാന മന്ദിരം ഉയരുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ പാലിയേറ്റീവ് രോഗികൾക്കു വേണ്ടിയുള്ള ഒ.പി. ഐ.പി, ഹോം കെയർ, ഏർലി ഇൻറർവൻഷൻ സെൻറർ, ബ്ലഡ് ബാങ്ക്, പരിശീലന കേന്ദ്രം, ലൈബ്രറി, അക്കാദമിക് സെൻ്റർ, മൾട്ടി പർപ്പസ് ഓഡിറ്റോറിയം തുടങ്ങിയവ ആസ്ഥാന മന്ദിരത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

പത്രസമ്മേളനത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി വി.എം.ഉമ്മർ, പി.ടി.എച്ച്. കേരള ജനറൽ കൺവീനർ ഡോ.എം.എ.അമീറലി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.കെ. മുഹമ്മദ് , പി.ടി.എച്ച്. കൊടുവള്ളി യൂണിറ്റ് ചെയർമാൻ വി.കെ.അബ്‌ദുഹാജി, കൺവീനർ ഷാനവാസ് ഇമ്മാരതയിൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right