കൊച്ചി: റിപ്പോർട്ടർ ടി.വി ന്യൂസ് ഡസ്കിലേക്ക് പോലീസ് ബലമായി കടന്നുകയറുകയും തത്സമയ വാർത്താ സംപ്രേഷണം (News Live) തടസ്സപ്പെടുത്തുകയും ചെയ്ത നടപടിയിൽ ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയാ പേഴ്സൺസ് യൂണിയൻ (IRMU) സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്.
ഭരണഘടനാധിഷ്ഠിതമായ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ഉണ്ടാകുന്ന ഇത്തരം സ്വേച്ഛാധിപത്യപരമായ അതിക്രമങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്നും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന അധികൃതരുടെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിയമ-ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംഘടന വ്യക്തമാക്കുന്നു. ന്യൂസ് ഡസ്കിൽ അതിക്രമിച്ചു കയറിയ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡി. ദിപേഷ് ബാബു എന്നിവരാണ് പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചത്.
Tags:
KERALA