കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂർ ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രൻ പതാക ഉയർത്തി.
ഗ്രന്ഥശാല ദിന പരിപാടികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഒ. വിമിഷ നിർവ്വഹിച്ചു.മുഖ്യാതിഥി, അഭിഭാഷകയും കൗൺസലറുമായ അഡ്വ.നീതു അനൂപ് മുഖ്യപ്രഭാഷണം നടത്തി.
പഴയ കാല പത്രവിതരണക്കാരായ കെ.കെ.കുഞ്ഞിരാമൻ നായർ, സി.രാജൻ എന്നിവരെ വായനശാല പ്രസിഡണ്ട് സുരേന്ദ്രനും സിക്രട്ടറി എം. അബ്ദുൽ ഷുക്കൂറും പൊന്നാട അണിയിച്ച് ആദരിച്ചു.
ഒരു വർഷ ഇടവേളയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടി വായനക്കാരായ(ബാലവേദി) ഗഗൻ നന്ദ്, ദിയ എന്നീ കുട്ടികളെ ടി.കെ.രാജേന്ദ്രൻ മാസ്റ്റർ, ഒ.കെ ലോഹിതാക്ഷൻ എന്നിവർ ഉപഹാരം നൽകി അനുമോദിച്ചു.
എന്റെ വായനശാലയ്ക്ക് എന്റെ ഒരു പുസ്തകം പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ട് സത്യനാഥൻ അരീക്കര, കവയിത്രിയും എഴുത്തുകാരിയുമായ സുഫൈറ അലി എന്നിവരിൽ നിന്ന് എം.മധു, അഞ്ജുഷ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
സി.മാധവൻ മാസ്റ്റർ, പൂമംഗലത്ത് അബ്ദുറഹിമാൻ, എം.വി അബൂബകർ, സുഫൈറ അലി എന്നിവർ ആശംസകൾ നേർന്നു. കെ.കെ. ലോഹിതാക്ഷൻ നന്ദി പറഞ്ഞു. തുടർന്ന് വായനശാലയിൽ അക്ഷരദീപം തെളിയിച്ചു.
പിന്നീട് ചേർന്ന ഹാപ്പിനസ് ക്ലബ്ബ് യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൂമംഗലത്ത് അബ്ദുറഹിമാൻ പ്രസിഡണ്ടും സാവിത്രിയമ്മ കൃഷ്ണ ശ്രുതി വൈസ് പ്രസിഡണ്ടും സത്യനാഥൻ അരീക്കര സിക്രട്ടറിയും വലിയ വീട്ടിൽ സാവിത്രിയമ്മ ജോ. സിക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
Tags:
NANMINDA