Trending

ഗായകൻ നിസാർ വയനാട് ഹൃദയാഘാതം മൂലം അന്തരിച്ചു.

ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് (44) ദുബൈയിൽ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. കഴിഞ്ഞ മാസമാണ് ഇദ്ദേഹം പ്രോഗ്രാമുകൾക്കായി ദുബൈയിലെത്തിയത്. ശനിയാഴ്ച വൈകീട്ട് ദുബൈ മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പനിയെ തുടർന്ന് ഉച്ചക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. അടുത്തദിവസം സൗദിയിലും ദുബൈയിലും വിവിധ സംഗീത പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരണം.

നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്. ‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും, കന്നട സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചു. ബോളിവുഡ് ഗായകൻ ഉദിത്ത് നാരായണന്റെ ശബ്ദ സാദൃശ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ശ്രദ്ധേയനാക്കിയത്. ബഹ്റൈനിൽ ഉദിത് നാരായാണനോടൊപ്പം പാട്ടുപാടി ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്. 

കമ്പളക്കാട് ഇറോത്ത് വീട്ടിൽ പരേതനായ ഇബ്രാഹിയുടെയും, സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.

മയ്യിത്ത് ദുബൈ മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനായിട്ടുള്ള നടപടികൾ അഷ്‌റഫ്‌ താമരശ്ശേരിയും, ബന്ധുക്കളും സ്വീകരിക്കുന്നുണ്ട്.

ഇന്ന് വൈകുന്നേരം 4:30 മണിയോടെ കണ്ണൂർ എയർപോർട്ടിൽ മയ്യിത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം 7 മണിയോടെ വയനാട് കമ്പ്ലക്കാട് അൻസാരിയ മദ്രസയിൽ പൊതുദർശനത്തിന് എത്തും. മയ്യിത്ത് നിസ്കാരം രാത്രി 9:30ന്.
Previous Post Next Post
3/TECH/col-right