Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 11 , വ്യാഴം 
1201 | ഇടവം 28 , രേവതി

◾  കൊല്ലം ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം പിടിപെട്ടത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ 3 കുട്ടികള്‍ക്കാണ് രോഗം പടര്‍ന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്.

◾  നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വൈകും. ദ്വാരപാലകശില്‍പ്പ കേസില്‍ തുടരന്വേഷണവുമായി എസ്‌ഐടി. മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് അംഗങ്ങളായ അജികുമാര്‍, സന്തോഷ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. 2019 ന്റെ തുടര്‍ച്ചയാണ് 2025 ലേതെന്ന് എസ്‌ഐടി പറയുന്നു.




◾  ശബരില സ്വര്‍ണക്കൊള്ള ആരോപണത്തില്‍ എ പത്മകുമാറിനെതിരെ ഒടുവില്‍ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചര്‍ച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടിയെടുക്കാനാണ് സാധ്യത.

◾  കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന 'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്ത്. സാമ്പത്തിക സ്ഥിതി നോക്കാതെ ലിംഗഭേദത്തിന്റെ പേരില്‍ സൗജന്യം നല്‍കുന്നതിനെതിരെ ജൂണ്‍ 15ന് ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സംഘടന അറിയിച്ചു.

◾  കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാന്‍ തയാറാണെന്ന് പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ. കോണ്‍ഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കില്‍ അധികാരത്തില്‍ തുടരില്ലെന്ന് കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം  പറഞ്ഞു. അവിശ്വാസപ്രമേയത്തിന് പോലും കാത്തുനില്‍ക്കില്ലെന്നും ഒറ്റവരി കത്ത് തന്നാല്‍ ഒഴിയാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾  കൗണ്‍സിലര്‍ ആര്‍ സുഗതന്‍ കാപ്പാ കേസില്‍ പ്രതിയാണെന്ന വിവരം പൊലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയര്‍ വി വി രാജേഷിന്റെ വാദം പൊളിയുന്നു. 2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. കാപ്പ അടക്കം 7 കേസുകളില്‍ പ്രതിയായിരിക്കുമ്പോഴാണ് വാഴോട്ടുകോണത്ത് സുഗതനെ ബിജെപി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍.

◾  കാപ്പാ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുഗതനെ അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

◾  മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ പിണറായി വിജയന്റെ മകള്‍ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ ഇഡിക്ക് ഇമെയില്‍ അയച്ചു. ആവശ്യമായ രേഖകള്‍ ഇഡിക്ക് കൈമാറാന്‍ ഒരുക്കമാണെന്നും വീണ ഇ മെയിലില്‍ അറിയിച്ചിട്ടുണ്ട്. വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചു.

◾  2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തിലെ ഫലം അട്ടിമറിക്കാന്‍ സിഎംആര്‍എല്‍ ഉടമ എസ് എന്‍ ശശിധരന്‍ കര്‍ത്ത ഇടപെട്ടെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാര്‍. കര്‍ത്തയുടെ അടുത്ത ബന്ധുവായ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 126 വോട്ടിന് വിജയിച്ച തെരഞ്ഞെടുപ്പിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി.

◾  നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസില്‍ പ്രതികള്‍ ചോദ്യം ചെയ്യലിനായി എസ്‌ഐടിക്ക് മുന്നില്‍ ഹാജരായി. പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആര്‍ അരുണ്‍, വിവി വിപിന്‍, വി കെ ഷൈജു എന്നിവരാണ് ഹാജരായത്.

◾  കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടികാണിക്കുന്നുവെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. നയപ്രഖ്യാപനത്തിലോ ധവളപത്രത്തിലോ കേന്ദ്രത്തിനെതിരെ പരാമര്‍ശമില്ലാത്തതും പിഎം ശ്രീ പദ്ധതിയിലെ നിലപാടുമാണ് പ്രധാന വിമര്‍ശനങ്ങള്‍. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന നിലപാടാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

◾  കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാകമ്മിറ്റി. യു.ഡി.എഫ്. ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനു ശേഷം എസ്.ഐ.ടിയെ കേസ് ഏല്‍പ്പിച്ചു. ഇതോടെ കൃത്യമായ രാഷ്ട്രീയലക്ഷ്യം വെച്ച് എസ്.ഐ.ടി പ്രവര്‍ത്തിക്കുകയാണെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

◾  തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ തോല്‍വി പരിശോധിക്കാന്‍ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയാണ് പരിശോധിക്കുക. ഇതിനിടെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ എം ബി രാജേഷിന്റെയും കെ ശാന്തകുമാരിയുടെയും ശൈലി തോല്‍വിക്ക് കാരണമായെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

◾  ഇടുക്കി ദേവികുളത്തെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ. സിപിഎമ്മില്‍ ഒത്തൊരുമയുളള പ്രവര്‍ത്തനമുണ്ടായില്ല. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എസ് രാജേന്ദ്രന് വേണ്ടി ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു. അനുകൂല സാഹചര്യമുണ്ടായിട്ടും സിപിഎം പ്രവര്‍ത്തിച്ചില്ലെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ ഡി ചന്ദ്രപാല്‍ പറഞ്ഞു.

◾  മധ്യകേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.

◾  വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് റിപ്പോര്‍ട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്.

◾  കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം അടുത്ത വര്‍ഷം ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ തീരുമാനം. ജൂണ്‍ മാസത്തോടെ പണികള്‍ തീര്‍ത്ത് ഓഗസ്റ്റില്‍ ഉദ്ഘാടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

◾  എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു. ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലാണുളളത്. തോപ്പുംപടിയില്‍നിന്ന് കൊച്ചി നഗരത്തിലേക്ക് മാലിന്യം കയറ്റിവന്ന ലോറിയാണ് തേവരപാലത്തില്‍ അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

◾  കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിനെ 'എരണംകെട്ട ഭരണ'വുമായി ബന്ധിപ്പിച്ച് 2021ല്‍ കെ മുരളീധരന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. സിപിഎം ഹാന്‍ഡിലുകള്‍ ഈ വീഡിയോ പങ്കുവെച്ച്, മുരളീധരന് ഇപ്പോഴും ഇതേ അഭിപ്രായമാണോ എന്ന് ചോദ്യം ഉയര്‍ത്തുകയാണ്.

◾  സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആഹ്വാനം ചെയ്തു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പകരം ശാസ്ത്രീയ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ഒപ്പം പടരുന്ന ഷിഗെല്ല വ്യാപനവും ഗൗരവമായി കാണണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

◾  സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. കെഎസ്ആര്‍ടിസിക്ക് മുന്‍കൂര്‍ പണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് തര്‍ക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മുന്‍കൂര്‍ തുക അനുവദിക്കണം എന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇന്ധന സബ്‌സിഡിയെ ബാധിക്കും. നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

◾  സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട് എത്തിക്കുന്ന സ്വര്‍ണ കട്ടികള്‍ നല്‍കാമെന്ന് പറഞ്ഞ് വ്യാജ സ്വര്‍ണ കട്ടികള്‍ വില്‍പ്പന നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കെ ജി എഫ് സ്വാമി എന്ന് വിളിക്കുന്ന പത്തനംതിട്ട മാധവ മംഗലത്ത് മനാഴിയില്‍ വീട്ടില്‍ 61 വയസുള്ള ഷാജിയാണ് പിടിയിലായത്.

◾  മലപ്പുറം പുളിക്കലില്‍ റോഡില്‍ മുട്ടിലിഴഞ്ഞ കുഞ്ഞിന്റെ രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍. ബസ് ജീവനക്കാരെ ഫോണില്‍ വിളിച്ചാണ് ഗതാഗത മന്ത്രി അഭിനന്ദനം അറിയിച്ചത്.കൊണ്ടോട്ടി പുളിക്കല്‍ റോഡില്‍ വലിയപറമ്പിലില്‍ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

◾  മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആര്‍ രാജേഷ് മരിച്ച നിലയില്‍. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. മാളയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു.

◾  ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ച് വിട്ട് അന്താരാഷ്ട്ര കമ്പനിയായ ഓപ്പണ്‍ ഡോര്‍. ഇന്ത്യയിലെ ഓഫീസ് പൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കൂട്ടപ്പിരിച്ചുവിടല്‍. കമ്പനിയുടെ ഉപഭോക്താക്കള്‍ എല്ലാവരും അമേരിക്കയിലാണെന്നും അതുകൊണ്ട് ഇന്ത്യയില്‍ ഒരു വര്‍ക്ക്‌ഫോഴ്‌സ് നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം

◾  സവര്‍ണ്ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ 18കാരനായ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കേതന്‍ ലാല്‍ എന്ന 18കാരനാണ് ക്രൂരമായ ജാതീയ അധിക്ഷേപങ്ങള്‍ക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയായി കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാളിലാണ് സംഭവം.പെണ്‍കുട്ടിയുടെ പിതാവ് യശ്ബീര്‍ സിംഗ് പന്‍വാര്‍, മുത്തശ്ശന്‍ വിദ്യാദത്ത് പന്‍വാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

◾  എഥനോള്‍ ചേര്‍ത്ത പെട്രോളിന് എക്‌സൈസ് നികുതി ഒഴിവാക്കി കേന്ദ്രം. രാജ്യത്ത് ബദല്‍ ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. ഇ22, ഇ25, ഇ27, ഇ30 പെട്രോളുകളെ ആണ് എക്‌സൈസ് നികുതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കി.

◾  ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 12 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ വെറും മുദ്രാവാക്യങ്ങള്‍ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവെന്ന നരേന്ദ്ര മോദിയുടെ റെക്കോര്‍ഡ് ബിജെപി ആഘോഷമാക്കുന്നതിനിടെയാണ് വിമര്‍ശനവുമായി ഖാര്‍ഗെ രംഗത്തെത്തിയത്.

◾  മധ്യപ്രദേശില്‍ രാജ്യസഭ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി. അതുവരെ ഫലം പ്രഖ്യാപിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന ചോദ്യം കോടതി ഉയര്‍ത്തി. കോണ്‍ഗ്രസ് നല്‍കിയ നിവേദനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

◾  തൃണമൂല്‍ കോണ്‍ഗ്രസില്‍ രാജ്യസഭാ എംപിമാരുടെ രാജി തുടരുന്നു. പാര്‍ട്ടിക്ക് തിരിച്ചടിയായി മറ്റൊരു നേതാവ് കൂടി രാജ്യസഭാംഗത്വം രാജിവെച്ചു. പ്രകാശ് ചിക് ബരൈക്ക് ആണ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. ഇതോടെ രാജിവെച്ച തൃണമൂല്‍ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി.

◾  തൊഴില്‍ വെബ്സെറ്റുകളുടെ മറവില്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ചാരന്‍മാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, നിരവധി വൈബ്സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു. യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ചൈനീസ് ഏജന്റുമാര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഡസനിലധികം വെബ്‌സൈറ്റുകളാണ് പൂട്ടിയത്.

◾  റഷ്യയില്‍ കാര്‍ ബോംബ് സ്‌ഫോടനം. ഉന്നത സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം. റഷ്യന്‍ സൈന്യത്തിന്റെ ആര്‍ട്ടിലറി, മിസൈല്‍ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവനാണ് കൊല്ലപ്പെട്ടത്. മോസ്‌കോയ്ക്ക് സമീപത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനമാണ് റഷ്യന്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ ദമീര്‍ ദവിദോവിന്റെ ജീവനെടുത്തത്.

◾  50 ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ നിറഞ്ഞ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം കണ്ടെത്തി ഗവേഷകര്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തിയത്.

◾  പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നതിനിടെ യുഎസിനെതിരെ ഇറാന്‍. ഇറാനിലെ ജലവിതരണ സംവിധാനങ്ങള്‍ക്കു നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണം ബോധപൂര്‍വമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. ആക്രമണത്തില്‍ 10 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലസംഭരണികള്‍ തകര്‍ന്നു.

◾  വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള പലസ്തീന്‍ കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയുടെ കൈകളിലിരിക്കെയാണ് സാം അബു ഹൈക്കല്‍ എന്ന പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചത്.

◾  ഒമാന്‍ കടലിടുക്കില്‍ പലാവു പതാകയുള്ള എംടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെയുണ്ടായ യുഎസ് സൈനികാക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. 21 പേരെ രക്ഷപ്പെടുത്തി.

◾  ചൈനയുടെ ദിശയിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ച് തായ്വാന്റെ ആയുധപരിശീലനം. ചൈനയുടെ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന പരിശീലനത്തിന്റെ ഭാഗമായാണ് തായ്വാന്‍ അമേരിക്ക നല്‍കിയ മൊബൈല്‍ ലോഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ചത്.

◾  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് 13,350 രൂപയായി. പവന്‍ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയുമായി. ഇന്നലെ രണ്ടു തവണയായി പവന് 3,960 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ഇതോടെ ഈ ഒരാഴ്ച നാല് ദിവസം പിന്നിടുമ്പോള്‍ 6,280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചെറുകാരറ്റുകളുടെ വിലയിലും സമാനമായ വിലക്കുറവുവുണ്ട്. 18 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,975 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,545 രൂപയും ഒമ്പത് കാരറ്റിന് 5,510 രൂപയിലുമാണ് വ്യാപാരം. അതേസമയം, വെള്ളി വില ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 260 രൂപയിലെത്തി. 2026 ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമെത്തി റെക്കോഡ് ഇട്ടശേഷമാണ് സ്വര്‍ണത്തിന്റെ ഇടിവ്.

◾  ഗൂഗിളിന്റെ ജെമിനി സേവനത്തില്‍ തകരാര്‍. ജെമിനിയുടെ വെബ് പതിപ്പിലും ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്, ഗൂഗിള്‍ വണ്‍, ഗൂഗിള്‍ ക്ലൗഡ് ഉള്‍പ്പടെയുള്ള ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ജെമിനി ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ജെമിനിയില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അഞ്ച് മണി ആയപ്പോഴേക്കും കൂടുതല്‍ പേര്‍ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പുതിയ ജെമിനി ഒംനി എന്ന മള്‍ട്ടി മോഡല്‍ എഐ അവതരിപ്പിച്ചതിന് ശേഷം ആദ്യമായുണ്ടായ പ്രശ്‌നമാണിത്. ഇതുമായി ബന്ധപ്പെട്ട് ജെമിനി ഔദ്യോഗികമായ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വിഷയത്തിന്റെ കാരണം വ്യക്തമല്ല.

◾  മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷ വാസുദേവ് ഒരുക്കുന്ന 'ചിന്ന ചിന്ന ആസൈ' യിലെ പുതിയ ഗാനമെത്തി. 'കഥക്' എന്ന ഗാനത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ ഒരു നിര്‍ണ്ണായക വേഷം ചെയ്യുന്ന അപര്‍ണ്ണ ബാലമുരളിയുടെ മനോഹരമായ നൃത്തമാണ് 'കഥക്' ഗാനത്തിന്റെ ഹൈലൈറ്റ്. ഗോവിന്ദ് വസന്ത ഈണം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് ഗജാനന്‍ മിത്കെ, ആലപിച്ചത് ശ്രുതി ശിവദാസ്. പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ ആയ ബ്രിന്ദ ഗോപാല്‍ ആണ് ഈ ഗാനത്തിനായി നൃത്ത സംവിധാനം നിര്‍വഹിച്ചത്. ജൂണ്‍ 19 ന് ആണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതയായ വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

◾  എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. 'പൂച്ച സാര്‍' എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാം ആണ് ചിത്രം നിര്‍മിക്കുന്നത്. വാഴ 2 ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്ത, റെജിവാന്‍ അബ്ദുല്‍ ബഷീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാര്‍. ജോ ആന്‍ഡ് ജോ, 18+ ജേര്‍ണി ഓഫ് ലവ്, ബ്രോമാന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ച അരുണ്‍ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തില്‍ ജോമോന്‍ ജ്യോതിറും, മുഴുനീള വേഷത്തില്‍ അലന്‍ ബിന്‍ സിറാജും എത്തുന്നു. പ്രധാന റോളില്‍ ഒരു പൂച്ചയും എത്തുന്നു എന്നതും പൂച്ച സാറിന്റെ പ്രത്യേകത ആണ്. ചിത്രത്തിലെ മറ്റു റോളുകളില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്നു.

◾  സ്‌കോഡ കമ്പനി മൂന്ന് കാറുകള്‍ക്ക് 1.25 ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്‌കോഡ സ്ലാവിയയ്ക്ക് 1.25 ലക്ഷം വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, ഇതില്‍ 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യങ്ങള്‍, 50,000 രൂപ എക്സ്ചേഞ്ച് ബോണസ് ഉള്‍പ്പെടുന്നു. 10 ലക്ഷം രൂപ മുതല്‍ 16.69 ലക്ഷം വരെയാണ് വില. കുഷാക്കില്‍ കമ്പനി 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങളില്‍ 20,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യവും 30,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. വില 10.69 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ്. കൈലാക്കിന് 50,000 രൂപ വരെ ആനുകൂല്യങ്ങമുണ്ട്. 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യം, 30,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. വില 7.59 ലക്ഷം മുതല്‍ 12.99 ലക്ഷം രൂപ വരെ.

◾  സങ്കടങ്ങളെ ഭാരരഹിതമാക്കുന്ന സ്വപ്നങ്ങളുടെ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്ന പതിമൂന്ന് കഥകള്‍. കടലിന് കുറുകെയുള്ള പക്ഷിപ്പറക്കലുകള്‍, ചങ്ങലകളായി രൂപംമാറാന്‍ മാത്രമായുള്ള സ്നേഹത്തിന്റെ സഞ്ചാരങ്ങള്‍, അനുമതിയില്ലാതെ ജീവിതം പ്രതിഷ്ഠിക്കപ്പെടുന്ന തര്‍ക്കമന്ദിരങ്ങള്‍, അവിടെ പലതരം ഇമ്പങ്ങളില്‍ പെയ്തൊഴിയുന്നവര്‍, കല്ലില്‍ ഉരച്ചു വെളിപ്പെടുന്ന കണ്ണാടിയെന്നപോലെ ജീവിതത്തില്‍നിന്ന് ഗ്രഹിച്ചെടുക്കാവുന്ന മര്‍മരങ്ങള്‍. കറുപ്പായും വെളുപ്പായും മാത്രം വ്യാഖ്യാനിക്കപ്പെടുന്ന സത്തയുടെ യഥാര്‍ഥ വര്‍ണരാജിയെ പ്രതിഫലിപ്പിക്കുന്ന പുസ്തകം. വി. പ്രവീണയുടെ പുതിയ കഥാസമാഹാരം. 'കടലിന് കുറുകെ ഒരു പക്ഷി'. ഡിസി ബുക്സ്. വില 216 രൂപ.

◾  അമിതവണ്ണം കുറയ്ക്കുന്നതിനും ടൈപ്പ് 2 ഡയബറ്റിസില്‍ നിന്നും സംരക്ഷിക്കുന്ന മരുന്നുകള്‍ സ്തനാര്‍ബുദത്തെയും പ്രതിരോധിക്കുമെന്ന് പെന്‍സില്‍വാനിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നു. ഒസെംപിക്, വെഗോവി, മൗന്‍ജാരോ, സെപ്ബൗണ്ട് തുടങ്ങിയ ഏഘജ1 മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറവാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 45നും 80നും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ജിഎല്‍പി 1 മരുന്നുകള്‍ ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ജിഎല്‍പി 1 മരുന്നുകള്‍ ഉപയോഗിച്ചവരില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത 30 ശതമാനം കുറവാണെന്ന് കണ്ടെത്തി. അമിതവണ്ണം സ്തനാര്‍ബദ സാധ്യത കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്. മരുന്നുകളുടെ സഹായത്തോടെ ശരീരഭാരം കുറയുന്നതാകാം കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ആര്‍ത്തവ വിരാമത്തോടെ ഈ സാധ്യത കൂടുകയും ചെയ്യുന്നു. വിശപ്പ് കുറച്ചുകൊണ്ടാണ് ജിഎല്‍പി 1 മരുന്നുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. വയറുനിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്ന ഹോര്‍മോണിനെ അനുകരിക്കുകയാണ് ഇവ ചെയ്യുന്നത്. അതോടൊപ്പം ഇവ ഇന്‍സുലിന്‍ നിര്‍മാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന് ഈ മരുന്ന് ഉപയുക്തമാകുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.71, പൗണ്ട് - 127.99, യൂറോ - 110.45, സ്വിസ് ഫ്രാങ്ക് - 119.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.99, ബഹറിന്‍ ദിനാര്‍ - 253.78, കുവൈത്ത് ദിനാര്‍ -310.07, ഒമാനി റിയാല്‍ - 248.82, സൗദി റിയാല്‍ - 25.48, യു.എ.ഇ ദിര്‍ഹം - 25.94, ഖത്തര്‍ റിയാല്‍ - 26.24, കനേഡിയന്‍ ഡോളര്‍ - 68.53.
Previous Post Next Post
3/TECH/col-right