2026 | ജൂണ്‍ 9 , ചൊവ്വ,
1201 | ഇടവം 26 , പൂരുരുട്ടാതി
◾ ഒമാന്‍ തീരത്ത് 24 ഇന്ത്യന്‍ നാവികരുള്‍പ്പെട്ട എം.ടി. മാരിവെക്സ് ഇന്ധന ടാങ്കര്‍ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക. ഉപരോധം ലംഘിച്ചും മുന്നറിയിപ്പുകള്‍ അവഗണിച്ചും ഇറാനിലേക്കു യാത്ര ചെയ്തപ്പോഴാണ് കപ്പലിനെ ആക്രമിച്ചതെന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം.
◾ മാസപ്പടിക്കേസില്‍ പിണറായി വിജയന്റെ മകള്‍ ടി വീണ വെള്ളിയാഴ്ച ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചു. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്ത, മകനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ശരണ്‍ എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെ എസ് സുശേഷ് കുമാര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണു നോട്ടീസ്.
◾ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് നാലായി വെട്ടിക്കുറച്ചു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ മാല്‍ ഖനൂജ അറിയിച്ചതാണിക്കാര്യം. 2016 മേയില്‍ ആരംഭിച്ച പദ്ധതി പ്രകാരം തുടക്കത്തില്‍ പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് ഒന്‍പതാക്കി കുറച്ചിരുന്നു.
◾ സിപിഎമ്മില്‍ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍നിന്നു വെട്ടിമാറ്റി. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരായ വിമര്‍ശനങ്ങളും ഒഴിവാക്കി. എന്നാല്‍, നിലവിലെ റിപ്പോര്‍ട്ടുമായി കീഴ്ഘടകങ്ങളിലേക്കു ചെല്ലാനാകില്ലെന്നും തിരുത്ത് വേണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
◾ എംബിബിഎസ് കോഴ്സില്‍ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നല്‍കണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഉത്തരതവു ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരന്‍ വിളിച്ച യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും. നിര്‍ദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളേജുകള്‍.
◾ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ 12 ബംഗ്ലാദേശികള്‍ കൊല്ലം ജില്ലയില്‍ പിടിയില്‍. കൊട്ടാരക്കരയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 10 പേരും നീണ്ടകരയില്‍ ദമ്പതികളുമാണ് പിടിയിലായത്. നീണ്ടകരയില്‍ വാടകയ്ക്ക് താമസിച്ചുവന്ന ബംഗ്ലാദേശ് ധാക്ക ബഗര്‍ഹട്ട് ഗുല്‍ഷാ ഗലി വാര്‍ഡ് നാലില്‍ മെലന്‍ ഖാന്‍ (47), ഭാര്യ മുഗള്‍ ഖണ്ഡാല്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
◾ സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത് ബ്ലോക്കില്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചു. വകുപ്പുകളില്‍ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാര്‍ വ്യക്തമാക്കി.
◾ തടവുപുള്ളികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഒരു സെന്‍ട്രല്‍ ജയില്‍കൂടി വേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജയില്‍ പരിഷ്‌കാര നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ആസ്ഥാനത്ത് ജയില്‍ ഡിഐജിമാരുടേയും ഉന്നതോദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ സിബിഐ അന്വേഷണം വന്നാല്‍ പിണറായി വിജയന്‍ പ്രതിപ്പട്ടികയിലേക്കു വരുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ സ്വന്തം വിലാസമായി നല്‍കിയതും പിണറായിക്കു ഫ്ളാറ്റുള്ളതുമായ എകെജി സെന്ററിലും റെയ്ഡു നടത്തേണ്ടതായിരുന്നുവെന്നും കേസില്‍ ഇനിയും പലതും പുറത്തുവരുമെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു.
◾ വീണ വിജയന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നു ജോണ്‍ ബ്രിട്ടാസ് എംപി. എസ്എഫ്ഐഒയോട് അടക്കം വീണ വിവരങ്ങള്‍ ധരിപ്പിച്ചതാണ്. സിഎംആര്‍എല്‍ നല്‍കിയ രാഷ്ട്രീയ സംഭാവനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.
◾ എംജി സര്‍വകലാശാല സെനറ്റിലേക്കു സംഘപരിവാര്‍ അനുഭാവികളെ കൂട്ടത്തോടെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടിയോടും വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തോടും യോജിപ്പില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ ഇടപെടലുകള്‍ എല്‍ഡിഎഫ് ഭരണകാലത്താണ് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
◾ ഇന്നസെന്റിന്റെ നിര്യാണവേളയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെ ആയിരുന്നു എന്ന ബിജെപി നേതാവ് മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്.
◾ വിഴിഞ്ഞത്തു മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം വരുത്തിവെച്ചതെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കപ്പലിന്റെ ബാലസ്റ്റ് വാട്ടര്‍ സംവിധാനം ആദ്യം തകരാറിലായി. വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോള്‍ തന്നെ കപ്പലില്‍ വെള്ളം കയറി. കപ്പലിന് അഞ്ച് ഡിഗ്രി ചെരിവുണ്ടായിരുന്നു. 2016 ല്‍ നടന്ന കൂട്ടിയിടിയില്‍ കപ്പലിനുണ്ടായ കേടുപാടുകള്‍ പരിഹരിച്ചില്ലായിരുന്നു. കണ്ടെയ്നര്‍ കയറ്റുമ്പോഴേ വിഴിഞ്ഞം പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് കേസില്‍ കൂടുതല്‍ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികള്‍ വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൊഴിയെടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ മുന്‍പ് നല്‍കിയ മൊഴികളും പുതുതായി രേഖപ്പെടുത്തിയ മൊഴികളും തമ്മില്‍ വൈരുധ്യങ്ങളുണ്ടോയെന്നും പരിശോധിക്കും.
◾ കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
◾ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.
◾ തൃശൂര്‍ വില്ലടത്തുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. വില്‍വട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. മരങ്ങള്‍ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ പാര്‍ക്കിങ്ങില്‍ തേക്കുമരങ്ങള്‍ കടപുഴകി വീണ് മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകര്‍ന്നു.
◾ നഴ്‌സിംഗ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണെന്ന ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമര്‍ശം നഴ്‌സിംഗ് മേഖലയെ മാത്രമല്ല, ഈ തൊഴില്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്ന ലക്ഷക്കണക്കിന് നഴ്‌സുമാരുടെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്.
◾ സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. എത്രയും വേഗം ഫലം പ്രഖ്യാപിക്കണം. ഇതിനു ബോര്‍ഡ് സാധ്യമായതെല്ലാം ചെയ്യണം. വെള്ളിയാഴ്ചയ്ക്കകം കൃത്യമായ പദ്ധതി അറിയിക്കണം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് ഇടപെടല്‍. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
◾ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ 93 കാരനായ എച്ച്.ഡി. ദേവഗൗഡക്ക് ബിജെപി രാജ്യസഭാ സീറ്റ് നിഷേധിച്ചു. ബിജെപി ചതിച്ചെന്നാണ് ജെഡിഎസിന്റെ ആരോപണം. ദേവഗൗഡയുടെ പ്രായവും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്തുള്ള നടപടിയെന്നാണു ബിജെപിയുടെ വിശദീകരണം.
◾ തൃണമൂല്‍ കോണ്‍ഗ്രസിലെ 28 എംപിമാരില്‍ 22 പേരും ബിജെപിയിലേക്കു കൂറുമാറുന്നു. വിമത എം പിമാര്‍ കൂട്ടത്തോടെ ഡല്‍ഹിയിലെത്തി ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്തി.
◾ മണ്ഡല പുനര്‍നിര്‍ണയ ബില്ല് പാസാക്കാന്‍ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. 1971ലെ സെന്‍സസ് തന്നെ ആധാരമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. സമവായമായാല്‍ ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം.
◾ വരും മാസങ്ങളില്‍ എണ്ണ, പാചകവാതക വിലകള്‍ കുറഞ്ഞേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഗോള വിപണി ശാന്തമാകുന്നതോടെ വിലയില്‍ കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
◾ ഇറാനെതിരായ ആക്രമണം നിര്‍ത്തണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞു. ഇതേസമയം, രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനെതിരേ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കുമെന്നും ക്രൂഡ് ഓയില്‍ വില കുറയുമെന്നും ട്രംപ് പറഞ്ഞു.
◾ ലോകകപ്പു ടീമുകള്‍ക്കു ഫിഫ നല്‍കുന്നത് കൂറ്റന്‍ സമ്മാനത്തുക. ആകെ 6,238 കോടി രൂപയാണ് ഫിഫ സമ്മാനത്തുകയായി നല്‍കുന്നത്. പങ്കെടുക്കുന്ന ടീമുകള്‍ക്ക് മറ്റു ചെലവുകള്‍ക്കായി നല്‍കുന്ന തുക കൂടി കണക്കാക്കിയാല്‍ ആകെ 7,400 കോടി രൂപയിലധികം വരും. ലോക ചാമ്പ്യന്‍മാര്‍ക്ക് ഇക്കുറി സമ്മാനത്തുക 417.50 കോടി രൂപയാണ്. കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് കിട്ടിയതിനേക്കാള്‍ 76 കോടിയിലധികം രൂപ. രണ്ടാം സ്ഥാനക്കാര്‍ക്ക് ഏതാണ്ട് 288 കോടി രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 254.675 കോടി രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 237 കോടി രൂപയും കിട്ടും. പങ്കെടുക്കുന്ന ടീമിന് എണ്‍പത്തേഴര കോടി രൂപ കിട്ടും. ലോകകപ്പിന് ഒരുങ്ങാനുളള തുക വേറേയും കിട്ടും.
◾ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലന്റിനെ തോല്‍പ്പിച്ചു. മൈക്കില്‍ ഒലീസേയുടെ വകയായിരുന്നു ഫ്രാന്‍സിന്റെ മൂന്ന് ഗോളുകളും. ഹാട്രിക് ഗോള്‍ നേടിയ ഒലീസേ തന്നെയായിരുന്നു ഫ്രാന്‍സിന്റെ വിജയശില്‍പി. പാട്രിക് കെല്ലിയാണ് നോര്‍ത്തേണ്‍ അയര്‍ലന്റിനായി ആശ്വാസ ഗോള്‍ നേടിയത്.
◾ ലോകകപ്പിലെ മറ്റൊരു സൗഹൃദ മത്സരത്തില്‍ നെതര്‍ലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചു. കോഡി ഗഗ്‌പോയാണ് നെതര്‍ലന്റിനായി രണ്ട് ഗോളുകള്‍ നേടിയത്. ഇഗോര്‍ സെര്‍ഗീവാണ് ഉസ്‌ബെക്കിസ്ഥാന്റെ ഏക ഗോള്‍ നേടിയത്. മത്സരത്തിന്റെ 87-ാം മിനുട്ടില്‍ നെതര്‍ലന്റിന്റെ ഗൂസ് ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും നെതര്‍ലന്റ് വിജയം കൈപ്പിടിയില്‍ സ്വന്തമാക്കി.
◾ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുമ്പോഴും, ഇന്ത്യന്‍ വിപണിക്ക് ശക്തമായ പിന്തുണയേകി ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ പണമൊഴുക്ക്. 2026-ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 4 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഒഴുക്കിയത്. ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ ഏകദേശം 2,700 കോടി ഡോളറിന്റെ (ഏകദേശം 2.57 ലക്ഷം കോടി രൂപ) ഓഹരികള്‍ വിറ്റഴിച്ചപ്പോഴാണ്, മ്യൂച്വല്‍ ഫണ്ടുകളും ബാങ്കുകളും ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ടുകളും അടങ്ങുന്ന അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വില്‍പന സമ്മര്‍ദ്ദത്തെ പൂര്‍ണമായും പ്രതിരോധിച്ചു നിര്‍ത്തിയത്. മാര്‍ച്ച് മാസത്തില്‍ മാത്രം റെക്കോഡ് തുകയായ 1.39 ലക്ഷം കോടി രൂപയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയിലെത്തിച്ചത്. ജൂണ്‍ മാസത്തിലെ ആദ്യ അഞ്ച് വ്യാപാര ദിനങ്ങളില്‍ മാത്രം 33,933 കോടി രൂപയുടെ നിക്ഷേപവും രേഖപ്പെടുത്തിയിട്ടുണ്ട്.
◾ മെറ്റയുടെ എഐ അധിഷ്ഠിതമായ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ ഗുരുതരമായ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ആഗോളതലത്തില്‍ ഇരുപതിനായിരത്തിലധികം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കി. അക്കൗണ്ട് റിക്കവറി സമയത്ത് നല്‍കുന്ന ഇമെയില്‍ വിലാസം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുന്നതില്‍ എഐ സംവിധാനം പരാജയപ്പെട്ടതാണ് ഹാക്കര്‍മാര്‍ക്ക് സഹായകമായത്. എഐ സംവിധാനത്തെ കബളിപ്പിച്ച് ഇരകളുടെ അക്കൗണ്ടുകളുമായി ഹാക്കര്‍മാര്‍ തങ്ങളുടെ സ്വന്തം ഇമെയില്‍ വിലാസങ്ങള്‍ ബന്ധിപ്പിക്കുകയും, തുടര്‍ന്ന് പാസ്വേഡ് റീസെറ്റ് കോഡ് സ്വന്തമാക്കി അക്കൗണ്ടുകളില്‍ പ്രവേശിക്കുകയുമാണ് ചെയ്തത്. എന്നാല്‍ പ്രശ്നം പൂര്‍ണ്ണമായും പരിഹരിച്ചതായി മെറ്റ അറിയിച്ചു. ബാധിക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പുതിയ പാസ്വേഡും കൂടുതല്‍ സുരക്ഷാ പരിശോധനകളും നല്‍കിയതിന് ശേഷമേ അക്കൗണ്ടുകളിലേക്ക് വീണ്ടും പ്രവേശിക്കാന്‍ സാധിക്കൂ.
◾ വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്‌കാരങ്ങളും കൊണ്ട് ബിഗില്‍ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ 'നീലി' എത്തി. സംവിധായകന്‍, ഛായാഗ്രാഹകന്‍, എഴുത്തുകാരന്‍ എന്നീ ചുമതലകള്‍ ഒരുമിച്ച് നിര്‍വഹിച്ചാണ് ബിഗില്‍ ബിനോയ് ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 4 മണിവരെ നീണ്ടുനിന്ന 24 മണിക്കൂര്‍ തുടര്‍ച്ചയായ ഷൂട്ടിംഗിലൂടെയാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. ഗായകരായ മധു ബാലകൃഷ്ണന്‍, ചിത്ര അരുണ്‍ എന്നിവരാണ് ആലാപനം. സോഷ്യല്‍ മീഡിയയില്‍ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള ഗോപിക കീര്‍ത്തിയാണ് 'നീലി' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയ്ക്കൊപ്പം സ്നേഹയും ഗാനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
◾ മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് 'അനന്തന്‍ കാട്'. ചിത്രത്തില്‍ നിഖില വിമല്‍ അവതരിപ്പിക്കുന്ന ദീപ ടീച്ചറിന്റെ കാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ജൂണ്‍ 25-ന് വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ ആര്യ ആണ് നായകന്‍. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ എത്തുന്നത്. വന്‍ വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. സംഗീത സംവിധായകനായ ബി അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്നു. ഇന്ദ്രന്‍സ്, മുരളി ഗോപി, 'പുഷ്പ' ഫെയിം സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളുമുണ്ട്.
◾ ജാപ്പനീസ് വാഹന ബ്രാന്‍ഡായ സുസുക്കി തങ്ങളുടെ കോംപാക്റ്റ് എസ്യുവിയായ ഫ്രോങ്ക്സ് സ്‌പോര്‍ട്ടിന്റെ പുതിയ 'സ്‌പോര്‍ട്' വകഭേദം മലേഷ്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഫ്രോങ്ക്സിനേക്കാള്‍ സ്‌പോര്‍ട്ടി രൂപഭംഗിയുള്ളതാണ് ഈ പുതിയ മോഡല്‍. അടിസ്ഥാന ഫ്രോങ്ക്സിന് മലേഷ്യയില്‍ 1,18,888 റിംഗിറ്റാണ് (ഏകദേശം 27.89 ലക്ഷം ഇന്ത്യന്‍ രൂപ) വില. പുതിയ ഫ്രോങ്ക്സ് സ്‌പോര്‍ട്ടിന് 1,30,888 (ഏകദേശം 30.70 ലക്ഷം രൂപ) റിംഗിറ്റും. പുതിയ ഫ്രോങ്ക്സ് സ്‌പോര്‍ട് മോണോടോണ്‍ കൂള്‍ ബ്ലാക്ക്, ഡ്യുവല്‍-ടോണ്‍ പേള്‍ സ്നോ വൈറ്റ്, കൂള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മലേഷ്യയില്‍, സുസുക്കി ഫ്രോങ്ക്സ് കെ15സി 1.5 ലിറ്റര്‍, 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ എഞ്ചിന്‍ 103 എച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
◾ ഏകാന്തതയില്‍ നേര്‍ത്തൊരു തിരിനാളംപോലെ പ്രണയത്തിന്റെ നിഗൂഢശാന്തതയിലേക്ക് കൂട്ടുവരുന്ന ചെറുകഥകള്‍. പ്രണയം ഇവിടെ നിശ്ശബ്ദതയാണ്. കണ്ണുകള്‍ക്കിടയിലൊഴുകുന്ന അദ്യശ്യനദിപോലെ വാക്കുകളുടെ കനംവിട്ട് കവിത പൂക്കുംപോലെ, ഹിമഗിരികള്‍ സൂര്യസ്പര്‍ശത്തിലുരുകുംപോലെ, ഹൃദയം അജ്ഞാതമായൊരു സംഗീതത്തിനായി കാതോര്‍ക്കുന്നുണ്ട്. തണുത്ത കാറ്റേറ്റു വാടിയ പൂവിന്റെ ഗന്ധംപോലെ കാലത്തിന്റെ ചില്ലകളില്‍ ഓര്‍മ്മകള്‍. ലോകം മാഞ്ഞുപോകുമ്പോഴും ഒടുവില്‍ ഒരു ശബ്ദം ബാക്കിനില്‍ക്കും. നിശ്ചയം-അതു നിന്റെ പേരായിരിക്കും. 'ഒരു പോസിറ്റീവ് പ്രണയകഥ'. ഷീജ ഷിബു. ഡിസി ബുക്സ്. വില 171 രൂപ.
◾ വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യന്ത്രാലയം. ഒരാഴ്ചയ്ക്കിടെ രണ്ടു പേരാണ് വെസ്റ്റ് നൈല്‍ പനി മൂലം എറണാകുളത്ത് മരണപ്പെട്ടത്. ക്യൂലക്സ് കൊതുക് പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് ഈ പനിക്കും ഉണ്ടാവുക. തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മനഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്നത് രോഗനിര്‍ണ്ണയത്തിന് വെല്ലുവിളിയാകാം. ഒരു ശതമാനം ആളുകളില്‍ ഈ വൈറസ് തലച്ചോറിനെ ബാധിക്കുന്നതു കാരണം ബോധക്ഷയവും മരണം വരെയും സംഭവിക്കാം. ഈ പനിക്ക് ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈല്‍ രോഗം പരത്തുന്ന ക്യൂലക്സ് കൊതുകുകള്‍ പെറ്റുപെരുകുന്നത്. അതിനാല്‍ വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, ജലക്ഷാമമുള്ള ഇടങ്ങളില്‍ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകള്‍ഭാഗം കോട്ടണ്‍ തുണികൊണ്ട് മൂടുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണം. കൊതുകുകടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുകയും സ്വയംചികിത്സ നടത്താതിരിക്കുകയും വേണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.37, പൗണ്ട് - 127.56, യൂറോ - 110.08, സ്വിസ് ഫ്രാങ്ക് - 119.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.25, ബഹറിന്‍ ദിനാര്‍ - 252.85, കുവൈത്ത് ദിനാര്‍ -308.45, ഒമാനി റിയാല്‍ - 248.05, സൗദി റിയാല്‍ - 25.41, യു.എ.ഇ ദിര്‍ഹം - 26.05, ഖത്തര്‍ റിയാല്‍ - 26.22, കനേഡിയന്‍ ഡോളര്‍ - 68.42.
Tags:
KERALA